Success Story

വീട്ടമ്മയില്‍ നിന്നും നാട്യ മണ്ഡപത്തിലേക്ക്….

നൃത്തത്തോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശം ഒരു കുടുംബിനിയായിട്ടും കൈവിടാതെ സൂക്ഷിച്ച വനിതയാണ് ആതിര ആനന്ദ്. ആതിരയുടെ ജീവിതത്തിലൂടെ………

കോട്ടയം ജില്ലയിലെ മനോഹരമായ കാവാലം എന്ന സ്ഥലത്തായിരുന്നു ആതിരയുടെ ജനനം. ബിസിനസുകാരനായ ശങ്കരന്‍ കുട്ടിയുടെയും ഉഷയുടെയും രണ്ടു മക്കളില്‍ ഏക പെണ്‍തരി. ബാല്യത്തില്‍തന്നെ നൃത്തത്തോട് അതീവ താല്‍പര്യം ഉണ്ടായിരുന്നതിനാല്‍ നാലു വയസ്സില്‍ തന്നെ ആതിരയെ നൃത്തത്തില്‍ ഹരിശ്രീ കുറിപ്പിച്ചു. കലാമണ്ഡലം പ്രദീപ് ആയിരുന്നു നൃത്താചാര്യന്‍. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ നൃത്തത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. പിന്നീട് ഭരതനാട്യം കൂടുതല്‍ അവഗാഹത്തില്‍ അഭ്യസിക്കാന്‍ തീരുമാനിച്ചു. മകളുടെ ആഗ്രഹങ്ങളെ മാനിക്കുന്ന മാതാപിതാക്കള്‍ കൂടിയായപ്പോള്‍ ആതിര എന്ന നര്‍ത്തകിയുടെ നാട്യ യാത്ര ശുഭകരമായി തീര്‍ന്നു. പത്താം തരം വരെ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചു. പിന്നീട് അപ്രതീക്ഷിതമായി കുടുംബത്തില്‍ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ അരങ്ങേറ്റം നടത്താന്‍ സാധിക്കാതെ വന്നു. അതൊരു വേദനയായി നര്‍ത്തകിയുടെ ഉള്ളിലുണ്ടായിരുന്നു.
പഠനത്തിനു നല്‍കിയ അതേ പ്രധാന്യം നൃത്തത്തിനും നല്‍കാന്‍ ആതിര ശ്രദ്ധിച്ചിരുന്നു.

തിരുവനന്തപുരത്തു നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ചെന്നൈയില്‍ നിന്നും എന്‍ജിനീയറിങ് ഉപരിപഠനവും പൂര്‍ത്തിയാക്കി. 2013-ല്‍ ശ്രീ. ആനന്ദ് ഉണ്ണിത്താനെ വിവാഹം ചെയ്തു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നേടി. നല്ലൊരു കുടുംബിനി ആയിരുന്നപ്പോഴും തന്റെ നടക്കാതെപോയ അരങ്ങേറ്റവും തുടര്‍ നൃത്ത പഠനവും ആതിരയ്ക്ക് എന്നും മറക്കാനാകാത്ത വേദനകള്‍ തന്നെയായിരുന്നു. തന്റെ മകനായ ആദി ദേവിന്റെ ജനനത്തിനുശേഷം ആതിര തന്റെ ആഗ്രഹം ഭര്‍ത്താവിനെ അറിയിച്ചു. നല്ലൊരു കലാസ്വാദകന്‍ എന്ന നിലയില്‍ ആതിരയുടെ ആഗ്രഹത്തെ മാനിക്കുകയും നൃത്തം പഠിക്കുവാനായി സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുവാനും തന്റെ ജോലി തിരക്കിനിടയിലും ആനന്ദ് മറന്നില്ല. അങ്ങനെ നൃത്തപഠനം എന്ന ആതിരയുടെ ആഗ്രഹം വീണ്ടും പൂവണിഞ്ഞു.

