Entertainment

സിനിമയും ജീവിതവും

”സിനിമ മാത്രമാണ് ഞങ്ങളുടെ ലോകം എന്നു വിശ്വസിച്ചിരുന്ന ഞാനും എന്റെ സുഹൃത്ത് നിവാസും. സിനിമയിലേക്കുള്ള വഴിയായി ആദ്യം തെളിഞ്ഞത് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്.
ടെസ്റ്റ് എഴുതി വിജയിച്ചു. പക്ഷേ, ഇന്റര്‍വ്യുയില്‍ ഞങ്ങള്‍ രണ്ടുപേരും പരാജയപ്പെട്ടു. ചെറിയ രീതിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനമുള്ളതിന്റെ പേരിലാണ് ഞാന്‍ ‘ഔട്ടാ’യത്.
അവിടെ നിന്നും ഞങ്ങള്‍ നേരേ മദ്രാസിലേക്ക് പോയി എസ്.കെ നായരെ കണ്ടു. ‘അഡയാറില്‍ അഡ്മിഷന്‍ വാങ്ങിത്തരാ’മെന്ന് അദ്ദേഹം ഉറപ്പ് പറയുകയും ചെയ്തു. ‘എനിക്ക് അഡയാറില്‍ വേണ്ട, പൂനെ തന്നെ മതി’യെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. പക്ഷേ, നിവാസ് അഡയാറില്‍ അഡ്മിഷന്‍ നേടി. ആ നിവാസാണ് പില്‍ക്കാലത്ത് അറിയപ്പെട്ട ക്യാമറാമാന്‍ ആയത്. ‘പതിനാറ് വയതിലെ’ എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്തത് നിവാസാണ്. ഭാരതിരാജയുടെ മിക്ക ചിത്രങ്ങളിലും നിവാസായിരുന്നു ക്യാമറാമാന്‍.
എങ്ങനെയും എനിക്കും സിനിമയില്‍ എത്തണമെന്ന് വാശിയായി. എന്റെ മുത്തച്ഛന്റെ അനിയനായിരുന്നു അന്നത്തെ സംഗീത-നാടക അക്കാദമിയുടെ വൈസ് ചെയര്‍മാന്‍. അദ്ദേഹമാണ് പ്രേംനസീറിനെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ‘കലാരംഗത്ത് വരുന്നതിന് ശുപാര്‍ശ വേണമെന്നു ചിന്തിക്കുന്നത് തെറ്റാണ്. അതിനു നീ യോഗ്യനല്ലെ’ന്ന് പറഞ്ഞ് എന്റെ അഭ്യര്‍ത്ഥന നിരസിച്ചു. അങ്ങനെ, ആ വഴിയും അടഞ്ഞു. പക്ഷേ, പിന്മാറാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. എങ്ങനെയായാലും സിനിമയില്‍ എത്തണം എന്നതു മാത്രമായിരുന്നു എന്റെ ലക്ഷ്യം.”

പ്രതിസന്ധികള്‍ പലതുമുണ്ടായിട്ടും തന്റെ സ്വപ്‌നം ഉപേക്ഷിക്കാന്‍ ആ യുവാവ് തയ്യാറായില്ല. സിനിമ മാത്രമായിരുന്നു ആ യുവാവിന്റെ മനസ്സില്‍. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും മാത്രമായിരുന്നു ആ യുവാവിന്റെ കൈമുതല്‍. അവ കൈവിടാതെ, പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍, ആ സ്വപ്‌നലോകത്ത് ആ യുവാവ് എത്തിപ്പെടുക തന്നെ ചെയ്തു.

‘തകിലുകൊട്ടാമ്പുറ’ത്തില്‍ തുടങ്ങി, ഒരുപിടി നല്ല സിനിമകളിലൂടെ, മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ, പ്രതിഭാധനനായ സംവിധായകന്‍ ബാലു കിരിയത്താണ് തോല്‍ക്കാന്‍ തയ്യാറാകാതിരുന്ന ആ മനസ്സിന്റെ ഉടമസ്ഥന്‍!
സ്വപ്രയത്‌നത്താല്‍ ഉയര്‍ന്നുവന്ന്, സിനിമയ്ക്ക് പുറമെ പൊതുപ്രവര്‍ത്തനത്തിലും ശോഭിച്ച ബാലുകിരിയത്തിനോടൊപ്പം…

