Career

പൊരുതി നേടിയ വിജയം

അവസരങ്ങളെ യഥോചിതം പ്രയോജനപ്പെടുത്തി ജീവിതത്തിലും ഔദ്യോഗിക രംഗത്തും നേട്ടങ്ങള്‍ കൈവരിച്ചു ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന നിരവധി സ്ത്രീ രത്‌നങ്ങള്‍ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. ബാധ്യതകളുടെയും ബലഹീനതകളുടെയും ഭാണ്ഡം ഉയര്‍ത്തി, ഒതുങ്ങിക്കഴിയുന്ന ഒരു കാലഘട്ടത്തില്‍ നിന്നും സമൂഹത്തോടുള്ള തന്റെ കടമകള്‍ പ്രതിജ്ഞാബദ്ധമായി നിര്‍വഹിച്ചു തന്റെ കര്‍മമേഖലയില്‍ ശോഭിക്കാന്‍ സ്ത്രീകള്‍ തയ്യാറായിരിക്കുകയാണ്.

കുടുംബിനി എന്ന പരിവേഷത്തില്‍ തന്റെ കഴിവുകളെയും ആത്മാവിനെയും തളച്ചിടാതെ, സ്വന്തം കര്‍മപന്ഥാവില്‍ വളരെയെറെ ദൂരം സഞ്ചരിച്ച ഒരു സ്ത്രീ രത്നം…. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരു എഞ്ചിനീയറിംഗ് ബിരുദധാരി എന്ന വിശേഷണത്തില്‍ നിന്നും ഉയര്‍ന്നു സ്വദേശത്തും വിദേശത്തും ഒരുപോലെ പ്രസിദ്ധിയാര്‍ജിച്ച ഒരു ഐടി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഒ) പദവിയിലെത്തിയ മായ ബി.എസ് എന്ന വനിനാരത്‌നത്തിന്റെ കര്‍മമണ്ഡലത്തിലുടെ…

തിരുവനന്തപുരം ജില്ലയില്‍, ശശിധരന്‍ – ബിന്ദു ദമ്പതികളുടെ മൂന്നു പെണ്‍മക്കളില്‍ മൂത്ത മകളായാണ് മായ ജനിച്ചത്. സഹോദരിമാരായ മഞ്ജുവിനും മാലുവിനും എന്നും നല്ലൊരു കൂട്ടുകാരി കൂടിയായിരുന്നു മായ. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിയായിരുന്നു ബാല്യത്തില്‍. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായി തെരഞ്ഞെടുത്തത് എന്‍ജിനീയറിങ് മേഖല. എം.ജി കോളേജ് ഓഫ് എഞ്ചിനീയറിങില്‍ ‘ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍’ കോഴ്‌സ് തെരഞ്ഞടുത്തു. പഠനം തുടരവെയാണ് വീട്ടുകാരാല്‍ വിവാഹം നിശ്ചയിക്കപ്പെട്ടത്. അങ്ങനെ, പതിനെട്ടാം വയസ്സില്‍ വിദ്യാര്‍ത്ഥിനി എന്ന പരിവേഷത്തില്‍ നിന്നും കുടുംബിനിയുടെ ഉത്തരവാദിത്വങ്ങളിലേക്ക്….

Maya with family

വിവാഹശേഷം മായ പഠനം പൂര്‍ത്തിയാക്കുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. കുടുംബിനിയുടെ കടമകളുമായി ജീവിതം മുന്നോട്ട് നയിക്കുമെന്ന ബന്ധുക്കളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു മായ തുടര്‍പഠനം ആരംഭിച്ചു.
തന്റെ പങ്കാളിയുടെ ആഗ്രഹങ്ങളെ സന്തോഷത്തോടെ മനസ്സിലാക്കുകയും അവയെ നടപ്പില്‍ വരുത്താന്‍ മുന്‍കൈയെടുക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു മായയുടെ ഭര്‍ത്താവ് രജനീഷ്. കുവൈറ്റില്‍ റേഡിയോഗ്രാഫറായി ജോലി ചെയ്തിരുന്ന അദ്ദേഹം മായക്കു നല്‍കിയ മാനസിക പിന്തുണ തന്നെയാണു അവര്‍ക്കു മുന്നോട്ടു പോകാനുള്ള പ്രചോദനമായത്. കൂടാതെ മായയുടെ ഈ തീരുമാനത്തെ ഇരു കുടുംബങ്ങളും ഒരുപോലെ സ്വീകരികയും പൂര്‍ണമായ പിന്തുണ നല്‍കുകയും ചെയ്തു.

എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്കു പോകാനായിരുന്നു മായയുടെ പദ്ധതി. അതിന്റെ ഭാഗമായി ഒരു വര്‍ഷത്തോളം അവര്‍ ഫ്രാങ്ക്ഫില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയര്‍ഹോസ്റ്റസ് എന്ന സ്ഥാപനത്തില്‍ എയര്‍ഹോസ്റ്റസ് പഠനം. പഠനത്തിനുശേഷം ഇന്റര്‍വ്യൂ വഴി ബാംഗ്ലൂരില്‍ നിയമനം ലഭിക്കുകയും ചെയ്തു.

ഐ.ടി പ്രൊഫഷനിലേക്ക്….
ഒരു സുഹൃത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു മായ ഐ.ടി മേഖലയിലേക്കു പ്രവേശിക്കുന്നത്. ടെക്‌നോപാര്‍ക്കില്‍ നോര്‍വേ ആസ്ഥാനമായ ‘ബിലാഗോസ്’ എന്ന കമ്പനിയില്‍ എച്ച്.ആര്‍ സെക്ഷനിലാണ് മായ തന്റെ കരിയര്‍ ആരംഭിച്ചത്. വീട്ടുകാരുടെ എന്നതുപോലെ തന്നെ സഹപ്രവര്‍ത്തകരുടെയും സ്‌നേഹവും സഹകരണവും നേടാന്‍ അവര്‍ക്ക് വളരെ വേഗം സാധിച്ചു.

തന്റെ ജോലിയില്‍ മായ വളരെയേറെ സന്തോഷവതിയായിരുന്നു. പൂര്‍ണമായ അര്‍പ്പണബോധത്തോടെ അവര്‍ തന്റെ ജോലിയില്‍ വളരെ വേഗം ശോഭിച്ചു. എച്ച്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളും മായ പതിയെ കൈകാര്യം ചെയ്യാന്‍ തുടങ്ങി. സേവന മനോഭാവവും കഴിവും കൊണ്ട് വളരെവേഗം ബിലാഗോസിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് മായയ്ക്കു ക്ഷണം ലഭിച്ചു. ബിലാഗോസില്‍ രണ്ടു വര്‍ഷത്തെ സേവനത്തിനുശേഷം മായ തന്റെ മെന്ററായ അരുണിന്റെ ‘ഷെല്‍സ്‌ക്വയര്‍’ എന്ന കമ്പനിയിലേക്ക് പ്രവേശിച്ചു.

ജീവിതത്തില്‍ വഴിത്തിരിവായി ഷെല്‍സ്‌ക്വയര്‍
ബിലാഗോസില്‍ നിന്നും ലഭിച്ച അറിവും അനുഭവ സമ്പത്തും ഷെല്‍സ്‌ക്വയറില്‍ മായയ്ക്ക് കൂടുതല്‍ ആത്മവിശ്വാസമാണ് നല്‍കിയത്. Petronas എന്ന മലേഷ്യന്‍ ഓയില്‍ കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രോജക്ട് മാനേജറായാണ് പ്രാരംഭം. സേവന മനോഭാവം കൈമുതലായുള്ള അവര്‍ക്ക് ഷെല്‍സ്‌ക്വയര്‍ വളരുവാനുള്ള ഒരു വേദിയായി തീര്‍ന്നു.

ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യാപാരവുമായി ബന്ധപ്പെട്ട ചുരുക്കം ചില ഐടി കമ്പനികളില്‍ ഒന്നായിരുന്നു ഷെല്‍സ്‌ക്വയര്‍. തിരുവനന്തപുരം, ബാംഗ്ലൂര്‍, അമേരിക്ക എന്നിവിടങ്ങളിലാണ് കമ്പനിയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. നോര്‍വേ കേന്ദ്രമാക്കിയാണ് കമ്പനിയുടെ കൂടുതല്‍ പ്രൊജക്ടുകള്‍. ‘ലെസ്സ് വര്‍ക്കേഴ്‌സ്, മോര്‍ പ്രോഫിറ്റ്’ എന്ന ഐ.ടി കമ്പനികളുടെ സ്ഥിരം പല്ലവിയായിരുന്നില്ല ഷെല്‍സ്‌ക്വയറിന്റേത്. മറിച്ച്, കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കി ഒരു പരിധി വരെ യുവതലമുറയിലെ തൊഴിലില്ലായ്മ പരിഹരിക്കുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ആത്യന്തികമായ ലക്ഷ്യം.

കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഷെല്‍സ്‌ക്വയറിന്റെ സേവനം എടുത്തു പറയേണ്ടതാണ്. ഈ ലോക്ക്ഡൗണ്‍ കാലത്തു ജീവനക്കാരുടെ കുടുംബങ്ങളിലെ ഓരോ അമ്മമാര്‍ക്കും 2000 രൂപ വച്ചു പ്രതിമാസം പെന്‍ഷന്‍ നല്‍കാന്‍ കമ്പനിയുടെ സഹായത്തോടെ പദ്ധതി ആവിഷ്‌കരിച്ചതു മായയാണ്. ഇന്ന് 100-ഓളം അമ്മമാര്‍ക്കു ഇതിന്റെ പ്രയോജനം ലഭ്യമാകുന്നുണ്ട്.

മായയുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനശൈലി തന്നെയാണ് ചുരുങ്ങിയ കാലയളവുകൊണ്ട് സി.ഇ.ഒ എന്ന പദവിയിലേക്ക് എത്തിച്ചത്. എഴുപതില്‍പരം ജീവനക്കാരുള്ള ഈ കമ്പനിയുടെ വളര്‍ച്ചക്കൊപ്പം ജീവനക്കാരുടെ ക്ഷേമത്തിനു വേണ്ട കാര്യങ്ങള്‍ക്കുമായി അശ്രാന്ത പരിശ്രമത്തിലാണ് കമ്പനിയുടെ ഡയറക്ടര്‍മാരായ അരുണും മായയും. ഓരോ ശ്രമങ്ങള്‍ക്കും പ്രചോദനവും സഹായവുമായി കമ്പനി ഡയറക്ടര്‍ അരുണിന്റെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.

ദേശീയതലം മുതല്‍ അന്തര്‍ദേശീയതലം വരെയുള്ള തന്റെ ക്ലെയിന്റുകളുമായി ഇടപെടാനും ആശയവിനിമയം നടത്താനും അവരെ തങ്ങളുടെ കമ്പനിയുടെ വളര്‍ച്ചയ്ക്കായി വിനിയോഗിക്കാനുമുള്ള കഴിവ് തന്നെയാണ് ഈയൊരു നേട്ടത്തിലേക്ക് മായയെ നയിച്ചത്.

ചുരുങ്ങിയ കാലയളവുകൊണ്ട് ഐ.ടി മേഖലയില്‍ വളരെ ഉന്നതമായ ഒരു സ്ഥാനം കരസ്ഥമാക്കാന്‍ മായയെ സഹായിച്ചത് തനിക്ക് കിട്ടിയ അവസരത്തെ ഉചിതമായി ഉപയോഗിച്ചത് കൊണ്ടാണ്. ജോലി തിരക്കിനിടയിലും കുടുബകാര്യങ്ങളും മകനായ അദ്വൈതിന്റെ കാര്യങ്ങളും വീഴ്ച വരുത്താതെ മായ ശ്രദ്ധിക്കുന്നുണ്ട്. ഒപ്പം തന്റെ പ്രൊഫഷനിലും അതേ സമീപനമാണ് അവര്‍ കാഴ്ച വയ്ക്കുന്നത്.

ഏത് കാര്യത്തിനായാലും കുറുക്കുവഴികള്‍ ഇല്ല എന്ന ചിന്തയാണു മായയുടേത്. ഏത് പ്രൊഫഷനിലും പ്രത്യേകിച്ചു ഐ.ടി മേഖലയില്‍, നിലനില്‍ക്കണമെങ്കില്‍ അവിടുത്തെ സാഹചര്യങ്ങളോടു ഇണങ്ങി ചേരുകയും ഒപ്പം സമ്മര്‍ദങ്ങളെ അതിജീവിക്കുകയും ചെയ്യുക എന്നതു മാത്രമാന്നെു അവര്‍ ഉറച്ചു വിശ്വസിക്കുന്നു. ആദര്‍ശപൂരിതമായ പ്രവര്‍ത്തനങ്ങളുമായി, സ്വപ്‌നങ്ങളും അവ നിറവേറ്റാന്‍ ആര്‍ജവവുമുള്ള വനിതകള്‍ക്ക് തങ്ങളുടെ കര്‍മമേഖലയില്‍ മുന്നേറുന്നതിനുള്ള പ്രചോദനവും മാതൃകയുമായി മാറിയിരിക്കുകയാണ് മായ ബി.എസ്.

Team Shellsquare

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button