Special StorySuccess Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു. 1987-ല്‍ ദുബായിലേക്ക് ഒരു പറിച്ചുനടല്‍. അവിടെ തുടങ്ങി ആ യുവാവിന്റെ തേരോട്ടം.

ഇന്ന്, പശ്ചിമേഷ്യയില്‍ അങ്ങോളമിങ്ങോളമായി വ്യാപിച്ചു കിടക്കുന്ന ആരോഗ്യ പരിപാലന ശൃംഖലയുടെ അധിപന്‍. പതിനയ്യായിരത്തില്‍ കൂടുതല്‍ പേര്‍ക്ക് പ്രത്യക്ഷമായി തൊഴില്‍ നല്കുന്ന തൊഴിലുടമ. ഒപ്പം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍.
അതേ… ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പനാണ് ആ വ്യക്തി. ഫിഷഗ്വര ജീവിതത്തിലെ കാല്‍നൂറ്റാണ്ട് പിന്നിടുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ…

എണ്ണമറ്റ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ കോഴിക്കോടിന്റെ മണ്ണ്… അതുതന്നെയാണ് ആസാദ് മൂപ്പന്റെയും ജന്മനാട്. കോഴിക്കോട് ജില്ലയിലെ കല്പകഞ്ചേരി മണ്ടായപ്പുറത്ത് തറവാട,് ഇരുന്നൂറില്‍പരം വര്‍ഷത്തെ പാരമ്പര്യവും പൈതൃകവും ഉള്ള ഈ തറവാടിന് തനതായ ഒരു ചരിത്രം തന്നെയുണ്ട്. ടിപ്പുവിന്റെയും വള്ളുവനാട് രാജാവിന്റെയുമൊക്കെ സമകാലീനമായ കുടുംബം. വള്ളുവനാട് രാജാവിന്റെ മന്ത്രിമാരായിരുന്നു ഇദ്ദേഹത്തിന്റെ പിതാമഹന്മാര്‍.
ഇസ്ലാം മതത്തിന്റെ കടന്നുവരവോടെ ആ മതം സ്വീകരിച്ചു കല്പകഞ്ചേരിയിലേക്ക് വന്ന ഇവരുടെ ചരിത്രം അവിടെ തുടങ്ങുന്നു. മതസൗഹാര്‍ദ്ദത്തിന്റെയും നന്മയുടെയും നാടാണ് കല്പകഞ്ചേരി. മണ്ടായത്ത് മൂപ്പന്‍ തറവാട്ടില്‍ ഖിലാഫത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും വക്താവായിരുന്ന എം എ മൂപ്പന്റെ ഏഴ് മക്കളില്‍ ഇളയവനായി 1953 ഏപ്രില്‍ 15-നാണ് രുന്നു ആസാദ് മൂപ്പന്റെ ജനനം. സമ്പന്നത നിറഞ്ഞ കുടുംബാന്തരീക്ഷം. കലയിലും കളികളിലുമെല്ലാം അഭിരുചി പുലര്‍ത്തിയിരുന്ന ആസാദ് എന്ന ബാലന്‍ പഠനത്തിലും പിന്നിലല്ലായിരുന്നു.

തന്റെ പിതാവ് കല്പകഞ്ചേരിക്കു സമ്മാനിച്ച അതേ സ്‌കൂളില്‍ ആയിരുന്നു ആസാദും പഠിച്ചിരുന്നത്. കണക്കില്‍ അതീവ താല്പര്യം ഉണ്ടായിരുന്നു ആസാദിന്. മിടുക്കനായ വിദ്യാര്‍ഥി എന്നായിരുന്നു അദ്ദേഹത്തെക്കുറിച്ചുള്ള പൊതു അഭിപ്രായം. വീടിന്റെയും നാടിന്റെയും കണ്ണിലുണ്ണി തന്നെയായിരുന്നു ആസാദ് എന്ന കൊച്ചു ബാലന്‍.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് നാന്ദി കുറിച്ചത്. പിതാവില്‍ അത് അരിശം ഉണ്ടാക്കുകയും അതോടുകൂടി പഠനം മുടങ്ങുകയും ചെയ്തു. പിതാവിന്റെ മനസ്സുമാറി പഠിക്കാന്‍ അനുവദിച്ചെങ്കിലും കല്‍പ്പകഞ്ചേരിയുടെ വിരിമാറില്‍ നിന്നും കോഴിക്കോട് നഗരത്തിന്റെ തിരക്കിലേക്ക് അദ്ദേഹത്തെ പറിച്ചുനട്ടു. അസ്വസ്ഥതയോടെയാണെങ്കിലും ഗ്രാമീണതയുടെ ശാലീനതയില്‍ നിന്നുള്ള ആ മാറ്റം ആസാദ് സ്വീകരിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറുകയായിരുന്നു അത്.

