EntreprenuershipSuccess Story

പാഷനെ പ്രൊഫഷനാക്കി മാറ്റിയ റിയല്‍ ഹീറോയിന്‍

മനസിലെ ആഗ്രഹം സാധിക്കാന്‍ എത്രമാത്രം പരിശ്രമിക്കുന്നുവോ അത്രയും വിജയിക്കാന്‍ സാധിക്കുമെന്ന് തന്റെ ജീവിതത്തിലൂടെ സമൂഹത്തിന് കാണിച്ചുതരികയാണ് സംരംഭകയായ പ്രിയ ഹരികുമാര്‍. ഇന്ത്യയിലെ ഏറ്റവും മികച്ച സലൂണ്‍ ചെയിനായ നാച്യുറല്‍സിന്റെ തിരുവനന്തപുരം കുറവന്‍കോണത്തെ ‘ഔട്ട്‌ലെറ്റ് ഓണര്‍’ ആണ് പ്രിയ ഹരികുമാര്‍.

ഒരു സംരംഭം ആരംഭിക്കുക എന്നത് പ്രിയയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. അതിനുള്ള പരിശ്രമം പഠനകാലം മുതല്‍തന്നെ ആരംഭിക്കുകയും ചെയ്തു. മകളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ മാതാപിതാക്കളെയും പോലെ പ്രിയയുടെ രക്ഷിതാക്കളും ഉപരിപഠനത്തിനായി മെഡിസിനും എഞ്ചിനീയറിങ്ങുമെല്ലാമാണ് നിര്‍ദ്ദേശിച്ചതെങ്കിലും ബിസിനസില്‍ മനസുറപ്പിച്ചതിനാല്‍ എം.ബി.എയിലേക്ക് തിരിയാന്‍ പ്രിയ ആഗ്രഹിക്കുകയായിരുന്നു. കുടുംബം ആ തീരുമാനത്തോട് യോജിക്കുകയും ചെയ്തു.

യാത്ര ചെയ്യുവാനും പുതിയ സംസ്‌കാരങ്ങള്‍ അറിയുവാനും താല്പര്യമുള്ളതിനാലും ബിസിനസിലേക്കുള്ള ആദ്യ ചവിട്ടുപടി എന്ന നിലയില്‍ ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ തിരഞ്ഞെടുക്കുകയായിരുന്നു. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റാങ്കോടുകൂടി കോഴ്‌സ് പാസാവുകയും ചെയ്തു.

തന്റെ ആദ്യ സംരംഭം ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ആരംഭിക്കാം എന്ന ചിന്തയില്‍ 18 വര്‍ഷം മുന്‍പാണ് ജന്‍സര്‍ ഹോളിഡേയ്സ് എന്ന ടൂര്‍ കമ്പനി ആരംഭിച്ചത്. ബിസിനസിലേക്ക് വനിതകള്‍ കടന്നുവരാന്‍ മടിച്ചിരുന്ന അക്കാലത്ത് പ്രിയ പുതിയൊരു പാത തെളിക്കുകയായിരുന്നു. ലക്ഷ്യബോധവും കഠിനപ്രയത്‌നവും മൂലം ആദ്യ സംരംഭം വിജയിക്കുകയും പുതിയ ബ്രാഞ്ചുകള്‍ ഇന്ത്യയിലും വിദേശത്തും ആരംഭിക്കുകയും ചെയ്തു.

തന്റെ പാഷനായ ബിസിനസിനെ ടൂറിസം മേഖലയില്‍ മാത്രം ഒതുക്കിനിര്‍ത്താതെ മറ്റു മേഖലകളിലേക്കുമുള്ള വലിയൊരു ലോകത്തിന്റെ കവാടം തന്നെയാണ് പങ്കാളിയായ ഹരികുമാര്‍ തുറന്നുകൊടുത്തത്. തുടര്‍ന്ന് ജന്‍സര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കീഴില്‍ ജന്‍സര്‍ എഞ്ചിനീയറിംഗ്, ജന്‍സര്‍ പ്രോപ്പര്‍ട്ടീസ് എന്നിവ ആരംഭിക്കുകയും ചെയ്തു.

അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന സമയത്താണ് ‘ഗ്രൂമിങ്’ എന്ന ആശയം ഉയര്‍ന്നുവന്നത്. അങ്ങനെ ബ്യൂട്ടി മേഖല തിരഞ്ഞെടുക്കുകയും ഇന്ത്യയിലെ മികച്ച ബ്രാന്റായ നാച്യുറല്‍സിന്റെ ഫ്രാഞ്ചൈസി തിരുവനന്തപുരം കുറവന്‍കോണത്ത് ആരംഭിക്കുകയുമായിരുന്നു. നിലവില്‍ 700-ല്‍പരം ബ്രാഞ്ചുകള്‍ ഉള്ള നാച്യുറല്‍സിന്റെ മികച്ച ഫ്രാഞ്ചൈസി ആയി മാറാന്‍ പ്രിയയുടെ സലൂണിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. എല്ലാ രംഗത്തെയും പോലെതന്നെ തുടക്കത്തില്‍ ഇവിടെയും പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇച്ഛാശക്തിയാല്‍ പ്രിയ അവയെ തരണം ചെയ്ത് മുന്നോട്ടു കുതിക്കുകയായിരുന്നു.

