Business ArticlesEntreprenuership

നിങ്ങളുടെ ബിസിനസ്സിനെ വിജയത്തിലാക്കാന്‍ ഇതാ കുറച്ച് ടിപ്‌സുകള്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു മാര്‍ഗരേഖ

സുധീര്‍ ബാബു
(മാനേജിംഗ് ഡയറക്ടര്‍, ഡി വാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം)
ഫോണ്‍ : 98951 44120
e-mail: sudheerbabu@devalorconsultants.com
Website : www.sudheerbabu.in

സ്റ്റാര്‍ട്ടപ്പുകള്‍ രൂപീകരിക്കുന്ന സമയം മുതല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും നടപ്പില്‍ വരുത്തേണ്ടതുമായ പ്രധാനപ്പെട്ട ചില സംഗതികളുണ്ട്. ഇത്തരം കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ കൃത്യമായി ചെയ്താല്‍ മുന്നോട്ടുള്ള യാത്ര സുഗമമാകുകയും പിന്നീട് ഉയര്‍ന്നു വരാന്‍ പോകുന്ന പല വെല്ലുവിളികളേയും നേരിടാന്‍ ബിസിനസ് സജ്ജമാകുകയും ചെയ്യും.

1. ആശയത്തിന്റെ/ ബിസിനസ് മോഡലിന്റെ വിലയിരുത്തല്‍
നിങ്ങളുടെ ആശയം അല്ലെങ്കില്‍ ബിസിനസ് മോഡല്‍ സ്റ്റാര്‍ട്ടപ്പ് എന്ന സ്ഥാനത്തിന് യോഗ്യതയുള്ളതാണോയെന്ന് വിലയിരുത്തേണ്ടതുണ്ട്. Department for Promotion of Industry and Internal Trade (DPIIT) ന്റെ നിര്‍വചനത്തിന്റെ പരിധിക്കുള്ളില്‍ ബിസിനസ് വരുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

താഴെ പറയുന്ന ലക്ഷ്യവുമായി നിങ്ങളുടെ ബിസിനസ് എത്രമാത്രം താദാത്മ്യം പ്രാപിക്കുന്നുണ്ടെന്ന് താരതമ്യപ്പെടുത്താം.
”ധാരാളം തൊഴിലവസരങ്ങളോ വലിയ സമ്പത്തോ സൃഷ്ടിക്കുവാന്‍ കെല്പ്പുള്ള ഉത്പന്നങ്ങളുടേയോ, സേവനങ്ങളുടേയോ, പ്രക്രിയകളുടേയോ, ബിസിനസ് മോഡലിന്റെയോ നവീനത, വികസനം, അഭിവൃദ്ധിപ്പെടുത്തല്‍ എന്നിവയില്‍ കേന്ദ്രീകൃതമായ ബിസിനസ് ആയിരിക്കണം.”

ആശയം എന്തുമാവട്ടെ നിങ്ങളുടെ ബിസിനസിന് ഉയര്‍ന്ന തോതില്‍ തൊഴിലവസരങ്ങളോ സമ്പത്തോ സൃഷ്ടിക്കുവാനുള്ള ആന്തരിക ശക്തി ഉണ്ടായിരിക്കണം. നൂതനമായ ഒരു ഉത്പന്നമാണെങ്കില്‍ പോലും ബിസിനസ് മോഡലിന് ഇത്തരമൊരു യോഗ്യതയില്ലെങ്കില്‍ അത് സ്റ്റാര്‍ട്ടപ്പ് ആവുകയില്ല. അതേസമയം, പഴയൊരു ആശയമാണെങ്കിലും അതിന്റെ ബിസിനസ് മോഡലിന് ഈ ഗുണങ്ങള്‍ ഉണ്ടെങ്കില്‍ അത് സ്റ്റാര്‍ട്ടപ്പ് എന്ന നിര്‍വചനത്തിനുള്ളില്‍ ഉള്‍പ്പെടും.

