സാരിയിലെ സൗന്ദര്യവും നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തും; ‘സിസ് ബുട്ടീക്കി’ന്റെ വിജയഗാഥ

സ്ത്രൈണതയുടെയും പ്രൗഢിയുടെയും പര്യായമാണ് സാരി. സാരിയില്‍ ഒളിഞ്ഞിരിക്കുന്ന മനോഹാരിത മറ്റൊന്നിനുമില്ലെന്ന് വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വെറുമൊരു വസ്ത്രം എന്നതിലുപരി, സാരിയെ ഒരു സ്വപ്നമായും കരിയറായും മാറ്റിയ കഥയാണ് തിരുവനന്തപുരം സ്വദേശിനിയും നടിയുമായ മൃദുല വിജയിക്കും സഹോദരി പാര്‍വ്വതി വിജയിക്കും പറയാനുള്ളത്.. ‘Strong, Independent, Stylish’ എന്ന ടാഗ്ലൈനോടെ അവര്‍ തുടക്കം കുറിച്ച ‘സിസ് ബുട്ടീക്’ (Siz Boutique) ഇന്ന് ലോകമെമ്പാടുമുള്ള സാരിപ്രേമികളുടെ പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു.

ഒരു ബിസിനസ് തുടങ്ങുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ആര്‍ട്ടിസ്റ്റുകള്‍ എന്ന നിലയില്‍ കലയെ പ്രണയിച്ച ഈ സഹോദരിമാര്‍ക്ക് ബിസിനസ് പശ്ചാത്തലമൊന്നും ഉണ്ടായിരുന്നില്ല. ഈ മേഖലയിലേക്ക് ഇറങ്ങുമ്പോള്‍ പലരും നിരുത്സാഹപ്പെടുത്തി. ഈ രംഗത്ത് പരാജയപ്പെട്ടവരുടെ കഥകള്‍ കേള്‍ക്കുമ്പോഴും അവര്‍ക്ക് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ; ഗുണമേന്മയുള്ള… തങ്ങള്‍ നേരിട്ട് തിരഞ്ഞെടുത്ത മികച്ച കളക്ഷനുകള്‍ ജനങ്ങളിലെത്തിക്കുക! അങ്ങനെ ആറുമാസം മുന്‍പ് ഓണ്‍ലൈനായി അവര്‍ ആ വലിയ സ്വപ്നത്തിന് തുടക്കം കുറിച്ചു.

ബിസിനസ് മന്ദഗതിയിലാകുന്ന സമയത്തുപോലും തളരാതെ പുതിയ സ്റ്റോക്കുകള്‍ എത്തിക്കാനും വീഡിയോകള്‍ പങ്കുവെക്കാനും അവര്‍ ശ്രദ്ധിച്ചു. ലാഭത്തെക്കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് ബിസിനസിന്റെ വളര്‍ച്ചയ്ക്കായി വീണ്ടും നിക്ഷേപിക്കാനുള്ള മനസ്സാണ് അവരെ വ്യത്യസ്തരാക്കിയത്. ഒരിക്കല്‍ തങ്ങളെ തേടിയെത്തിയ കസ്റ്റമേഴ്സ് എല്ലാം വീണ്ടും തങ്ങളെ തേടിയെത്തുന്നു എന്നതാണ് സിസ് ബുട്ടീക്കിനെ ശ്രദ്ധേയമാക്കുന്നത്. വെബ്സൈറ്റ് വഴിയും വാട്സ്ആപ്പ് വഴിയും ഓര്‍ഡറുകള്‍ വരുന്നുണ്ടെങ്കിലും, ഇന്‍സ്റ്റാഗ്രാമാണ് ഇന്ന് ഇവരുടെ പ്രധാന വിപണി.
മൃദുലയുടെയും പാര്‍വ്വതിയുടെയും യാത്രയില്‍ താങ്ങായി നില്‍ക്കുന്നത് ഇവരുടെ കുടുംബമാണ്. പിതാവ് വിജയകുമാറും മാതാവ് റാണിയും ഇരുവരുടെയും പങ്കാളികളും നല്കുന്ന പിന്തുണയാണ് തളര്‍ന്നു പോകുമ്പോഴും മുന്നോട്ട് കുതിക്കാന്‍ ഇവര്‍ക്ക് കരുത്തേകുന്നത്. കുട്ടികളെ പരിപാലിക്കുന്നതിലും ഓര്‍ഡറുകള്‍ പാക്ക് ചെയ്യുന്നതിലും കുടുംബം ഒപ്പമുള്ളതുകൊണ്ട് മാത്രമാണ് ബിസിനസ്സും കരിയറും ഒരുപോലെ കൊണ്ടുപോകാന്‍ സാധിക്കുന്നതെന്ന് ഈ സഹോദരിമാര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ബിസിനസ് പശ്ചാത്തലമില്ലാതിരുന്നതിനാല് തന്നെ ഈ മേഖലയില്‍ സജീവമായ മറ്റ് പലരോടും ബിസിനസിന്റെ സാധ്യതകള്‍ ചോദിച്ചു മനസ്സിലാക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പലരും അറിവ് പങ്കുവെക്കാന്‍ മടിച്ചപ്പോള്‍, സ്വയം പഠിച്ചും ഓരോ ചുവടും പതറാതെ മുന്നോട്ടു വെച്ചും മൃദുലയും പാര്‍വ്വതിയും ഇന്ന് സിസ് ബുട്ടീക്കിനെ ഒരു ബ്രാന്‍ഡായി വളര്‍ത്തുകയാണ്. ഓരോ നൂലിലും സ്നേഹവും അദ്ധ്വാനവും കോര്‍ത്തിണക്കി അവര്‍ നെയ്യുന്നത് അവരുടെ വലിയ സ്വപ്നങ്ങളാണ്…!



