EduPlus

പരീക്ഷയെ പേടിക്കണ്ട

ദീപു ശിവന്‍

എപ്പോഴും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരീക്ഷകളെ പേടിയാണ്. പരീക്ഷ അടുത്തെത്തിയാല്‍പിന്നെ, പറയുകയും വേണ്ട. അമിതമായ ടെന്‍ഷന്‍ എപ്പോഴും അപകടകാരിയാണ്. പഠനത്തില്‍ മുന്നിലാണെങ്കിലും അമിതമായ ടെന്‍ഷന്‍ വിദ്യാര്‍ത്ഥികളെ പിന്നിലാക്കും. പേടി മൂലം ഉപകാരമല്ല; ഉപദ്രവമാണ് ഉണ്ടാവുക. പേടിയില്ലാതെ പരീക്ഷയെ നേരിടുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും കഴിയണം.

പരീക്ഷാക്കാലം പരീക്ഷണക്കാലം
പല വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാക്കാലം ഒരു പരീക്ഷണക്കാലമാണ്. മുന്‍പെങ്ങുമില്ലാത്ത ശീലങ്ങള്‍ ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ തുടങ്ങി വയ്ക്കും. പതിവിലും വളരെ നേരത്തെ ഉണരുക, വളരെയധികം താമസിച്ച് ഉറങ്ങുക, വിനോദവേളകള്‍ ഒഴിവാക്കുക, ഭക്ഷണം ഉപേക്ഷിക്കുക എന്നിങ്ങനെ. ശീലങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ പലവിധ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.

ശീലിച്ചുപോരുന്ന വിശ്രമവേളയില്‍ നിന്നും പെട്ടെന്ന് മൂന്നു മണിക്കൂറോളം കുറയുന്നത് ആരോഗ്യപ്രശ്‌നങ്ങളിലേയക്ക് വഴിതെളിയ്ക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. തലവേദന, പനി തുടങ്ങിയവ പരീക്ഷാക്കാലത്ത് മിക്ക വിദ്യാര്‍ത്ഥികളെയും പിടികൂടാറുണ്ട്. അസുഖങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക എന്നതാണ് പരീക്ഷാക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളി.
വിശ്രമവേളയുടെ സമയം കുറയ്ക്കുന്നത് പടിപടിയായിട്ടായിരിക്കണം. ആറ് മണിയ്ക്ക് ഉറക്കമുണരുന്ന കുട്ടി പെട്ടെന്ന് ഒരു ദിനം മുതല്‍ നാല് മണിയ്ക്ക് ഉറക്കമുണര്‍ന്ന് പഠനം ആരംഭിച്ചാല്‍ അത് ദോഷകരമായിത്തീരും. കൂടുതല്‍ സമയം ഉപയോഗിച്ചു എന്നതിലല്ല; എത്ര സമയം ക്രിയാത്മകമായി ഉപയോഗിച്ചു എന്നതിലാണ് കാര്യം.

വിനോദവേളകള്‍ പൂര്‍ണമായി ഒഴിവാക്കുന്നതിലും വലിയ അര്‍ത്ഥമില്ല. കുറച്ചുസമയമെങ്കിലും വിനോദത്തിനായി ചെലവിടുന്നത് ടെന്‍ഷന്‍ കുറയ്ക്കുകയും മാനസികോല്ലാസം വര്‍ധിപ്പിക്കുകയും ചെയ്യും. ഉല്ലാസഭരിതമായ മനസ്സുണ്ടെങ്കില്‍ മാത്രമേ, പഠനവും നല്ല രീതിയില്‍ മുന്നോട്ടുപോകൂ. പരീക്ഷാ സമയത്ത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധ കുറയാതെ നോക്കണം. സമയാസമയം ഭക്ഷണം കഴിക്കണം. പ്രഭാതഭക്ഷണം ഒരു തരത്തിലും ഒഴിവാക്കാന്‍ പാടില്ല. തലച്ചോറിലേയ്ക്കുളള രക്തപ്രവാഹത്തിനെ അത് സാരമായി ബാധിക്കും. കുട്ടികള്‍ കൃത്യമായി ആഹാരം കഴിയ്ക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് രക്ഷാകര്‍ത്താക്കളുടെ ചുമതല കൂടിയാണ്.

പഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പഠിക്കുന്നതിന് മുന്നോടിയായി തലയില്‍ എണ്ണതേച്ച്, നന്നായി കുളിക്കുന്നത് നല്ലതാണ്. കോശങ്ങളില്‍ ഊര്‍ജം നിറയുകയും നമുക്ക് ഉന്മേഷം അനുഭവപ്പെടുകയും ചെയ്യും. കുളിക്കാന്‍ കഴിയില്ലെങ്കില്‍, കാലും മുഖവും കഴുകുകയെങ്കിലും വേണം. രാവിലെ എഴുന്നേറ്റ് മുഖം പോലും കഴുകാതെ, പകുതി ഉറങ്ങിയ മനസ്സോടെ പഠനമാരംഭിച്ചാല്‍ ഒരു പ്രയോജനവും ഉണ്ടാകില്ല. ഉപയോഗിക്കുന്ന സമയം ക്രിയാത്മകമായിരിക്കണം.

