EntreprenuershipSuccess Story

സ്വപ്‌നങ്ങളിലേക്കുള്ള ക്ലിക്ക്; ലിബിന്‍ വാളകത്തിന്റെയും ‘LMedia’യുടെയും വിജയഗാഥ

ജീവിതത്തില്‍ വിജയങ്ങളും പരാജയങ്ങളുമുണ്ടാകും. പരാജയങ്ങളില്‍ തളര്‍ന്നു പോകുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍, പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, കഠിനാധ്വാനം കൊണ്ട് സ്വന്തമായൊരു സാമ്രാജ്യം കെട്ടിപ്പടുത്തവര്‍ ചുരുക്കമാണ്. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ലിബിൻ വാളകം എന്ന 33കാരന്‍ ഇന്ന് വെഡിങ് ഫോട്ടോഗ്രഫി രംഗത്ത് ശ്രദ്ധേയനായി മാറിയിട്ടുണ്ടെങ്കില്‍, അതിനു പിന്നില്‍ 14 വര്‍ഷത്തെ നീണ്ട പോരാട്ടത്തിന്റെ കഥയുണ്ട്.

പല കോഴ്‌സുകളും പൂര്‍ത്തിയാക്കി ദുബായില്‍ ജോലി ചെയ്തുവരികയായിരുന്നു ലിബിന്‍. നാട്ടിലേക്ക് മടങ്ങിയെത്തിയതോടെയാണ് ലിബിന്റെ ജീവിതം മാറിമറിഞ്ഞത്. ഫോട്ടോഗ്രാഫിയോടു താത്പര്യമുണ്ടായിരുന്ന ലിബിന് പക്ഷേ, ആ മേഖലയെ കുറിച്ച് കാര്യമായ അറിവുണ്ടാകാതിരുന്നത് മുന്നോട്ടുള്ള ചുവടുവയ്ക്കാന്‍ ലിബിന് തടസമായി മാറി. ഫോട്ടോഗ്രഫറും സുഹൃത്തുമായ വിഷ്ണു ദാസിന്റെ ശിക്ഷണമാണ് ഫോട്ടോഗ്രാഫിയിലേക്കുള്ള ലിബിന്റെ വഴി തുറന്നത്.

12 വര്‍ഷത്തോളം അസിസ്റ്റന്റായി ലിബിന്‍ ജോലി ചെയ്തു, ഫോട്ടോഗ്രഫിയുടെ പാഠങ്ങള്‍ പഠിച്ചെടുത്തു. സ്വന്തമായി സംരംഭം തുടങ്ങണം എന്ന ആഗ്രഹത്തില്‍ ഇതിനിടെ ലിബിന്‍ ഒരു സ്റ്റുഡിയോ ആരംഭിച്ചിരുന്നു. തുടക്കത്തില്‍ കുടുംബത്തിന്റെ പിന്തുണ കുറവായിരുന്നെങ്കിലും, ഫോട്ടോഗ്രഫിയോടുള്ള അഭിനിവേശം അദ്ദേഹത്തെ മുന്നോട്ട് നയിച്ചു. ലിബിന്റെ പ്രതീക്ഷകള്‍ക്കൊപ്പം പക്ഷേ സ്റ്റുഡിയോ വളര്‍ന്നില്ല. സാമ്പത്തികമായി പ്രയാസം അനുഭവിച്ചപ്പോഴും ലിബിന്‍ തന്റെ ആദ്യ സംരംഭത്തെ വളര്‍ത്തിയെടുക്കാന്‍ കഠിനമായി പ്രയത്‌നിച്ചു. പക്ഷേ, ആ സ്വപ്‌ന സംരംഭം പാതി വഴിയില്‍ ലിബിന് ഉപേക്ഷിക്കേണ്ടി വന്നു.

എന്നാല്‍, തളര്‍ന്നിരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ആ പരാജയത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് L Media എന്ന ബ്രാന്‍ഡിന് ലിബിന്‍ തുടക്കം കുടിക്കുന്നത്. ഇന്ന് കേരളത്തിന് അകത്തും പുറത്തുമായി 1500ലധികം വിവാഹങ്ങള്‍ ലിബിനും സംഘവും ഷൂട്ട് ചെയ്തു കഴിഞ്ഞു. വെഡിങ് ഷൂട്ടുകള്‍ക്ക് പുറമെ മോഡലിംഗ്, അഡ്വര്‍ടൈസിംഗ് ഫീല്‍ഡുകളിലും ലിബിന്‍ ഇന്ന് സജീവമാണ്.

ഒരു വെഡിങ് കമ്പനി എന്നതിലുപരി, ഓരോരുത്തരുടെയും ബജറ്റിന് അനുയോജ്യമായ രീതിയില്‍ മികച്ച സര്‍വീസ് നല്‍കുന്നു എന്നതാണ് L Media യെ വ്യത്യസ്തമാക്കുന്നത്. ഇന്നു കാണുന്ന വലിയൊരു ശതമാനം ക്ലെയിന്റുകളെയും ലിബിന്‍ നേടിയെടുത്തത് ഇന്‍സ്റ്റാഗ്രാം വഴിയാണ്.

സിനിമയിലെ ഒരു ‘സ്റ്റില്‍ ഫോട്ടോഗ്രഫര്‍’ ആകുക എന്നതാണ് ലിബിന്റെ ഏറ്റവും വലിയ സ്വപ്‌നം. നിരവധി സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ടുകള്‍ ഇതിനോടകം തന്നെ ലിബിന്‍ ചെയ്തിട്ടുണ്ട്. പ്രതിസന്ധികള്‍ വരുമ്പോള്‍ തളരാതെ, സ്വന്തം കഴിവില്‍ വിശ്വസിച്ച് മുന്നോട്ട് പോയാല്‍ ഏതൊരു സാധാരണക്കാരനും വിജയിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ലിബിന്‍ സി. ബാബുവും അദ്ദേഹത്തിന്റെ സംരംഭവും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button