Be +ve

മനഃശക്തിയും ജീവിത വിജയവും

ജോബിന്‍ എസ് കൊട്ടാരം

ജീവിതത്തിലെ വേദനകള്‍, രോഗങ്ങള്‍, ബുദ്ധിമുട്ടുകള്‍ എല്ലാം നമ്മെ കൂടുതല്‍ ഉയരത്തിലേക്കും നന്മയിലേക്കും തിരിച്ചറിവിലേക്കും നയിക്കാനാണെന്ന് മനസിലാക്കി ശാന്തമായി സ്വീകരിക്കാം. അതുവഴി കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ നേടാം. തകര്‍ച്ചകളുണ്ടാകുമ്പോള്‍ തളരാത്ത മനസുമായി പ്രവര്‍ത്തിച്ചാല്‍ വിജയം നമ്മോടൊപ്പമുണ്ടാകും.

മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ആയോധന രംഗത്തെ അരങ്ങേറ്റ ദിവസം. അലക്‌സാണ്ടറുടെ പിതാവായ ഫിലിപ്പ് രാജാവും അമ്മയായ ഒളിംപിയ രാജ്ഞിയും മകന്റെ അരങ്ങേറ്റം കാണുവാനെത്തിയിരുന്നു.
ആയോധന കലകളിലെ പ്രാവീണ്യം തെളിയിച്ചതിനു ശേഷം അരങ്ങേറ്റം കുറിക്കുന്നവര്‍ മറ്റൊരു അഗ്നിപരീക്ഷയും കൂടി നേരിടണം. ഒരു ഇരുമ്പുകോപ്പയില്‍ ജ്വലിക്കുന്ന കനല്‍ക്കട്ടകളിട്ട് അത് യോദ്ധാക്കളുടെ കൈകളിലേക്ക് നല്‍കും. ഏറ്റവും കൂടുതല്‍ സമയം കൈകളില്‍ ആ ചൂട് വഹിക്കുവാന്‍ കഴിയുന്ന വ്യക്തി വിജയിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യും.
ഏതാനും സെക്കന്റുകള്‍ മാത്രം കനല്‍ക്കട്ടകള്‍ സംവഹിക്കുവാനേ യോദ്ധാക്കളില്‍ പലര്‍ക്കും സാധിച്ചുള്ളൂ.

അവസാനം അലക്‌സാണ്ടറുടെ ഊഴമെത്തി. ഇരുമ്പുകോപ്പയിലേക്ക് ജ്വലിക്കുന്ന കനല്‍ക്കട്ടകള്‍ ഓരോന്നായി വീണു. പക്ഷേ അലക്‌സാണ്ടര്‍ പതറിയില്ല. ചൂട് കൂടിയപ്പോള്‍ കനല്‍ക്കട്ടകള്‍ നിറഞ്ഞ ആ ഇരുമ്പുപാത്രം അലക്‌സാണ്ടര്‍ താഴേയ്ക്ക് എറിയുമെന്ന് പലരും പ്രതീക്ഷിച്ചു. കൈകള്‍ പൊള്ളുന്ന അവസ്ഥയിലെത്തിയപ്പോള്‍ ഈ കാഴ്ച കണ്ട് അലക്‌സാണ്ടറുടെ അമ്മയായ ഒളിംപിയ രാജ്ഞി മകന്റെ കൈയ്യില്‍ നിന്നും ആ കനല്‍ക്കട്ടകള്‍ നിറഞ്ഞ പാത്രം എടുത്തുമാറ്റുവാന്‍ ഫിലിപ്പ് രാജാവിനോട് അഭ്യര്‍ത്ഥിച്ചു.

അപ്പോള്‍ ഫിലിപ്പ് രാജാവിന്റെ മറുപടി ഇതായിരുന്നു: ”ഭാവിയില്‍ അവന്‍ വിജയിയായ ഒരു യോദ്ധാവായി തീരണമെങ്കില്‍ കരുത്തുറ്റ ഒരു മനസ്സാണ് അവന് ആവശ്യം. ഈ പരീക്ഷണഘട്ടത്തെ മനഃശക്തിയുപയോഗിച്ച് നേരിടുവാന്‍ അവന് സാധിച്ചാല്‍ അവന്‍ ആരെയും വെല്ലുന്ന, ഭയമേതുമില്ലാത്ത ഒരു യോദ്ധാവായിത്തീരും. ഈ ലോകം തന്റെ കൈപ്പിടിയിലൊതുക്കുവാന്‍ അവന് സാധിക്കും.”

