EntreprenuershipSuccess Story

സ്വന്തം വിജയവഴിയിലൂടെ നൂറുകണക്കിന് സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പ്രചോദനമാകുന്ന പ്രിയ ഹരികുമാര്‍

സ്വപ്‌നങ്ങളെ വെറുതെ പിന്തുടരുകയല്ല, അവയെ ഓരോന്നായി യാഥാര്‍ഥ്യമാക്കി മുന്നേറുകയാണ് തിരുവനന്തപുരം സ്വദേശിനി പ്രിയ ഹരികുമാര്‍. വ്യത്യസ്തമായി ചിന്തിക്കാനും ആശയങ്ങളെ സമൂഹത്തിന് പ്രയോജനപ്പെടുന്ന സംരംഭങ്ങളാക്കി മാറ്റാനും കഴിയുമ്പോഴാണ് ഒരു സംരംഭകയുടെ യാത്ര കൂടുതല്‍ അര്‍ത്ഥവത്താകുന്നത്. അത്തരത്തില്‍ സംരംഭകത്വത്തിനൊപ്പം സ്ത്രീശാക്തീകരണവും കലയും പാചകവും സൗന്ദര്യവും വിനോദവും ഒരുപോലെ ചേര്‍ത്തുപിടിച്ച് മുന്നേറുന്ന വ്യക്തിത്വമാണ് പ്രിയ ഹരികുമാര്‍.

കേരള സര്‍വകലാശാലയില്‍ നിന്ന് റാങ്കോടെ എം.ടി.എ പൂര്‍ത്തിയാക്കിയ പ്രിയയുടെ എക്കാലത്തെയും വലിയ സ്വപ്‌നം സ്വന്തമായൊരു സംരംഭമെന്നതായിരുന്നു. 18 വര്‍ഷം മുന്‍പ് ജന്‍സര്‍ ഹോളിഡേയ്‌സ് എന്ന ടൂര്‍ കമ്പനിയിലൂടെ ആരംഭിച്ച സംരംഭകയാത്ര പിന്നീട് നിരവധി മേഖലകളിലേക്ക് വളര്‍ന്നു. ഇന്ത്യയിലും വിദേശത്തുമായി ബ്രാഞ്ചുകള്‍ ആരംഭിച്ച് ടൂറിസം മേഖലയിലെ സാന്നിധ്യം ശക്തമാക്കിയ പ്രിയ, ജന്‍സര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന് കീഴില്‍ ജന്‍സര്‍ എന്‍ജിനീയറിങ്, ജന്‍സര്‍ പ്രോപ്പര്‍ട്ടീസ് തുടങ്ങിയ സംരംഭങ്ങള്‍ക്കും തുടക്കമിട്ടു.

സൗന്ദര്യ, ഗ്രൂമിങ് മേഖലയോടുള്ള താല്‍പര്യം പ്രിയയെ സലൂണ്‍ വ്യവസായത്തിലേക്കുമെത്തിച്ചു. 12 വര്‍ഷത്തെ സലൂണ്‍ ഇന്‍ഡസ്ട്രിയിലെ അനുഭവസമ്പത്തുമായി ‘Glow Lounge Family Salon’ എന്ന സംരംഭത്തിനും അവര്‍ തുടക്കമിട്ടു. പ്രൊഫഷണല്‍ സമീപനമാണ് ഗ്ലോ ലൗഞ്ചിനെ വ്യത്യസ്തമാക്കുന്നത്. മുന്‍പ് നാച്യുറല്‍സിന്റെ ഫ്രാഞ്ചൈസിയിലൂടെ ലഭിച്ച മികച്ച അനുഭവം പ്രിയയുടെ സലൂണ്‍ മേഖലയിലെ യാത്രയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നു.

പാചകം പ്രിയയുടെ മറ്റൊരു വലിയ പാഷനാണ്. ‘KEK പാചകം’ എന്ന കുക്കറി ഷോയിലൂടെ നിരവധി രുചിവൈവിധ്യങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ച പ്രിയ, നിരവധി കുക്കറി ക്ലാസുകളും നടത്തിയിട്ടുണ്ട്. ദൂരദര്‍ശനില്‍ പലതവണ കുക്കറി ഷോകള്‍ അവതരിപ്പിക്കുകയും കുക്കറി കോംപറ്റീഷനില്‍ ജഡ്ജായെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഓണത്തോടനുബന്ധിച്ച് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്ന ‘പത്ത് ദിവസം പത്ത് രുചി’ എന്ന പ്രത്യേക പാചക പരിപാടിയിലും പ്രിയയുടെ സാന്നിധ്യമുണ്ട്. പാരമ്പര്യ രുചികളെയും പുതിയ പാചക ആശയങ്ങളെയും മനോഹരമായി കൂട്ടിയിണക്കുന്ന ഈ പരിപാടി പ്രിയയുടെ പാചക മേഖലയിലെ കഴിവിന് മറ്റൊരു അംഗീകാരമാണ്. ‘priyas_simple_recipes’ എന്ന പേരില്‍ യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലും അവര്‍ സജീവമാണ്.

പുസ്തകങ്ങളോടും സൗന്ദര്യ സങ്കല്‍പ്പങ്ങളോടുമുള്ള താല്‍പര്യവും പ്രിയയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. KEK വായനശാലയിലൂടെ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും KEK അഴക് എന്ന സെഗ്മെന്റിലൂടെ സൗന്ദര്യവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു. സംഗീതത്തോടുള്ള ഇഷ്ടം “Passion on Board’ (PABO)’ മ്യൂസിക് ക്ലബ്ബിലൂടെയും പ്രിയ ആഘോഷിക്കുന്നു. സംഗീതപ്രേമികളായ അംഗങ്ങള്‍ എല്ലാ വാരാന്ത്യങ്ങളിലും ഒത്തുചേരുന്ന ഈ കൂട്ടായ്മയും പ്രിയയുടെ വ്യത്യസ്തമായ ആശയങ്ങളുടെ ഉദാഹരണമാണ്.

