EntreprenuershipSuccess Story

ചകിരി വേസ്റ്റില്‍ നിന്നും അദ്ഭുതങ്ങള്‍

മണ്‍പാത്രങ്ങള്‍ കേരളീയ സംസ്‌കാരങ്ങളില്‍ ഒഴിച്ചുനിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല. പക്ഷേ, പുതിയ കാലഘട്ടങ്ങളിലെ നൂതന സാങ്കേതിക വിദ്യകളിലൂടെ കണ്ടെത്തിയ പുത്തന്‍ പാത്രനിര്‍മിതികള്‍ മണ്‍ചട്ടി നിര്‍മാണത്തിനെ കലയിലേക്കു മാത്രം ഒതുക്കിയപ്പോള്‍ പഴമയെ തിരിച്ചുപിടിക്കാന്‍ അതേ നൂതന സാങ്കേതിക നിര്‍മാണത്തിലൂടെ മണ്‍ചട്ടികള്‍ നിര്‍മിച്ച് വ്യവസായം നടത്തുകയാണ് ഗണേഷ് കളത്തായി എന്ന സംരംഭകന്‍. വാട്ടര്‍പ്രൂഫിങ്, കണ്‍സ്ട്രക്ഷന്‍, വൈദ്യം, കൃഷി അങ്ങനെ നിരവധി സംരംഭങ്ങള്‍ നടത്തി, കൈയൊപ്പ് ചാര്‍ത്തിയ വ്യക്തിയാണ് ഗണേഷ്.

പ്രകൃതി ഉത്പന്നങ്ങളായ ചകിരിയും മണ്ണും കൊണ്ട് നിര്‍മിക്കാവുന്ന നിരവധി ഉത്പന്നങ്ങള്‍ ഉണ്ടെങ്കിലും സാധാരണ പോലെ ചുട്ടെടുക്കാത്ത മണ്‍പാത്രങ്ങളാണ് ഗണേഷിന്റെ പുതിയ സംരംഭം. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒന്നര കൊല്ലമായി നിരവധി പരിശ്രമങ്ങളുടെ ഒടുവിലാണ് വിജയകരമായി അദ്ദേഹം ഗുണപ്രദമായ മണ്‍ചട്ടി നിര്‍മിച്ചത്.

വാങ്ങുന്ന ഗുണഭോക്താവിന്റെ നൂറുശതമാനം സംതൃപ്തിയ്ക്കായി ഓരോ ഘട്ടത്തിലും നിരവധി പരീക്ഷണങ്ങള്‍ നടത്തി ന്യുനതകള്‍ മനസിലാക്കി, അവയെല്ലാം പരിഹരിച്ച മികച്ച നിര്‍മിതികളാണ് ഈ മണ്‍ചട്ടികള്‍. അമ്പതിനാലു വയസുകാരനായ ഗണേഷിന് പല ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സ്വന്തമായി അധ്വാനിച്ചു ജീവിക്കണം എന്ന ഉറച്ച തീരുമാനമാണ് ഇരുന്നു നിര്‍മിക്കാന്‍ കഴിയുന്ന തരത്തിലുള്ള പഴമയുടെ ശുദ്ധമായ ഓര്‍മകളിലേക്ക് കൊണ്ടുപോകുന്ന മണ്‍ചട്ടി നിര്‍മാണത്തിലേക്ക് അദ്ദേഹത്തിന്റെ ചിന്തയെ എത്തിച്ചത്.

മറ്റുള്ളവരുടെ നിര്‍മാണ ചിന്തകളോ രീതികളോ പിന്തുടരാതെ സ്വന്തം പാതയിലൂടെ വ്യത്യസ്തമായി സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു സംരംഭകനാണ് ഗണേഷ്. പ്രകൃതിക്ക് ദോഷമുണ്ടാവുന്നതൊന്നും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുന്ന ഇദ്ദേഹം നഗരസഭാ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഒരു മാലിന്യ സംസ്‌കരണ യൂണിറ്റ് തുടങ്ങുകയുണ്ടായി. എന്നാല്‍ ആ യൂണിറ്റില്‍ ഉള്‍ക്കൊള്ളുന്നതിലും കൂടുതല്‍ മാലിന്യം യൂണിറ്റില്‍ തള്ളിയ സാഹചര്യത്തില്‍ അത് അദ്ദേഹത്തിന് കൊറോണ കാലയളവില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയുണ്ടായി.

ഒരു സംരംഭകന്‍ എന്ന നിലയ്ക്ക് അത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്തു. ഈ സമയത്ത് അധികൃതരടക്കം കൈയൊഴിഞ്ഞപ്പോഴും സ്വന്തം മനോബലം കൊണ്ട് നിലനില്‍ക്കുകയായിരുന്നു ഗണേഷ്. ആ സമയത്ത് സാമ്പത്തിക പിരിമുറുക്കം കാരണം റേഷന്‍ അരി മാത്രമുപയോഗിച്ച് ജീവിച്ചത് പറയാനും അദ്ദേഹത്തിന് മടിയില്ല. അവിടെയൊന്നും തോല്‍ക്കാതെ നിലനില്‍പ്പിനായി തുടങ്ങിയ മണ്‍ചട്ടി നിര്‍മാണമാണ് ഇന്ന് ഉയരങ്ങളിലെത്തി നില്‍ക്കുന്നത്.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കയര്‍ ഉല്പാദന കേന്ദ്രങ്ങളില്‍ കൂമ്പാരമായി കിടക്കുന്ന ചകിരി വെയ്സ്റ്റില്‍ നിന്നും നിര്‍മിക്കാന്‍ കഴിയുന്ന ഉപയോഗകരമായ ഒരു നിര്‍മിതിയാണ് ചകിരിവേസ്റ്റും മണ്ണും കൊണ്ടുണ്ടാക്കുന്ന മണ്‍ചട്ടിയെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കെട്ടിട നിര്‍മാണത്തിനുള്ള കട്ടയടക്കം നിരവധി ഉത്പന്നങ്ങള്‍ ഗണേഷിന്റെ പക്കലുള്ള ഈ വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കാന്‍ സാധിക്കും.

മണ്‍ചട്ടി ഉത്പാദനം ആരംഭിച്ച ഗണേഷിന് മേല്പറഞ്ഞ ഇഷ്ടിക, മണ്ണുകൊണ്ട് നിര്‍മിക്കാന്‍ കഴിയുന്ന ടൈല്‍സ് അടക്കം നിരവധി ചിന്തകള്‍ ഉള്ളിലുണ്ട്. അവയുടെയെല്ലാം പണിപ്പുരയിലുമാണ് അദ്ദേഹം. തന്റെ ഈ നിര്‍മാണത്തെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഗണേഷ്.

സ്വന്തം കാലില്‍ നിന്ന് വളര്‍ന്നുവന്ന ഗണേഷ് കളത്തായി എന്ന ഈ സംരംഭകന്‍ സ്വന്തം അനുഭവങ്ങളില്‍ നിന്നും പുതിയ സംരംഭകരോട് പറയാനുള്ളത് സര്‍ക്കാരിന്റെയോ, മറ്റുള്ളവരുടെയോ സഹായങ്ങള്‍ പ്രതീക്ഷിച്ച് ഒരു സംരംഭവും തുടങ്ങാന്‍ പാടില്ല എന്നും ഇത്തരത്തിലുള്ള നഷ്ടങ്ങള്‍ ഇല്ലാത്ത ചെറിയ തോതിലുള്ള സംരംഭങ്ങള്‍ തുടങ്ങണമെന്നുമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button