Health

കുട്ടികളിലെ ആസ്ത്മ

ഡോ. ശ്രീജിത്ത് ആര്‍

പരിസ്ഥിതിയെ ചൂഷണം ചെയ്ത് മുന്നോട്ട് കുതിക്കുന്ന മനുഷ്യന് പല ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇത്തരം പരിസ്ഥിതിയുമായി നേരിട്ട് ബന്ധമുള്ള ഒരു അവസ്ഥയാണ് അലര്‍ജി. രണ്ട് കാരണങ്ങള്‍ നിമിത്തമാണ് അലര്‍ജി ഉണ്ടാവുക; പാരമ്പര്യവും, ചുറ്റുപാടും.
അലര്‍ജിയെ കുറിച്ചുള്ള അറിവും അത് ഉണ്ടാകാനുള്ള കാരണവും നമുക്ക് ബോധ്യപ്പെടേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും മറ്റു അനാവശ്യ ചികില്‍സാരീതികളും തടയേണ്ടത് ഇന്നത്തെ ആവശ്യമാണ്.

അശാസ്ത്രീയമായ ചികില്‍സാരീതികള്‍ (ഉദാഹരണത്തിന് മീന്‍ വിഴുങ്ങുക), ആഹാരരീതിയില്‍ മാറ്റം വരുത്തുക, ബാല്യം നഷ്ടപ്പെടുത്തുന്ന രീതിയില്‍ കുട്ടികളെ കളിക്കാന്‍ വിടാതിരിക്കുക തുടങ്ങിയ പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. ഇത്തരം പ്രവണതകള്‍ കാരണം കുട്ടികള്‍ക്ക് പോഷണകുറവ് സംഭവിക്കുകയും സമൂഹത്തില്‍ ഇടപഴകാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യും. ഇതിനെക്കാള്‍ ഉപരി, ഇന്ത്യ അഭിമാനം കൊള്ളുന്ന 30 വര്‍ഷത്തിനു ശേഷമുള്ള ലോകത്തെ ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ ഉള്ള സമൂഹം സൃഷ്ടിക്കപ്പെടുമ്പോള്‍ ആ സമൂഹം ആരോഗ്യരഹിതരും അശാസ്ത്രീയമായ ചികില്‍സാരീതികളും അവലംബിക്കുന്നവരായിരിക്കും. ഇത്തരം ആശാസ്ത്രീയ മാര്‍ഗങ്ങള്‍ക്ക് കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുന്ന ഇപ്പോഴത്തെ സമൂഹമാധ്യമങ്ങള്‍ക്കുള്ള പങ്ക് വിമര്‍ശിക്കപ്പെടേണ്ടതാണ്.

നേരത്തെ സൂചിപ്പിച്ചതു പോലെ അലര്‍ജിയുടെ കാരണങ്ങള്‍ പാരമ്പര്യവും ചുറ്റുപാടുമാണ്. അലര്‍ജി ശരീരത്തിന്റെ നാല് അവയവങ്ങളിലാണ് കാണുന്നത്.
1) കണ്ണുകള്‍
കണ്ണുകളിലുള്ള അലര്‍ജിയുടെ ലക്ഷണങ്ങള്‍ കണ്ണ് ചുവക്കുക, കണ്ണു ചൊറിച്ചില്‍, കണ്ണുനീര്‍ വരുക തുടങ്ങിയവയാണ്. ഇത്തരം കണ്ണിന്റെ അലര്‍ജിയെ നമ്മള്‍ Allergic conjunctivitis  എന്നു വിളിക്കുന്നു.
2)മൂക്കുകള്‍
രാവിലെ എഴുന്നേറ്റയുടനെ മൂക്കൊലിക്കുക, മൂക്ക് ചൊറിയുക. ഈ ലക്ഷണങ്ങള്‍ കുറച്ചു സമയത്തിനകം കുറയുകയും ചെയ്യുന്ന പ്രവണത കണ്ടു വരുന്നു. ഈ ലക്ഷണങ്ങളെ Allergic Rhinitis എന്നു വിളിക്കുന്നു.
3) നെഞ്ച്
ശ്വസം മുട്ടലായും, രാത്രികളിലും വെളുപ്പാന്‍ കാലത്തുള്ള ചുമയും, ആടിതിമിര്‍ത്ത് കളിക്കുന്ന ദിവസങ്ങളിലുള്ള ചുമയായും നെഞ്ചിന്റെ അലര്‍ജി കാണാം. ഈ നെഞ്ചിന്റെ അലര്‍ജിയുടെ പേരാണ് ആസ്ത്മ. ആസ്ത്മ ഒരു അസുഖമല്ല.
4) ത്വക്ക്
ഒരു വയസ്സിന് താഴെയുള്ള കുട്ടികളില്‍ കവിളുകളിലും ശരീരത്തിന്റെ മടക്കുകളിലും കട്ടിയുള്ള തൊലി ഭാഗത്തും പരപരന്ന തൊലിയായി കാണപ്പെടുന്നു. ഇതിനെ നമ്മള്‍ Atopic dermatitis എന്നു പറയുന്നു.
അങ്ങനെ ശരീരത്തിന്റെ നാല് ഭാഗത്തും നാല് രൂപത്തിലും ഭാവത്തിലും വരുന്ന അലര്‍ജിയെ/മാറ്റങ്ങളെ നമ്മള്‍ നാലു പേര് വിളിക്കുന്നു. അതില്‍ ഒന്നാണ് ആസ്ത്മ. അതിനാല്‍ ആസ്ത്മ ഒരു രോഗമല്ല, നെഞ്ചിന്റെ അലര്‍ജിയുടെ പേരാണ്.
കുട്ടിക്കാലത്തു വരുന്ന ചില മാറ്റങ്ങള്‍ കാരണം ഭാവിയില്‍ ആസ്ത്മ വളരെ അധികനാള്‍ നമ്മളെ അലട്ടാം.
1) മാതാപിതാക്കളില്‍ നിന്നുള്ള ആസ്ത്മ.
2) മറ്റു അവയവങ്ങളില്‍ നിന്നുള്ള അലര്‍ജി.
3) ന്യുമോണിയ
4) ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമായ Bronchitis
5) ജലദോഷം ഇല്ലാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന ശ്വാസംമുട്ടല്‍
6)ആണ്‍കുട്ടികള്‍ക്ക് ആസ്ത്മയുടെ സാധ്യത കൂടുന്നു.
7)പുകവലിക്കുന്നവരോടുള്ള സമ്പര്‍ക്കം
8)ജനിക്കുമ്പോഴുള്ള ശ്വാസകോശത്തിന്റെ പ്രവര്‍ത്തന കുറവ്.
പാരമ്പര്യത്തിന് ആസ്ത്മയുമായി അഭേദ്യ ബന്ധമാണ് ഉള്ളത്. മാതാപിതാക്കളില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അലര്‍ജി ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് വരാനുള്ള സാധ്യത 50%. മാതാപിതാക്കളില്‍ രണ്ട് പേര്‍ക്കും ഏതെങ്കിലും അലര്‍ജി ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് വരാനുള്ള സാധ്യത 66% ആണ്.