10-ാം തരം വരെ സെന്റ് ജോസഫ് സ്‌കൂളില്‍ പഠിച്ചു. ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങി ഫാറൂഖ് കോളേജില്‍ അഡ്മിഷന്‍ നേടി. മാധൂര്യമൂറുന്ന കലാലയജീവിതം. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലുമെല്ലാം ഒന്നാമന്‍. കലാലയ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. രാഷ്ട്രീയത്തെ പൂര്‍ണമായും നെഞ്ചോടുചേര്‍ത്തു നടന്നിരുന്ന ഒരു കാലഘട്ടം.
അപ്രതീക്ഷിതമായി പ്രീപ്രൈമറി അധ്യാപകനായിരുന്ന കേശവന്‍ മാസ്റ്ററെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ച ആസാദ് കലാലയ രാഷ്ട്രീയത്തെ ഒരു കോണിലേക്ക് ഒതുക്കി പഠനത്തില്‍ അതീവ ജാഗരൂകനായി. ഫാറൂഖ് കോളേജില്‍ നിന്നും ബി എസ് സി നല്ല മാര്‍ക്കോടുകൂടി വിജയിച്ചു. തുടര്‍ന്ന്, കാലിക്കറ്റ് മെഡിക്കല്‍ കോളേജില്‍ മെരിറ്റില്‍ തന്നെ അഡ്മിഷന്‍ നേടി. അവിടെയും എല്ലാ മേഖലയിലും ഒന്നാമനാകാന്‍ ആസാദിന് കഴിഞ്ഞു.
രാഷ്ട്രീയത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിമെല്ലാം സജീവമായിരുന്നെങ്കിലും പഠനത്തിന് മുന്‍തൂക്കം നല്‍കിയിരുന്നു. പൂര്‍ണമായും തന്റെ ലക്ഷ്യത്തെ അദ്ദേഹം തിരിച്ചറിഞ്ഞത് അവിടെവച്ച് തന്നെയായിരുന്നു. സ്വര്‍ണ്ണമെഡല്‍ നേടി എംബിബിഎസ് കരസ്ഥമാക്കി. ശേഷം, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നെഞ്ചുരോഗത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടി. തുടര്‍ന്ന്, 1982-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മെഡിസിന്‍ വിഭാഗം ലക്ചററായി ജോലിയില്‍ പ്രവേശിച്ചു.

ജീവിതം മാറ്റിമറിച്ച ഗള്‍ഫ് യാത്ര
ഭിഷഗ്വരന്‍ എന്നതിനോടൊപ്പം അദ്ദേഹം നല്ലൊരു സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു. നാട്ടിലെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഗള്‍ഫിലേക്ക് പോകുന്നത.് ആ നാട്ടിലെ സൗകര്യങ്ങളും സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും കണ്ട അദ്ദേഹത്തിന് അവിടെ തങ്ങാന്‍ താല്പര്യമുണ്ടായി. അങ്ങനെയാണ് അജ്മാനിലുള്ള തന്റെ സുഹൃത്തായ അലിയുടെ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ അലി അദ്ദേഹത്തെ ദുബായിലേക്കാണ് കൊണ്ടുപോയത്.