നിങ്ങളുടെ ബിസിനസ് ഒരു സ്റ്റാര്‍ട്ടപ്പാണ് എന്ന് പൂര്‍ണബോധ്യമായി കഴിഞ്ഞാല്‍ മറ്റ് ഔപചാരിതകളിലേക്ക് കടക്കാം.

2. സ്റ്റാര്‍ട്ടപ്പ് ഉടമസ്ഥ രൂപം നിശ്ചയിക്കുക
സംരംഭത്തിന്റെ ഉടമസ്ഥരൂപം നിശ്ചയിക്കുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ കണക്കിലെടുക്കേണ്ട ചില വസ്തുതകളുണ്ട്.

(a) സ്റ്റാര്‍ട്ടപ്പ് അംഗീകാരം ലഭ്യമാകുവാന്‍ സഹായകരമായ ഉടമസ്ഥരൂപം ഏതാണ്?
പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, രജിസ്റ്റേര്‍ഡ് പാര്‍ട്ട്ണര്‍ഷിപ്പ് ഫേം, ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് എന്നിവയില്‍ ഏതെങ്കിലും ഒന്നാകണം സ്റ്റാര്‍ട്ടപ്പിന്റെ ഉടമസ്ഥരൂപം. അതുകൊണ്ട് ഇതിലേതെങ്കിലും ഉടമസ്ഥരൂപം തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം.

(b) മൂലധനത്തിനായി ഏഞ്ചല്‍ നിക്ഷേപകരെ (Angel Investors) സമീപിക്കുവാന്‍ പദ്ധതിയുണ്ടോ?
ഏഞ്ചല്‍ നിക്ഷേപകര്‍ ഒരിക്കലും പാര്‍ട്ട്ണര്‍ഷിപ്പ് ഫേമില്‍ നിക്ഷേപം നടത്തുവാന്‍ തയ്യാറാവുകയില്ല. പാര്‍ട്ട്ണര്‍ഷിപ്പിന്റെ അപരിമിത ബാധ്യത (Unlimited Liability) തന്നെയാണ് ഇതിന് കാരണം. ഏഞ്ചല്‍ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട ഉടമസ്ഥരൂപങ്ങള്‍ രണ്ടെണ്ണമാണ്.
(a). ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് (LLP)
(b). പ്രൈവറ്റ് ലിമിറ്റഡ് കമ്പനി
ഇവയ്ക്കുള്ള പരിമിത ബാധ്യതയാണ് (Limited Liability) ഈ രണ്ട് ഉടമസ്ഥരൂപങ്ങളെ ഏഞ്ചല്‍ നിക്ഷേപകര്‍ക്ക്) പ്രിയങ്കരമാക്കുന്നത്. മൂലധന നിക്ഷേപം വേണ്ടി വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഇവയില്‍ എതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുകയാണ് ഉത്തമം.

(c). വെഞ്ച്വര്‍ കാപിറ്റല്‍, പ്രൈവറ്റ് ഇക്യുറ്റി, ഐ പി ഒ തുടങ്ങിയ മൂലധന നിക്ഷേപങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടോ?
എങ്കില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപീകരിക്കുന്നതായിരിക്കും ഉചിതം. അല്ലെങ്കില്‍ ഏഞ്ചല്‍ നിക്ഷേപകര്‍ക്ക് ശേഷം ഇത്തരം മൂലധന നിക്ഷേപത്തിലേക്ക് കടക്കുമ്പോള്‍ ഘഘജ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റുകയും ചെയ്യാം.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യോജിച്ച മികച്ച ബിസിനസ് ഉടമസ്ഥരൂപങ്ങള്‍ ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് (LLP) അല്ലെങ്കില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. ഇതിലേതെങ്കിലും തിരഞ്ഞെടുത്താകണം സ്ഥാപനം രൂപീകരിക്കേണ്ടത്.