ബാലു കിരിയത്ത് എന്ന സംവിധായകന്റെ പിറവി?
സിനിമ മാഗസിന്‍ നടത്തി സിനിമയില്‍ എത്തിയ ആളാണ് ഞാന്‍. ആദ്യം ‘സിനിസോണിക്’
എന്ന പേരിലും പിന്നീട് ‘വിസ്താരമ’ എന്ന പേരിലും മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു. വിസ്താരമയുടെ ഇന്റര്‍വ്യൂനായി സമീപിച്ചത് ആദ്യം ഐ.വി.ശശിയെയാണ്. രണ്ടാമത് ഇന്റര്‍വ്യു ചെയ്തത് കമല്‍ഹാസനെ. അതിനുശേഷം, പ്രശസ്ത സംവിധായകനായിരുന്ന ഡോ.ബാലകൃഷ്ണന്‍. അങ്ങനെ, മാഗസിനിലൂടെ സിനിമാ രംഗത്തെ പ്രഗത്ഭരുമായി നല്ല സൗഹൃദബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു.
പിന്നീട്, ജേസി സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. ആ സമയത്ത്, സ്വാമി സത്യാനന്ദസരസ്വതിയുടെ ചേങ്കോട്ടുകോണത്തുള്ള ആശ്രമത്തില്‍ വച്ച് പി.എന്‍ ശ്രീകുമാറിനെ പരിചയപ്പെടാനിടയായി. അദ്ദേഹത്തിന്റെ സിനിമയ്ക്കു വേണ്ടിയാണ് ആദ്യമായി സ്‌ക്രിപ്റ്റ് എഴുതിയത്. ”അഭിലാഷങ്ങളേ, അഭയം തരൂ” എന്നാണ് സിനിമയുടെ പേര്. അതിലെ ഗാനങ്ങളും എഴുതി. ‘സിനിമാക്കാരന്‍’ എന്ന ലേബല്‍ ആ സിനിമ എനിക്ക് നേടിത്തന്നു.
അതിനെത്തുടര്‍ന്ന്, യാദൃശ്ചികമായി സംഭവിച്ചതാണ് ‘തകിലുകൊട്ടാരം’. വട്ടിയൂര്‍ക്കാവിലുള്ള തങ്കപ്പന്‍ എന്ന ടെക്സ്റ്റയില്‍സ് ഉടമയ്ക്ക് നസീര്‍ സാറിനെ നായകനാക്കി ഒരു സിനിമയെടുക്കണമെന്നു മോഹം തോന്നുകയും എന്നെ സമീപിക്കുകയുമായിരുന്നു. നസീര്‍ സാര്‍ അന്ന് സൂപ്പര്‍-ഡ്യൂപ്പര്‍ സ്റ്റാറാണ്. അദ്ദേഹത്തെ കണ്ട് കഥ പറയുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
കുട്ടനാട് ആയിരുന്നു ഷൂട്ടിംഗ്. അവിടുത്തെ ഒരു സുഹൃത്ത് ജോണ്‍ ഒട്ടേറെ സഹായങ്ങള്‍ ചെയ്തുതന്നു. ഹോട്ടലുകളില്‍ തങ്ങാതെ, വ്യത്യസ്തമായി അഭിനേതാക്കളും പ്രവര്‍ത്തകരുമെല്ലാം അന്ന് അവിടുത്തെ വീടുകളിലായിരുന്നു താമസിച്ചത്. സിനിമ 75 ദിവസം ഓടി. ”സ്വപ്‌നങ്ങളേ, വീണുറങ്ങൂ” എന്നു തുടങ്ങുന്ന ഞാന്‍ എഴുതിയ ഗാനവും സൂപ്പര്‍ ഹിറ്റായി. ദാസേട്ടന് ഇഷ്ടപ്പെട്ട 10 പാട്ടുകളില്‍ ഒന്നായി ഇന്നുമത് നിലനില്‍ക്കുന്നു.