ദുബായ് നഗരത്തില്‍ എത്തിയ അദ്ദേഹം അവിടെയുള്ള സൗകര്യങ്ങള്‍ വളരെയധികം പ്രയോജനപ്പെടുത്തി ആധുനിക ഭിഷഗ്വര മേഖലയിലെ ആഗോള സാധ്യതകള്‍ തിരിച്ചറിഞ്ഞു കൊണ്ട് ആധുനിക സാങ്കേതിക വിദ്യയും, ശാസ്ത്രീയ മികവും, കഴിവുമെല്ലാം സമന്വയിപ്പിച്ച്, ചികിത്സാരംഗത്ത് അദ്ദേഹം ഒരു പുതു നാന്ദി കുറിച്ചു. അങ്ങനെ, ദുബൈയില്‍ അല്‍റഫാ പോളിക്ലിനിക്ക് എന്ന സ്ഥാപനത്തിന് അദ്ദേഹം തുടക്കമിട്ടു. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തനത്തില്‍ പ്രവാസികളായ നിരവധി മലയാളികളും പങ്കുചേര്‍ന്നു. അവിടെ നിന്ന് ആസാദ് മൂപ്പന്‍ എന്ന വ്യവസായിയുടെ ജീവിതയാത്ര ആരംഭിക്കുകയായിരുന്നു.
പടിപടിയായി ഇന്ത്യയിലും ഗള്‍ഫിലുമായി നിരവധി ആരോഗ്യ സംരംഭങ്ങള്‍ അദ്ദേഹം പടുത്തുയര്‍ത്തി. യു.എ.ഇയിലെ പ്രശസ്തമായ ഫാര്‍മസികളും, മള്‍ട്ടി സ്‌പെഷാലിറ്റി ക്ലിനിക്കുകളും, ആശുപത്രികളും, ഡയഗ്‌ണോസ്റ്റിക് സെന്ററുകളും ഡോക്ടറുടെ കാല്‍നൂറ്റാണ്ടിലേറെയായുള്ള അധ്വാനത്തിന്റെ ഫലമാണ്. ഏഷ്യാ വന്‍കരയുടെ പല ഭാഗങ്ങളിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കുവാനും നല്ല രീതിയില്‍ അവയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുവാനും അദ്ദേഹത്തിനായി. അദ്ദേഹം നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളെല്ലാം ‘ആസ്റ്റര്‍’ എന്ന ബ്രാന്റ് നാമത്തിലേക്ക് മാറ്റുകയായിരുന്നു.
ഒരു ക്ലിനിക്കില്‍ നിന്ന് തുടങ്ങി, ആസ്പത്രികളും പോളി ക്ലിനിക്കുകളും ഫാര്‍മസികളും രോഗനിര്‍ണ്ണയ കേന്ദ്രങ്ങളുമായി നൂറിലധികം സ്ഥാപനങ്ങള്‍ അടങ്ങുന്നതാണ് ഇന്ന് ഡോക്ടര്‍ മൂപ്പന്റെ ആരോഗ്യ പരിപാലന ശൃംഖല. ഡോ.ആസാദ് മൂപ്പന്‍ നേതൃത്വം നല്‍കുന്ന ഡി.എം ഹെല്‍ത്ത് കെയറിന് കീഴില്‍ ആസ്റ്റര്‍, മെഡ്‌കെയര്‍ എന്നീ പേരുകളില്‍ യു.എ.ഇ, ഖത്തര്‍, ഒമാന്‍, സൗദിഅറേബ്യ, കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളിലും, കോഴിക്കോട് മിംസ് ആശുപത്രി, 1500 കോടി മുതല്‍മുടക്കില്‍ കൊച്ചിയില്‍ നിര്‍മ്മിക്കുന്ന ആസ്റ്റര്‍ മെഡ്‌സിറ്റി, മഹാരാഷ്ട്രയിലും ഹരിയാനയിലുമെല്ലാം ഗ്രൂപ്പിന് കീഴില്‍ ആശുപത്രി, ഡിഎം വയനാട് മെഡിക്കല്‍ കോളേജ് എന്നിങ്ങനെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നൂറിലേറെ സ്ഥാപനങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

