EntreprenuershipSuccess Story

നൈമിത്ര; നാടന്‍രുചിയുടെ നവലോകം

ലളിതമായ ചേരുവകള്‍ ചേര്‍ത്ത് അവയെ അസാധാരണമായ ഒന്നാക്കി മാറ്റുന്ന ഒരു മാന്ത്രിക കലയാണ് ഭക്ഷ്യ ഉത്പാദനം. നാടന്‍ രുചിയുള്ള ഭക്ഷണങ്ങള്‍ക്ക് ലോകത്തിന്റെ ഏതുകോണിലിരിക്കുന്ന മനുഷ്യനെയും അമ്മക്കൊപ്പം ആഹാരം കഴിച്ചിരുന്ന അടുക്കളകളിലേക്ക് എത്തിക്കാന്‍ കഴിയും. അത്തരത്തില്‍ ഇന്ത്യയുടെ പലകോണിലുള്ളവര്‍ക്ക് രുചിയുള്ള നാടന്‍ ഭക്ഷണത്തിലൂടെ പുത്തനുണര്‍വ് സമ്മാനിക്കുകയാണ് നൈമിത്ര ഫുഡ് പ്രൊഡക്റ്റ്‌സ്.

ജീവിതമാര്‍ഗത്തിനായി ഒരു വഴി കണ്ടെത്തേണ്ട അനിവാര്യത വന്നപ്പോള്‍ ചെറുപ്പം മുതല്‍ ഭക്ഷണകലയോട് അഭിരുചിയുണ്ടായിരുന്ന തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനിയായ ദീജാ സതീശന്‍ ഭക്ഷണോത്പാദനം തന്നെ ഉപജീവനമായി തിരഞ്ഞെടുക്കുകയായിരുന്നു. പോളിയോ പിടിപെട്ടത് കാരണം വീല്‍ ചെയറില്‍ കുട്ടികള്‍ക്ക് ട്യൂഷനും മറ്റു എടുത്തിരുന്ന കാലത്തും ദീജക്ക് തന്റെ ജീവിതത്തെ കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ എന്തെങ്കിലും സംരംഭം തുടങ്ങണം എന്ന തോന്നലുണ്ടായിരുന്നു.

ആ സമയത്താണ് തന്റെ അഭിരുചിയെ കുറിച്ചു അറിയാവുന്ന സുഹൃത്തായ നൗഷാദ് ഖാന്റെ നിര്‍ദേശപ്രകാരം കലര്‍പ്പില്ലാത്ത ആഹാരം കൈപുണ്യത്തോടെ നിര്‍മിക്കുവാന്‍ തീരുമാനമെടുത്ത് നൈമിത്ര ഫുഡ്‌പ്രൊഡക്ടസ് തുടങ്ങിയത്. അതിനു കരുത്തു പകരാന്‍ ദീജയുടെ കുടുംബവും ചേര്‍ന്നതോടെ അവര്‍ ആയിരങ്ങളുടെ മനസ് ആഹാരത്തിലൂടെ നിറയ്ക്കാന്‍തുടങ്ങി.

ശ്രദ്ധയും സ്‌നേഹവും അനിവാര്യമായ ഈ കലയിലൂടെ നൈമിത്ര ആദ്യം ഉല്പാദിപ്പിച്ചത് വ്യത്യസ്തമായ അഞ്ച് അച്ചാറുകളാണ്. പക്ഷേ, ഇപ്പോള്‍ എഴുപതോളം അച്ചാറുകളും അതിനൊപ്പം അരിപ്പൊടി, പത്തിരിപ്പൊടി, ചമ്മന്തിപ്പൊടി, വെളിച്ചെണ്ണ അങ്ങനെ രുചികരമായ ആഹാരം നിര്‍മിക്കാന്‍ വേണ്ട എല്ലാ ഫുഡ് പ്രൊഡക്റ്റുകളും ഇവിടെ ലഭ്യമാണ്. എം സി റോഡ് വഴി കിളിമാനൂര്‍നിന്നും നിലമേലേക്ക് പോകുന്ന വഴിയിലാണ് ദീജയുടെ നൈമിത്ര എന്ന സംരംഭം സ്ഥിതി ചെയ്യുന്നത്.

