Success Story

ഒരമ്മയുടെ മുറിവില്‍ നിന്ന് കരുതലായി മാറിയ സ്വപ്‌നക്കൂട്

ചില നഷ്ടങ്ങള്‍ ജീവിതത്തെ അവസാനിപ്പിക്കുന്നില്ല. പകരം, മറ്റൊരാളുടെ ജീവിതത്തിന് താങ്ങാകാനുള്ള പുതിയ കാരണമായി അവ നമ്മളില്‍ തന്നെ വളര്‍ന്നുവരും. സ്വന്തം മകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്നുപോയൊരു അമ്മ, ഇന്ന് എഴുപതിലധികം അമ്മമാരുടെ മകളായി മാറിയ കഥയാണ് സ്വപ്‌നക്കൂട്…!

മാവേലിക്കര മാന്നാര്‍ സ്വദേശിയായ ഡോ. രമണി നായരുടെ ജീവിതം വലിയൊരു വേദനയ്ക്ക് ശേഷമാണ് മറ്റൊരു അര്‍ഥം കണ്ടെത്തിയത്. മധ്യപ്രദേശിലെ കോര്‍ബയില്‍ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് മകന്റെ മരണവാര്‍ത്ത രമണിയെ തേടിയെത്തിയത്. അപ്രതീക്ഷിതമായ ആ വേര്‍പാട് ജീവിതത്തിന്റെ താളം തെറ്റിച്ചു. അന്യനാട്ടിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഇനി എങ്ങനെ മുന്നോട്ട് പോകുകമെന്ന ചോദ്യം മാത്രമാണ് മനസിലുണ്ടായിരുന്നത്.

വേദനയില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നതിനുപകരം, വേദനിക്കുന്ന മറ്റുള്ളവരിലേക്കാണ് രമണിയുടെ ശ്രദ്ധ തിരിഞ്ഞത്. തനിക്ക് ചുറ്റും സഹായമാവശ്യമുള്ള കുട്ടികളെയും വയോജനങ്ങളെയും പരിചരിക്കാന്‍ തുടങ്ങിയതോടെ, തനിക്ക് ആശ്വാസം നല്‍കുന്നൊരു വഴി കണ്ടെത്തുകയായിരുന്നു അവര്‍. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കരുതലായി കടന്നുചെല്ലുമ്പോള്‍ സ്വന്തം മനസ്സിലെ മുറിവുകളും പതിയെ ഉണങ്ങുന്നുണ്ടെന്ന് രമണി തിരിച്ചറിഞ്ഞു. അങ്ങനെയാണ് വ്യക്തിപരമായൊരു നഷ്ടം സാമൂഹിക ഉത്തരവാദിത്വമായി മാറിയത്.

ആ യാത്രയില്‍ സാമൂഹിക പ്രവര്‍ത്തകനായ പി. ബി. ഹാരിസിന്റെ പിന്തുണയും നിര്‍ണായകമായി. ‘ഇനി ക്ലാസ് മുറിക്കപ്പുറത്ത് പ്രാവര്‍ത്തികമാക്കാ’മെന്ന തിരിച്ചറിവ് രമണിയുടെ ജീവിതത്തിന് പുതിയ ദിശ നല്‍കി. സമൂഹത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ടുപോയ മനുഷ്യര്‍ക്ക് സുരക്ഷിതമായൊരു ഇടം ഒരുക്കണമെന്ന ആശയത്തില്‍ നിന്നാണ് ‘സ്വപ്‌നക്കൂട്’ എന്ന സ്‌നേഹഭവനം രൂപംകൊള്ളുന്നത്.

ആദ്യകാലത്ത് ചെറിയൊരു കൂട്ടായ്മയായിരുന്നു സ്വപ്‌നക്കൂട്, ഇന്ന് വലിയ കുടുംബമാണ്. തെരുവില്‍ നിന്ന് കണ്ടെത്തിയവരും മക്കള്‍ സംരക്ഷിക്കാനാകാതെ ഏല്‍പ്പിച്ചവരുമായ നിരവധി അമ്മമാര്‍ ഇന്ന് സ്വപ്‌നക്കൂടിന്റെ ഭാഗമാണ്. പന്ത്രണ്ട് പേരുമായി ആരംഭിച്ച ഈ കൂട്ടായ്മ പതിനാലാം വര്‍ഷത്തിലെത്തുമ്പോള്‍ എഴുപതിലധികം പേരുടെ ‘സ്‌നേഹക്കൂടാ’യി മാറി.

അവരുടെ ചെറിയ പരാതികള്‍ കേള്‍ക്കുന്നതു മുതല്‍ ആരോഗ്യപരിചരണം ഉറപ്പാക്കുന്നതുവരെ, ഓരോ ദിവസവും രമണിയുടെ സാന്നിധ്യം അവര്‍ക്കൊരു ആത്മവിശ്വാസമാണ്. പ്രായം കൂടിയ ശരീരങ്ങള്‍ക്ക് മരുന്നിനൊപ്പം ആവശ്യമുള്ളത് സ്‌നേഹവും പരിഗണനയുമാണെന്ന് സ്വപ്‌നക്കൂട് തെളിയിക്കുന്നു.