നന്നായി ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘വിസ’. ആ സിനിമയെ കുറിച്ച്, അതിന്റെ വിജയത്തെ കുറിച്ച് എന്തെല്ലാം പറയാനുണ്ട്?
എനിക്ക് പൂര്‍ണ സംതൃപ്തി നല്‍കിയ ചിത്രമാണ് വിസ. എന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ സിനിമയാണ് അത്. എന്‍.പി.അബുവായിരുന്നു അതിന്റെ നിര്‍മാതാവ്. ക്യാമറാമാന്‍ വിപിന്‍ദാസിന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം എന്നെ ഏല്പിക്കുന്നത്.
ശ്രീനാഥും ശാന്തികൃഷ്ണയുമാണ് നായികാ-നായകന്മാരായി അഭിനയിച്ചത്. ജി.സുരേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് മോഹന്‍ലാല്‍ ഈ സിനിമയിലേയ്ക്ക് വരുന്നത്. ലാലിന്റെ രണ്ടാമതായി ഷൂട്ട് ചെയ്ത ചിത്രം വിസയാണെങ്കിലും മൂന്നാമതായാണ് റിലീസായത്.
‘കാച്ചിലു വിളയില്‍ ലോനപ്പന്‍ സണ്ണിക്കുട്ടി’ എന്ന കഥാപാത്രം മമ്മൂട്ടിക്കാണ് ആദ്യം വച്ചിരുന്നതെങ്കിലും, ‘ഈ ക്യാരക്ടര്‍ ഞാന്‍ ചെയ്യാം ചേട്ടാ’ എന്ന് ലാല്‍ പറയുകയും ആ കഥാപാത്രം അങ്ങനെ ലാലിലേക്ക് എത്തുകയുമായിരുന്നു. ആദ്യമായി ലാല്‍ ഒരു കോമഡി കഥാപാത്രം ചെയ്യുന്നത് എന്റെ സിനിമയിലായിരുന്നു. അതിലെ ”ഫിംഗ്.. ഫിംഗ്” എന്ന പ്രയോഗം കൈയടി നേടി. ഇതിന്റെ ചുവടുപിടിച്ചാകണം എന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന ഷാജി കൈലാസും പില്ക്കാലത്ത് ‘സവാരി ഗിരി..ഗിരി’ പോലുള്ള പ്രയോഗങ്ങള്‍ നടത്തിയത്. സിനിമ 100 ദിവസം ഓടിയതോടെ, എന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു.

മലയാള സിനിമ ഇന്ന് ന്യൂജനറേഷന്റെ കൈകളില്‍ ഒതുങ്ങി നില്‍ക്കുകയാണോ? പഴയ തലമുറയിലെ സിനിമക്കാര്‍ക്ക് അവസരം ലഭിക്കുന്നില്ല എന്ന ആക്ഷേപം ശരിയാണോ?
മാറ്റി നിര്‍ത്തലുകള്‍ എന്ന ഒന്നില്ല. പക്ഷേ, പഴയ തലമുറയിലെ സിനിമക്കാര്‍ക്ക് അവസരം ലഭിക്കുന്നില്ല എന്നത് ശരിയാണ്. പ്രഗത്ഭരായ സംവിധായകര്‍ക്കുവരെ യുവതാരങ്ങളുടെ ഡേറ്റ് കിട്ടാത്ത അവസ്ഥയുണ്ട്. ഈ അടുത്ത കാലത്ത്, ഒരു സിനിമ കണ്ടു. പുതിയ കുട്ടികളായിരുന്നു അതിന്റെ എല്ലാ മേഖലകളിലും. ‘ആനന്ദം’ എന്നാണ് സിനിമയുടെ പേര്. സത്യം പറഞ്ഞാല്‍ ആ കുട്ടികളോട് വളരെയധികം ബഹുമാനം തോന്നി.
യുവതലമുറയിലെ സിനിമക്കാര്‍ക്ക് ഓരോ ഗ്രൂപ്പ് ഉണ്ട്. അത് വളരെ വ്യക്തമാണ്. ഉദാഹരണം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍… പക്ഷേ, അവരുടെ ഗ്രൂപ്പ് വളരെ നല്ലതാണ്. അത് വഴി മികച്ച ചിത്രങ്ങള്‍ ഉണ്ടാകുന്നു. അത് വളരെ ഗുണപരമായ കാര്യമാണ്. ഞങ്ങളെ പോലെയുള്ള ആള്‍ക്കാര്‍ക്ക് താരങ്ങളുടെ ഡേറ്റ് കിട്ടുന്നില്ല എന്ന പരിഭവവും ഇല്ല. ഞങ്ങള്‍ക്ക് കിട്ടാനുള്ളത് ഞങ്ങള്‍ക്ക് കിട്ടും. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അവന് റിട്ടയര്‍മെന്റില്ല.