തന്റെ നാടിനുള്ള ആസാദ് മൂപ്പന്റെ സമ്മാനമായിരുന്നു കോഴിക്കോട് ഗോവിന്ദപുരത്തെ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (ങകങട). സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലോകനിലവാരത്തിലുള്ള ചികിത്സ ഇവിടെ ലഭ്യമാക്കുന്നു. ഒട്ടേറെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഈ ആശുപത്രിയില്‍ നടപ്പിലാക്കുന്നു. ങകങടല്‍ നിന്ന് ലഭിക്കുന്ന ലാഭ വിഹിതത്തിലൂടെ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യചികിത്സ, ആശ്രയത്തിനു ആരുമില്ലാത്തവരെ ഏറ്റെടുത്തു ചികിത്സിക്കുക, സബ്‌സിഡൈസിഡ് ട്രീറ്റ്‌മെന്റ നല്‍കുക എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു.

കൂടാതെ ക്രെഡെന്‍സ് സ്‌കൂള്‍ എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും ദുബായില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡി.എം ഹെല്‍ത്ത്‌കെയറിന് കീഴില്‍ ഇപ്പോള്‍ വിവിധ തസ്തികകളിലും സ്ഥലങ്ങളിലായി പതിനയ്യായിരത്തിലേറെ പേര്‍ തൊഴിലെടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലേറെ അന്തര്‍ദേശീയ നിലവരത്തിലുള്ള പല സ്‌പെഷ്യാലിറ്റിയിലുള്ള ഡോക്ടര്‍മാര്‍ ഒരോ വര്‍ഷവും എട്ടു മില്ല്യണിലേറെ രോഗികളെയാണ് പരിശോധിക്കുന്നത്. ഇപ്പോള്‍ ഫിലിപ്പീന്‍സ്, ജോര്‍ദാന്‍, ബഹറിന്‍ എന്നിവിടങ്ങളിലും പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു.

പൈതൃകവും കഴിവും നല്ലൊരു വ്യക്തിത്വവും കൂടിച്ചേര്‍ന്നതാണ് ആസാദ് മൂപ്പന്‍. തനിക്ക് ലഭിച്ച നേട്ടങ്ങളെയും അറിവിനെയും സമ്പത്തിനെയും സമൂഹത്തിന്റെ നന്മയ്ക്കും നിരാലംബരായ ആള്‍ക്കാരുടെ ചികിത്സയ്ക്കും വിനിയോഗിക്കാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമില്ല എന്നത് വസ്തുനിഷ്ഠമായ സത്യമാണ്. ഒരു ഡോക്ടര്‍ എന്നതിലുപരി ജനകീയ-ജീവകാരുണ്യ-രാഷ്ട്രീയ-വ്യവസായ മേഖലകളിലും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയനാണ് അദ്ദേഹം.

ഏതൊരു കാര്യത്തിലും വ്യക്തമായ നയങ്ങളും വിശ്വാസങ്ങളുമുള്ള അദ്ദേഹത്തിന്റെ പ്രതിഭയെ തേടി സ്വദേശത്തു നിന്നും വിദേശത്തു നിന്നും നിരവധി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പത്മശ്രീ(2011-ല്‍)യും 2010-ല്‍ പ്രവാസി ഭാരതീയ സമ്മാനവും നല്‍കി ഈ ബഹുമുഖപ്രതിഭയെ ഗവണ്‍മെന്റ് ആദരിച്ചു.
ഓരോ നേട്ടങ്ങളെയും തന്റെ അടുത്ത പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള കരുത്തായി മാത്രമാണ് അദ്ദേഹം വിലയിരുത്തുന്നത.് ലഭിച്ച എല്ലാ അംഗീകാരങ്ങളും കൂടുതല്‍ കര്‍മ്മനിരതന്‍ ആകാനുള്ള പ്രോത്സാഹനമായും ജനവിശ്വാസത്തിന് പകരം നല്‍കാനുള്ള ഉത്തരവാദിത്വവുമായി കണ്ടു തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ് ആസാദ് മൂപ്പന്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button