പരാജയത്തെ വിജയത്തിന്റെ ചവിട്ടുപടിയാക്കിയ അതിജീവനക്കഥ; നാച്ചിയാരലിയുടെ വിജയഗാഥ

ജീവിതം പലതവണ പ്രതിസന്ധികളുടെ പടുകുഴിയിലേക്ക് തള്ളിയിട്ടിട്ടും, ആത്മവിശ്വാസത്തെയും സ്വപ്‌നങ്ങളെയും കൈവിടാതെ സ്വന്തം പാത വെട്ടിത്തുറന്ന പെണ്‍കരുത്തിന്റെ പേരാണ് ഷഹന ഷബീര്‍. സ്റ്റാഫ് നേഴ്‌സായി കരിയര്‍ ആരംഭിച്ച ഷഹന, ഇന്ന് തിരുവനന്തപുരം കനിയാപുരത്ത് സ്ഥിതി ചെയ്യുന്ന ‘നാച്ചിയാരലി വെഡിങ് ആന്‍ഡ് ക്രിയേഷന്‍സ്’ എന്ന സ്ഥാപനത്തിലൂടെ സംരംഭക ലോകത്ത് തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തിക്കഴിഞ്ഞിരിക്കുകയാണ്.
ചെറുപ്പകാലം മുതലേ ക്രാഫ്റ്റിങ്ങില്‍ താല്പര്യമുണ്ടായിരുന്നു ഷഹന, ബാഗ് മേക്കിങ്, ഓര്‍ണമെന്റ്‌സ് മേക്കിങ്, പെയിന്റിങ്, സ്റ്റിച്ചിങ് തുടങ്ങി മേഖലകളില്‍ തന്റെ കൈയൊപ്പ് ചാര്‍ത്തിയിരുന്നു. നഴ്‌സിങ് കരിയറിന് ശേഷം എം.ബി.എ പഠനം പൂര്‍ത്തിയാക്കി ബാങ്കിങ് മേഖലയിലേക്ക് കടന്നെങ്കിലും, തന്റെ ഉള്ളിലെ ക്രിയേറ്റീവ് ഫാഷന്‍ ലോകത്തോടുള്ള അഭിനിവേശം അടങ്ങാത്ത കടല്‍ പോല്‍ ആ മനസ്സിലുണ്ടായിരുന്നു.
ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് കാലമാണ് ഷഹനയുടെ ജീവിതത്തില്‍ വഴിതിരിവാകുന്നത്. ആ സമയത്ത് രണ്ടാമത്തെ കുഞ്ഞിന്റെ ഗര്‍ഭധാരണവും കോവിഡിന്റെ പശ്ചാത്തലവുമൊക്കെയായി ബാങ്കിങ് ജോലി തുടരാന്‍ സാധിച്ചില്ല. ഇതോടെയാണ് ഷഹന വീണ്ടും തന്റെ പാഷന്‍ പൊടിതട്ടിയെടുക്കുന്നത്. വീട്ടിലിരുന്ന് ബോട്ടില്‍ ആര്‍ട്ട് ചെയ്തു തുടങ്ങിയ ആ ചെറിയ തുടക്കം പിന്നീട് ഗിഫ്റ്റ് മേക്കിങ്, വെഡിങ് കാര്‍ഡുകള്‍, ഹാംപറുകള്‍, ബൊക്കെ, ഇവന്റുകള്‍ക്കായുള്ള ക്രാഫ്റ്റ് വര്‍ക്കുകള്‍ എന്നിവയിലേക്ക് വളര്‍ന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ തന്റെ ക്രിയേറ്റിവിറ്റികള്‍ ആറു മാസം മുമ്പ് കണിയാപുരത്ത് ഒരു സ്ഥാപനമായി മാറുകയും ചെയ്തു.
ഒരു ഇവന്റിന് ആവശ്യമായ എല്ലാവിധ സാമഗ്രികളും ഒരു കുടക്കീഴില്‍ നല്‍കുന്ന സ്ഥാപനമായി ‘നാച്ചിയാരലി’ ഇന്ന് വളര്‍ന്നിരിക്കുകയാണ്. ഹാംപറുകള്‍, ഗിഫ്റ്റുകള്‍, വെഡിങ് കാര്‍ഡുകള്‍, ഇവന്റ് വര്‍ക്കുകള്‍, കോര്‍പ്പറേറ്റ് ഗിഫ്റ്റുകള്‍, ബൊക്കെകള്‍, സ്‌റ്റേജ് ഡെക്കറേഷന്‍, മേക്കപ്പ്, ഫോട്ടോഗ്രാഫി തുടങ്ങി എല്ലാ സേവനങ്ങളും ഇന്ന് ഇവിടെ ലഭ്യമാണ്.
ഇന്ത്യയിലൊട്ടാകെ ഇന്ന് ഷഹനയുടെ കരവിരുതിന് ഉപഭോക്താക്കളുണ്ട്. കൂടാതെ ഓണ്‍ലൈന്‍ വഴി ഈ മേഖലയില്‍ താത്പര്യമുള്ളവര്‍ക്കുള്ള ക്ലാസുകളും ഷഹന നടത്തി വരുന്നു. ഈ സംരംഭകയാത്രയില്‍ ഷഹനയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ് ഷബീറും മക്കളും കൂടെയുണ്ട്.
