Special StorySuccess Story

മതത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് വിജയം കൊയ്തവള്‍; മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കിടയിലെ പുത്തന്‍ താരോദയമായി ‘ജുബി സാറ’

ഒട്ടും പ്രതീക്ഷിക്കാത്ത വഴിയിലൂടെ ചിലപ്പോഴൊക്കെ ജീവിതം നമ്മളെ കൊണ്ടുപോകാറുണ്ട്. ആഗ്രഹങ്ങളും സ്വപ്‌നങ്ങളും എല്ലാം ഉള്ളിലൊതുക്കി ഉമിത്തീയിലേതിന് സമാനമായി ഓരോ ദിവസവും നീറി നീങ്ങിയ ജീവിതം…. ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം ഒരു ചരടിന്റെ അപ്പുറത്തുനിന്ന് കുടുംബം നിയന്ത്രിച്ചപ്പോഴും ഒന്നിനും കഴിയാതെ മറ്റുള്ളവരുടെ തീരുമാനങ്ങള്‍ക്കൊത്തു ചലിക്കാന്‍ വിധിക്കപ്പെട്ടവള്‍… ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ ജനിച്ചതിന്റെ പേരില്‍ എല്ലാ സ്വാതന്ത്ര്യവും ഉള്ളില്‍ കുഴിച്ചുമൂടി നന്നേ ചെറുപ്പത്തില്‍ തന്നെ മറ്റൊരാളുടെ മഹര്‍ ഏറ്റുവാങ്ങിയവള്‍…. ഇതൊക്കെ ജുബി എന്ന പെണ്ണിന്റെ വിശേഷണങ്ങള്‍ മാത്രമല്ല, അവള്‍ കടന്നുവന്ന ജീവിത പശ്ചാത്തലത്തിന്റെ നേര്‍ചിത്രം കൂടിയാണ്.

സ്വന്തം ജീവിതവും വിവാഹവും പോലും എങ്ങനെ വേണമെന്ന് തീരുമാനിക്കുവാന്‍ കഴിയാതെ എല്ലാം സഹിച്ചു ജീവിക്കുന്നവര്‍ ഒരുപാടുണ്ടെന്ന് ജുബിയെ പോലെയുള്ളവരെ പരിചയപ്പെടുന്നത് വരെ ഒരു തോന്നല്‍ മാത്രമായിരുന്നു. കാലം എല്ലാത്തിനുമുള്ള കണക്കുപുസ്തകമാണെന്ന് പറയും പോലെയാണ് ഇപ്പോഴത്തെ ജുബിയുടെ ജീവിതം. തന്നിലെ സ്ത്രീയെ അടിച്ചമര്‍ത്തിയവര്‍ക്കും ഒറ്റപ്പെടുത്തിയവര്‍ക്കുമുള്ള മധുര പ്രതികാരമാണ് ജുബിയുടെ ഓരോ വിജയങ്ങളും.

ദാമ്പത്യത്തിന്റെ കെട്ടുമാറാപ്പില്‍ നിന്ന് പുറത്തു കടന്നപ്പോള്‍ ജുബി എന്ന വീട്ടമ്മയുടെ മനസ്സില്‍ ആദ്യം ഉയര്‍ന്നുവന്നത് തന്റെ മക്കളുടെ മുഖവും അവരുടെ ഭാവിയുമായിരുന്നു. അതുകൊണ്ടുതന്നെ ഇനിയുള്ള യാത്രയില്‍ തന്റെ സാരഥി താന്‍ തന്നെയാണെന്ന് തീരുമാനിച്ച ജുബി, എന്നോ ഉള്ളില്‍ നാമ്പറ്റു പോയ പാഷന് വെള്ളവും വെളിച്ചവും നല്‍കി. അതിലെ പുതുനാമ്പുകളുടെ ഉണര്‍വിന്റെ ആദ്യപടിയായി കൊല്ലം മൂന്നാംകുറ്റിയില്‍ സാറാ മേക്കോവര്‍ എന്ന സ്ഥാപനം ആരംഭിച്ചപ്പോള്‍ സ്വപ്‌നത്തില്‍ പോലും ഈ സംരംഭക കരുതിക്കാണില്ല, പില്‍ക്കാലത്ത് താന്‍ അറിയപ്പെടുന്നത് തന്റെ സംരംഭത്തിന്റെ പേരിലാകുമെന്ന്.

തിരുവനന്തപുരം ലാക്മി അക്കാദമി, കൊല്ലം ലെ ബ്യൂട്ട് അക്കാദമി എന്നിവിടങ്ങളില്‍ നിന്ന് മേക്കപ്പിനെ കുറിച്ച് പഠിച്ച ജുബി ആദ്യ ഒരു വര്‍ഷം ഫ്രീലാന്‍സായാണ് ജോലി ചെയ്തിരുന്നത്. സുഹൃത്തുക്കളുടെയും മക്കളുടെയും പിന്തുണയില്‍ കേരളത്തില്‍ എല്ലായിടത്തും വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്യുന്ന ജുബി ഇന്ന് കൊല്ലം ജില്ലയിലെ ബ്യൂട്ടീഷ്യന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് വെറും നാലുവര്‍ഷം കൊണ്ടാണ്. അതിന് കൂടുതല്‍ വര്‍ണം നല്‍കുന്നതാണ് ‘കൊല്ലത്തെ മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിന് നല്‍കുന്ന ഗാന്ധി സേവാ പുരസ്‌കാരം ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്ത്യന്‍ അംബാസിഡര്‍ ശ്രീനിവാസന്റെ കയ്യില്‍ നിന്ന് ലഭിച്ചത്’.

ഇന്ന് ചെറിയ തോതിലെങ്കിലും ബ്രൈഡല്‍ വര്‍ക്ക്, ആഡ് ഷൂട്ട്, സെലിബ്രിറ്റി മേക്കപ്പ് എന്നിവയെകുറിച്ചുള്ള അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്ന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുവാനും ജുബിക്ക് സാധിക്കുന്നുണ്ട്. ഒരിക്കല്‍ കുറ്റം പറഞ്ഞവര്‍ ഇന്ന് തന്റെ പേരില്‍ അഭിമാനം കൊള്ളുന്നു എന്നത് മാത്രം മതി ജുബിക്ക് മറ്റുള്ളവരുടെ ജീവിതത്തിലെ മാതൃകയാകുവാന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 97455 55845

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button