Be +ve

പരാജയത്തിന്റെ മധുരം

ജോബിന്‍ എസ്. കൊട്ടാരം

ഒരു മികച്ച കമ്പനി കെട്ടിപ്പടുക്കുവാന്‍ എന്താണ് ആവശ്യം? ഒരു മികച്ച ആശയം? മികച്ച ടീം? പണം? എന്നാല്‍ ഇവയെക്കാളൊക്കെ പ്രധാനമായ മറ്റൊന്നുണ്ട്; അതാണ് വിശ്വാസം. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോഴും തളരാതെ, പതറാതെ വീണ്ടും പോരാടുവാനുള്ള മനസ്സാന്നിധ്യമാണ് ഒരു വ്യവസായിയെയോ, സംരംഭകനെയോ മറ്റു പ്രൊഫഷനുകളില്‍ ഉള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ബിസിനസില്‍ ചിലപ്പോള്‍ സീറോയില്‍ എത്തിനില്‍ക്കുന്ന അവസ്ഥയുണ്ടാകാം. അപ്പോഴും ഒരു പോരാളിയുടെ മനസ്സോടുകൂടി പ്രവര്‍ത്തിക്കുന്ന മനോഭാവം ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികവുറ്റ നേട്ടങ്ങള്‍ നിങ്ങള്‍ക്കും, നിങ്ങളുടെ കമ്പനിക്കും സമ്മാനിക്കും. അത്തരത്തില്‍ ഒന്നുമില്ലായ്മയിലേക്കു കൂപ്പുകുത്തിയ ചരിത്രം ഇന്നത്തെ പല പ്രമുഖ സ്ഥാപനങ്ങള്‍ക്കും ഉണ്ട.് അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കൊറിയര്‍ കമ്പനിയായ ഫെഡറല്‍ എക്‌സ്പ്രസിനും ഇത്തരത്തില്‍ ‘സീറോ’യില്‍ നിന്നും ‘ഹീറോ’യിലേക്ക് കുതിച്ചുയര്‍ന്ന കഥ നമ്മോട് പറയാനുണ്ട്.

ഫെഡറല്‍ എക്‌സ്പ്രസ് സ്ഥാപകനായ ഫ്രെഡ്സ്മിത്ത് യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദ പഠനം നടത്തുന്ന കാലം. വര്‍ഷം 1965. കോഴ്‌സ് വര്‍ക്കിന്റെ ഭാഗമായി സാമ്പത്തിക ശാസ്ത്രത്തില്‍ ഒരു പ്രബന്ധം തയ്യാറാക്കണമായിരുന്നു. ചരക്കു നീക്കം സംബന്ധിച്ച സാധ്യതകളെക്കുറിച്ചാണ് ഫ്രെഡ് സ്മിത്ത് പ്രബന്ധം തയ്യാറാക്കിയത്. വേഗത്തില്‍ കസ്റ്റമേഴ്‌സിന് പാക്കറ്റുകള്‍ ലഭിക്കുന്നതിനായി വിമാന മാര്‍ഗ്ഗം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്ന കാര്യമാണ് കോഴ്‌സ് വര്‍ക്കില്‍ ഉള്‍ക്കൊള്ളിച്ചത്. എന്നാല്‍ ആഴത്തിലുള്ള പഠനങ്ങളും നിര്‍ദ്ദേശങ്ങളും എങ്ങനെ ഇത്തരത്തിലുള്ള ഒരു കമ്പനി കെട്ടിപ്പടുക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രബന്ധത്തില്‍ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ വെറും സീ ഗ്രേഡ് മാത്രമാണ് ഫ്രെഡ് സ്മിത്തിന്റെ കോഴ്‌സ് വര്‍ക്കിനു ലഭിച്ചത.്

