EduPlusEntreprenuershipSpecial StorySuccess Story

വരും തലമുറയുടെ വഴികാട്ടിയായി കിന്‍ഡര്‍സ്റ്റെപ്‌സ്‌

അധ്യാപക ദമ്പതികളുടെ മകളായ തിരുവനന്തപുരം സ്വദേശി ഫെമീന ഷാ സ്‌കൂള്‍ രംഗത്തേക്ക് എത്തിയത് ഒട്ടും യാദൃശ്ചികമായല്ല. കോളേജ് അധ്യാപകനായിരുന്ന പിതാവിനും ഗണിത അധ്യാപികയായിരുന്ന മാതാവിനും അവരുടെ വിദ്യാര്‍ത്ഥികളില്‍ നിന്നും സമൂഹത്തില്‍ നിന്നും കിട്ടിയ സ്‌നേഹവും ബഹുമാനവും സ്വീകാര്യതയും കണ്ടുവളര്‍ന്ന ഫെമീനയ്ക്ക് ചെറിയ പ്രായത്തില്‍ തന്നെ അധ്യാപനം ഒരു അഭിനിവേശമായി മാറിയിരുന്നു.

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയയുടന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും അവര്‍ പഠനം തുടര്‍ന്നു. ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ MBA പൂര്‍ത്തിയാക്കിയ ഫെമീന പത്തു വര്‍ഷത്തോളം മൂന്ന് മള്‍ട്ടി നാഷണല്‍ കമ്പനികളിലായി ഉത്തരവാദിത്വപ്പെട്ട തസ്തികകളില്‍ തന്റെ കഴിവ് തെളിയിച്ചു. American Association for Higher Education and Accreditation of USA യുടെ കീഴിലുള്ള ഇന്റര്‍നാഷണല്‍ കോളേജ് ഓഫ് ടീച്ചേഴ്‌സ് ആന്‍ഡ് ട്രൈനേഴ്‌സില്‍ നിന്ന് Masters in TEFL/ TESOL, 21st Century Teaching Skills എന്നീ കോഴ്‌സുകളും ഫെമീന വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Seer Biosolutions Pvt. Ltd.കമ്പനിയുടെ എംഡി മുഹമ്മദ് ഷാ ആണ് ഫെമീനയുടെ ജീവിത പങ്കാളി. ഭര്‍ത്താവിന്റെയും റിട്ടയേര്‍ഡ് ജീവിതം നയിച്ചിരുന്ന തന്റെ മാതാപിതാക്കളുടെയും പിന്തുണയാണ്, തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയില്‍ നന്നേ ചെറുതായിരുന്ന തന്റെ മകന്‍ അമനെ നന്നായി വളര്‍ത്താന്‍ ഫെമീനയെ സഹായിച്ചത്.

ഒരു ദശാബ്ദത്തോളം നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തില്‍ പലപ്പോഴും അവര്‍ കണ്ട കാഴ്ച തങ്ങളുടെ കുഞ്ഞുങ്ങളെ നോക്കി വളര്‍ത്താന്‍ ആളില്ലാതെ കഷ്ടപ്പെട്ട് പഠിച്ചു നേടിയ ജോലി ഉപേക്ഷിച്ചു പോകുന്ന കഴിവുറ്റ സ്ത്രീകളെയാണ്. നഷ്ടബോധത്തില്‍ നിന്ന് പതിയെ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും ഉലയുന്ന കുടുംബബന്ധങ്ങളും… ഇതിനിടയില്‍ പെട്ടുപോകുന്ന ഒന്നുമറിയാത്ത കുഞ്ഞുങ്ങളെയും നാല് ചുമരുകള്‍ക്കിടയില്‍ ഒതുങ്ങിപ്പോകുന്ന സ്ത്രീകളുടെ മാനസിക സംഘര്‍ഷങ്ങളും പലതവണ കണ്ടപ്പോഴാണ് ഇതിനുള്ള പ്രതിവിധിയെക്കുറിച്ച് അവര്‍ ആലോചിച്ചു തുടങ്ങിയത്.

