Success Story

കഠിനാധ്വാനം നിറം ചേര്‍ത്ത ഒരു വീട്ടമ്മയുടെ വിജയഗാഥ

ഇന്ന് വനിതകള്‍ക്കിടയില്‍ ഏറ്റവും പ്രചാരത്തിലുള്ള സംരംഭ ആശയമാണ് ബൊട്ടീക്ക്. വീട്ടുകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം തുച്ഛമായ സമയത്തിനുള്ളില്‍ മികച്ച ഒരു വരുമാനവും ക്രിയേറ്റീവായ ഒരു പ്രവര്‍ത്തന മേഖലയും ഇതിലൂടെ ലഭിക്കുന്നു എന്നത് തന്നെയാണ് കാരണം. ബീസ് ഡിസൈനര്‍ ബോട്ടിക്കിന്റെ ഉപജ്ഞാതാവായ തന്‍സിയ താഹിറും ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. ഇത്തരം സംരംഭങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിന് മുമ്പു തന്നെ വര്‍ഷങ്ങളോളം ഇതിനെക്കുറിച്ച് റിസര്‍ച്ച് നടത്തുവാന്‍ തന്‍സിയയ്ക്ക് സാധിച്ചു.

കൊല്ലം സ്വദേശിയാണെങ്കിലും വിവാഹശേഷം എറണാകുളത്ത് താമസമുറപ്പിച്ച തന്‍സിയയ്ക്ക് പഠിക്കുന്ന കാലത്ത് തന്നെ ബോട്ടീക്കിങ്ങില്‍ അഭിരുചിയുണ്ടായിരുന്നു. എങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ സ്വന്തമായി സംരംഭം തുടങ്ങുവാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്ന തന്‍സിയയ്ക്ക് ഈ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് 2016ല്‍ ബീസ് ഡിസൈനര്‍ ബോട്ടിക്ക് ആരംഭിക്കുവാന്‍ സാധിച്ചത്. എല്ലാവരെയും പോലെ പരിചിത വലയത്തിലുള്ളവര്‍ തന്നെയായിരുന്നു തന്‍സിയയുടെയും ആദ്യത്തെ ഉപഭോക്താക്കള്‍. എന്നാല്‍ പിന്നീട് ഇവര്‍ ബീസ് ഡിസൈനര്‍ ബൊട്ടീക്കിന്റെ ഉത്പന്നങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച അഭിപ്രായങ്ങള്‍ അവരുടെ പരിചിതവലയത്തിലേക്ക് തന്‍സിയയുടെ സംരംഭത്തെ വളര്‍ത്തി.

ആദ്യമൊക്കെ വെറും 10 രൂപ ലാഭത്തിലാണ് തന്‍സിയ വസ്ത്രങ്ങള്‍ വിറ്റിരുന്നത്. ഉപഭോക്താക്കളുടെ കൂട്ടായ്മ വളര്‍ത്തുകയായിരുന്നു അപ്പോഴൊക്കെ ഈ സംരംഭകയുടെ ലക്ഷ്യം. ആ സമയത്താണ് വസ്ത്രങ്ങള്‍ കസ്റ്റമൈസ് ചെയ്തു നല്‍കുവാനായി ഒരാള്‍ സമീപിച്ചത്.

ഡിസൈനിങ്ങില്‍ വലിയ ധാരണയില്ലാതിരുന്നിട്ടും അതൊരു ‘ചലഞ്ചാ’യി ഏറ്റെടുക്കുവാന്‍ തന്‍സിയ തയ്യാറായി. ആദ്യമൊക്കെ റീസെല്ലേഴ്‌സിനെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ഒരു ഡിസൈനറെ സമീപിച്ച് വസ്ത്രങ്ങള്‍ ചെയ്തു നല്‍കിത്തുടങ്ങി. ഡിസൈനിങ്ങിനെ അടുത്തറിഞ്ഞ തന്‍സിയയുടെ അടുത്ത ലക്ഷ്യം സ്വന്തമായി ഒരു ഡിസൈനര്‍ ടീമിനെ വാര്‍ത്തെടുക്കുകയായിരുന്നു. താമസിയാതെ അതിനും സാധിച്ചു.

ഇന്ന് ആയിരക്കണക്കിന് സംതൃപ്ത ഉപഭോക്താക്കളെകൊണ്ട് സുദൃഢമായ ഒരു അടിത്തറയ്ക്ക് മുകളിലാണ് ബീസ് ഡിസൈനര്‍ ബോട്ടിക്ക്. സ്വന്തമായി യൂണിറ്റ് ആരംഭിച്ചതോടെ മേഖലയില്‍ മുന്‍നിരയിലേക്ക് വരുവാന്‍ തന്‍സിയക്ക് സാധിച്ചിരിക്കുന്നു. ഈ വളര്‍ച്ചയിലേക്കുള്ള യാത്രയില്‍ നാലോളം അബോര്‍ഷനുകളിലൂടെയാണ് തന്‍സിയ കടന്നുപോയത്. അങ്ങനെയുണ്ടായ മാനസിക പിരിമുറുക്കങ്ങളെയെല്ലാം ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് തന്‍സിയ അതിജീവിച്ചത്.

പ്രതിസന്ധിഘട്ടങ്ങളില്‍ അത് ജീവിതത്തിലായിരുന്നാലും സംരംഭകത്വത്തിലായിരുന്നാലും എപ്പോഴും താങ്ങും തണലുമായി ഭര്‍ത്താവ് താഹിറും കൂടെയുണ്ടായിരുന്നതായി തന്‍സിയ പറയുന്നു. ഇന്ന് ഒരമ്മ കൂടിയായ തന്‍സിയക്ക് ഇനി മുന്നോട്ടുള്ള വഴിയും പ്രകാശം നിറഞ്ഞതു തന്നെയായിരിക്കും.

Contact No: : 8330026421

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button