എന്നാല്‍ താന്‍ മുന്നോട്ടുവെച്ച ആശയം തള്ളിക്കളയാന്‍ സ്മിത്ത് തയ്യാറായില്ല. 1971-ല്‍ ഫെഡറല്‍ എക്‌സ്പ്രസ് എന്ന കമ്പനിക്ക് അദ്ദേഹം രൂപംനല്‍കി. പക്ഷേ മൂന്നുവര്‍ഷത്തിനുള്ളില്‍ കമ്പനി കടക്കെണിയിലേക്ക് കൂപ്പുകുത്തി. പ്രതിമാസം 10 ലക്ഷം ഡോളറിന്റെ നഷ്ടം എന്ന അവസ്ഥയിലേക്ക് എത്തി കാര്യങ്ങള്‍. ഇന്ധനത്തിന്റെ ചാര്‍ജിലുണ്ടായ വര്‍ദ്ധനവായിരുന്നു കാരണം.
പരാജയത്തിന്റെ ഉച്ചസ്ഥായിയില്‍ കമ്പനിയുടെ ശേഷിക്കുന്ന ബാങ്ക് ബാലന്‍സ് വെറും 5000 ഡോളറായി ചുരുങ്ങി. ഒരു വെള്ളിയാഴ്ചയായിരുന്നു അത്. സാധാരണ സംരംഭകര്‍ വിളറി പിടിക്കുന്ന അവസ്ഥ. അവസാന ശ്രമമെന്ന നിലയില്‍ ജനറല്‍ ഡൈനാമിക്‌സിനെ ഫണ്ടിംഗിനായി സമീപിച്ചെങ്കിലും തിരസ്‌കരണമായിരുന്നു ഫലം. എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ട അവസ്ഥ.

കമ്പനി പൂട്ടുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ല എന്ന് തോന്നിപ്പിക്കുന്ന ഈ പ്രതികൂല സാഹചര്യത്തിലും ഫ്രെഡ് സ്മിത്ത് എന്ന പോരാട്ടവീര്യം ഉള്ളില്‍ നിറച്ച സംരംഭകന്‍ ചെയ്തത് എന്താണെന്നറിയാമോ? കൈയിലുള്ള ബാക്കി 5000 ഡോളറുമായി ലാസ്വേഗാസിലെ ചൂതാട്ട കേന്ദ്രത്തില്‍ ബ്ലാക്ക് ചാക്ക് കളിക്കുവാനായി പോയി. പിറ്റേ ആഴ്ചത്തെ പ്രഭാതം പൊട്ടിവിടര്‍ന്നപ്പോള്‍ കളിച്ച് നേടിയ 32000 ഡോളര്‍ കമ്പനിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങള്‍ തള്ളിനീക്കാന്‍ ആ പണം തികയുമായിരുന്നു.

ഫ്രെഡ് സ്മിത്തിന്റെ വിജയരഹസ്യം
എല്ലാം തകരുമെന്നു കണ്ടപ്പോഴും ‘കാറി’നെയും ‘കോളി’നെയും അതിജീവിച്ച് കമ്പനിയെ വിജയത്തിലേക്ക് നയിക്കുവാന്‍ പറ്റും എന്ന് ഉറച്ചു വിശ്വസിച്ചു. തകര്‍ച്ചയ്ക്ക് നടുവിലും നിരാശനാകാതെ സഹപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കി.
കമ്പനിയെ തിരികെ ലാഭത്തിലേക്ക് കൊണ്ടുവരാന്‍ തന്റെ മുന്‍പിലുള്ള സാധ്യതകള്‍ എന്തൊക്കെയാണ് എന്നാണ് പ്രതിസന്ധികളുടെ നടുവിലും സ്മിത്ത് ചിന്തിച്ചത.് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫണ്ടിംഗിനായി മറ്റൊരു ഇന്‍വെസ്റ്ററെ കണ്ടെത്തുവാന്‍ അദ്ദേഹത്തിനായി.
പിന്നീട് നാം കണ്ടത് ചരിത്രം. ഇന്ന് ഫെഡറല്‍ എക്‌സ്പ്രസ്, ഫെഡ് എക്‌സ് എന്നപേരില്‍ 220 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. 45 ബില്യണ്‍ ഡോളറാണ് ഇന്ന് ഫെഡ് എക്‌സിന്റെ ഒരു വര്‍ഷത്തെ വരുമാനം.

(രാജ്യാന്തര മോട്ടിവേഷണല്‍ ട്രെയിനറും മാനേജ്‌മെന്റ് വിദഗ്ധനും 25-ഓളം പ്രചോദാത്മക ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ജോബിന്‍ എസ്. കൊട്ടാരം
ഫോണ്‍: 94472 59402,Email: jskottaram@gmail.com)

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button