ഓണ്‍ലൈന്‍ വഴിയാണ് നൈമിത്ര ഇപ്പോള്‍ സെയില്‍സ് നടത്തുന്നത്. ഇന്ത്യയുടെ ഏതുകോണില്‍ താമസിക്കുന്നവര്‍ക്കും ഓര്‍ഡറുകള്‍ അനുസരിച്ച് പോസ്റ്റല്‍ വഴിയാണ് ഭക്ഷ്യ ഉത്പന്നങ്ങള്‍ എത്തിക്കുന്നത് .
2018 ല്‍ ആരംഭിച്ച ഈ സംരംഭത്തെ ആ സമയത്തുണ്ടായ വെള്ളപ്പൊക്കം സാരമായിത്തന്നെ ബാധിച്ചെങ്കിലും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ദീജാ തിരിച്ചുവരികയും ചെയ്തു.

മാസം നാലുലക്ഷം രൂപയുടെ വരെ ഉത്പാദനം നടന്ന സമയത്ത് കൊറോണ വീണ്ടും ദീജ എന്ന സംരംഭകയെ പരീക്ഷിച്ചു. പക്ഷേ, മനസുകൊണ്ട് ഒരിക്കലും തളര്‍ന്നിട്ടില്ലാത്ത ദീജ തന്റെ സുഹൃത്തിന്റേയും കുടുംബങ്ങളുടെയും സഹായത്തോടെ പൂര്‍വാധികം ശക്തിയോടെയാണ് തിരിച്ചുവന്നത്.

നിലവില്‍ ഒരു വാടക വീട്ടിലാണ് സംരംഭത്തിന്റെ പ്രവര്‍ത്തനം നടക്കുന്നത്. കുടുംബാംഗങ്ങള്‍ അല്ലാതെ ഒരാള്‍ മാത്രമുള്ള തന്റെ സംരംഭം ഒരു ഫാക്ടറി ആയി വികസിപ്പിച്ച് അവിടെ ധാരാളം പേര്‍ക്ക് ജോലിനല്‍കണം എന്നാണ് ദീജയുടെ ആഗ്രഹം. അതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ദീജ.

പുതിയ സുഹൃത്തുക്കള്‍ എന്ന് അര്‍ത്ഥം വരുന്ന ‘നൈമിത്ര’ എന്ന ഈ സംരംഭം പേര് പോലെതന്നെയാണ്. ഒരു പ്രാവശ്യം നൈമിത്രയുടെ ഫുഡ് പ്രോഡക്ട് വാങ്ങി ഉപയോഗിച്ച് സ്വന്തം കൈപുണ്യത്തിലൂടെ ലഭിക്കുന്ന ഉപഭോക്താക്കളായ സുഹൃത്തുക്കളുടെ സ്‌നേഹത്തിന്റെ പുറത്ത് നിലനില്‍ക്കുന്ന സ്ഥാപനമാണ് നൈമിത്ര. ആഹാരം മനുഷ്യനുള്ള കാലം വരെ നിലനില്‍ക്കും എന്ന വിശ്വാസം മാത്രമാണ് നിലവിലുള്ളത്.

വരുന്ന കാലത്തെ കുറിച്ച് ചിന്തിക്കാതെ നിലവില്‍ കഴിയുന്നത്ര സ്‌നേഹത്തോടെ ആയിരങ്ങള്‍ക്ക് കലര്‍പ്പില്ലാത്ത രുചികരമായ ആഹാര ഉത്പന്നങ്ങള്‍ നല്‍കണം എന്നത് മാത്രമാണ് ദീജ സതീശന്റെ ആഗ്രഹം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button