EduPlus

പബ്ലിക് റിലേഷന്‍സ്‌

ഒരു സ്ഥാപനത്തെയും ജനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലം എന്ന് പബ്ലിക് റിലേഷന്‍സിനെ ഒറ്റ വാക്യത്തില്‍ നിര്‍വചിക്കാം. വലിയ കമ്പനികള്‍ ‘കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍’ എന്നും വിളിക്കാറുണ്ട്. സ്ഥാപനത്തിന്റെ താത്പര്യങ്ങള്‍ ആരോഗ്യകരമായി സംരക്ഷിക്കുക എന്നതാണ് പബ്ലിക് റിലേഷന്‍സ് എന്ന വിഭാഗത്തിന്റെ കര്‍ത്തവ്യം. യശസ്സിന് കോട്ടം വരാതെ, സ്ഥാപനത്തിനെ സംരക്ഷിച്ചു നിലനിര്‍ത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഈ വിഭാഗത്തില്‍ പണിയെടുക്കുന്നവരുടെ ചുമലില്‍.

സ്ഥാപനത്തിന്റെ സന്ദേശങ്ങള്‍ യഥാസമയം ജനങ്ങളിലെത്തിക്കുകയും ജനങ്ങള്‍ക്കിടയില്‍ എപ്പോഴും സ്ഥാപനത്തെ സജീവമായി നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഒരു പി.ആര്‍ പ്രൊഫഷണലിന്റെ പരമപ്രധാനമായ കടമ. സമചിത്തതയോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാനും അവ ‘ഇലയ്ക്കും മുള്ളിനും കേടില്ലാതെ’ പരിഹരിക്കുവാനും കഴിയുന്നവര്‍ക്ക് ശോഭിക്കാന്‍ കഴിയുന്ന മേഖലയാണ് ഇത്.

ജനങ്ങള്‍ക്കിടയില്‍ സ്ഥാപനത്തിനെ കുറിച്ച് മതിപ്പുണ്ടാക്കുക എന്നത് കേള്‍ക്കുമ്പോള്‍ നിസ്സാരമായി തോന്നാമെങ്കിലും പക്ഷേ, അങ്ങനെയല്ല. വളരെ റിസ്‌കുള്ളതും അതേസമയം രസാവഹവുമാണ് ഈ ജോലി. ഓരോ കാര്യങ്ങളും വളരെ സൂക്ഷ്മതയോടും ഉത്തരവാദിത്വത്തോടും കൂടിയാണ് ചെയ്യേണ്ടത്. ചെറിയ പാകപ്പിഴകള്‍ പോലും വന്‍പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സ്ഥാപനത്തിന്റെ മനോഹരമായ ചിത്രം പുറത്തുള്ളവരുടെ മുന്നില്‍ വരച്ചുകാട്ടുക എന്നത് ചില്ലറ കാര്യമാണോ? സ്ഥാപനത്തിന്റെ എല്ലാ വിഭാഗം ജീവനക്കാരോടും മാനേജ്‌മെന്റിനോടും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും സ്ഥാപനത്തിന്റെ ഉപഭോക്താക്കളുമായും നിരന്തരമയ ബന്ധം പുലര്‍ത്തേണ്ടവരാണ് പി.ആര്‍ പ്രൊഫഷണലുകള്‍. ഉപഭോക്താക്കളില്‍ നിന്നോ ജനങ്ങളില്‍ നിന്നോ ഉണ്ടാകുന്ന പ്രതികരണങ്ങളെകുറിച്ച് മാനേജ്‌മെന്റിനെ അറിയിക്കുകയും യുക്തമായ നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുകയും വേണം. സ്ഥാപനത്തിന്റെ പുതിയ പ്രോഡക്ടുകളെകുറിച്ചും പുതിയ സേവനങ്ങളെകുറിച്ചും ജനങ്ങളെ അറിയിക്കുകയും അതിനെക്കുറിച്ച് ജനങ്ങളുടെ പ്രതികരണം മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്യേണ്ടത് മറ്റാരുമല്ല.

കമ്പനിയെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍, പത്രപ്രസ്താവനകള്‍, ബ്രോഷറുകള്‍ മുതലായവ തയ്യാറാക്കേണ്ടതും പി.ആര്‍ പ്രൊഫഷണലുകളാണ്. മാധ്യമസ്ഥാപനങ്ങളുമായും നിരന്തര ബന്ധം സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. സ്ഥാപനത്തിന്റെ വാര്‍ഷികാഘോഷം, പുതിയ സേവനങ്ങള്‍, അവാര്‍ഡുകളും മറ്റും നേടുന്ന സന്ദര്‍ഭങ്ങള്‍ എന്നിവ പരസ്യങ്ങളിലൂടെയും വാര്‍ത്തകളിലൂടെയും ജനങ്ങളില്‍ സമയാസമയം എത്തിക്കണം. സോഷ്യല്‍ മീഡിയകളുടെ സാധ്യതകളും ഉപയോഗിക്കാന്‍ അറിയണം. ചെയര്‍മാനും മറ്റും ഔദേ്യാഗിക പ്രസംഗങ്ങള്‍ തയ്യാറാക്കി കൊടുക്കുന്നതും പൊതുപരിപാടികളില്‍ അവരുടെ സാന്നിധ്യം ഉറപ്പാക്കുന്നതുമെല്ലാം ചുമതലകളില്‍പ്പെടുന്നു.

