Success Story

പരിശ്രമത്തിലൂടെ തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയ ആര്‍ ജെ ലാലു

സ്വപ്‌നം കാണുക എന്നാല്‍ നിസാരമാണ്. എന്നാല്‍ സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന് അത് യാഥാര്‍ത്ഥ്യമാക്കുക എന്നത് വളരെ ശ്രമകരമാണ്. ആര്‍ ജെ ആകുക എന്ന തന്റെ സ്വപ്‌നത്തിനുവേണ്ടി കഠിനമായി പരിശ്രമിക്കുകയും ഒടുവില്‍ കാനഡയില്‍വച്ച് അത് കയ്യെത്തിപ്പിടിക്കുകയും ചെയ്ത വ്യക്തിയാണ് കൊല്ലം സ്വദേശിയും കാനഡയില്‍ സ്ഥിരതാമസക്കാരനുമായ ലാലു എന്ന ലാലിഷ് ചന്ദ്രന്‍. കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ വളരെ പ്രചാരം നേടിയതും കാനഡയിലെ ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനുമായ മധുരഗീതത്തില്‍ റേഡിയോ ജോക്കിയാണ് ലാലു.

 

ഏതെങ്കിലും ഒരുമേഖലയില്‍മാത്രം പ്രവര്‍ത്തിച്ച് ഒതുങ്ങിക്കൂടാന്‍ ആഗ്രഹിച്ച വ്യക്തിയല്ല ഇദ്ദേഹം. മറിച്ച് തന്റെ സ്വപ്‌നങ്ങളെല്ലാം ഒരു കുടക്കീഴിലൊതുക്കി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചയാളാണ്. അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും ഉള്‍പ്പെട്ടതായിരുന്നു ലാലുവിന്റെ കുടുംബം.

ബോട്ടണിയില്‍ ബിരുദം നേടിയ ലാലു ഉന്നതപഠനത്തിനായി എം.ബി.എയാണ് തിരഞ്ഞെടുത്തത്. പഠനത്തിന് ശേഷം ഇന്ത്യയിലും യു.എ.ഇയിലുമായി ബാങ്കിംഗ്, ഐ.ടി, റീട്ടെയില്‍, ഇമിഗ്രേഷന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ കസ്റ്റമര്‍ സര്‍വീസ് & മാനേജ്‌മെന്റ് സ്റ്റാഫായി പ്രവര്‍ത്തിച്ചു. അപ്പോഴും കാനഡയില്‍ സ്ഥിരതാമസമാക്കുക എന്ന സ്വപ്‌നത്തിന് വേണ്ടി അദ്ദേഹം പ്രയത്‌നിച്ചിരുന്നു. അങ്ങനെ 2019-ല്‍ ഭാര്യക്കും മകനുമൊപ്പം കാനഡയിലേക്ക് കുടിയേറുകയായിരുന്നു.

 

ആദ്യമായി ഒരു രാജ്യത്ത് എത്തുമ്പോഴുണ്ടായിരുന്ന സ്വാഭാവികമായ ബുദ്ധിമുട്ടുകള്‍ തുടക്കത്തില്‍ ലാലുവിനെയും ബാധിച്ചിരുന്നു. തന്റെ വിദ്യാഭ്യാസയോഗ്യതയോ, പ്രവൃത്തി പരിചയമോ കാര്യമാക്കാതെ ഫാക്ടറികളില്‍ എന്‍ട്രി ലെവല്‍ സ്ഥാനങ്ങളില്‍ വരെ ജോലി ചെയ്യാന്‍ അദ്ദേഹം മടിച്ചില്ല.

പിന്നീട് ആപ്പിളിന്റെയും ഊബറിന്റെയും കസ്റ്റമര്‍ കെയര്‍ ടീമുകളിലേക്ക് മാറുകയും വ്യക്തമായ കാഴ്ചപ്പാടോടെ തന്റെ കരിയറിനെ നോക്കിക്കണ്ടതിനാല്‍ മികച്ച ജോലി കരസ്ഥമാക്കുകയും ചെയ്തു. നിലവില്‍ കാനഡയിലെ പ്രമുഖ ടെലികോം കമ്പനിയില്‍ ബിസിനസ് അനലിസ്റ്റായി പ്രവര്‍ത്തിക്കുകയാണ് ലാലു.

 

പ്രൊഫഷനോടൊപ്പം തന്റെ പാഷനെയും പിന്തുടര്‍ന്ന ലാലു ലഭിക്കുന്ന അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്താന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു. കേരളത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു പ്രാദേശിക വാര്‍ത്താ ചാനലില്‍ ന്യൂസ് റീഡറായിരുന്നു. കൂടാതെ ചില മലയാള സിനിമകളില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, കാസ്റ്റിംഗ് ഡയറക്ടര്‍, തിരക്കഥാ സഹായി എന്നീ നിലകളിലും മികവ് തെളിയിച്ചിട്ടുണ്ട്. ഒരു തിരക്കഥാകൃത്ത് ആകുക എന്നതാണ് സിനിമ മേഖലയില്‍ ലാലുവിന്റെ ലക്ഷ്യം.

ഇതിനൊക്കെ പുറമെ പ്രേക്ഷകശ്രദ്ധ നേടിയ ”ഉടന്‍ പണം” ചാപ്റ്റര്‍ 4-ല്‍ കനേഡിയന്‍ മലയാളികളെ പ്രതിനിധീകരിച്ച് മത്സരാര്‍ത്ഥിയായും ലാലു പങ്കെടുത്തിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആശയങ്ങള്‍ സമൂഹത്തിലെത്തിക്കാന്‍ ശ്രമിക്കുന്ന ഇദ്ദേഹം സോഷ്യല്‍ മീഡിയയിലും സജീവമാണ്.

ചെറുപ്പം മുതല്‍ സംസാര പ്രിയനായിരുന്നതിനാല്‍ ലാലുവിന് ചുറ്റും കേള്‍വിക്കാര്‍ നിരവധിയായിരുന്നു. ഇന്നും അതേ വാക്ചാതുര്യത്തോടെ കേള്‍വിക്കാരെ സൃഷ്ടിക്കുന്ന ലാലിഷ് നിലവില്‍ നിരവധി സ്റ്റേജ് ഷോകള്‍ ഹോസ്റ്റ് ചെയ്യുന്നുമുണ്ട്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button