മാസങ്ങള്‍ നീണ്ട ഗവേഷണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം തന്റെ ജോലി ഉപേക്ഷിച്ച് അവര്‍ 2012 ഫെബ്രുവരി ഒന്നിന് ‘കിന്‍ഡര്‍സ്റ്റെപ്‌സ്’ എന്ന സ്ഥാപനത്തിന് ജന്മം കൊടുത്തു. അധ്യാപനത്തോട് വളരെയധികം ഇഷ്ടമുണ്ടായിരുന്ന ഫെമീന പ്രീസ്‌കൂള്‍ കിന്‍ഡര്‍ ഗാര്‍ട്ടന്‍ തുടങ്ങിയതിനോടൊപ്പം ജോലിയുള്ള അമ്മമാര്‍ക്ക് വേണ്ടി മൂന്നുമാസം മുതല്‍ രണ്ട് വയസ്സു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണമേകാന്‍ ഇന്‍ഫന്റ് കെയര്‍ വിഭാഗം കൂടി ആരംഭിച്ചു. 2015 മുതല്‍ Steps Educational & Charitable Trust രൂപീകരിച്ച് Teachers Training ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ ഏകോപിപ്പിച്ച് കൊണ്ടുവരികയാണ്.

കിന്‍ഡര്‍സ്റ്റെപ്‌സ് വളരെ സുഗമമായി നടത്തികൊണ്ടു പോകുന്നതിനിടയിലാണ് പുതിയ തലമുറയിലെ അച്ഛനമ്മമാര്‍ക്ക് ഓരോ പ്രായത്തിലും കുട്ടികള്‍ക്ക് കൊടുക്കേണ്ട ആഹാരത്തെക്കുറിച്ച് ഒരു ധാരണയുമില്ല എന്ന വലിയ സത്യം ഫെമീന മനസ്സിലാക്കിയത്. ആറുമാസം പ്രായമുള്ള കുട്ടിക്ക് ഡ്രൈഫ്രൂട്ട് കൊടുത്തു വിട്ട അമ്മ മുതല്‍ ഒരു വയസ്സുകാരന് പൊറോട്ടയും ബീഫ് കറിയും കൊടുത്തുവിട്ട അച്ഛന്‍ വരെയുള്ള എത്രയോ രസകരമായ അനുഭവങ്ങള്‍…

അവരോടൊക്കെ സംസാരിച്ചപ്പോള്‍ പുതുതലമുറയ്ക്ക് പ്രായത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് കൊടുക്കേണ്ട ഭക്ഷണത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് ഫെമീനയ്ക്ക് മനസ്സിലായി. ഇനി ധാരണയുണ്ടെങ്കിലും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്ത പ്രിസര്‍വേറ്റീവ്‌സ് നിറയ്ക്കാത്ത നല്ല ഭക്ഷണം തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന അച്ഛനമ്മമാര്‍ക്ക് യാതൊരു വഴിയുമില്ല.

ഹൈപ്പര്‍ ആക്ടിവിറ്റിയും സംസാര വൈകല്യവും ഉള്‍പ്പെടെ കുഞ്ഞുങ്ങളില്‍ വികസന പ്രശ്‌നങ്ങള്‍ കൂടി വരുന്നത് തിരിച്ചറിഞ്ഞ അവര്‍ ‘വളര്‍ന്നുവരുന്ന തലമുറയ്ക്ക് മായമില്ലാത്ത നല്ല ഭക്ഷണം’ എന്ന ആശയം  ‘Foyenna’  എന്ന തന്റെ ഫുഡ് ബ്രാന്‍ഡിന്റെ വിജയമാക്കി മാറ്റി.

ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഫെമീന, ഗ്രാമങ്ങള്‍ തോറും യാത്ര ചെയ്തു അവിടത്തെ സ്ത്രീകളെ സംഘടിപ്പിച്ചു ഏത്തവാഴ, ചെറുധാന്യങ്ങള്‍ എന്നിവയുടെ കൃഷിയെ കുറിച്ച് അവരെ ബോധവല്‍ക്കരിച്ചു. കൃഷി ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവന്ന സ്ത്രീകള്‍ക്ക് വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനം കൊടുത്തും കൃത്യമായ ഇടവേളകളില്‍ കൃഷിസ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുത്തും വിഷരഹിത വിളകള്‍ നൂറുമേനി വിളവെടുത്തു.
കൃഷിക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിപണി കണ്ടെത്തുക എന്നതാണ്.

‘ഫോയന്ന’യുടെ 44 തരം ബേബി ഫുഡുകളുടെയും 99% ചേരുവകളും ഈ ചെറുകിട കര്‍ഷകരുടെ ഉത്പന്നങ്ങളാണ്. ഫോയന്നയ്ക്ക് ഇന്ന് ലോകമെമ്പാടും ഉപഭോക്താക്കള്‍ ഉണ്ട്. നവമാധ്യമങ്ങള്‍ വഴിയാണ് വിപണനം. ഓര്‍ഡര്‍ അനുസരിച്ച് മാത്രം പ്രോഡക്റ്റ് ഉത്പാദിപ്പിക്കുന്നത് കൊണ്ട് തന്നെ പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിക്കേണ്ടതുമില്ല. ഫോയന്ന കുറെയേറെ വീട്ടമ്മമാര്‍ക്ക് ഉപജീവനവും ഒരുപാട് അമ്മമാര്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വിഷരഹിത ഭക്ഷണവും ഉറപ്പുവരുത്തുന്നു.  ഒരു സ്ത്രീയുടെ ഗര്‍ഭാവസ്ഥ മുതല്‍ പ്രസവാനന്തര കാലഘട്ടം വരെ അവളുടെ ആരോഗ്യം കാത്തു സുക്ഷിക്കാനുള്ള പോഷകാഹാരങ്ങള്‍, ലേഹ്യം, വേദുകുളിക്കൂട്ട്‌ തുടങ്ങിയവയെല്ലാം  Foyennaയുടെ ഉത്പന്ന ശ്രേണിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കേവലം ഒരു പ്രീ പ്രൈമറി സ്‌കൂള്‍ മാത്രമല്ല കിന്‍ഡര്‍സ്റ്റെപ്‌സ്. ഫെമീനയും ടീമും എല്ലാ അര്‍ത്ഥത്തിലും ഒരു ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററാക്കി ഈ സ്ഥാപനത്തെ മുന്നോട്ടു കൊണ്ടു പോകുന്നു. ഒരു സര്‍ട്ടിഫൈഡ് കൗണ്‍സിലറായ ഫെമീന കുഞ്ഞുങ്ങളെയും രക്ഷകര്‍ത്താക്കളെയും ‘നല്ല ജീവിതം’ നയിക്കാന്‍ ഒരുപോലെ സഹായിക്കുന്നു.

‘കളിയിലൂടെ പഠനം’ എന്ന മാതൃക പിന്തുടരുന്ന കിന്‍ഡര്‍സ്റ്റെപ്‌സ് വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ഭാഷയിലും ഗണിതത്തിലും സയന്‍സിലും വളരെ മികച്ച ഒരു അടിത്തറ കെട്ടിപ്പടുത്തുന്നു; ഭാവിയിലെ അവരുടെ വിദ്യാഭ്യാസത്തിന് നല്ലൊരു അടിസ്ഥാനം നല്‍കുന്നു. ഓരോ ഘട്ടത്തിലെയും കുഞ്ഞുങ്ങളുടെ വികസന മേഖലകള്‍ വിലയിരുത്തി അത് മാതാപിതാക്കള്‍ക്ക് വ്യക്തമായി മനസ്സിലാക്കിക്കൊടുത്ത്, കുഞ്ഞുങ്ങളെ ആത്മവിശ്വാസമുള്ള ഒരു തലമുറയായി വളര്‍ത്തിയെടുക്കുകയാണ് ഫെമീന കിന്‍ഡര്‍സ്റ്റെപ്‌സിലൂടെ ചെയ്യുന്നത്.