‘വന്ന വഴി മറക്കുന്നവരാണ് സിനിമാക്കാര്‍’ എന്ന ആക്ഷേപം കാലങ്ങളായി നിലനില്ക്കുന്നു. സ്റ്റാറായി കഴിഞ്ഞാല്‍, പഴയതെല്ലാം മറക്കുന്നു; നന്ദികേട് കാട്ടുന്നു എന്നൊക്കെ. നമ്മുടെ സൂപ്പര്‍ സ്റ്റാറുകളെ കുറിച്ച് എന്താണ് പറയാനുള്ളത്?
എന്റെ അഞ്ച് സിനിമകളില്‍ ലാലും മമ്മൂട്ടിയും അഭിനയിച്ചു, അവര്‍ നല്ല നടന്മാരാണ്. അതുകൊണ്ടു തന്നെയാണ് സൂപ്പര്‍സ്റ്റാര്‍ എന്ന തലത്തിലേക്ക് എത്തിയതും. ഒഴുകുന്ന പുഴപോലെയാണ് അവര്‍. പുഴ ഒഴുകുന്നത് മുന്നോട്ടാണ്. മുന്നോട്ടു മാത്രമെ ഒഴുകാറുള്ളൂ; പിന്നോട്ടു നോക്കാറില്ല. സിനിമ പോലെ… റീല്‍ ഓടുന്നതുപോലെ… അതുകൊണ്ടാണ് മുപ്പത്തഞ്ചും നാല്‍പ്പതും വര്‍ഷമായി മലയാളത്തിലെ സൂപ്പര്‍ താരപദവിയില്‍ അവര്‍ നില്‍ക്കുന്നതും. രണ്ടുപേരും അവരുടെ ജീവിതം തന്നെ സിനിമയ്ക്കായി മാറ്റി വച്ചിരിക്കുകയാണ്. കമലഹാസനും രജനീകാന്തുമൊക്കെ തമിഴ്‌നാട്ടില്‍ ബ്രാന്‍ഡഡ് ആണ്. അതുപോലെയാണ് മലയാളത്തില്‍ ഇവര്‍. മഹാനടന്‍ ജയന്റെ വിയോഗം മൂലമാണ് ഇന്ന് ഇവര്‍ക്ക് ഈ സ്ഥാനം കിട്ടിയത്. ജയന്‍ ഇന്ന് ഉണ്ടായിരുന്നുവെങ്കില്‍ എറ്റവും
അധികം ‘വാല്യു’ ഉള്ള സൂപ്പര്‍താരം ജയന്‍ മാത്രമായിരിക്കും.

പുതിയ നായകന്മാരെയും സംവിധായകരെയും കുറിച്ച് എന്താണ് അഭിപ്രായം?
പുതിയ തലമുറയിലെ നായകന്മാര്‍ എല്ലാവരുംതന്നെ വളരെ ടാലന്റ് ഉള്ളവരാണ്. നായകന്മാര്‍ മാത്രമല്ല, സ്വഭാവ നടന്മാരും. അലന്‍സിയര്‍, വിനായകന്‍ തുടങ്ങിയവര്‍ നല്ല അഭിനേതാക്കളാണ്. അപ്പോത്തിക്കിരി, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലെ ജയസൂര്യയുടെ ‘പെര്‍ഫോമന്‍സ്’ അപാരമായിരുന്നു. സ്റ്റേറ്റ് അവാര്‍ഡ് കിട്ടേണ്ടതായിരുന്നു. അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടതുമാണ്. ‘മലയാള സിനിമയിലെ കമല്‍ഹാസന്‍’ എന്ന് ജയസൂര്യയെ വിശേഷിപ്പിക്കാം. കമലഹാസനെപോലെ, വൈവിധ്യമാര്‍ന്ന റോളുകള്‍ ചെയ്യാന്‍ പ്രയത്‌നിക്കുന്ന നടനാണ് ജയസൂര്യ.
‘വടക്കന്‍ സെല്‍ഫി’യുടെ സംവിധായകന്‍ പ്രജിത്ത്, സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സായ ഉദയകൃഷ്ണ, സിബി എന്നിവരൊക്കെ വല്യ ടാലന്റ് ഉള്ളവരാണ്. എന്റെ ശിഷ്യന്‍മാരാണ് അവര്‍. സിനിമ പഴയതുപോലെ അല്ല. ക്യാമറ, എഡിറ്റിംഗ്, വളരെ പിന്നോക്കം നിന്നിരുന്ന വസ്ത്രാലങ്കാരം… എല്ലായിടത്തും കൂടുതന്‍ മാറ്റം വന്നിരിക്കുന്നു.
പ്രേക്ഷകരും ഒരുപാട് മാറിയിരിക്കുന്നു. ഒരു ചെറിയ വിഷ്യലിനെപ്പോലും വളരെയധികം ഗൗരവമായി കാണുന്നു. അതുപോലെ പശ്ചാത്തല സംഗീതവും കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കിയിരിക്കുന്നു. ‘സ്‌ക്രിപ്റ്റ് സെന്‍സി’ല്ലാത്ത ഒരു നടനും ഇന്ന് ഇന്ത്യയില്‍ ഇല്ല എന്നാണ് എന്റെ അഭിപ്രായം.