പുതിയ യൂണിറ്റുകള്‍ തുടങ്ങുമ്പോഴും പുതിയ ഉല്പന്നങ്ങള്‍ പുറത്തിറക്കുമ്പോഴും ഉത്തരവാദിത്വങ്ങള്‍ കൂടുതലാണ്. ഈ അവസരങ്ങള്‍ തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള വേദികളാണെന്ന് സ്വയം മനസ്സിലാക്കി, പരമാവധി പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ മത്സരങ്ങളുടെ ഈ ലോകത്ത് പ്രൊഫഷണലുകള്‍ക്ക് പിടിച്ചുനില്ക്കാന്‍ കഴിയൂ. ദിനംപ്രതി ‘പെര്‍ഫോമന്‍സ്’ വര്‍ധിപ്പിക്കുന്ന ജീവനക്കാരെയാണ് കമ്പനികള്‍ക്ക് ആവശ്യം. നിര്‍ണായക ഘട്ടങ്ങളില്‍ പകച്ചുനില്ക്കാതെ, യുക്തവും കൃത്യവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമുള്ള കഴിവും ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യതയെക്കാള്‍ ഉപരി, പ്രായോഗിക ജ്ഞാനവും സാമാന്യബുദ്ധിയും ഉണ്ടായിരിക്കണം. പബ്ലിസിറ്റി ഓഫീസര്‍, പ്രസ് ഓഫീസര്‍, മീഡിയ കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പി ആര്‍ ഡയറക്ടര്‍ എന്നീ പേരുകളിലാണ് കമ്പനികളും സ്ഥാപനങ്ങളിലും പി.ആര്‍ പ്രൊഫഷണലുകളെ നിയമിക്കുന്നത്.

പി. ആര്‍ ജോലികള്‍ സ്വതന്ത്ര്യമായി ചെയ്യാവുന്ന ഒന്നായും മാറിയിട്ടുണ്ട്. സ്ഥാപനങ്ങളും വ്യക്തികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് അവരുടേതായ ‘ക്ലെയിന്റു’കള്‍ ഉണ്ടാകും. ക്ലെയിന്റുകളായ സ്ഥാപനങ്ങളുടെ പി.ആര്‍ ജോലികള്‍ ഉത്തരവാദിത്വത്തോടുകൂടി ചെയ്തുകൊടുക്കും. ആഘോഷങ്ങളും പുതിയ സേവനങ്ങളുടെ ലോഞ്ചിംഗുമെല്ലാം അവര്‍ ഏറ്റെടുക്കും. ബ്രോഷര്‍ തയ്യാറാക്കുന്നതും സ്വന്തം സ്വാധീനവും ബന്ധങ്ങളും ഉപയോഗപ്പെടുത്തി പത്ര-മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തുകയും മന്ത്രിമാരും സിനിമാതരാരങ്ങളുഠ ഉള്‍പ്പെടെ ഉദ്ഘാടകരെ സംഘടിപ്പിക്കുകയും പരിപാടിയ്ക്ക് ആളെകൂട്ടുകയുമൊക്കെ ഇക്കൂട്ടര്‍ ചെയ്‌തോളും. തക്കതായ ചാര്‍ജ് കൊടുക്കണം എന്ന് മാത്രം. മാസം തോറും ശമ്പളം കൊടുക്കാതെ, ആവശ്യമുള്ളപ്പോള്‍ മാത്രം തുക ചെലവിട്ടാല്‍ മതി എന്നതാണ് സ്ഥാപനത്തിന്റെ നേട്ടം. കുറച്ചുബന്ധങ്ങളും കഴിവും ഉള്ളവര്‍ക്ക് വീട്ടിലിരുന്ന് തന്നെ പി.ആര്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്യാവുന്നതാണ്.

സര്‍ക്കാര്‍ തലത്തിലും പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രവര്‍ത്തിക്കുന്നു. അതതു സമയത്ത് ഭരിക്കുന്നവരുടെ നയങ്ങളും മഹിമയും നേട്ടങ്ങളും ജനങ്ങളില്‍ എത്തിക്കുക എന്നതാണ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതല. എത്രത്തോളം ഈ വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നു എന്നതിന് അനുസരിച്ചിരിക്കും ജനമനസ്സുകളില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ. പത്രമാധ്യമങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഔദേ്യാഗിക വിദശീകരണങ്ങളും വാര്‍ത്തകളും എത്തിക്കുന്നത് പബ്ലിക് റിലേഷന്‍സ് വകുപ്പാണ്. പരസ്യങ്ങളുടെ ചുമതല വഹിക്കുന്നതും ഈ വകുപ്പാണ്.

