Special Story

മനസ്സുകള്‍ക്ക് ഒരു ആശ്വാസമന്ത്രം

അധ്യാപന ജീവിതത്തെ ഒരു വ്രതമായി നെഞ്ചിലേറ്റിയ വനിതയാണ് ആലപ്പുഴ സ്വദേശിനിയായ ഹണി. പാരമ്പര്യമായി അധ്യാപനവൃത്തി ചെയ്യുന്നവരായിരുന്നു കുടുംബാംഗങ്ങളില്‍ കൂടുതല്‍ പേരും. കുട്ടിക്കാലം മുതല്‍ക്കേ ആ സാഹചര്യത്തില്‍
വളര്‍ന്നതുകൊണ്ടു ഒരു അധ്യാപികയായി മാറുക എന്നത് പാഷന്‍ തന്നെയായിരുന്നു ഹണിക്ക്. നല്ല അധ്യാപിക എന്നാല്‍ പാഠ്യ വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് മാത്രമല്ല, പകരം കുട്ടികളെ അടുത്ത് അറിയുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി അവരെ മുന്നോട്ടു കൊണ്ടു വരുന്നതും കൂടിയാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിത്വമാണ് ഈ പ്രതിഭയുടേത്.


വൈക്കത്തെ ഒരു സിബിഎസ്ഇ സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപികയായിട്ടായിരുന്നു ഹണി തന്റെ കരിയര്‍ ആരംഭിച്ചത്. നീണ്ട 16 വര്‍ഷത്തെ സേവനം, അതിലൂടെ അധ്യാപനം മാത്രമല്ല തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥികളെ അടുത്ത് അറിയുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും തന്നാല്‍ കഴിയും വിധം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും ഹണി ശ്രമിച്ചിരുന്നു. അന്ന് സിബിഎസ്ഇ സ്‌കൂളുകളില്‍ കുട്ടികള്‍ക്കായി കൗണ്‍സിലിംഗ് എന്നൊരു സംവിധാനം ഇല്ലായിരുന്നു.

തന്റെ മുന്നിലെത്തുന്ന പ്രശ്‌നക്കാരായ കുട്ടികളെ തിരുത്തി തന്റെ കഴിവിന്റെ പരമാവധി സഹായിക്കുന്നതിനും അവര്‍ക്കു കൈതാങ്ങു ആകുന്നതിനും അവര്‍ക്ക് സാധിച്ചു. നല്ല അധ്യാപിക എന്നതിലുപരി എന്ത് പ്രശ്‌നങ്ങളും പറയാവുന്ന ഒരു നല്ല സുഹൃത്ത് കൂടിയായിരുന്നു കുട്ടികള്‍ക്ക് ഹണി. പാഠ്യ -പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പിന്‍നിരക്കാരായ കുട്ടികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ ശ്രദ്ധ നല്‍കാന്‍ കാണിച്ച ആ താല്‍പര്യം തന്നെയായിരുന്നു ഒരു കൗണ്‍സിലര്‍ എന്ന ആശയത്തിലേക്ക് ഹണിയെ എത്തിച്ചത്.

ജോലിയോടൊപ്പം തന്നെ അതിനുള്ള ശ്രമവും ആരംഭിച്ചു. അതിന്റെ ഭാഗമായി ഗൈഡന്‍സ് & കൗണ്‍സിലിംഗില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ഡിപ്ലോമ ചെയ്തു. അതിനു ശേഷം സ്‌കൂളിലെ കുട്ടികള്‍ക്ക് ട്രെയിനിംഗ് നല്കാന്‍ തുടങ്ങി. കൂടുതല്‍ ഗഹനമായി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടി. അതിനു ശേഷം സ്വന്തമായി ഒരു കൗണ്‍സിലിംഗ് സെന്റര്‍ ആരംഭിച്ചു. അതിന് MINDTHRAA എന്ന നാമധേയം നല്‍കി.


കൗണ്‍സിലിംഗ് സെന്ററില്‍ വരുന്നവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുവാനും അതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇത് മാത്രം പോര എന്ന ചിന്തയാണ് ഇതുമായി ബന്ധപ്പെട്ട് ക്ലാസുകളില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്. മനശാസ്ത്രത്തെ കൂടുതല്‍ അറിയുന്നതിനും ഹിപ്‌നോതെറാപ്പി ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ പ്രാവീണ്യം നേടുന്നതിനുമായി നിരവധി ക്ലാസുകളും സെമിനാറുകളും ട്രെയിനിംഗ് പരിപാടികളിലുമെല്ലാം ഹണി പങ്കുചേര്‍ന്നു.

