Health

കാലിലെ വേദനയും നീരും

- ഡോ. അശ്വതി തങ്കച്ചി

ഒരുപാട് കാരണങ്ങള്‍കൊണ്ട് ഇന്ന് വളരെ സാധാരണമായി ജനങ്ങളില്‍ കാലുവേദന കണ്ടുവരുന്നു. ഏതെങ്കിലും തരത്തിലുള്ള മുറിവുകള്‍ മൂലം ഇത് സംഭവിക്കുന്നത് സാധാരണയാണ്. എന്നാല്‍ ആദ്യകാലങ്ങളിലെ മുറിവു കാരണമല്ലാതെ സംഭവിക്കുന്ന വേദനയോ, കഴപ്പോ, തരിപ്പോ എന്നിവയ്‌ക്കൊന്നും ആരും വൈദ്യസഹായം തേടാറില്ല എന്നതാണ് സത്യം. കാലുവേദന പലരിലും പലതരത്തിലാണ് അനുഭവപ്പെടുന്നത്. ചിലര്‍ക്ക് കാലുവേദന രാത്രി കാലങ്ങളില്‍ മാത്രമായി അനുഭവപ്പെടാം.

ചിലര്‍ക്ക് കാലുവേദനയുടെ കാഠിന്യം രാത്രികാലങ്ങളില്‍ കൂടുമെങ്കിലും പകല്‍ സമയങ്ങളിലും അത് അനുഭവപ്പെടും. ചിലരില്‍ ഇടവേളകളിലായി, ഇടവിട്ടായിരിക്കാം അനുഭവപ്പെടുന്നത്. ഇടുപ്പിനു താഴേക്ക് കാല്‍പ്പത്തിവരെയുള്ള ഭാഗങ്ങളിലെ വേദനയോ, കഴപ്പോ, തരിപ്പോ അനുഭപ്പെടുമ്പോള്‍ത്തന്നെ വൈദ്യസഹായം തേടുന്നതാണ് ഉത്തമം.

പ്രധാനമായും നമ്മുടെ കാലിലെ പേശികളുടേയും മറ്റും ക്ഷതങ്ങളാണ് ഇതിന്റെ മൂലകാരണം. കാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നതും ഒരു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നു. പോയകാലങ്ങളില്‍ സംഭവിച്ച അപകടങ്ങളോ ക്ഷതങ്ങളോ മൂലവും, പില്ക്കാലത്ത് കാലിലേക്ക് വേദനയോടുകൂടിയുള്ള തരിപ്പ് അനുഭവപ്പെടാം. അമിത ശരീരഭാരമുള്ളവര്‍ക്കും കാലുവേദന സ്വാഭാവികമാണ്. അങ്ങനെയുള്ളവര്‍ക്ക് അധികമായും കാല്‍മുട്ടുവേദനയാണ് കണ്ടുവരുന്നത്.
അമിത ശരീര ഭാരമുള്ളവര്‍ ശരീരഭാരം കുറയ്ക്കാന്‍ ആദ്യദിനങ്ങളില്‍ ഓടുന്നതും കാലിലെ പേശികള്‍ക്ക് ക്ഷതമുണ്ടാക്കും. ആദ്യകാലങ്ങളില്‍ നടത്തമായിരിക്കും ഇവര്‍ക്ക് ഉചിതം. ആഹാര ക്രമത്തില്‍ ആദ്യം ശ്രദ്ധിച്ചതിനു ശേഷം മാത്രം വ്യായാമം തുടങ്ങുന്നതായിരിക്കും അമിതഭാരമുള്ളവര്‍ക്ക് നന്ന്.

സന്ധിവാതം (ARTHRITIS) ഉള്ള ആളുകളിലാണ് കാലുവേദന അമിതമായി കണ്ടുവരുന്നത്. രണ്ട് അസ്ഥികള്‍ തമ്മില്‍ ചേരുന്ന സ്ഥലമാണ് സന്ധി. സന്ധിവേദന ജീവിതത്തില്‍ ഒരു തീരാദുഖമായി കൊണ്ടുനടക്കുന്നവര്‍ ഒട്ടനവധിയാണ്. എന്നാല്‍ റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന അവസ്ഥ സന്ധികളില്‍ നീരും വേദനയും അമിതമായി സൃഷ്ടിക്കുന്നു. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് ഇത് അധികമായി കണ്ടുവരുന്നത്. മുപ്പതിനും അറുപതിനും ഇടയില്‍ പ്രായമുളള സ്ത്രീകളിലാണ് ഇത് അധികമായി കാണപ്പെടുന്നത്.