ആസ്ത്മയുള്ള കുട്ടികളിലെ ശ്വാസകോശം അലര്‍ജി ഉണ്ടാകാന്‍ സാധ്യതയുള്ള വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ ചില മാറ്റങ്ങള്‍ ശ്വാസകോശത്തില്‍ സംഭവിക്കും. ഇങ്ങനെ അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ ഏതുമാകട്ടെ ശ്വാസകോശവുമായി സമ്പര്‍ക്കം ഉണ്ടായാല്‍ ശ്വാസകോശം ചുരുങ്ങുകയും അതിനാല്‍ ചുമ തുടങ്ങുകയും ചെയ്യുന്നു. ശരീരത്തില്‍ ഏതു ഭാഗത്തു മാറ്റമുണ്ടായാലും നീര് (Inflammation) രൂപപ്പെടുന്നു. അതിനാല്‍ ആസ്ത്മയുടെ ചികില്‍സ ചുരുങ്ങുന്ന ശ്വാസകോശത്തിനെ (Bronchioles) പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കുകയും നീര്‍ക്കെട്ടിനെ വറ്റിച്ചുകളയുകയുമാണ്. പക്ഷേ ശ്വാസകോശത്തിലെ നീര് വറ്റിക്കാനുള്ള മരുന്ന് (Anti inflammatory) സ്റ്റിറോയിഡ് ഗുളികകള്‍ ആണ്. ഇത്തരം സ്റ്റിറോയിഡ് ഗുളികകള്‍ ദിവസങ്ങളോളം കഴിക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. ഇത്തരം ഒരു അവസ്ഥയെ മറികടക്കാനായി കണ്ടുപിടിക്കപ്പെട്ട ചികില്‍സാരീതിയാണ് Inhalation Therapy.

ഏതെങ്കിലും ഒരു വ്യക്തി Nebulizer അല്ലെങ്കില്‍ Inhaler ഉപയോഗിക്കുകയാണെങ്കില്‍ ആ വ്യക്തി Inhalation Therapy-യില്‍ ആണെന്നു പറയാം. നേരത്തെ സൂചിപ്പിച്ചതു പോലെ Anti inflammatory ആയ സ്റ്റിറോയിഡ് ഗുളികകള്‍ വയറില്‍ ചെന്ന് രോഗിയുടെ രക്തത്തില്‍ അലിഞ്ഞ്, രക്തം വഴി എല്ലാ അവയവങ്ങളിലും എത്തിച്ചേരുന്നു. അവസാനം വൃക്ക, കരള്‍ എന്നിവ വഴി പുറന്തള്ളുന്നു.

എന്നാല്‍ ഇതേ ശ്രേണിയില്‍ ഉള്ള മരുന്നുകള്‍ Inhalation രൂപത്തിലാണെങ്കില്‍ ശ്വസകോശത്തില്‍ മാത്രമേ എത്തുന്നുള്ളു. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു അവയവങ്ങളില്‍ എത്തുന്നില്ല. കൂടാതെ Inhalation therapy-യില്‍ മരുന്നിന്റെ അളവു വളരെ തുച്ഛമായ Micro gram ആണ്. Milligram-ല്‍ അല്ല. Inhalation Therapy അതിനാല്‍ കൊച്ചു കുട്ടികള്‍ മുതല്‍ വലിയ ആളുകള്‍ വരെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ഉപയോഗിക്കാവുന്നതാണ്. ഇത്തരം Inhaler-കള്‍ ഉപയോഗിക്കുമ്പോള്‍ വലിക്കേണ്ട രീതി (technique) കൃത്യമായിരിക്കണം. പലപ്പോഴും ഇവ ഉപയോഗിക്കേണ്ട രീതി കൃത്യത പാലിക്കാത്തതിനാലാണ് Inhalation Therapy ഫലം കാണാതെ പോകുന്നത്.

  • Dr. Sreejith R. (Consultant Pediatrician, Nirmala hospital & S.K hospital)
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button