പഠിച്ചതില്‍ നിന്നും വ്യത്യസ്തമായിരുന്നു മനുഷ്യമനസ്സിനെ കൈകാര്യം ചെയ്യുക എന്നത്. തല്‍ക്കാലം താന്‍ ഇഷ്ടപ്പെടുന്ന അധ്യാപകവൃത്തിയില്‍ നിന്നും രാജിവച്ചു പൂര്‍ണമായി കൗണ്‍സിലിംഗില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. കൂടുതല്‍ തലങ്ങളിലേക്ക് തനിക്ക് ചെന്ന് എത്തണമെങ്കില്‍ അത് അനുഭവസമ്പത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളു എന്ന് അവര്‍ക്ക് അറിയാമായിരുന്നു. പിന്നീട് നിരവധി പ്രശ്‌നബാധിതര്‍ ഹണിയെ തേടിയെത്തി.

അമിത ജിജ്ഞാസുക്കള്‍, ദമ്പതിമാര്‍, വാര്‍ദ്ധക്യ (Gerontology)അവസ്ഥയില്‍ ഉള്ളവര്‍, കൗമാരപ്രായക്കാര്‍ അങ്ങനെ …. അവരുടെ പ്രശ്‌നങ്ങളെ കണ്ടെത്തുകയും ഡയഗ്‌നോസിസ് ചെയ്ത് പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. കൂടാതെ തുടര്‍ച്ചയായി 5-6 സീറ്റിങ്ങുകളില്‍ കൂടി തന്റെ ക്ലെയ്ന്റുകളുമായി ഇഴുകിച്ചേരുകയും അവര്‍ക്ക് വേണ്ട തെറാപ്പിയും മെഡിറ്റേഷനുമെല്ലാം സൗഹൃദപരമായി നിര്‍ദേശിക്കുകയും ചെയ്യുന്നു.

അധ്യാപനജീവിതത്തെ ഒഴിച്ചു മാറ്റാനാകാത്തതു കൊണ്ട് ഇതിനോടൊപ്പം ഒരു ട്യൂഷന്‍ സെന്റര്‍ ആരംഭിച്ചു. മറ്റൊരു സഹപ്രവര്‍ത്തകയുടെ സഹായത്തോടെ യുകെജി മുതല്‍ ഏഴാം തരം വരെയുള്ള കുട്ടികളെ പല ബാച്ചുകളിലായി ട്യൂഷന്‍ പഠിപ്പിച്ചു. കൂടെ കൗണ്‍സിലിംഗ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളും നന്നായി ശ്രദ്ധിച്ചു.

കൗണ്‍സിലിംഗ് സെന്ററില്‍ മുതിര്‍ന്നവര്‍ മാത്രമല്ല എത്തിയിരുന്നത്; മറിച്ചു, പഠിക്കാന്‍ കഴിയാത്ത കുട്ടികള്‍, വീട്ടില്‍ നിന്നും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ ഉള്‍വലിഞ്ഞു നില്‍ക്കുന്നവര്‍, എഴുതാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍, ചില വിഷയങ്ങളെ ഇഷ്ടമില്ലാത്തവര്‍, ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാതെയുള്ള കുട്ടികള്‍ ഇങ്ങനെ കൗമാരക്കാരായ ധാരാളം കുട്ടികളുമായി രക്ഷിതാക്കള്‍ MINDTHRAA യെ തേടിയെത്തി.

കുട്ടികളുടെ ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ തുടര്‍ച്ചയായി അവരെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും വേണമായിരുന്നു. അതുകൊണ്ട് തന്നെ ഹണി അവരെ കുറഞ്ഞത് മൂന്നാഴ്ച നിരീക്ഷണത്തില്‍ വയ്ക്കുമായിരുന്നു. ദിവസവും രണ്ട് മണിക്കൂര്‍ വീതം അവര്‍ക്ക് സൗഹൃദപരമായ ട്രെയിനിങ് നല്‍കും. കുട്ടികള്‍ക്ക് അത് മനസ്സിലാകാതെയിരിക്കാന്‍ ട്യൂഷന്‍ സെന്ററില്‍ തന്നെ ഒരു ട്യുഷന്‍ എന്ന നിലയ്ക്ക് അവരെ പഠിപ്പിക്കുകയും അതെ സമയം അവരെ അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഇറങ്ങിച്ചെന്ന് അതിന്റെ വേരുകള്‍ കണ്ടെത്തിയതിനെ പാടേ നശിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇതിന് വിധേയരാകുന്ന കുട്ടികള്‍ക്ക് പോലും അറിയില്ലായിരുന്നു MINDTHRAA ഒരു ട്യൂഷന്‍ സെന്ററാണോ അതോ കൗണ്‍സിലിംഗ് സെന്റര്‍ ആണോ എന്ന്. ആ രീതിയിലുള്ള സമീപനമായിരുന്നു ചുരുങ്ങിയ സമയം കൊണ്ട് ഏവര്‍ക്കും ഇടയില്‍ MINDTHRAA ശ്രദ്ധേയമായതിന് കാരണം.