കാലുകളിലേക്ക് നീര് വന്നു തുടങ്ങുമ്പോഴാണ് രോഗാവസ്ഥ മൂര്‍ച്ഛിക്കുന്നത്. കാലിലെ നീര് കുറയുന്ന അവസ്ഥയില്‍ വേദനക്ക് അല്‍പം ശമനം ഉണ്ടാകും. ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. നീര്‍വീക്കവും വേദനയും കുറക്കാന്‍, അവ കഴിയുന്നത്ര പ്രവര്‍ത്തന സജ്ജമാക്കുക എന്നതിനാവണം നാം ഊന്നല്‍ കൊടുക്കേണ്ടത്. ചികിത്സാരീതിയോടൊപ്പം തന്നെ ചില വ്യായാമങ്ങളും ശീലമാക്കുന്നത് നന്ന്. സന്ധിവാതമുള്ളവര്‍ക്ക് സന്ധികള്‍ ഉറപ്പിച്ച് ചലിപ്പിക്കാനാവാത്ത അവസ്ഥയും ഉണ്ടാകാം; പ്രത്യേകിച്ച് രാവിലെ ഉറക്കമുണരുമ്പോഴാണ് ഇത് അധികമായി അനുഭവപ്പെടുക. കാലുവേദനയുള്ള ചില രോഗികളില്‍ സന്ധിയുടെ ചുറ്റും ചൂട് അനുഭവപ്പെടാറുമുണ്ട്. ചിലര്‍ക്ക് സന്ധികളില്‍ നീരോടുകൂടിയുള്ള ചുവപ്പു നിറവും കാണാം.

കാലുവേദനയുടെ ചികിത്സാരീതിയില്‍ പ്രധാന പങ്ക് വഹിക്കുന്നത് രോഗിയുടെ ജോലിയെ അടിസ്ഥാനമാക്കിയായിരിക്കും. അമിതഭാരം ചുമക്കുന്നവരിലും അധികം നേരം നില്‍ക്കേണ്ടി വരുന്നവരിലും വിശ്രമമില്ലാതെ ജോലിചെയ്യുന്നവരിലും ഇത് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സ്ത്രീകളിലാണ് ഇത് അധികമായി കണ്ടുവരുന്നത്. സന്ധിയെ ചുറ്റി സംരക്ഷിക്കുന്ന ലിഗ്‌മെന്ററുകളുടെ തകരാറുകളാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. അധികനേരം കുത്തിയിരുന്ന് ജോലി ചെയ്യുന്നവരിലും അതികഠിനമായി കായികാദ്ധ്വാനം ചെയ്യുന്നവരിലും ലിഗ്‌മെന്ററുകള്‍ക്ക് ക്ഷതമുണ്ടാകുകയും, പൊട്ടലോ കീറലോ ഉണ്ടാവുകയും ചെയ്യാം. വ്യായാമം തീരം കുറവായ ആള്‍ക്കാരുടെ കാലില്‍ അധികമായി കഴപ്പോ വേദനയോ അനുഭവപ്പെടാം. ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നതും ഇതിന് കാരണമായി ഡോക്ടര്‍ ചൂണ്ടികാണിക്കുന്നു. ആയുര്‍വേദ, സിദ്ധ, മര്‍മ്മ ചികിത്സാ രീതികളിലൂടെ വളരെ ഫലപ്രദമായി കാലുവേദന ചികിത്സിച്ച് മാറ്റാവുന്നതാണ്.

  • ഡോ. അശ്വതി തങ്കച്ചി
    എം.ഡി, സിദ്ധസേവാമൃതം
    അമ്പലമുക്ക്, തിരുവനന്തപുരം
    04712436064, 73568 78332

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button