ഓരോ വെല്ലുവിളികളും അവസരമാക്കി മാറ്റിയ പെണ്‍കരുത്ത്; മാനസിയുടെ പ്രചോദനയാത്ര

വിജയമെന്നത് ഭാഗ്യം കൊണ്ടോ, അവസരങ്ങള്‍ കൊണ്ടോ മാത്രം ലഭിക്കുന്ന ഒന്നല്ല. അത് സ്ഥിരതയും കഠിനാധ്വാനവും തളരാത്ത മനോഭാവവും ചേര്‍ന്നുണ്ടാകുന്ന ഒരു ഫലമാണ്. അത്തരത്തിലൊരു കഥയാണ് തിരുവനന്തപുരം മുട്ടപ്പലം സ്വദേശിനി മാനസി ആര്. ടിയുടേത്. ചെറിയ പ്രായം മുതല്‍ തന്നെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആഗ്രഹത്തില്‍, ജീവിതത്തിലെ വെല്ലുവിളികളെ ഒരിക്കലും തടസ്സങ്ങളായി മാനസി കണ്ടില്ല; മറിച്ച് അവയെയെല്ലാം അവസരങ്ങളാക്കി മുന്നോട്ട് നീങ്ങി.
പഠനത്തോടൊപ്പം ജോലിയും, കുടുംബജീവിതത്തോടൊപ്പം സ്വപ്നങ്ങളും, മാതൃത്വത്തോടൊപ്പം കരിയറുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്ത് ഇന്ന് സ്വന്തമായൊരു വ്യക്തിത്വം നിര്‍മിച്ചെടുത്ത മാനസിയുടെ യാത്ര, സ്വപ്നങ്ങള്‍ കാണാന്‍ ധൈര്യമുള്ള എല്ലാവര്ക്കും വലിയ പ്രചോദനമാണ്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായൊരു ഇന്‍ഫ്ലുവന്‍സര്‍ കൂടിയാണ് മാനസി.

