Be +ve

നഷ്ടപ്പെടുത്തരുത് ആ അമൂല്യസമ്പത്ത്

ദീപു ശിവന്‍

എന്തൊക്കെ നഷ്ടപ്പെട്ടാലും നഷ്ടപ്പെടുത്തിയാലും ഏത് പരിതസ്ഥിതിയിലും നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ട ഒരു അമൂല്യസ്വത്തുണ്ട്. ആ അമൂല്യസ്വത്തിന്റെ പിന്‍ബലത്തോടെ, നഷ്ടപ്പെട്ടത് മാത്രമല്ല, അതിനുമപ്പുറവും നമുക്ക് നേടിയെടുക്കാം. ഏറ്റവും വലിയ സമ്പത്തായിത്തന്നെ അതിനെ പരിചരിക്കണം, ഒരു പോറല്‍ പോലുമേല്‍ക്കാതെ.

പരാജയത്തിന്റെ പടുകുഴിയില്‍ നിന്നുപോലും നമ്മെ വിജയത്തിന്റെ കൊടുമുടിയിലേക്ക് എത്തിക്കാന്‍ കഴിയുന്ന ആ അമൂല്യനിധി മറ്റൊന്നുമല്ല, ‘ആത്മവിശ്വാസ’മെന്ന മൃതസഞ്ജീവനിയാണ്. മറ്റെന്തൊക്കെ കൈവിട്ടാലും ആത്മവിശ്വാസം മുറുകെ പിടിച്ചു, പ്രതിബന്ധങ്ങളെ തച്ചുടച്ചു, സധൈര്യം മുന്നേറാം.

ശരീരത്തിന്റെ അവശതകളും അസ്വസ്ഥതകളും മനസ്സിന്റെ ധൈര്യത്തിന് മുന്നില്‍ പിന്മാറിയ സംഭവങ്ങള്‍ വൈദ്യശാസ്ത്രത്തിന് പുതുമയല്ല. ആത്മബലം തന്നെയാണ് ഏറ്റവും വലിയ ബലം. ആ ബലം നമ്മുടെയുള്ളില്‍ ഉണ്ടെങ്കില്‍, എന്തും നമുക്ക് ആര്‍ജിച്ചെടുക്കാം. ‘സീറോ’യില്‍ നിന്നും വന്‍സാമ്രാജ്യം കെട്ടിപ്പടുത്തുയര്‍ത്തിയ ഏത് വ്യക്തിയുടെ ചരിത്രം പരിശോധിച്ചാലും ഏവര്‍ക്കും കൂട്ടായി നിന്നതു ആത്മവിശ്വാസം തന്നെയാണ് എന്ന് മനസിലാക്കാം. രാമേശ്വരത്തെ തെരുവുകളില്‍ പത്രം വിറ്റുനടന്ന ബാലനെ ഭാരതത്തിന്റെ പ്രഥമപൗരനാക്കിയതും മറ്റൊന്നുമല്ല;
ഉറച്ച ആത്മവിശ്വാസം തന്നെയാണ്.

പകരം വയ്ക്കാന്‍ മറ്റൊന്നില്ലാത്ത സമ്പത്താണ് ഉറച്ച ആത്മവിശ്വാസം. ആത്മവിശ്വാസത്തിന് പകരം ആത്മവിശ്വാസം മാത്രം! ആത്മവിശ്വാസത്തിന്റെ കരങ്ങളില്‍ പിടിച്ചു ഏത് പ്രതിസന്ധിയും നമുക്ക് തരണം ചെയ്യാനാകും; ഏത് വലിയ ലക്ഷ്യത്തിലേക്കും എത്തിച്ചേരാം. ലക്ഷ്യം എന്തുതന്നെയായാലും അത് നിറവേറ്റാനുള്ള എല്ലാ കഴിവുകളും നമുക്കുണ്ട് എന്ന തിരിച്ചറിവ് മാത്രമാണ് വേണ്ടത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button