Success Story

ആശ്രിതര്‍ക്ക് അഭയവുമായി സ്വപ്‌നക്കൂട് അഗതിമന്ദിരം

”നമ്മള്‍ മാതാപിതാക്കള്‍ ആകുന്നത് വരെ നാം അവരുടെ സ്‌നേഹം തിരിച്ചറിയില്ല…!”
അമേരിക്കയിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവും പുരോഹിതനുമായ ‘ഹെന്‍ട്രി വാര്‍ഡ് ബീച്ചറുടെ’ വാക്കുകളാണിത്. എന്നിട്ടും എന്തുകൊണ്ടോ നമ്മുടെ നാട്ടില്‍ വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

സ്വന്തം മക്കള്‍ ജീവനുതുല്യം സ്‌നേഹിക്കുമെന്നും പരിപാലിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് ഭൂരിപക്ഷം ആളുകളും വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്നത്. എന്നാല്‍ വലിയൊരു വിഭാഗം വയോജനങ്ങളുടെയും ഈ വിശ്വാസം ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയാണ് ചെയ്യുന്നത്.

ചിലര്‍ തെരുവിലും വൃദ്ധസദനങ്ങളിലും ഉപേക്ഷിക്കപ്പെടുന്നു. മറ്റുചിലരാകട്ടെ മക്കളുടെ പീഡനങ്ങളും അതിക്രമങ്ങളും സഹിച്ച് ശിഷ്ടകാലം തള്ളിനീക്കും. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് തണലാവുകയാണ് ‘സ്വപ്‌നക്കൂട്’ അഗതിമന്ദിരം.

തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് സ്വപ്‌നക്കൂടിന്റെ പ്രവര്‍ത്തനമെങ്കിലും 2009ല്‍ നിയമ സംരക്ഷണ കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്ത് ആലപ്പുഴ ജില്ലയിലാണ് സ്വപ്‌നക്കൂട് പ്രവര്‍ത്തനമാരംഭിച്ചത്. ശേഷം 2013 ലാണ് തിരുവനന്തപുരത്തേക്ക് ഇതിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നത്. അഗതി മന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം മറ്റ് സാമൂഹിക വിഷയങ്ങളിലും സ്വപ്‌നക്കൂട് ഇടപെടാറുണ്ടെന്ന് ഇതിന്റെ പ്രസിഡന്റ് ഡോക്ടര്‍ രമണി നായര്‍ പറയുന്നു.

കേരളത്തിലെ ആദിവാസി മേഖലകളിലെ തിരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന ‘ഗോത്രസഞ്ചലനം’ എന്ന പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇതുവരെ മറ്റ് അഗതിമന്ദിരങ്ങള്‍ ചെയ്യാത്ത പ്രവര്‍ത്തനങ്ങളും സ്വപ്‌നക്കൂട് മുന്‍കൈയെടുത്ത് നടത്തിവരുന്നുണ്ട്. ‘യൂത്ത് ട്രൈബല്‍ ക്രിക്കറ്റ് മത്സരങ്ങള്‍’ അതില്‍ എടുത്തു പറയേണ്ട ഒന്നാണ്.

തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സമൂഹത്തിലെ ആളുകള്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അത് പരിഹരിക്കാനും സ്വപ്‌നക്കൂട് ശ്രമിക്കുമ്പോള്‍ പോലും ഗവണ്‍മെന്റിന്റെയോ, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വ്യക്തികളുടെയോ ഭാഗത്ത് നിന്നും സ്വപ്‌നക്കൂടിന് യാതൊരു സാമ്പത്തിക സഹായവും ലഭിക്കുന്നില്ല എന്നാണ് ഡോക്ടര്‍ രമണി നായര്‍ പറയുന്നത്.

മരണം, ജന്മദിനം പോലെയുള്ള ദിവസങ്ങളില്‍ ആളുകള്‍ വല്ലപ്പോഴും നടത്തുന്ന അന്നദാനം മാത്രമാണ് സ്വപ്‌നക്കൂടിന് ആകെ ലഭിക്കുന്ന സഹായം. ഇതിന് പുറമെ സ്വപ്‌നക്കൂടിന്റെ കോര്‍ഡിനേറ്റര്‍മാര്‍ വീടുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന ചെറിയ തുകയും രമണിയുടെ ചെറിയ ജോലിയില്‍ നിന്ന് ലഭിക്കുന്ന ശമ്പളവും ഒക്കെയാണ് സ്വപ്‌നക്കൂടിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിക്കുന്നത്.

അധ്യാപികയായിരുന്ന രമണി മകന്റെ മരണശേഷമാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ മുഴുവന്‍ സമയവും നീക്കിവച്ചത്. മികച്ച സാമൂഹ്യ സേവനത്തിനുള്ള അംഗീകാരമായി ഡോക്ടറേറ്റ് ലഭിച്ച രമണിക്ക് നിരവധി ബഹുമതികള്‍ പിന്നെയും നേടാന്‍ കഴിഞ്ഞു.

നിലവില്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തനമെങ്കിലും സ്വന്തമായി ഒരു കൂര എന്ന സ്വപ്‌നത്തിലേക്ക് സ്വപ്‌നക്കൂടും കണ്‍തുറന്നു കഴിഞ്ഞു.

കെട്ടിട നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പൊതുജനങ്ങളുടെ സഹായം ആവശ്യമായ നിലയിലാണ് സ്വപ്‌നക്കൂട് ഇപ്പോള്‍. സ്വപ്‌നക്കൂടിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന രമണിക്ക് പൂര്‍ണ പിന്തുണയുമായി സെക്രട്ടറി  ഹാരിസും മറ്റു സഹപ്രവര്‍ത്തകരും പിന്നില്‍ തന്നെയുണ്ടെന്നുള്ളത് മുന്നോട്ടുള്ള യാത്രയില്‍ ഈ വനിതയ്ക്ക് കരുത്ത് കൂട്ടുന്നു…

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button