പ്രവര്‍ത്തന മേഖല ബിസിനസില്‍ മാത്രമായി ഒതുക്കിനിര്‍ത്തുന്നില്ല ഈ വനിത. തന്റെ പല ആഗ്രഹങ്ങളും ഇതോടൊപ്പം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സമയം കണ്ടെത്തുന്നുമുണ്ട്. കെ.ഇ.കെ (കേരളം എന്ന് കേട്ടാല്‍) എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ #KEK പാചകം എന്ന കുക്കറി ഷോയിലൂടെ തന്റെ പാഷനായ പാചകത്തിലെ വ്യത്യസ്തമായ രുചികളാണ് പ്രിയ ജനങ്ങളുമായി പങ്കുവയ്ക്കുന്നത്.

#KEK വായനശാല എന്ന പരിപാടിയിലൂടെ വായനയോട് താല്പര്യമുള്ളവര്‍ക്ക് പലവിധ പുസ്തകങ്ങളുടെ അവലോകനമാണ് പ്രിയ നല്‍കുന്നത്. അതോടൊപ്പം സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ തത്പരരായവര്‍ക്ക് #KEK അഴക് എന്ന സെഗ്‌മെന്റും അവതരിപ്പിക്കുന്നുണ്ട്. കൂടാതെ പല ക്ലബ്ബുകള്‍ക്ക് വേണ്ടി കുക്കറി ക്ലാസുകളും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ മോട്ടിവേഷന്‍ ക്ലാസുകളും കൈകാര്യം ചെയ്യുന്നുണ്ട്.

ഇതിനുപുറമെ ടിവി ചാനലില്‍ നിരവധി കുക്കറി ഷോകള്‍ നടത്തുകയും കുക്കറി ഷോ ജഡ്ജായി പങ്കെടുക്കുകയും ചെയ്യാറുണ്ട്. കൂടാതെ പാട്ടുകളോടുള്ള താല്പര്യംകൊണ്ട് പാബോ മ്യൂസിക് ക്ലബ് എന്ന പേരില്‍ ഒരു ക്ലബ് രൂപീകരിക്കുകയും അതിന്റെ പരിപാടികളുമായി യോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

തന്റെ പാഷനും പ്രൊഫഷനും കുടുംബത്തിനും അതിന്റേതായ പ്രാധാന്യം നല്‍കി ഓരോന്നിനും പ്രത്യേക സമയം നീക്കിവച്ചാണ് പ്രിയ മുന്നോട്ടു കൊണ്ടുപോവുന്നത്. കുടുംബത്തിന്റെ പിന്തുണ ഏത് തൊഴില്‍ മേഖലയിലും സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്നും അതില്‍ താന്‍ ഭാഗ്യവതി ആണെന്നും ബിസിനസില്‍ എത്രയൊക്കെ തിരക്കുകള്‍ വന്നാലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നുമാണ് പ്രിയ ഹരികുമാര്‍ പറയുന്നത്.

ഏത് മേഖലയിലേക്ക് ഇറങ്ങുമ്പോഴും താന്‍ അതുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള പഠനം നടത്താറുണ്ടെന്നും അതിനാല്‍ ആ മേഖലയിലെ വെല്ലുവിളികളെയും ഉയര്‍ച്ച താഴ്ചകളെയും വിലയിരുത്താന്‍ സാധിക്കുമെന്നും പ്രിയ പറയുന്നു. ഇവിടം കൊണ്ടും തൃപ്തയല്ല പ്രിയയിലെ സംരംഭക. ഒരു ട്രെയിനിങ് അക്കാദമിയാണ് മനസിലുള്ള അടുത്ത ലക്ഷ്യം. അതോടൊപ്പം പാചകത്തോടുള്ള പാഷനാല്‍ ഒരു കഫെ എന്ന സ്വപ്‌നവും മനസിന്റെ ഉള്ളില്‍ സൂക്ഷിച്ചിരിക്കുകയാണ് ഈ വനിത.

ഒരു സംരംഭക എന്ന നിലയില്‍ 18 വര്‍ഷം പൂര്‍ത്തിയായി നില്‍ക്കുന്ന ഈ അവസരത്തില്‍ പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോള്‍ തികഞ്ഞ അഭിമാനം മാത്രമാണ് പ്രിയക്കുള്ളത്. ഒരു വനിതക്ക് ബിസിനസ് എന്നത് ഒരു വലിയ വെല്ലുവിളി ആയിരിക്കുമോ എന്ന് സംശയിച്ചവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് വിജയിച്ചുതന്നെ നില്‍ക്കുകയാണ് ഈ സംരംഭക.

പ്രിയയുടെ കുടുംബം-
ഭര്‍ത്താവ്: അഡ്വ.ഹരികുമാര്‍. മകന്‍: ഗൗതം ഹരികുമാര്‍

 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close