എന്നാല്‍ വിജയത്തിലേക്കുള്ള യാത്രകള്‍ അത്ര എളുപ്പമുള്ളതായിരുന്നില്ല. ‘നഴ്‌സിങ് പ്രൊഫഷന്‍ വിട്ട് എന്തിനാണ് ഈ മേഖല’ എന്ന ചോദ്യം പലയിടത്തുനിന്നും ഉയര്‍ന്നു. കൂടാതെ തന്റെ മകന്റെയും ഭര്‍തൃമാതാവിന്റെയും അസുഖങ്ങളും ഷഹനയെ മാനസികമായി തളര്‍ത്തി. മകന്റെ അസുഖം ഷഹനയെയും ഭര്‍ത്താവിനെയും സാമ്പത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലാക്കി. അന്ന് കൈ പിടിച്ചുയര്‍ത്താന്‍ ആരും കൂടെയുണ്ടായിരുന്നില്ലെന്ന് ഷഹന ഓര്‍ക്കുന്നു.
ആ പ്രതിസന്ധി ഘട്ടങ്ങളാണ് ഷഹനയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കിയത്. ‘എന്തെങ്കിലുമൊക്കെയായി തീരണം’ എന്ന ചിന്തയും അവിടെ നിന്ന് കൂടുതല്‍ ശക്തമായി വളരാന്‍ തുടങ്ങിയത്. നിന്നെക്കൊണ്ട് ഒന്നിനും പറ്റില്ലെന്ന് പറഞ്ഞവരും ബോഡി ഷെയ്മിങ് നടത്തിയവരും നിരവധിയായിരുന്നു. അന്ന് അവര്‍ക്കെതിരെ മനസ്സില്‍ സ്വീകരിച്ച തീരുമാനമാണ് ഇന്നത്തെ ഈ വിജയത്തിന് പിന്നിലെ ഊര്‍ജം.

പുതുതായി ബിസിനസിലേക്ക് കടക്കുന്നവര്‍ക്കും ഷഹനയ്ക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. നമ്മള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ബിസിനസിന് അനുയോജ്യമായ മാര്‍ക്കറ്റ് ഉണ്ടോ എന്നും, പ്രൊഡക്ടുകള്‍ എങ്ങനെ വിപണിയില്‍ എത്തിക്കാമെന്നും കൃത്യമായ ധാരണ ഉണ്ടായിരിക്കണം. വെറുതെ പണം ഇന്‍വെസ്റ്റ് ചെയ്താല്‍ ബിസിനസ് വളരില്ല. ബിസിനസിന്റെ ആദ്യത്തെ മൂന്ന് മാസം വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടമായിരിക്കും. ആ സമയത്ത് ബിസിനസില്‍ നിന്നും യാതൊരുവിധ ലാഭവും പ്രതീക്ഷിക്കരുത്.
നമ്മുടെ കസ്റ്റമേഴ്‌സ് എവിടെയാണെന്നും അവര്‍ക്ക് എന്ത് തരത്തിലുള്ള പ്രോഡക്ടുകളാണ് ആവശ്യമെന്നും നിരന്തരം റിസര്‍ച്ച് ചെയ്തുകൊണ്ടിരിക്കണം. ഏത് ബിസിനസിലായാലും പ്രൊഡക്റ്റിന്റെ ക്വാളിറ്റി ഒട്ടും ചോര്‍ന്നുപോരുത്. ഈ മേഖലയില്‍ വലിയ മത്സരങ്ങളുണ്ടെങ്കിലും, നമ്മള്‍ നല്‍കുന്ന വര്‍ക്കുകളിലെ ക്രിയേറ്റിവിറ്റിയാണ് നമ്മുടെ ഭാവി നിശ്ചയിക്കുന്നത്. കൂടാതെ, ഏതൊരു ബിസിനസിലായാലും വിജയിക്കാന്‍ വേണ്ടത് ക്ഷമയാണെന്നും ഷഹന ഓര്‍മിപ്പിക്കുന്നു.
ബിസിനസ് എന്നത് തനിക്ക് പണമുണ്ടാക്കാനുള്ള മാര്‍ഗമായിരുന്നില്ല, മറിച്ച് പാഷനായിരുന്നു. നമ്മള്‍ നമ്മുടെ പാഷനെ മുറുകെ പിടിച്ചാല്‍ പണം നമ്മെ തേടിവരുമെന്നും ഷഹന പുതിയ സംരഭകരോട് പറയുന്നു. വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ച്, വലിയ ലക്ഷ്യങ്ങളിലേക്ക് അടിയുറച്ച ചുവടുകളുമായി മുന്നേറുകയാണ് ഈ സംരംഭക. ഷഹനയെ കുറിച്ച് കൂടുതലറിയാന്‍ ബന്ധപ്പെടുക :



