EntreprenuershipSuccess Story

പാഷനെ ഫാഷനാക്കി മാറ്റിയ സംരംഭക

സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറും മ്യൂറല്‍ ആര്‍ട്ടിസ്റ്റുമായ നീതു വിശാഖ് തന്റെ സ്വപ്‌നങ്ങളെയും ഇഷ്ടങ്ങളെയും ഒരു നൂലിണയില്‍ കോര്‍ത്തിണക്കി തുന്നിയെടുത്തതാണ് നവമി ഡിസൈനര്‍ ഫാബ്രിക്‌സ്. ഇന്ന് കോസ്റ്റ്യൂം ഡിസൈനിങ് രംഗത്ത് കേരളത്തിലെ മുന്‍നിര ബ്രാന്‍ഡായി വളര്‍ന്നു കഴിഞ്ഞു നവമി. പാരമ്പര്യ തനിമയില്‍ നവമി ബൊട്ടിക് അണിയിച്ചൊരുക്കുന്ന വസ്ത്രങ്ങള്‍ക്ക് സിനിമ – സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആവശ്യക്കാരാണ് ഇപ്പോള്‍.

പ്രതിസന്ധികളോട് ഒറ്റയ്ക്ക് പോരാടി തിരുവനന്തപുരം സ്വദേശിയായ നീതു വിശാഖ് പടുത്തുയര്‍ത്തിയതാണ് ഇന്ന് ഫാഷന്‍ ഡിസൈനിങ് രംഗത്ത് തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന നവമി ഡിസൈനര്‍ ബൊട്ടിക്. നീതുവിന്റെ ഉള്ളിലെ തീവ്രമായ ആഗ്രഹങ്ങള്‍ക്ക് ചിറക് മുളച്ചതാണ് നവമി. അതുകൊണ്ടുതന്നെയാണ് നവമി – മൈ പാഷന്‍ യുവര്‍ ഫാഷന്‍ എന്നൊരു ടാഗ് ലൈന്‍ തന്നെ തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന് നീതു നല്‍കിയത്.

ഒരു സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ എന്നതിനോടൊപ്പം തന്നെ കലാരംഗത്തും നിരവധി അംഗീകാരങ്ങള്‍ നേടിയെടുത്തിട്ടുള്ള ഈ വനിതാ സംരംഭകയുടെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം തന്നെയാണ്.

പരിഹാസങ്ങളുടെ ബാല്യ കൗമാരങ്ങള്‍
ചെറുപ്പം മുതല്‍ തന്നെ നല്ല ഉയരമുള്ള കുട്ടിയായിരുന്നു നീതു. അതുകൊണ്ടുതന്നെ പഠിച്ച ക്ലാസുകളില്‍ ഒക്കെയും സഹപാഠികളുടെ പരിഹാസത്തിന് നിരന്തരം ഇരയാകുമായിരുന്നു. ഇത് വലിയ മാനസിക പ്രയാസമായിരുന്നു അവളില്‍ ഉണ്ടാക്കിയിരുന്നത്. അവള്‍ തന്നിലേക്ക് തന്നെ പതിയെ ഉള്‍വലിയാന്‍ തുടങ്ങി. പലപ്പോഴും പരിഹാസം ഭയന്ന് സ്‌കൂളില്‍ തന്നെ പോകാതെയായി. പക്ഷേ അന്നേ പഠനത്തില്‍ മിടുക്കിയായിരുന്നു.

നല്ല മാര്‍ക്കോടുകൂടി തന്നെ പ്ലസ് ടു വിജയിക്കുകയും മുന്‍നിര കോളേജുകളില്‍ അഡ്മിഷന്‍ കിട്ടുകയും ചെയ്തിട്ടും നീതു അതെല്ലാം വേണ്ടെന്നുവച്ചു. സഹപാഠികളില്‍ നിന്നും കേള്‍ക്കേണ്ടിവരുന്ന പരിഹാസങ്ങളുടെ മൂര്‍ച്ച കൂടുമോ എന്ന ആശങ്കയായിരുന്നു അവള്‍ക്ക് . അങ്ങനെ വീടിനോട് ചേര്‍ന്നുള്ള ചെറിയ കോളേജില്‍ പഠനം തുടര്‍ന്നു.