എന്നാല്‍ പ്രിയയുടെ സംരംഭക യാത്രയിലെ ഏറ്റവും ശ്രദ്ധേയമായ ആശയങ്ങളിലൊന്നാണ് സ്ത്രീകള്‍ക്കായി രൂപപ്പെടുത്തിയ ‘Firebirds Ladies Infotainment Forum’. ‘Unleash the fire within’ എന്ന ടാഗ് ലൈനില്‍ തന്നെ ഈ കൂട്ടായ്മയുടെ ലക്ഷ്യം വ്യക്തമാണ്. ഓരോ സ്ത്രീയുടെയുമുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെയും ആത്മവിശ്വാസത്തെയും പുറത്തുകൊണ്ടുവരികയെന്നതാണ് പ്രധാന ലക്ഷ്യം.

റിപ്പബ്ലിക് ദിനത്തില്‍‘Firebirds Women’s Republic – Just Dance’ എന്ന ഡാന്‍സ് പ്രോഗ്രാമും സുംബ സെഷനുമായാണ് ഫയര്‍ബേര്‍ഡ്‌സിന് തുടക്കമായത്. പിന്നീട് വിമന്‍സ് ഡേയോടനുബന്ധിച്ച് കൂള്‍ പൂള്‍ പാര്‍ട്ടിയും മദേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട് മദേഴ്‌സ് ഡേ ഷോകേസും സംഘടിപ്പിച്ചു. വര്‍ക്ക്‌ഷോപ്പുകള്‍, ഡേ ഔട്ടുകള്‍, ലേഡീസ് ടൂര്‍, കുക്കറി ക്ലാസുകള്‍, എംപവര്‍മെന്റ് സെഷനുകള്‍, മോട്ടിവേഷണല്‍ ക്ലാസുകള്‍, ഗ്രൂമിങ്, എഡ്യൂക്കേഷന്‍, ഫാഷന്‍ ഷോ തുടങ്ങി സ്ത്രീകളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷകരവും ഊര്‍ജസ്വലവുമാക്കുന്ന നിരവധി പരിപാടികളാണ് ഫയര്‍ബേര്‍ഡ്‌സ് ഒരുക്കുന്നത്.

പരിപാടികള്‍ക്ക് ശേഷം നടക്കുന്ന ‘Firebirds Coffee Chat’ ആണ് അംഗങ്ങള്‍ ഏറെ ആസ്വദിക്കുന്ന മറ്റൊരു വേദി. ഒരുമിച്ചിരുന്ന് സ്വപ്‌നങ്ങളും ആശയങ്ങളും അറിവുകളും പങ്കുവെക്കാനും പാട്ടുപാടാനും സൗഹൃദങ്ങള്‍ വളര്‍ത്താനും കഴിയുന്ന ഈ കൂട്ടായ്മ സ്ത്രീകള്‍ക്ക് ഒരു പുതിയ മാനസിക ഉണര്‍വ് നല്‍കുകയാണ്. മെമ്പര്‍ഷിപ്പ് ഫീസില്ലാതെ എല്ലാ മേഖലകളില്‍ നിന്നുമുള്ള സ്ത്രീകള്‍ക്കും ഫയര്‍ബേര്‍ഡ്‌സിന്റെ ഭാഗമാകാമെന്നതാണ് ഈ സംരംഭത്തിന്റെ മറ്റൊരു പ്രത്യേകത. ഇന്ന് 150 ലധികം സ്ത്രീകള്‍ ഈ കൂട്ടായ്മയുടെ ഭാഗമാണ്.

ജീവിതത്തിന്റെ തിരക്കുകളിലും ഉത്തരവാദിത്വങ്ങളിലും സ്വന്തം സന്തോഷങ്ങള്‍ മറന്നുപോകുന്ന സ്ത്രീകള്‍ക്ക് വീണ്ടും തങ്ങളെത്തന്നെ കണ്ടെത്താനുള്ള ഇടമാകുകയാണ് ഫയര്‍ബേര്‍ഡ്‌സ്. ‘ജീവിതം അതിജീവിക്കാനുള്ളത് മാത്രമല്ല, ആഘോഷിക്കാനുള്ളതുമാണ്’ എന്ന സന്ദേശമാണ് ഈ കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്നത്.

കുടുംബത്തിന്റെയും ഭര്‍ത്താവ് അഡ്വ. ഹരികുമാറിന്റെയും ഗെയിം പ്രോഗ്രാമറായ മകന്‍ ഗൗതമിന്റെയും പിന്തുണയും പ്രോത്സാഹനവും ഈ യാത്രയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നു. ഓരോ സ്ത്രീയുടെയും ഉള്ളിലെ തീപ്പൊരി തിരിച്ചറിഞ്ഞ് അതിനെ ആത്മവിശ്വാസത്തിന്റെ വെളിച്ചമാക്കി മാറ്റുകയാണ് പ്രിയ. സ്വന്തം സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്നതിനൊപ്പം മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ക്കും ചിറകുകള്‍ നല്‍കുന്ന ഈ സംരംഭക യാത്ര വലിയ വിജയകഥകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button