തന്റെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ കഴിയാവുന്ന സമീപവാസികളില്‍ ആയിരുന്നു തുടക്കം . പത്താംതരം പഠിക്കുന്ന അഞ്ചുപേരില്‍ നിന്ന് ആരംഭിച്ച ഈ പ്രസ്ഥാനം ഇന്ന് 45 ഓളം കുട്ടികളില്‍ ചെന്നെത്തി നില്‍ക്കുന്നു. മൂന്നാഴ്ച കൊണ്ട് തന്നെ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന കുട്ടികള്‍ മുതല്‍ ദീര്‍ഘകാല പരിചരണം ആവശ്യമായ കുട്ടികള്‍ വരെ ഈ കൂട്ടത്തില്‍ ഉണ്ട്. ഇവരുടെ സേവനം മനസ്സിലാക്കി സ്‌കൂളുകളില്‍ നിന്നും നേരിട്ട് ഇത്തരത്തിലുള്ള കുട്ടികളെ സെന്ററിലേക്ക് അയക്കുന്നുണ്ട്. അമിതമായി കൗണ്‍സിലിംഗ് ചാര്‍ജ്, ട്യൂഷന്‍ ഫീസ് ഇവയൊന്നും ഈടാക്കാതെയാണ് MINDTHRAAയുടെ പ്രവര്‍ത്തനം .

എപ്പോഴും കര്‍മനിരതയാകുക എന്ന ചിന്താഗതി ഉള്ളതുകൊണ്ട് തന്നെ ട്യൂഷനും കൗണ്‍സിലിങും സമയബന്ധിതമായി ഹണി മുന്നോട്ടു കൊണ്ടുപോകുന്നു. ഇപ്പോള്‍ കാര്യവട്ടം ക്യാമ്പസില്‍ ഇന്റേണ്‍ഷിപ്പോടു കൂടി ഈ മേഖലയില്‍ ഉപരി പഠനം തുടരുകയാണ്.

കുടുംബം:
ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം കാരുവള്ളിവീട്ടില്‍ രാമചന്ദ്രന്‍, സുധ ദമ്പതികളുടെ മകളായി ജനനം. തണ്ണീര്‍മുക്കം ഗവണ്‍മെന്റ് സ്‌കൂള്‍, മദര്‍തെരേസ ഗവണ്‍മെന്റ് സ്‌കൂള്‍ മുഹമ്മ എന്നിവിടങ്ങളില്‍ നിന്നും സ്‌കൂള്‍ പഠനം. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം ചെയ്തുകൊണ്ടിരിക്കവെ പത്തൊമ്പതാം വയസ്സില്‍ വിവാഹിതയായി. തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കുകയും ബിരുദാനന്തരബിരുദം കരസ്ഥമാക്കുകയും ചെയ്തു.

തന്റെ നേട്ടങ്ങള്‍ക്ക് കാരണം ഭര്‍ത്താവായ സജിയുടെയും അദ്ദേഹത്തിന്റെ മാതാവായ വത്സലയുടെയും പിന്തുണയായിരുന്നുവെന്ന് ഹണി അഭിമാനത്തോടെ ഓര്‍ക്കുന്നു. കൗണ്‍സിലിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിനും തന്റെ പഠനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും നല്‍കിയ ആ പിന്തുണ തന്നെയാണ് ഹണിക്ക് സ്വന്തം കരിയര്‍ കെട്ടിപ്പടുക്കുന്നതിനും നിരവധിപേരുടെ പ്രശ്‌നങ്ങള്‍ക്ക് MINDTHRAAയിലൂടെ ആശ്വാസം പകരാന്‍ സാധിക്കുന്നതിനും കരുത്തേകുന്നത് ..

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button