ഈ സ്‌നേഹത്തിന് പിന്നില്‍ വലിയ പോരാട്ടങ്ങളുമുണ്ട്. സ്വന്തമായി ഭൂമിയോ കെട്ടിടമോയില്ല… വര്‍ഷങ്ങളായി വാടക കെട്ടിടങ്ങളിലാണ് സ്വപ്‌നക്കൂടിന്റെ പ്രവര്‍ത്തനം. ഏതു നിമിഷവും ഒഴിയേണ്ടിവരുമോയെന്ന ആശങ്ക നിലനില്‍ക്കുമ്പോഴും, അവിടെയുള്ള അമ്മമാരുടെ ജീവിതത്തില്‍ ഒരിക്കലും അനിശ്ചിതത്വം വരരുതെന്നതാണ് രമണിയുടെ നിര്‍ബന്ധം.

അധ്യാപനജീവിതത്തില്‍ നിന്ന് മാറ്റിവച്ച സമ്പാദ്യവും കൈവശമുണ്ടായിരുന്ന ആഭരണങ്ങള്‍ വിറ്റുകിട്ടിയ പണവുമൊക്കെയായി ആരംഭിച്ച ഈ സംരംഭം ഇന്നും വലിയ സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലാണ് മുന്നോട്ട് പോകുന്നത്. എച്ച്ഡിഎഫ്‌സിയിലെ ജോലിയില്‍നിന്നുള്ള വരുമാനത്തിന്റെ വലിയൊരു ഭാഗവും സ്വപ്‌നക്കൂടിനായി മാറ്റിവയ്ക്കുന്ന രമണിക്ക്, ഓരോ മാസവും പുതിയൊരു കണക്കുകൂട്ടലാണ്.

രമണിയുടെ ദൃഢനിശ്ചയത്തിന് കൈത്താങ്ങായി നിരവധി സുമനസ്സുകളും കൂടെനിന്നു. ആ സഹായങ്ങളും സംഭാവനകളുമാണ് പലപ്പോഴും സ്ഥാപനത്തെ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റിയത്. സര്‍ക്കാര്‍ തലത്തില്‍ വയോജന സംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും, സ്വപ്‌നക്കൂടിന് ഇതുവരെ ആവശ്യമായ പിന്തുണ ലഭിച്ചിട്ടില്ലെന്ന പരാതിയും രമണിക്കുണ്ട്.

ആദിവാസി മേഖലകളിലെ കുട്ടികള്‍ക്കായി വസ്ത്രങ്ങളും പഠനോപകരണങ്ങളും ശേഖരിച്ചെത്തിക്കുന്ന ‘ഗോത്രസഞ്ചലനം’ പോലുള്ള പദ്ധതികളിലൂടെയും രമണി തന്റെ സാമൂഹിക ഇടപെടല്‍ തുടരുകയാണ്. നിലവില്‍ ഇരുപത്തിയേഴോളം കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ സാമ്പത്തിക സഹായവും കഴിയുന്നത്ര നല്‍കിവരുന്നു.

അംഗീകാരങ്ങളും ഈ യാത്രയെ തേടിയെത്തിയിട്ടുണ്ട്. ഡോക്ടറേറ്റ്, അയണ്‍ ലേഡി തുടങ്ങിയ അംഗീകാരങ്ങള്‍ക്കൊപ്പം 2024-25 കാലയളവില്‍ ലോക വനിതാചരണ പുരസ്‌കാരം, ജനമിത്ര പുരസ്‌കാരം, കേരളീയ വനിതാ പുരസ്‌കാരം, വിശ്വരത്‌ന ഇന്റര്‍നാഷണല്‍ യൂണിറ്റി അവാര്‍ഡ്, കാരുണ്യജ്യോതി പുരസ്‌കാരം, ബെസ്റ്റ് സോഷ്യല്‍ വര്‍ക്ക് ഓര്‍ഗനൈസേഷന്‍ അവാര്‍ഡ്, സ്വരാജ് പുരസ്‌കാരം, രവീന്ദ്രനാഥ ടാഗോര്‍ കര്‍മ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികളും ഡോ. രമണിയെയും സ്വപ്‌നക്കൂടിനെയും തേടിയെത്തി.

സ്വപ്‌നക്കൂടിന് സ്വന്തമായൊരു സുരക്ഷിതമായ കെട്ടിടമെന്നതാണ് വലിയ സ്വപ്‌നം. സ്വന്തം ആരോഗ്യവും രമണിയെ പലപ്പോഴും പരീക്ഷിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് നേരിട്ട സ്‌ട്രോക്കിനും ഇപ്പോള്‍ നേരിടുന്ന അര്‍ബുദത്തിനുമിടയിലും അവര്‍ പിന്നോട്ടുപോയിട്ടില്ല. സ്വന്തം ശരീരത്തേക്കാള്‍ കൂടുതല്‍ അവര്‍ക്ക് ആശങ്കപ്പെടാനുള്ളത് സ്വപ്‌നക്കൂടിന്റെ ഭാവിയെക്കുറിച്ചാണ്.

കാരണം, ഇത് രമണിയുടെ മാത്രം സ്വപ്‌നമല്ല.ഇവിടെ കഴിയുന്ന ഓരോ അമ്മയുടെയും സുരക്ഷിതമായ നാളെയുടെ സ്വപ്‌നമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button