പറഞ്ഞ സമയമത്രയും കനല്‍ക്കട്ടകള്‍ നിറഞ്ഞ ആ ഇരുമ്പുപാത്രം കൈയ്യില്‍ സംവഹിക്കുവാന്‍ അലക്‌സാണ്ടറിനു കഴിഞ്ഞു. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ മനഃശക്തി തെളിയിക്കപ്പെട്ട ഒരു അവസരമായിരുന്നു അത്. വെറും അഞ്ചടി മൂന്നിഞ്ച് മാത്രം പൊക്കമുണ്ടായിരുന്ന അലക്‌സാണ്ടര്‍ ഇരുപതാമത്തെ വയസിലാണ് ലോകം കീഴടക്കിയത്. സ്വന്തം മനസ്സുകളെ കീഴടക്കുന്ന ഓരോ വ്യക്തിക്കും ഈ ലോകത്തെയും കീഴടക്കാം എന്ന യാഥാര്‍ത്ഥ്യം അലക്‌സാണ്ടര്‍ ചക്രവര്‍ത്തി മനസിലാക്കിയിരുന്നു.

മുന്‍കാലങ്ങളില്‍ രാജാക്കന്മാര്‍ നായാട്ടിനായി പോകുമായിരുന്നു. കേവലം ഒരു വിനോദം എതിനപ്പുറം ഹിംസ്ര ജന്തുക്കളുമായി പോരടിച്ച് നായാട്ടിലേര്‍പ്പെടുമ്പോള്‍ അവരറിയാതെ തന്നെ അവരുടെ മനഃശക്തി വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യവും കൂടി നായാട്ടിനുണ്ടായിരുന്നു.
ആളുകളുടെ മനഃശക്തി കുറഞ്ഞുവരുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദവും, ബന്ധങ്ങളിലെ തകര്‍ച്ചയും, നിരാശയും, ആത്മഹത്യയുമൊക്കെ. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ആധുനിക മൈന്‍ഡ്പവര്‍ മോട്ടിവേഷണല്‍ ട്രെയ്‌നിംഗുകളില്‍ ആളുകളുടെ മനഃശക്തി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന എക്‌സിപീരിയന്‍ഷ്യല്‍ ലേണിംഗ് മെതേഡുകളായ ബ്രോക്കണ്‍ ഗ്ലാസ് വാക്കിംഗ്, ഫയര്‍ബോള്‍ ഈറ്റിംഗ്, ടൈല്‍ ബ്രേക്കിംഗ്, അയണ്‍ റോഡ് ബെന്‍ഡിംഗ്, ഫയര്‍ വാക്കിംഗ് തുടങ്ങിയവയൊക്കെ ഉള്‍ക്കൊള്ളിക്കുത്. തകര്‍ച്ചകളുണ്ടാകുമ്പോള്‍ തളരാത്ത മനസുമായി പ്രവര്‍ത്തിച്ചാല്‍ വിജയം നമ്മോടൊപ്പമുണ്ടാകും.

