Special Story

റഹീം എന്ന വിദ്യാര്‍ത്ഥി സംരംഭകന്‍

സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നം കാണാത്തവര്‍ വിരളമായിരിക്കും. പക്ഷേ, നഷ്ടസാധ്യതകളെ കുറിച്ചോര്‍ക്കുമ്പോള്‍ അതില്‍ നിന്നും പിന്മാറുകയാണ് പതിവ്. എന്നാല്‍ മലപ്പുറം ജില്ലയിലെ മമ്പാട് എന്ന ഗ്രാമത്തിലെ റഷീദിന്റെയും സാബിറയുടെയും മകനായ റഹീം എന്ന കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ എംബിഎ അഗ്രിബിസിനസ് വിദ്യാര്‍ത്ഥി, പഠിക്കുമ്പോള്‍ തന്നെ ഒരു സംരംഭം ആരംഭിച്ചു മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമാവുകയാണ്.

എം.ഇ. എസ്. മമ്പാട് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് റഹീം സംരംഭ ക്ലബ്ബില്‍ അംഗമായിരുന്നു. അതിന്റ ഭാഗമായി കേരള യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച സംരംഭ പരിപാടിയില്‍ പങ്കടുക്കുകയും അതില്‍ നിന്നും ഈസ്റ്റേണ്‍ മാനേജിങ് ഡയറക്ടര്‍ നവാസ് നല്‍കിയ പ്രചോദനമാണ് റഹീമിനെ ബിസിനസിലേക്ക് നയിച്ചത്.

ബിസിനസ് ചെറുപ്പത്തിലേ ഇഷ്ടമായിരുന്നെങ്കിലും അതിന് യോജിച്ച സാഹചര്യം വീട്ടിലുണ്ടായിരുന്നില്ല. പക്ഷേ, തന്റെ ഇഷ്ടം ഉപേക്ഷിക്കാന്‍ റഹീം തയ്യാറായില്ല. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു റഹീം ഒരു സംരംഭകനാവുക തന്നെ ചെയ്തു.
റഹീമിന്റെ സഹോദരീ ഭര്‍ത്താവ് ഒരു ഗ്ലാസ് കച്ചവടക്കാരനാണ്. കടയില്‍ നിന്നും ഉപേക്ഷിക്കുന്ന ഗ്ലാസ് ശ്രദ്ധയില്‍ പെടുകയും അതില്‍ നിന്ന് എന്ത് കൊണ്ട് ഒരു സംരംഭം തുടങ്ങിക്കൂടാ എന്ന ആലോചനയില്‍ നിന്ന് മുഖകണ്ണാടി നിര്‍മാണം എന്ന ആശയം ഉരുത്തിരിയുകയുമായിരുന്നു.

തന്റെ ഉല്പന്നത്തിന്റെ ആദ്യവിപണനത്തിനായി കണ്ടെത്തിയത് നാട്ടിലെ ഒരു കടയായിരുന്നു. കടയുടമയുടെ എതിര്‍പ്പ് വകവയ്ക്കാതെ, സാധനങ്ങള്‍ നിര്‍ബന്ധപൂര്‍വം അവിടെ ഏല്പിച്ചു തിരികെ പോരുകയായിരുന്നു. പിന്നീട്, പകുതിയും വിറ്റു പോയി എന്ന് സന്തോഷത്തോടെ കടയുടമ പറഞ്ഞപ്പോള്‍ ‘ബിസിനസ് എല്ലായിടത്തും വ്യാപകമാക്കിയാലോ’എന്ന് ആലോചിച്ചു. തുടര്‍ന്ന്, ഫാന്‍സി ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ബിസിനസ് വര്‍ദ്ധിപ്പിച്ചു.
ഇന്ന്, ഏകദേശം നൂറ്റി അമ്പതില്‍പരം കടകളില്‍ റഹീമിന്റെ കണ്ണാടികള്‍ വില്ക്കപ്പെടുന്നു. മാസം തോറും മൂവായിരത്തിലധികം രൂപ സമ്പാദിക്കാനും ഒരാള്‍ക്ക് തൊഴില്‍ നല്കാനും റഹീം എന്ന സംരംഭകനു സാധിക്കുന്നു.

ബിസിനസിന്റെ ആദ്യ നാളുകളില്‍ വീട്ടില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും റഹീം പിന്മാറിയില്ല. കൂട്ടുകാരില്‍ നിന്നും അഭിപ്രായം തേടിയപ്പോള്‍ ബിസിനസ് എന്നത് ബുദ്ധിമുട്ടുകളും പ്രയാസവും നിറഞ്ഞതാണ് എന്നതാണ് ലഭിച്ച പ്രതികരണം. അതിനും റഹീമിനെ തളര്‍ത്താന്‍ കഴിഞ്ഞില്ല. നമ്മുടെ ആഗ്രഹം തീവ്രമാണെങ്കില്‍ അത് യാഥാര്‍ത്ഥ്യമാകുക തന്നെ ചെയ്യുമെന്നാണ് റഹീമിന്റെ ജീവിതം തെളിയിക്കുന്നത്.

‘One five’ എന്ന ബ്രാന്‍ഡ് നെയിമാണ് റഹീം കണ്ണാടിക്ക് നല്‍കിട്ടുള്ളത്. അഞ്ചു സഹോദരിമാര്‍ ഉള്ളതിനാലാണ് റഹീം ‘One five’ എന്ന് നല്‍കിയത്. അത് കൊണ്ട് തന്നെ ബ്രാന്‍ഡ് നെയിം എല്ലാവരുടെയും മനസ്സില്‍ ഇടം പിടിക്കുന്നു.

A

നേരിട്ട് ഷോപ്പുകളില്‍ പോയി ഓര്‍ഡര്‍ എടുക്കുകയും വീട്ടില്‍ ജോലിക്കാരനൊപ്പം കണ്ണാടികള്‍ നിര്‍മിക്കുന്നു. സ്വന്തം സ്‌കൂട്ടിയിലാണ് കടകളില്‍ എത്തിക്കുന്നത്. ഓര്‍ഡര്‍ എടുക്കുന്നത് മുതല്‍ അത് വില്പന ചെയ്യുന്നത് വരെയുള്ള എല്ലാം കാര്യങ്ങളും യാതൊരു മടിയും ഇല്ലാതെ കൃത്യമായി നമ്മള്‍ പഠിച്ചിരിക്കണം. എന്നാല്‍ മാത്രമേ ഒരു നല്ല ഒരു സംരംഭം പടുത്തുയര്‍ത്താന്‍ സാധിക്കുകയുള്ളൂ. സ്വന്തം അനുഭവങ്ങളിലൂടെ റഹീം പഠിച്ച പാഠം.

ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങളുള്ള റഹീം, പുതിയ ഒരു പ്രോഡക്റ്റ് മാര്‍ക്കറ്റിലേക്ക് കൊണ്ടുവരാനും ആലോചിക്കുന്നു. ബിസിനസ്വിപുലപ്പെടുത്താനും ഒരു പ്രോഡക്ഷന്‍ യൂണിറ്റ് തുടങ്ങാനും വാഹനം വാങ്ങാനും മികച്ച പാക്കിംഗ് കൊണ്ട് വരാനുമെല്ലാം മനസ്സിലുണ്ട്. സമയമാകുമ്പോള്‍ എല്ലാം നടക്കുമെന്ന് ആത്മവിശ്വാസത്തോടെ റഹീം പറയുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button