3. പിച്ച് ഡെക്ക് തയ്യാറാക്കുക
ബിസിനസ് പ്ലാനിന്റെ ചെറുരൂപമാണ് പിച്ച് ഡെക്ക്. വളരെ വിശദമായ പ്ലാനിന് പകരം കാച്ചിക്കുറുക്കിയ ഒരു പവര്‍പോയിന്റ് പ്രസന്റേഷന്‍ തയ്യാറാക്കുന്നു. സ്റ്റാര്‍ട്ടപ്പ് അംഗീകാരത്തിനായും നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുവാനും പിച്ച് ഡെക്ക് ആവശ്യമാണ്. ലളിതമായ, എന്നാല്‍ ബിസിനസിന്റെ സാധ്യതകള്‍ വെളിവാക്കുന്ന 20 സ്ലൈഡുകളില്‍ കവിയാത്ത ഒരു പ്രസന്റേസഷനായിരിക്കും അഭികാമ്യം. പിച്ച് ഡെക്കില്‍ സാധാരണയായി താഴെ പറയുന്ന കാര്യങ്ങളാണ് ഉള്‍പ്പെടുത്താറുള്ളത്.

1. ബിസിനസ് അഭിസംബോധന ചെയ്യുന്ന ഉപഭോക്താക്കളുടെ പ്രശ്‌നം.
2. ആ പ്രശ്‌നത്തിന് ബിസിനസ് വാഗ്ദാനം ചെയ്യുന്ന പരിഹാരം.
3. ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താക്കള്‍ (Targeted Audience)
4. ബിസിനസിന്റെ വ്യത്യസ്തത
5. വിപണിയിലെ എതിരാളികള്‍
6. മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍
7. നിങ്ങളുടെ ടീം.
8. ബിസിനസ് മോഡല്‍.
9. വരുമാന മോഡല്‍ (Revenue Model).
10. പദ്ധതി നടപ്പിലാക്കുന്ന സമയക്രമം (Schedule).
പ്രധാനപ്പെട്ട മറ്റേതെങ്കിലും കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ടെങ്കില്‍ അതും കൂടി ഉള്‍പ്പെടുത്താം. സ്ലൈഡുകളുടെ എണ്ണം അധികരിക്കാതെ ശ്രദ്ധിക്കുക.

4. സ്റ്റാര്‍ട്ടപ്പ് അംഗീകാരം നേടുക
പിച്ച് ഡെക്ക് തയ്യാറാക്കി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സ്റ്റാര്ട്ട്പ്പ് അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിക്കാം.Department for Promotion of Industry and Internal Trade (DPIIT) ആണ് നിങ്ങളുടെ ബിസിനസിനെ സ്റ്റാര്‍ട്ടപ്പായി അംഗീകരിക്കേണ്ടത്. DPIIT അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (KSUM) നല്കുന്ന യൂണിക് ഐഡന്റിഫിക്കേഷന് വേണ്ടി (Unique ID) അപേക്ഷിക്കാം.

സ്റ്റാര്‍ട്ടപ്പുകള്‍ പ്രത്യേകം പിന്തുടരേണ്ട ചില കാര്യങ്ങളാണ് ഇവിടെ പ്രതിപാദിച്ചത്. ബിസിനസിന്റെ തുടക്കത്തില്‍ തന്നെ ഇത്തരം വസ്തുതകള്‍ പരിഗണിക്കുകയും കൃത്യമായി നടപ്പിലാക്കുകയും ചെയ്താല്‍ സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളും ഇളവുകളും യഥാസമയങ്ങളില്‍ നേടാം. ബിസിനസിന് ആവശ്യമായ മൂലധനം സമയാസമയങ്ങളില്‍ സ്വരൂപിക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും ഇത് സഹായകരമാവുകയും ചെയ്യും.

Department for Promotion of Industry and Internal Trade (DPIIT) ല്‍ സ്റ്റാര്‍ട്ടപ്പ് അംഗീകാരത്തിനായി അപേക്ഷിക്കേണ്ട ലിങ്ക് :  https://www.startupindia.gov.in/content/sih/en/startupgov/startup-recognition-page.html
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (KSUM) യൂണിക് ഐഡന്റിഫിക്കേഷന് വേണ്ടി (Unique ID) അപേക്ഷിക്കേണ്ട ലിങ്ക് : https://startups.startupmission.in/

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button