വേദനകളിലൂടെ വിജയം

ലോകപ്രശസ്ത ചിത്രകാരനായിരുന്ന അഘാസ്റ്റ് റെന്‍വര്‍ (1841-1919). തന്റെ ജീവിത കാലഘട്ടത്തിനിടയില്‍ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ അദ്ദേഹം വരച്ചിട്ടുണ്ട്. അവയില്‍ പലതും ഇന്നും ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. വളരെയേറെ കഴിവുകള്‍ ഉണ്ടായിരുന്നെങ്കിലും ചിത്രരചന അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല. ശാരീരികമായ അസുഖങ്ങളും മോശം ആരോഗ്യസ്ഥിതിയുമായിരുന്നു ഇതിനു കാരണം. അനാരോഗ്യം മൂലം തന്റെ വിരലുകള്‍പോലും ശരിയായ രീതിയില്‍ ചലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
കുറേസമയം എഴുന്നേറ്റ് നിന്നുകൊണ്ട് പെയിന്റ് ചെയ്യാന്‍ അദ്ദേഹത്തിന്റെ അനാരോഗ്യം അനുവദിച്ചിരുന്നില്ല. അത്രയധികമായിരുന്നു ശാരീരികമായ വേദനകള്‍. തന്റെ ശാരീരികമായ അവസ്ഥ വളരെ മോശമായിരുന്നിട്ടും അവയെല്ലാം അവഗണിച്ചുകൊണ്ട് റെന്‍വര്‍ തന്റെ ചിത്രരചന തുടര്‍ന്നു. ഒരു ദിവസം വളരെയേറെ വേദന സഹിച്ചുകൊണ്ട് റെന്‍വര്‍ പെയിന്റ് ചെയ്യുന്നതു കണ്ട് ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു. ”ഇത്രയേറെ കഠിനമായ വേദന സഹിച്ചുകൊണ്ട് എന്തിനാണ് താങ്കള്‍ പെയിന്റ് ചെയ്യുന്നത്?” അപ്പോള്‍ റെന്‍വര്‍ പറഞ്ഞ മറുപടി: ”എന്റെ ഈ വേദന താമസിയാതെ മാഞ്ഞുപോയേക്കാം. പക്ഷേ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ സൗന്ദര്യം ഇവിടെ എന്നും അവശേഷിക്കും.”

വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായി. റെന്‍വറിന്റെ ജീവിതാന്ത്യത്തോടെ അദ്ദേഹത്തിന്റെ വേദനകളും അപ്രത്യക്ഷമായി. പക്ഷേ അദ്ദേഹം വരച്ച മികച്ച ചിത്രങ്ങള്‍ ഇന്നും അനേകരില്‍ സന്തോഷം പരത്തി നിലനില്‍ക്കുന്നു.
നമ്മുടെ ജീവിതത്തിലും വേദനകളും പ്രതിസന്ധികളും ബുദ്ധിമുട്ടുകളുമൊക്കെ കടന്നുവന്നേക്കാം. വിശുദ്ധരുടെയെല്ലാം ജീവിതം വേദനകള്‍ കൂടി ചേര്‍തായിരുന്നു. തീയിലേക്ക് ഇടുമ്പോള്‍, ചൂടേല്‍ക്കാന്‍ എനിക്കു കഴിയില്ലെന്ന് സ്വര്‍ണ്ണം പറഞ്ഞാല്‍, ഒരിക്കലും അതിലെ മാലിന്യങ്ങള്‍ നീങ്ങി അത് ശുദ്ധമാവുകയില്ല. അതിനാല്‍ ജീവിതത്തിലെ വേദനകള്‍, രോഗങ്ങള്‍, ബുദ്ധിമുട്ടുകള്‍ എല്ലാം നമ്മെ കൂടുതല്‍ ഉയരത്തിലേക്കും നന്മയിലേക്കും തിരിച്ചറിവിലേക്കും നയിക്കാനാണെന്ന് മനസിലാക്കിക്കൊണ്ട് ശാന്തമായി സ്വീകരിക്കാം. അതുവഴി കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ നേടാം. പ്രാര്‍ത്ഥനാശംസകള്‍

ചിന്ത
കൂടുതല്‍ ബുദ്ധിപൂര്‍വം വീണ്ടും ആരംഭിക്കാനുള്ള അവസരമാണ് പരാജയം — ഹെന്റി ഫോര്‍ഡ്

(രാജ്യാന്തര മോട്ടിവേഷണല്‍ ട്രെയിനറും മാനേജ്‌മെന്റ് വിദഗ്ധനും 25-ഓളം പ്രചോദാത്മക ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ജോബിന്‍ എസ്. കൊട്ടാരം
ഫോണ്‍: 94472 59402,Email:jskottaram@gmail.com)

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button