കോവിഡ് തച്ചുടച്ച അഭ്യസ്തവിദ്യരായ സ്ത്രീ ജീവിതങ്ങള്‍ക്ക് വഴികാട്ടുകയാണ് ഫെമീനയും സംഘവും. കുട്ടികളോട് ഇഷ്ടമുള്ള, അവരുടെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ള ആര്‍ക്കും കിന്‍ഡര്‍സ്റ്റെപ്‌സിന്റെ ഫ്രാഞ്ചൈസിയെടുക്കാം.

വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ വിജയ സാധ്യത ഏറെയുള്ള പ്രീസ്‌കൂള്‍ രംഗത്തേക്ക് ഇറങ്ങാന്‍ തയ്യാറുള്ളവരോട് ഫെമീനയ്ക്ക് പറയാനുള്ളത് ഇതാണ് ;

”വളരെയേറെ കുലീനമായ, അതേ സമയം ഉത്തരവാദിത്വമുള്ള ഒരു മേഖലയാണിത്. വ്യക്തമായി പഠിച്ച്, ബിസിനസ്സില്‍ സംഭവിക്കുവാന്‍ സാധ്യതയുള്ള റിസ്‌ക് ഒഴിവാക്കി, വരും തലമുറയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും ആവശ്യമുള്ള ഒരു പാഠ്യപദ്ധതിയിലൂടെ മുന്നോട്ടു പോയാല്‍ പ്രീ സ്‌കൂള്‍ മേഖലയില്‍ 100% വിജയം കൈവരിക്കാം. അവിടെയാണ് ഫ്രാഞ്ചൈസര്‍ എന്ന നിലയില്‍ ഞങ്ങള്‍ സഹായിക്കാനുള്ളത്.

വളരെ ചെറിയ ഫ്രാഞ്ചൈസി ഫീ ഈടാക്കി, റോയല്‍റ്റി ഒഴിവാക്കിക്കൊണ്ട് ബിസിനസ്സില്‍ നിന്നും കിട്ടുന്ന വരുമാനം മുഴുവന്‍ ഫ്രാഞ്ചൈസിയ്ക്ക് എടുക്കാവുന്ന രീതിയിലാണ് ഞങ്ങള്‍ ഈ പ്രോഗ്രാം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പോസിറ്റീവ് ചിന്തയും സമര്‍പ്പണ മനോഭാവവും കുഞ്ഞുങ്ങളോടുള്ള ഇഷ്ടവും ഉണ്ടെങ്കില്‍ ഈ മേഖലയില്‍ ആര്‍ക്കും തിളങ്ങാം. അതിനുള്ള എല്ലാ മാര്‍ഗനിര്‍ദ്ദേശവും പരിശീലനവും സൗജന്യമായി ഞങ്ങള്‍ നല്‍കും. അതുപോലെ പ്രവര്‍ത്തിച്ചാല്‍ വിജയം 100% ഗ്യാരണ്ടിയാണ്.”

തന്റെ ജീവിതപങ്കാളിയുടെ ഉദ്യമമായ ബയോമെഡിക്കല്‍ ഡിസൈനിങ് കമ്പനിയിലും ഫെമീനയുടെ സജീവ ശ്രദ്ധയുണ്ട്.

സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വൃദ്ധര്‍ക്കും യാത്രക്കാര്‍ക്കും രോഗികള്‍ക്കും വളരെ ഉപയോഗപ്രദമാകുന്ന ഉത്പന്നങ്ങള്‍ ഡിസൈന്‍ ചെയ്യുകയും നിര്‍മിക്കുകയും ചെയ്യുന്ന ഈ കമ്പനിയുടെ ചില ഉത്പന്നങ്ങളാണ് Menstrual Cup using Medical Grade Silicone, Female Urination Device, Travel Urine / Vomit Bag എന്നിവ.

സമൂഹത്തിനോട് പ്രതിബദ്ധതയുള്ള ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രചോദനവും മാതൃകയുമാണ് ഈ സംരംഭക.

Contact No: 8129514514 / 9400151888

E-mail: info@kindersteps.in

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button