പത്താം ക്ലാസ് പഠനം മുതല്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്തും ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്തും വരുമാനം കണ്ടെത്തിയ മാനസിക്ക്, സാമ്പത്തിക സ്വാതന്ത്ര്യമെന്നത് ഒരു സ്വപ്നമെന്നതിനപ്പുറം, വലിയൊരു ലക്ഷ്യം കൂടെയായിരുന്നു. പഠനത്തിലും ഒരിക്കലും പിന്നിലായിരുന്നില്ല മാനസി. പി.ജി ഹിസ്റ്ററിയില്‍ മൂന്നാം റാങ്ക് നേടിയതിലൂടെ തന്റെ കഴിവ് തെളിയിച്ച മാനസി, പഠനത്തോടൊപ്പം ജോലി ചെയ്യാനും ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും ഭയപ്പെട്ടില്ല.
ജീവിതത്തിലെ പുതിയ അധ്യായമായ വിവാഹത്തിന് ശേഷവും അവളുടെ സ്വപ്നങ്ങള്‍ക്ക് ഒരു ഇടവേളയുണ്ടായില്ല. B. Ed പഠനത്തിനിടയിലെ ഗര്‍ഭധാരണവും ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ‘ട്രാന്സ്ഫോര്മേഷന്’ വിഡിയോ വൈറലാവുകയും മില്യന്‍ കണക്കിന് ‘വ്യൂസ്’ ലഭിക്കുകയും ചെയ്തു. ശേഷം ചെറിയ തോതില്‍ പ്രമോഷന് വര്‍ക്കുകള്‍ ലഭിച്ചു തുടങ്ങി. മകന് യാഷിന്റെ ജനനശേഷമാണ് തന്റെ ജീവിതം തന്നെ മാറിമറിഞ്ഞതെന്ന് മാനസി ഉറച്ച് വിശ്വസിക്കുന്നു.
പ്രസവശേഷമുള്ള ‘ഡിപ്രെഷന്’ പോലും അതിജീവിക്കാന്‍ കോണ്ടെന്റ് ക്രീയേഷന് ആണ് പ്രചോദനമായത്. ചെറിയ രീതിയില്‍ ആരംഭിച്ച മാനസിയുടെയും രഞ്ജിത്തിന്റെയും ഡാന്‍സ് വീഡിയോകള്‍, പിന്നീട് മാനസിയുടെ അവതരണവും ശബ്ദവുമാണ് കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി വോക്കല്‍ കോഡിന് അസുഖം ബാധിച്ച് അത് തന്റെ ശബ്ദത്തെ പോലും തടസപ്പെടുത്തിയെങ്കിലും അതൊക്കെ അതിജീവിച്ച് മാനസി മുന്നോട്ട് ഇപ്പോഴും പോവുകയാണ്.
പ്രസവശേഷം പഠനവും കോണ്ടെന്റ് ക്രിയേഷനും ഒരുപോലെ മുന്നോട്ട് കൊണ്ടുപോയ മാനസി, കഠിനാധ്വാനത്തിലൂടെയാണ് സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുത്തത്. മകന് ജനിച്ച് അഞ്ചു മാസമായപ്പോള്‍ തന്നെ ഹൈ സ്കൂള്‍ അധ്യാപികയായി ജോലി ലഭിക്കുകയും ചെയ്തു. ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണം എന്നുള്ളത് അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് തിരിച്ചറിഞ്ഞ് മനസ്സില്‍ പതിഞ്ഞ ഒരു തീരുമാനമായിരുന്നു.
ബോട്ടില്‍ ആര്‍ട്ട് പോലുള്ള ക്രാഫ്റ്റ് വര്‍ക്ക് മുതല്‍ തുടങ്ങിയ ഈ യാത്ര, ഇന്ന് യൂട്യൂബിലും, രണ്ട് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും ഫേസ്ബുക്കിലും വലിയ പിന്തുണയുള്ള ഒരു വ്യക്തിത്വമായി മാനസിയെ ഉയര്‍ത്തിയിരിക്കുകയാണ്. ഒന്നര ലക്ഷത്തിലധികം ആളുകള്‍ പിന്തുടരുന്ന ഇന്‍ഫ്ലുവന്‍സറെന്ന നിലയില്‍, മാനസിയുടെ ഓരോ ചുവടും ആത്മവിശ്വാസത്തിന്റെയും പരിശ്രമത്തിന്റെയും കഥ പറയുന്നു.
ജീവിതത്തില്‍ പലപ്പോഴും വെല്ലുവിളികള്‍ നേരിട്ടു. ഒരുപാട് പ്രയാസങ്ങള്‍ക്കിടയില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ പോലും പലരും നിര്‍ബന്ധിച്ചു. എന്നാല്‍, ഭര്‍ത്താവ് രഞ്ജിത്തിന്റെ പിന്തുണയും സ്വന്തം ലക്ഷ്യങ്ങളോടുള്ള ഉറച്ച വിശ്വാസവും മാനസിയെ വീണ്ടും മുന്നോട്ട് നയിച്ചു. ഷൂട്ടിന് സഹായിച്ച് കൂടെ നിന്ന ഭര്‍ത്താവും സഹോദരന് പ്രിന്‍സും മറ്റ് സുഹൃത്തുക്കളും കൂടിയാണ് മാനസിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയത്.

ഇന്നൊരു അഡ്വര്‍ടൈസിങ് കമ്പനിയില്‍ Anchor, Model, ക്രിയേറ്റീവ് ഹെഡ് എന്നി നിലകളില്‍ ഫ്രീലാന്‍സായി പ്രവര്‍ത്തിക്കുന്നതിനൊപ്പം, സ്വന്തമായൊരു ടീച്ചിങ് ചാനലും, വ്ലോഗിങ്ങുമുള്പ്പടെ All in One രീതിയില്‍ വിജയകരമായി മുന്നോട്ട് പോകുകയാണ് മാനസി. സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുത്തതോടെ കുടുംബത്തിനാകെ കരുത്തായും തണലായും മാറാന്‍ മാനസിക്ക് സാധിച്ചു.
ഇന്ന് മാനസി എന്ന പേര് കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരിക്കലും തളരാത്ത മനോഭാവത്തിന്റെയും പ്രതീകമായി മാറുകയാണ്. ഭാവിയില്‍ ഒരു മികച്ച അധ്യാപികയായും, അതോടൊപ്പം ആങ്കറിങ്ങിലും കോണ്ടന്റ് ക്രിയേഷനിലും, എഡിറ്റിംഗിലും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കണമെന്ന സ്വപ്നങ്ങളിലൂടെ ഇന്നത്തെ യുവതലമുറയ്ക്ക് പ്രചോദനമായി മാറുകയാണ് മാനസി.
സ്വപ്നങ്ങള്‍ കാണാന്‍ ധൈര്യം വേണം, അവയെ സാക്ഷാത്കരിക്കാന്‍ മനസും കരുത്തും വേണം. മാനസി അത്തരമൊരു സ്ത്രീശക്തിയുടെ പ്രചോദന കഥയാണ്.



