EntreprenuershipSpecial Story

വിശക്കുന്നവന് വീട്ടുരുചി വിളമ്പി സോഫീസ് ടേസ്റ്റ്

മൂക്കിലൂടെ തുളഞ്ഞു കയറി നാവില്‍ വെള്ളമൂറിക്കുന്ന മണവും രുചിയുമുള്ള അസല്‍ ബിരിയാണി. അതും യാതൊരു മായവും ചേര്‍ക്കാതെ… കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ നല്ല അടിപൊളി കോഴിക്കോടന്‍ ബിരിയാണി. രുചി കൊണ്ട് മനസ്സ് നിറയ്ക്കുന്ന ബിരിയാണി എവിടെ കിട്ടുമെന്നാണോ ആലോചിക്കുന്നത്? കിട്ടുന്നൊരിടമുണ്ട്. കോഴിക്കോട് രാമനാട്ടുകരയില്‍…. ‘സോഫീസ് ടേസ്റ്റി’ല്‍ നിന്ന് ഭക്ഷണം കഴിച്ച ഏതൊരാളും പറയും ഇവിടുത്തെ ഭക്ഷണം വയര്‍ മാത്രമല്ല മനസ്സും നിറച്ചുവെന്ന്…!

അതുകൊണ്ടുതന്നെ അമ്മയുടെ കൈപ്പുണ്യത്തിന്റെ രീതിയില്‍ ആഹാരം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉറപ്പായും നജ്മുന്നിസ നേതൃത്വം നല്‍കുന്ന ‘സോഫീസ് ടേസ്റ്റി’ലേക്ക് ഓടിവരാം. തന്റെ രുചി തേടിയെത്തുന്നവര്‍ക്ക് രുചിയുടെയും ഗുണമേന്മയുടെയും കാര്യത്തില്‍ വിഷമിക്കേണ്ടി വരില്ലെന്നത് നജ്മുന്നിസയുടെ ഉറപ്പാണ്.

നജ്മുന്നിസ
ഒരുപാട് മേഖലകളോട് താല്പര്യമുണ്ടായിരുന്നെങ്കിലും മറ്റുള്ളവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി വിളമ്പുന്നതില്‍ ഈ വീട്ടമ്മ ഒരു പ്രത്യേക സന്തോഷവും സംതൃപ്തിയും കണ്ടെത്തിയിരുന്നു. നജ്മുന്നിസയുടെ കൈപ്പുണ്യത്തിന്റെയും മസാലക്കൂട്ടുകളുടെയും രുചിയറിഞ്ഞ വിരുന്നുകാര്‍ തന്നെയാണ് എന്തുകൊണ്ട് ഇതൊരു ബിസിനസ് ആക്കി മാറ്റിക്കൂടാ എന്ന ചോദ്യം സാധാരണക്കാരിയായ ഈ വീട്ടമ്മയ്ക്ക് മുന്നിലേക്ക് വെച്ചത്. ഭര്‍ത്താവിന് അദ്ദേഹത്തിന്റെ കച്ചവടത്തില്‍ അടിതെറ്റിയിരുന്ന സമയത്താണ് കലവറയില്‍ ഒതുങ്ങി നിന്ന രുചിക്കൂട്ടിനെ കച്ചവടമാക്കാന്‍ ഈ സംരംഭക തീരുമാനിച്ചത്. ചുറ്റുമുള്ളവര്‍ക്ക് മുന്നില്‍ വിജയിച്ചു കാണിക്കണമെന്ന ആത്മവിശ്വാസമാണ് നജ്മുന്നിസയ്ക്ക് തന്റെ തീരുമാനത്തിന് വഴികാട്ടിയായത്.

ഒരു ബിസിനസ് എന്നതിനപ്പുറം ആരോഗ്യവും രുചിയും ഒരുപോലെ ചേര്‍ന്ന ആഹാരം മറ്റുള്ളവര്‍ക്ക് നല്‍കുക എന്ന ആശയമായിരുന്നു നജ്മുന്നിസയുടെ മനസ്സ് നിറയെ. അതിനേക്കാളുപരി ആഹാരം കഴിക്കുന്നവര്‍ക്ക് വീട്ടില്‍ നിന്ന് കഴിച്ച സംതൃപ്തി തോന്നണം എന്ന ചിന്തയും. അവിടെ നിന്നാണ് ‘സോഫീസ് ടേസ്റ്റ്’ പിറവിയെടുക്കുന്നത്.

സോഫീസ് ടേസ്റ്റ്
‘കഴിച്ചാലേ കഥയറിയൂ…’ അതെ, സോഫീസ് ടേസ്റ്റില്‍ നിന്ന് ഒരിക്കലെങ്കിലും ഭക്ഷണം കഴിച്ചവര്‍ക്ക് മാത്രമേ അതിന്റെ രുചിയും ഗുണവും എത്രത്തോളമുണ്ടെന്ന് മനസ്സിലാകൂ. 14 വര്‍ഷം മുമ്പ് 2006 ലാണ് സോഫീസ് ടേസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. കാറ്ററിങ് രീതിയില്‍ ആരംഭിച്ച സോഫീസ് ടേസ്റ്റില്‍ അന്നും ഇന്നും ആവശ്യക്കാര്‍ ഏറെ ബിരിയാണിയ്ക്കാണ്.

കസ്റ്റമറിന്റെ ഇഷ്ടത്തിനനുസരിച്ച് ഏത് ഭക്ഷണവും തയ്യാറാക്കി നല്‍കാന്‍ സോഫീസ് ടേസ്റ്റ് റെഡിയാണ്. ഒരു മെനു കാര്‍ഡ് ഉപയോഗിച്ചല്ല ഇവിടുത്തെ പ്രവര്‍ത്തനമെന്ന് ചുരുക്കം.

സ്വന്തം പരിശ്രമത്തിലൂടെ നാടന്‍ ഫുഡിന് പുറമെ വെസ്റ്റേണ്‍, കോണ്ടിനെന്റല്‍, ചൈനീസ്, അറേബ്യന്‍ ഫുഡുകളുടെ രുചി വൈവിധ്യവും സോഫീസ് ടേസ്റ്റില്‍ സമന്വയിപ്പിച്ചിരിക്കുന്നു. സ്വയം വീട്ടില്‍ തയ്യാറാക്കുന്ന മസാല കൂട്ടുകളാണ് ഇവിടുത്തെ ഓരോ ഭക്ഷണത്തിന്റെയും രുചി വര്‍ദ്ധിപ്പിക്കുന്നത് എന്നതുകൊണ്ടുതന്നെ ഇതിന് ആവശ്യക്കാരും ഏറെയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button