അവിടെയും മറ്റൊരു കാര്യം നീതു തെളിയിച്ചു കോളേജിന്റെ വലുപ്പത്തില്‍ അല്ല, പഠിക്കുന്നതിലാണ് കാര്യമെന്ന്. കാരണം ബയോടെക്‌നോളജിയില്‍ യൂണിവേഴ്‌സിറ്റി റാങ്കോടെയായിരുന്നു അവള്‍ പഠനം പൂര്‍ത്തിയാക്കിയത്.

പഠനശേഷം അധികം വൈകാതെ തന്നെ വിവാഹം കഴിഞ്ഞു. പിന്നീട് ലക്ഷ്യം ഒരു ജോലിയായിരുന്നു. പക്ഷേ ഇന്റര്‍വ്യൂ ബോര്‍ഡുകളില്‍ നിന്ന് പോലും പൊക്കത്തിന്റെ പേരിലുള്ള പരിഹാസം തുടര്‍ക്കഥയായപ്പോള്‍ അവള്‍ അതും ഉപേക്ഷിച്ചു. ഇതിനിടയില്‍ ചില ആരോഗ്യ പ്രശ്‌നങ്ങളും അവളെ അലട്ടി തുടങ്ങി.

ചെറുപ്പം മുതല്‍ തന്നെ രോഗപ്രതിരോധശേഷി കുറവായിരുന്നതിനാല്‍ നിരവധി സര്‍ജറികളും മരുന്നുകളും ഒക്കെ ആവശ്യമായി വന്നിരുന്നു. ഇതെല്ലാം കുറച്ചൊന്നുമല്ല നീതുവിനെ തളര്‍ത്തി കളഞ്ഞത്. പക്ഷേ തന്റെ ഉള്ളിലെ ധൈര്യം അവള്‍ വീണ്ടെടുത്തു. അങ്ങനെ വീട്ടിലിരുന്ന് സ്വയമായി ചെയ്യാവുന്ന ഒരു തൊഴിലിനെ കുറിച്ച് ചിന്തിച്ചു തുടങ്ങി.

നവമിയുടെ പിറവി
ചെറുപ്പം മുതല്‍ തന്നെ ചിത്രകലയോട് വലിയ താല്പര്യമായിരുന്നു നീതുവിന്. അങ്ങനെയിരിക്കവെയാണ് ഒരു ദിവസം ഭര്‍ത്താവിന് ഒരു ഫംഗ്ഷന് ധരിക്കാനായി അദ്ദേഹത്തിന്റെ ഷര്‍ട്ടില്‍ നീതു ഒരു ചിത്രം വരച്ചു നല്‍കിയത്. ആ ചിത്രമാണ് നീതുവിന്റെ ജീവിതത്തെ തന്നെ പിന്നീട് മാറ്റിമറിച്ചത്.

ഫംഗ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയ എല്ലാവരും ആ ഷര്‍ട്ട് ശ്രദ്ധിച്ചു. നിരവധിയാളുകള്‍ തങ്ങള്‍ക്കും അത്തരത്തില്‍ ചിത്രം വരച്ച സാരികളും ഷര്‍ട്ടുകളും കുട്ടികളുടെ വസ്ത്രങ്ങളും ഒക്കെ വേണമെന്ന ആവശ്യവുമായി നീതുവിനെ സമീപിച്ചു. അങ്ങനെയാണ് നവമി എന്ന ബ്രാന്‍ഡിന്റെ തുടക്കം. അതിനിടയില്‍ മ്യുറല്‍ ഡിസൈനിങ്ങിലും ഫാഷന്‍ ഡിസൈനിങ്ങിലും അറിവ് നേടുകയും അതുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ പഠിക്കുകയും ചെയ്തു.