ശരീരത്തിന്റെ ഉന്മേഷത്തോടൊപ്പം മനസ്സിന്റെ ഉണര്‍വും പ്രധാനമാണ്. ആകുലപ്പെടുത്തുന്ന ചിന്തകള്‍ ഉണ്ടാകരുത്. അതിനാലാണ്, പഠനത്തിന് അനുയോജ്യമായ സമയം പ്രഭാതമാണെന്ന് പറയുന്നത്. രാവിലെ ഉണരുന്ന വിദ്യാര്‍ത്ഥിയ്ക്ക് ഉണര്‍വുള്ള മനസ്സും ശരീരവുമായി, ശ്രദ്ധ കേന്ദ്രീകരിച്ച് പഠിക്കാനാവും. മനസ്സിനെ നൊമ്പരപ്പെടുത്തിയ നിസാര സംഭവങ്ങള്‍ തലേന്ന് സംഭവിച്ചിരുന്നുവെങ്കില്‍പോലും അതൊന്നും ഓര്‍മയില്‍ വരാതെ, സമയം ക്രിയാത്മമായി ഉപയോഗിക്കാന്‍ കഴിയും. പഠിക്കാന്‍ വേണ്ടിയാണ് സുഖനിദ്ര വിട്ടെഴുന്നേറ്റത് എന്ന ബോധം കൂടിയുണ്ടായാല്‍ വളരെ നല്ലത്.

പഠനമുറി ഒരുക്കുന്നതിലും വളരെ ശ്രദ്ധിക്കണം. കിടപ്പുമുറി തന്നെയാകും പല വിദ്യാര്‍ത്ഥികളുടെയും പഠനമുറിയും. പഠനത്തിന് മാത്രമായി ഒരു പ്രതേ്യകം ഇടമുണ്ടെങ്കില്‍ വളരെ നല്ലത്. അവിടെ പഠനസാമഗ്രികളല്ലാതെ, ശ്രദ്ധ മാറ്റിക്കൊണ്ടുപോകുന്ന തരത്തിലുള്ള മറ്റൊന്നും ഉണ്ടാകരുത്. പഠനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും അവിടെ ഉണ്ടാകുകയും വേണം.

മോട്ടിവേഷന്‍ ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ വാചകങ്ങളോ ഭിത്തിയില്‍ പതിപ്പിക്കാം. പക്ഷേ, സിനിമാ താരങ്ങളുടെയോ, സ്വപ്നാടനത്തിന് പ്രേരിപ്പിക്കുന്നതോ ആയ ചിത്രങ്ങള്‍ക്കോ പോസ്റ്റര്‍കള്‍ക്കോ പഠനമുറിയിലേക്ക് പ്രവേശനം ഉണ്ടാകരുത്. സ്വന്തം ഉത്തരവാദിത്വം ഓര്‍മിപ്പിക്കുന്ന ചിത്രങ്ങള്‍ക്കും വാചകങ്ങള്‍ക്കും മാത്രമേ പഠനമുറിയിലേക്ക് പ്രവേശനം ഉണ്ടാകാന്‍ പാടുള്ളൂ.

പഠിക്കേണ്ട രീതി
ഓരോ വിദ്യാര്‍ത്ഥിയുടെയും ഇഷ്ടാനിഷ്ടങ്ങള്‍ വ്യത്യസ്തമാണ്. മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടമുള്ള വിഷയവും ഇഷ്ടക്കുറവുള്ള വിഷയവും ഉണ്ടാകും. ഇഷ്ടക്കൂടുതല്‍ ഉള്ള വിഷയത്തിന് വിദ്യാര്‍ത്ഥി കൂടുതല്‍ സമയം ചെലവിടുകയും നല്ല വിജയം കരസ്ഥമാക്കുകയം ചെയ്യും. ഇഷ്ടക്കുറവുള്ള വിഷയത്തിന് സാധാരണയായി ചെലവിടുന്ന സമയം വളരെ കുറവും നേടുന്ന ഗ്രേഡ് വളരെ മോശവുമായിരിക്കും. അഥവാ, കൂടുതല്‍ സമയം ചെലവിട്ടാലും ഇഷ്ടക്കുറവുള്ള വിഷയത്തിന് ലഭിക്കുന്ന ഗ്രേഡ് മിക്കവാറും മോശമായിരിക്കും. ഇവിടെ ‘ആറ്റിറ്റ്യൂട്’ ആണ് വില്ലന്‍.

ഏതു വിഷയത്തിലും ശ്രമിച്ചാല്‍ ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കാം. അതിനുള്ള എളുപ്പവഴി ആ വിഷയത്തെ സ്‌നേഹിക്കുക എന്നതാണ്. ഒരു മികച്ച വിദ്യാര്‍ത്ഥിയ്ക്ക് ഒരിക്കലും ഇഷ്ടമില്ലാത്ത വിഷയം എന്നൊന്നുണ്ടാകില്ല. ഒരു വിഷയത്തെ സ്‌നേഹിച്ചാല്‍, അതിനെ കൈപ്പിടിലൊതുക്കാനുള്ള ശ്രമത്തിന്റെ പകുതി വിജയിച്ചുകഴിഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button