സര്‍ക്കാര്‍ തലത്തിലും അല്ലാതെയും നിരവധി സാധ്യതകളുള്ള മേഖലയാണ് പബ്ലിക് റിലേഷന്‍സ്. പല വിഭാഗങ്ങളുമായി നിരന്തരം ബന്ധപ്പെടേണ്ടി വരുന്നതുകൊണ്ടുതന്നെ, ധാരാളം സൗഹൃദങ്ങളും ബന്ധങ്ങളും കൈവരുന്ന മേഖല കൂടിയാണിത്. വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമെ, മറ്റ് പല ഗുണങ്ങളും ഈ മേഖലയില്‍ അത്യാവശ്യമാണ്.
ജനങ്ങളുമായി സൗമ്യമായി ഇടപെടാനും അവരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനുള്ള കഴിവാണ് പ്രധാനമായും വേണ്ടത്. ‘വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതുക’ എന്ന പഴഞ്ചൊല്ല് ഓര്‍മയുണ്ടാകുമല്ലോ. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല, ഒഴിഞ്ഞുമാറുകയോ നേരിടുകയോ ചെയ്യുക എന്നാണ് പഴഞ്ചൊല്ല് നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ, ഇവിടെ നമ്മള്‍ ‘വേദമോതുക’ തന്നെ ചെയ്യണം. ജനം പലവിധമാണ്. അവര്‍ അവരുടെ രീതിയില്‍ പ്രതികരിച്ചാലും സമചിത്തത കൈവിടരുത്. അവര്‍ക്ക് പറയാനുള്ളത് എന്തായാലും ശ്രദ്ധയോടെ കേല്ക്കണം. പ്രശ്‌നം എന്തായാലും യുക്തമായ പരിഹാരം കണ്ടെത്താന്‍ കഴിയണം.

സംഘടനാ സാമര്‍ത്ഥ്യം, വിനയം, നല്ല പെരുമാറ്റം, സംഭാഷണ ചാരുതി, വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ നേരിടാനുള്ള കഴിവ് എന്നിവ ഒരു നല്ല പി.ആര്‍ പ്രൊഫഷണലിന് ഉണ്ടാകണം. പെട്ടെന്ന് യുക്തമായ തീരുമാനമെടുക്കാനുള്ള കഴിവ് നിര്‍ബന്ധം ഉണ്ടായിരിക്കണം. ആത്മവിശ്വാസവും പുതിയ സാധ്യതകള്‍ കണ്ടെത്താനുള്ള കഴിവും വളരെ പ്രധാനമാണ്. ഒരു പ്രശ്‌നത്തിന് ഒന്നല്ല, ഒന്‍പത് പരിഹാരം കാണാന്‍ കഴിയണം. ഉത്തരവാദിത്വങ്ങളോട് ഒരിക്കലും മുഖം തിരിക്കാന്‍ പാടില്ല. പുതിയ ദൗത്യങ്ങളും ഉത്തരവാദിത്വങ്ങളും സ്വയം ഏറ്റെടുത്ത് ചെയ്യണം. കൃത്യനിഷ്ഠയും ആത്മാര്‍ത്ഥതയും വളരെ അനിവാര്യം. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാകുന്നതുവരെ ദീര്‍ഘനേരം പ്രവൃത്തിയെടുക്കുന്നതിനുള്ള സന്നദ്ധത കൂടിയുണ്ടെങ്കില്‍ മാത്രമേ ഈ രംഗത്ത് ശോഭിക്കാന്‍ കഴിയൂ. വനിതകള്‍ക്കും വളരെ അനുയോജ്യമായ മേഖലയാണിത്.

സാധ്യതകള്‍
പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, വന്‍കിട ഹോട്ടലുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, കോളേജുകള്‍, കേന്ദ്രസര്‍ക്കാരിലെ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്, സംസ്ഥാന സര്‍ക്കാരിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവിടങ്ങളിലാണ് അവസരങ്ങള്‍.

പരിശീലനം
പബ്ലിക് റിലേഷന്‍സ് തനിയെയോ ജേര്‍ണലിസം അഡ്വര്‍ടൈസ്‌മെന്റ്/ കമ്മ്യൂണിക്കേഷന്‍ കോഴ്‌സുകളുടെ ഭാഗമായോ പഠനത്തിനും പരിശീലനത്തിനും സൗകര്യമുണ്ട്. സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button