നവമിയെ വ്യത്യസ്തമാക്കുന്നത്
ഹാന്‍ഡ് പെയിന്റഡ് ഡിസൈനര്‍ ഫാബ്രിക് ആണ് നവമി പ്രധാനമായും വിപണിയില്‍ എത്തിക്കുന്നത്. പാരമ്പര്യ തനിമ ഒട്ടും ചോര്‍ന്നു പോകാത്ത രീതിയിലാണ് പ്രധാനമായും വസ്ത്രങ്ങളുടെ ഡിസൈനിങ്. പ്രധാനമായും കോട്ടന്‍, കൈത്തറി, ജ്യൂട്ട്, സില്‍ക്ക്, കോട്ടന്‍ സില്‍ക്ക് തുടങ്ങിയ തുണിത്തരങ്ങളിലാണ് ചിത്രങ്ങള്‍ പ്രിന്റ് ചെയ്യുന്നത്. വിവാഹ വസ്ത്രങ്ങളുടെയും വിപുലമായ ഡിസൈനിങ് കളക്ഷന്‍ നവമിക്ക് സ്വന്തമായി ഉണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഹാന്‍ഡ്‌ലും മെറ്റീരിയല്‍ ഉപയോഗിച്ചുള്ള ഡിസൈനര്‍ വസ്ത്രങ്ങള്‍ നവമിയില്‍ ലഭ്യമാണ്.

ഇന്ന് നിരവധി സെലിബ്രിറ്റികളുടെ വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്കാണ് നീതു നവമിയിലൂടെ മിഴിവേകുന്നത്. നിരവധി പുരസ്‌കാരങ്ങളാണ് ഇതിനോടകം നീതുവിനെ തേടിയെത്തിയിട്ടുള്ളത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെയും കലാരൂപങ്ങള്‍ ഉള്‍പ്പടെ 68 കലാസൃഷ്ടികള്‍ ഒരൊറ്റ സാരിയില്‍ വരച്ചതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിങ്ങനെ അഞ്ചോളം റെക്കോര്‍ഡുകള്‍ നീതുവിനെ തേടി എത്തിയിട്ടുണ്ട്.

ഇതിനുപുറമേ ഈ വര്‍ഷവും നൂറ്റിയന്‍പതോളം ചിത്രങ്ങള്‍ വ്യത്യസ്ത വസ്ത്രങ്ങളില്‍ ഡിസൈന്‍ ചെയ്തതിനു ഇന്ത്യ, ഏഷ്യ, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് വീണ്ടും ലഭിച്ചു. കൂടാതെ ബെസ്റ്റ് ഇന്‍സ്പയറിങ് സെയില്‍സ് വുമണ്‍ 2021, സക്‌സസ് കേരളയുടെ മികച്ച സംരംഭക അവാര്‍ഡ് 2020 എന്നിവയും ഈ യുവ വനിതാ സംരംഭക ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

സ്ഥിരതയും കഠിനാധ്വാനവും സമയനിഷ്ഠയുമാണ് തന്റെ ജീവിതത്തിന്റെ ആപ്തവാക്യങ്ങളായി നീതു മനസ്സില്‍ സൂക്ഷിക്കുന്നത്. നവമി എന്ന സ്വപ്‌നസാക്ഷാത്കാരത്തിലൂടെ ഈ സംരംഭക നേടിയെടുത്തിരിക്കുന്നത് തന്റെ ആരോഗ്യവും ആത്മവിശ്വാസവും കൂടിയാണ്. നവമിക്കൊപ്പമുള്ള നീതുവിന്റെ മുന്‍പോട്ടുള്ള യാത്രകളും ശോഭനമാകട്ടെ എന്ന് ആശംസിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button