ശാസ്തമംഗലത്തെ കലാ മന്ദിര്‍ എന്ന നൃത്ത വിദ്യാലയത്തില്‍ കലാമണ്ഡലം സിന്ധുവിന്റെ ശിഷ്യത്വം സ്വീകരിച്ചു. രണ്ടുവര്‍ഷത്തോളം നീണ്ട നൃത്ത അഭ്യാസം ഇപ്പോഴും തുടരുന്നു. ഗുരുവിന്റെ പ്രിയശിഷ്യ. ചുവടുകളും മെയ് വഴക്കവും നന്നേ കുഞ്ഞായിരുന്നപ്പോള്‍ തന്നെ ലഭിച്ചിരുന്നു. പൊടിപിടിച്ചു കിടന്ന രത്നങ്ങളെ മാറാല മാറ്റിയെടുക്കുന്ന ഒരു ലാഘവത്തോടെ ആതിര നൃത്തത്തില്‍ അലിഞ്ഞു ചേരുകയായിരുന്നു. നല്ലൊരു നര്‍ത്തകി ആകണമെന്ന തന്റെ മോഹത്തിന്റെ ആദ്യപടിയായി ബാല്യത്തില്‍ നടക്കാതിരുന്ന അരങ്ങേറ്റം 2018 ഏപ്രിലില്‍ ഗുരുവായൂരില്‍ കലാമണ്ഡലം സിന്ധു ടീച്ചറുടെ നേതൃത്വത്തില്‍ നടത്തി. കണ്ണന്റെ മുന്‍പില്‍ അരങ്ങേറ്റം നടത്താന്‍ ആയതില്‍ അതീവ സന്തോഷവതിയാണ് ആ കലാകാരി. പിന്നീട് മൂകാംബികയിലും ഗുരുവായൂരിലും എല്ലാം സിന്ധു ടീച്ചറോടൊപ്പം നിരവധി പരിപാടികള്‍ അവതരിപ്പിച്ചു. ഓരോ വേദിയിലും തന്നിലെ നര്‍ത്തകിയെ പുതുമയോടെ അവതരിപ്പിക്കാന്‍ ചാരുതയാര്‍ന്ന ചുവടുകളും മെയ് വഴക്കവും കൊണ്ട് ആതിരയ്ക്ക് സാധിച്ചു.

നവരാത്രിയോടനുബന്ധിച്ച് മൂകാംബികയില്‍ നൃത്തം ചെയ്യാന്‍ സാധിച്ചത് ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായി ആതിര കാണുന്നു. നൃത്തമാണ് തന്നെ കുടജാദ്രിയുടെ മടിത്തട്ടിലേക്ക് എത്തിച്ചതെന്ന് ആതിര എളിമയോടെ വിശ്വസിക്കുന്നു.
നര്‍ത്തകി എന്നതിലുപരി അഭിനയം, പ്രിന്റ് മോഡലിംഗ് എന്നിവയിലും ആതിര ശ്രദ്ധിക്കുന്നുണ്ട്. നൃത്തത്തോടൊപ്പം മകന്റെ കാര്യങ്ങളും, ജോലിയും എല്ലാം ആതിര അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. ഭര്‍ത്താവിന്റെ മാതാപിതാക്കളും ആതിരയുടെ ആഗ്രഹത്തിന് വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ട്. കുടുംബത്തില്‍ നിന്നും ഒരു സ്ത്രീക്ക് ലഭിക്കാവുന്ന പരമാവധി സ്‌നേഹവും കരുതലും സഹകരണവും ലഭിക്കുന്നു എന്നത് ഈ കലാകാരി ഭാഗ്യമായി കാണുകയാണ്.

മൂകാംബിക, ഗുരുവായൂര്‍ എന്നിവയ്ക്കു പുറമേ തിരുവനന്തപുരം ജില്ലയിലെ നിരവധി ക്ഷേത്രങ്ങളില്‍ ഈ കലാകാരി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. തഞ്ചാവൂരില്‍ കൂടി തന്റെ നടന വൈഭവം കാഴ്ചവയ്ക്കണമെന്നത് അടങ്ങാത്ത ആഗ്രഹമാണ്. തന്റെ എല്ലാ പരിമിതികളും അംഗീകരിച്ചുകൊണ്ടുതന്നെ സ്വപ്നങ്ങള്‍ക്ക് പറക്കാന്‍ ചിറക് നല്‍കിയ ഈ വനിത നല്ലൊരു നര്‍ത്തകിയും അഭിനേത്രിയും അതിലുപരി ഉത്തരവാദിത്വത്തോടെ കടമകള്‍ പാലിക്കുന്നൊരു കുടുംബിനിയും ആണെന്നത് പ്രശംസനീയമാണ്. നടന ലോകത്തിന്റെ അനന്തവിഹായസിലേക്ക് ഉയരാന്‍ ഈ കലാകാരിയെ ദൈവം അനുഗ്രഹിക്കട്ട…..

Tags
Show More

Related Articles

One Comment

  1. I’ve seen her dance at Guruvayoor. She is indeed a very talented dancer.
    Truly inspiring story.
    My heart felt appreciations to this bold and beautiful Queen.
    May her ambitions fullfill.

Leave a Reply

Your email address will not be published. Required fields are marked *

Close