മലയാള സിനിമയുടെ ഭാവി?
മലയാള സിനിമയുടെ ഭാവി ശോഭനമാണ് എന്നത് വളരെ വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ സ്റ്റേറ്റ് അവാര്‍ഡ്. ഇന്ദ്രന്‍സ് മികച്ച അഭിനയം കാഴ്ച വച്ചു. കഴിഞ്ഞ വര്‍ഷം 2016-ല്‍ ഞാന്‍ ജൂറിയായിരുന്ന സമയത്ത് അപ്പോത്തിക്കിരി എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം നല്‍കുകയുണ്ടായി. നിക്ഷ്പക്ഷമായ വിധി നിര്‍ണയത്തിന് ടി.വി.ചന്ദ്രനെ പ്രത്യേകം ഞാന്‍ അഭിനന്ദിക്കുന്നു. ഫഹദ് ഫാസിലിനു പ്രത്യേക ജൂറി പുരസ്‌കാരം ലഭിക്കുമെന്ന് തോന്നിയിരുന്നു.

മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മ എത്രത്തോളം ഉചിതമാണ്?
സ്ത്രീകൂട്ടായ്മ വളരെ നല്ലതാണ്, ട്രേഡ് യുണിയന്‍ ആയാലും സിനിമയ്ക്കുള്ളിലെ കൂട്ടായ്മ ആയാലും നല്ലതാണ്. ഡബ്‌ള്യു.സി.സി.എ സെല്‍ഫ് ഡിഫന്‍സിംഗ് ആണ്. ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ ഇതിന് രൂപം കൊടുത്തത്. വ്യക്തവും സത്യസന്ധവുമായ രൂപത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഞാന്‍ അവരോടൊപ്പമുണ്ടാകും. സ്ത്രീകള്‍ വളരെ ബോള്‍ഡാണ്, അവര്‍ മുന്‍നിരയില്‍ വരണം. സംഘടനയ്ക്ക് സ്ത്രീ-പുരുഷ വ്യത്യാസമില്ല.

സംഘടന – രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍?
മാക്ട, സൗത്ത് ഇന്ത്യന്‍ ഫിലിം സൊസൈറ്റി, ഫെഫ്ക, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ എന്നിവയില്‍ അംഗമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം വിദ്യാഭ്യാസ കാലത്ത് തന്നെ തുടങ്ങിയതാണ്. ശ്രീ.എം.എം. ഹസ്സന്‍ എന്നെ കെ.എസ്.യു.വിന്റെ തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് ആക്കുകയും, പിന്നെ കെ.എസ്.സിയില്‍ അംഗമായി പ്രവര്‍ത്തിക്കുയും ചെയ്തു. കെ.എം.മാണി സാറും ടി.എം.ജേക്കബ്ബും കൂടി കെ.എസി.എ തിരുവനന്തപുരം ജില്ല പ്രസിഡന്റ് ആക്കി. അതിനുശേഷം രാഷ്ട്രീയം വിട്ടു. സിനിമയില്‍ സജീവമായി. വീണ്ടും 1979-ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായി. ഇപ്പോള്‍ ജെ.ഡി.യുവിന്റെ സ്റ്റേറ്റ് മെമ്പറായി പ്രവര്‍ത്തിക്കുന്നു. ജെ.ഡി.യു. സാംസ്‌കാരിക വേദിയില്‍ അംഗമാണ്, കള്‍ച്ചറല്‍ സെന്ററില്‍ അംഗമാണ്. കൂടുതല്‍ സമയവും പാര്‍ട്ടി പരിപാടിയില്‍ സജീവയായി നില്‍ക്കുന്നുണ്ട്.

ബാലു കിരിയത്ത് എന്ന സംവിധായകനില്‍ നിന്ന് ഇനിയൊരു സിനിമ പ്രതീക്ഷിക്കാമോ?
തീര്‍ച്ചയായും. ഒരു സിനിമ ചെയ്യാനുള്ള പ്ലാന്‍ മനസ്സിലുണ്ട്. പലരും തിരക്കഥകളുമായി സമീപിക്കുന്നുണ്ട്. അതിന്റെ ഭാഗമായിത്തന്നെ, പുതിയ സിനിമകളും സാങ്കേതിക വിദ്യയിലെ മാറ്റങ്ങളും ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നുണ്ട്. സിനിമ അപ്‌ഡേറ്റഡ് ആണ്. സിനിമക്കാരും അതുപോലെ അപ്‌ഡേറ്റഡ് ആകണം. സാഹചര്യങ്ങള്‍ അനുകൂലമായി വരുമ്പോള്‍, സംവിധായകന്റെ മേലങ്കി വീണ്ടും അണിയും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button