Success Story

കോവിഡ് കാലത്ത് വിരിഞ്ഞ വെഡ്ഡിംഗ് സ്‌റ്റോറി; വിവാഹക്കാഴ്ചകള്‍ക്ക് പുതുനിറമേകി വിപിന്റെ ‘വിവ’

ചിലരുടെ വിജയകഥകള്‍ കേള്‍ക്കുമ്പോള്‍ തോന്നും, അവര്‍ ആ മേഖലയ്ക്കായി മാത്രം ജനിച്ചവരാണെന്ന്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ വിപിന്റെ ജീവിതവും ‘വിവ വെഡ്ഡിംഗ് സ്‌റ്റോറീസ്’ (Viva Wedding Stories) എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചയും അത്തരമൊരു ഓര്‍മപ്പെടുത്തലാണ്. കൈ നിറയെ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച്, അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഒരു വഴിയിലൂടെ സഞ്ചരിച്ച് ഇന്ന് പെരിന്തല്‍മണ്ണയിലെ ഏറ്റവും വലിയ വെഡ്ഡിംഗ് ഫോട്ടോഗ്രാഫി കമ്പനിയുടെ അമരക്കാരനായി മാറിയ വിപിന്റെ കഥ കഠിനാധ്വാനത്തിന്റെയും അതിലേറെ പാഷന്റെയും നേര്‍ക്കാഴ്ചയാണ്.

ഫോട്ടോഗ്രഫിയായിരുന്നു ചെറുപ്പം മുതലേ വിപിന്റെ ഇഷ്ട മേഖല. കുട്ടിക്കാലത്ത് അച്ഛന്റെ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തിയായിരുന്നു തുടക്കം. പിന്നീട് പ്രശസ്ത ഫുട്‌വെയര്‍ കമ്പനികളില്‍ ഡിസൈനറായി എട്ട് വര്‍ഷത്തോളം ജോലി ചെയ്യുമ്പോഴും വിപിന്റെ ഉള്ളിലെ ഫോട്ടോഗ്രാഫര്‍ എന്ന സ്വപ്‌നം മങ്ങലേല്‍ക്കാതെ തുടര്‍ന്നു. സ്വന്തമായി ക്യാമറ വാങ്ങി യാത്രകളിലും കുടുംബവേദികളിലും വിപിന്‍ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു.

കോവിഡ് പൊട്ടിപുറപ്പെടുന്നതും ലോകമാകെ നിശ്ചലമാകുന്നതും അതേ കാലത്താണ്. കൃത്യമായി ആ ഘട്ടത്തിലാണ് വിപിന്‍ തന്റെ ജോലി രാജിവെക്കുന്നതും. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്നപ്പോള്‍ ഭാര്യയെ തന്നെ മോഡലാക്കി വിപിന്‍ ചെയ്ത ഒരു ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച പ്രതികരണങ്ങള്‍ക്കൊപ്പം വിപിനെ തേടി ആദ്യത്തെ വെഡ്ഡിംഗ് ഷൂട്ടിന്റെ ബുക്കിങ്ങുമെത്തി. അതായിരുന്നു വിപിന്റെ ജീവിതത്തിലെ വഴിത്തിരിവ്.

തങ്ങള്‍ക്ക് മുന്നിലെത്തുന്ന കസ്റ്റമറുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രീ വെഡിങ് ഷൂട്ട് മുതല്‍ വിവാഹവും പോസ്റ്റ് വെഡിങ് ഷൂട്ടും അടങ്ങുന്ന സേവനങ്ങള്‍ ആണ് വിവയുടെ പ്രത്യേകത. ഉയര്‍ന്ന ഗുണനിലവാരത്തില്‍ ‘ഔട്ട്പുട്ട്’ നല്‍കുന്നു എന്നതാണ് വിവയുടെ ക്വാളിറ്റി.

ഒരു സ്വതന്ത്ര സംരംഭകനായി മാറുക എന്നത് തുടക്കത്തില്‍ അത്ര എളുപ്പമായിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു തുടക്കകാലം. എന്നാല്‍ ആ പ്രതിസന്ധികളിലൊക്കെയും വിപിന് കരുത്തായി നിന്നത് ഫാര്‍മസിസ്റ്റായ ഭാര്യ ശ്രുതിയായിരുന്നു.

വിപിന്‍ തന്റെ പാഷനിലേക്ക് പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത കാത്തുസൂക്ഷിച്ചുകൊണ്ട് ഭാര്യ നല്‍കിയ പിന്തുണയാണ് ‘വിവ’യുടെ അടിത്തറ. ഒപ്പം മുന്‍ സഹപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും പിന്തുണയും ഉറപ്പായതോടെ വിവ പടിപടിയായി വളര്‍ന്നു. ഈ യാത്രയിലെ ഏറ്റവും വലിയ തിളക്കമായിരുന്നു 2024 മാര്‍ച്ചില്‍ ലഭിച്ച ‘ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്’. വെറും 30 സെക്കന്‍ഡില്‍ 234 ചിത്രങ്ങള്‍ പകര്‍ത്തിയാണ് വിപിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

നിലവില്‍ കേരളത്തില്‍ ഉടനീളം സേവനങ്ങള്‍ നല്‍കുന്ന സംരംഭം കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ ഇതര സംസ്ഥാനങ്ങളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. വിവ വെഡ്ഡിംഗ് സ്‌റ്റോറീസിനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും വിശ്വസ്തവുമായ വെഡ്ഡിംഗ് ബ്രാന്‍ഡാക്കി മാറ്റുക സ്വപ്‌നത്തിലേക്കുള്ള ചുവടുവെപ്പിലാണ് വിപിന്‍ ഇന്ന്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button