EntreprenuershipSuccess Story

ഒന്നുമാകില്ലെന്ന് പറഞ്ഞവര്‍ക്ക് വിജയത്തിലൂടെ മറുപടി; പാഷന് താളം പകര്‍ന്ന് ഫാത്തിമയുടെ നൃത്തയാത്ര

ചില സ്വപ്‌നങ്ങള്‍ അങ്ങനെയാണ്, തുടക്കത്തില്‍ ആരും ഗൗരവമായി കാണില്ല. പക്ഷേ, അതിനായി ആത്മാര്‍ത്ഥമായി ചുവടുവെച്ചുകൊണ്ടിരുന്നാല്‍ ഒരിക്കല്‍ അതേ സ്വപ്‌നം നമ്മുടെ പേരായിമാറും. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഡാന്‍സ് അറിയില്ലെന്ന കളിയാക്കലില്‍ നിന്ന് തുടങ്ങിയ വാശി ഇന്ന് തിരുവനന്തപുരം വട്ടപ്പാറയില്‍ വിജയകരമായി മുന്നേറുന്ന Fathima Dance Company എന്ന സംരംഭമായി വളര്‍ന്നിരിക്കുകയാണ്.

ചെന്നൈ സ്വദേശിയായ ഫാത്തിമയുടെ ജീവിതത്തില്‍ കുടുംബം കേരളത്തിലേക്ക് താമസം മാറിയത് നിര്‍ണായക വഴിത്തിരിവായി. കുട്ടിക്കാലം മുതലേ നൃത്തത്തോട് വലിയ താല്‍പര്യമുണ്ടായിരുന്നെങ്കിലും അത് പഠിക്കാനുള്ള അവസരം ലഭിച്ചത് യാദൃശ്ചികമായാണ്. സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ ഭാരതനാട്യം പഠിപ്പിക്കുന്നത് കൗതുകത്തോടെ നോക്കിനില്‍ക്കുന്ന ഫാത്തിമയെ ഒരു അധ്യാപിക ശ്രദ്ധിച്ചു. നൃത്തം പഠിക്കാന്‍ ആഗ്രഹമുണ്ടോയെന്ന് ചോദിച്ച ടീച്ചര്‍ പണം പോലും വാങ്ങാതെ ഫാത്തിമയെ ആദ്യമായി നൃത്തം പഠിപ്പിച്ചു. ആ ആദ്യ ചുവടുകള്‍ പിന്നീട് ജീവിതത്തിലെ ഏറ്റവും വലിയ പാഷനായി മാറുകയായിരുന്നു.

ഇന്ന് ഡാന്‍സ് മേഖലയില്‍ ഏഴ് വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ഫാത്തിമ കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്വന്തം സംരംഭത്തിലൂടെയാണ് യാത്ര തുടരുന്നത്. Fathima Dance Company യുടെ നേതൃത്വത്തില്‍ മോഹിനിയാട്ടം, കഥകളി, സെമി ക്ലാസിക്കല്‍, ഒപ്പന തുടങ്ങി വിവിധ നൃത്ത രൂപങ്ങളില്‍ പരിശീലനം നല്‍കുന്നതിനൊപ്പം ക്ലാസിക്കല്‍ മുതല്‍ വെസ്‌റ്റേണ്‍ ഡാന്‍സ് വരെയും പഠിപ്പിക്കുന്നു. സ്‌കൂള്‍ പരിപാടികള്‍ക്കായി കുട്ടികള്‍ക്ക് കൊറിയോഗ്രഫി ഒരുക്കുന്നതിലും വിവാഹച്ചടങ്ങുകളില്‍ ബ്രൈഡല്‍ കൊറിയോഗ്രഫി ചെയ്യുന്നതിലും ഫാത്തിമയും സംഘവും സജീവമാണ്.

ഒരു സ്ഥലത്ത് മാത്രം ഒതുങ്ങുന്നതല്ല ഫാത്തിമയുടെ പ്രവര്‍ത്തനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്‌നാട്ടിലുമെത്തി നേരിട്ട് ഡാന്‍സ് പരിശീലനം നല്‍കുകയാണ് ഇവരുടെ ടീം. ഫാത്തിമയുടെ സംരംഭകയാത്രയ്ക്ക് പിന്നില്‍ നിരവധി പ്രതിസന്ധികളുമുണ്ട്. ഒരു ഘട്ടത്തില്‍ വീട്ടില്‍ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുണ്ടായിരുന്നപ്പോള്‍ ഡാന്‍സ് പരിപാടികളിലൂടെ ലഭിച്ച വരുമാനം കുടുംബത്തിന് താങ്ങായി. അതുകൊണ്ടുതന്നെ നൃത്തം ഫാത്തിമയ്ക്ക് ഒരു ജോലി മാത്രമല്ല, ജീവിതത്തിലെ പ്രതിസന്ധികളില്‍ കൈപിടിച്ചുയര്‍ത്തിയ കരുത്താണ്.

ഈ യാത്രയില്‍ ഫാത്തിമയ്ക്ക് ഏറ്റവും വലിയ കരുത്തായത് ദൈവത്തിന്റെ അനുഗ്രഹവും കുടുംബത്തിന്റെ പിന്തുണയുാണ്. ഇതുകൊണ്ട് ഒന്നും നേടാനാകില്ലെന്ന് പറഞ്ഞവരും ജോലിയെ സംശയത്തോടെ കണ്ടവരുമുണ്ടായിരുന്നെങ്കിലും, സ്വന്തം കഴിവില്‍ വിശ്വാസിച്ച് മുന്നേറിയതാണ് ഫാത്തിമയുടെ വിജയം.

പണത്തിനും ലാഭത്തിനും മാത്രം പ്രാധാന്യം നല്‍കാതെ, താന്‍ ഏറെ സ്‌നേഹിക്കുന്ന നൃത്തം കൂടുതല്‍ പേരിലേക്കെത്തിക്കണമെന്ന ആഗ്രഹമാണ് ഫാത്തിമയെ മുന്നോട്ട് നയിക്കുന്നത്. ഭാവിയില്‍ സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ച് കൂടുതല്‍ കുട്ടികള്‍ക്ക് മികച്ച പരിശീലനവും വലിയ വേദികളും ഒരുക്കുകയെന്നതാണ് സ്വപ്‌നം.

ഒരു കളിയാക്കലില്‍ നിന്ന് പിറന്ന വാശി… ഒരു അധ്യാപിക നല്‍കിയ ആദ്യ അവസരം…… ജീവിതത്തിലെ പ്രതിസന്ധികളില്‍ കൈത്താങ്ങായ നൃത്തം…… ഇന്ന് അതെല്ലാം ചേര്‍ന്നൊരു വിജയകരമായ സംരംഭത്തിന്റെ കഥയായി മാറിയിരിക്കുന്നു. നൃത്തത്തിന്റെ ഓരോ ചുവടിലും ആത്മവിശ്വാസവും ഓരോ താളത്തിലും സ്വപ്‌നങ്ങളും പകര്‍ന്ന്, Fathima Dance Company ഇന്ന് കൂടുതല്‍ പേരുടെ നൃത്തസ്വപ്‌നങ്ങള്‍ക്ക് വേദിയൊരുക്കുകയാണ്…!

https://www.instagram.com/fathima_dance_company?igsh=Z3MybzN5b3BtMzhr

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button