തളര്‍ച്ചയെ തകര്‍ത്ത ധൈര്യം; ഒന്നുമല്ലാത്തിടത്ത് നിന്ന് അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഉയര്‍ന്ന അശ്വതിയുടെ യാത്ര

ചില സ്വപ്‌നങ്ങള്‍ നമ്മെ വിളിച്ചു കൊണ്ടേയിരിക്കും. ജീവിതം എത്ര തിരക്കായാലും, എത്ര വെല്ലുവിളികള്‍ വന്നാലും ആ വിളി ഒരിക്കലും നിലക്കില്ല. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിനിയായ അശ്വതിയുടെ ജീവിതവും അത്തരമൊരു വിളിക്കുള്ള മറുപടിയാണ്. പഠിച്ചത് എഞ്ചിനിയറിങ് ആണെങ്കിലും മനസിലെന്നും മേക്കപ്പിനോടായിരുന്നു അശ്വതിക്ക് പാഷന്‍.
ഒരു അമ്മയായതോടെ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനും മറ്റൊരു വെല്ലുവിളിയായി ജീവിതത്തിലേക്ക് കടന്നുവന്നു. പലര്‍ക്കും തളര്‍ച്ചയാകുന്ന ആ ഘട്ടം അശ്വതിക്ക് തിരിച്ചറിവായി മാറി. തനിക്ക് സന്തോഷം നല്‍കുന്നത് എന്താണെന്ന ചോദ്യത്തിന് അവള്‍ ധൈര്യത്തോടെ ഉത്തരം കണ്ടെത്തി, തന്റെ പാഷനെ ജീവിതമാര്‍ഗമാക്കി മാറ്റാം. ആ തീരുമാനം ഡിപ്രഷനെ മറികടന്ന് സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ അശ്വതിക്ക് കരുത്തായി മാറി.
മേക്കപ്പ് കോഴ്‌സ് ഫീസിനായി കാലിലെ കൊലുസ് വിറ്റു. പ്രൊഡക്ടുകള്‍ വാങ്ങാന്‍ താലിമാലയും വില്‍ക്കേണ്ടി വന്നു. ഒരുപാട് സ്ത്രീകള്‍ക്ക് വികാരഭരിതമായ ആഭരണങ്ങള്‍ അശ്വതിക്ക് സ്വപ്‌നത്തിലേക്കുള്ള നിക്ഷേപമായി മാറി. ആ ത്യാഗങ്ങള്‍ക്ക് ലഭിച്ച ആദ്യ പ്രതിഫലം അതിശയകരമായിരുന്നു, ആദ്യ വര്‍ക്കിന് തന്നെ സോഷ്യല്‍ മീഡിയയില്‍ മില്യണ്‍ വ്യൂസ് ലഭിച്ചു. Glossy Glam എന്ന പേരും അതിന് പിന്നിലെ അശ്വതിയെന്ന സംരംഭകയും ഒരൊറ്റ രാത്രിയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.
വെറും ഒരു വര്‍ഷത്തിനുള്ളില്‍ 100ലധികം വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ അശ്വതി ഇന്ന് കേരളത്തിലാകെ സര്‍വീസ് നല്‍കുന്ന ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. കോഴ്‌സിനും പ്രൊഡക്ട്‌സിനും വേണ്ടി വില്‍ക്കേണ്ടി വന്നതെല്ലാം തിരികെ നേടുന്ന നിലയിലേക്ക് വളര്‍ന്നത് അശ്വതിയുടെ ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ്.
മേക്കപ്പിനൊപ്പം ഹെയര്‍ സ്‌റ്റൈലിങ്ങും സാരി ഡ്രേപ്പിങ്ങും ഉള്‍പ്പെടെ സമഗ്രമായ സേവനമാണ് നല്‍കുന്നത്. തന്റെ സ്‌കില്ലിലൂടെ ഓരോ വധുവിനും മറക്കാനാവാത്ത വിധം അവരുടെ സന്തോഷ നിമിഷത്തെ അശ്വതി കൈകളാല്‍ അലങ്കരിക്കുന്നു.

ആരംഭത്തില്‍ എഞ്ചിനിയറിങ് വിട്ട തീരുമാനത്തെ കുടുംബം എതിര്‍ത്തെങ്കിലും, ആദ്യ വര്‍ക്കോടെ എതിര്‍പ്പെല്ലാം പിന്തുണയായി മാറി. ഭര്‍ത്താവ് ഗോകുല്‍ സലോചന്ദ്രയും അമ്മ കലയും നല്‍കിയ ഉറച്ച കരുത്താണ് ഈ ബ്രാന്‍ഡിന്റെ അടിത്തറ. ഇന്ന് ദുബൈയിലെ ജോലി ഉപേക്ഷിച്ച് ഭര്‍ത്താവ് നാട്ടിലെത്തി Glossy Glam നെ മുന്നോട്ട് നയിക്കുന്നു.
പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ പല സ്ത്രീകള്‍ക്കും മൗനമായൊരു പോരാട്ടമാണ്. എന്നാല്‍ അശ്വതി അതിനെ തളര്‍ച്ചയായി കാണാതെ, തന്റെ ഉള്ളിലെ ശക്തിയെ കണ്ടെത്താനുള്ള അവസരമായി മാറ്റി. മാതൃത്വത്തിന്റെയും മാനസിക സംഘര്‍ഷങ്ങളുടെയും ഇടയില്‍ ആത്മവിശ്വാസത്തോടെ തന്റെ വഴി തിരഞ്ഞെടുക്കാന്‍ അശ്വതിക്ക് സാധിച്ചു.
ഇന്ന് അശ്വതി ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിനുപരി, അതിജീവനത്തിന്റെ പ്രതീകം കൂടിയാണ്. മാനസിക സംഘര്‍ഷങ്ങളെ അതിജീവിച്ച് ആത്മവിശ്വാസമായി മാറിയ അശ്വതിയുടെ യാത്ര, തളര്‍ന്നിരിക്കുന്ന ഓരോ സ്ത്രീക്കും സ്വന്തം പാഷനെയും സ്വപ്‌നങ്ങളെയും വിശ്വസിച്ച് മുന്നോട്ട് പോകാനുള്ള പ്രചോദനമാണ്.



