Entreprenuership

ബ്യൂട്ടീഷന്‍ രജനി സാബു @2000

എല്ലാവരും മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഈ കാലത്ത് ബ്യൂട്ടീഷന്‍ എന്ന പേരില്‍ തന്നെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു വനിതാ സംരംഭകയുണ്ട്, പേര് രജനി സാബു. കഴിഞ്ഞ 16 വര്‍ഷക്കാലമായി ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് സജീവമായ രജനി ഇതുവരെ രണ്ടായിരത്തിലധികം നവവധുമാരെയാണ് കതിര്‍മണ്ഡപത്തിലേക്ക് അണിയിച്ചൊരുക്കിയത്.

സ്വന്തം ഇച്ഛാശക്തി കൊണ്ട് നേടിയെടുത്ത മസ്‌കാര ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലര്‍ എന്ന തന്റെ വലിയ സ്വപ്‌നത്തിന്റെ തണലിലാണ് ഇന്ന് അവര്‍ ജീവിക്കുന്നത്. ആത്മവിശ്വാസവും പ്രതിസന്ധികളെ നേരിടാനുള്ള മനസ്സുമുണ്ടെങ്കില്‍ ഉള്ളിലുള്ള ചെറിയ കഴിവുകളെ പോലും പ്രോത്സാഹിപ്പിച്ച് എങ്ങനെ സ്വയം സംരംഭകയായി മാറാം എന്നതിന് ഉത്തമ ഉദാഹരണമാണ് രജനി സാബു.

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയായ രജനി സാബു കഴിഞ്ഞ 22 വര്‍ഷമായി തന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട് കോട്ടയത്താണ് താമസം. 2008 ജനുവരി ഒന്നിനാണ് സ്വന്തം വീടിനോട് ചേര്‍ന്ന് രജനി ഒരു ബ്യൂട്ടി പാര്‍ലറിന് തുടക്കമിട്ടത്. വളരെ ചെറിയ തോതിലുള്ള ഒരു തുടക്കമായിരുന്നു അത്. എന്നാല്‍ ഇന്ന് ആ പ്രസ്ഥാനം വളര്‍ന്നു വലുതായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്രൈഡല്‍ മേക്കപ്പുമായി എത്താന്‍ രജനിയുടെ മസ്‌കാര ഹെര്‍ബല്‍ ബ്യൂട്ടിപാര്‍ലറിന് കഴിഞ്ഞു.

ജീവിത പ്രാരാബ്ദങ്ങള്‍ അല്പം ബുദ്ധിമുട്ടിച്ച സമയത്തായിരുന്നു തനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും എന്ന് രജനി ചിന്തിച്ചത്. വിവാഹത്തിനു മുന്‍പേ ചില ബ്യൂട്ടീഷന്‍ കോഴ്‌സുകള്‍ ഒക്കെ പഠിച്ചിരുന്നു. എങ്കില്‍ എന്തുകൊണ്ട് ഒരു ബ്യൂട്ടീഷന്‍ ആയി ക്കൂടാ എന്ന് അവര്‍ ചിന്തിച്ചു. പക്ഷേ ഈ ആശയം കേട്ടപ്പോള്‍ കുടുംബത്തില്‍ പലരുടെ ഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. കാരണം 16 വര്‍ഷം മുന്‍പത്തെ കാര്യമാണ്, അക്കാലത്ത് ബ്യൂട്ടീഷ്യന്മാരും ബ്യൂട്ടിപാര്‍ലറില്‍ പോകുന്നവരും ഒന്നും സമൂഹത്തിന്റെ കണ്ണില്‍ അത്ര നല്ലതായിരുന്നില്ല.

എന്നാല്‍ ഇന്ന് കാലം മാറി. ബ്യൂട്ടി പാര്‍ലറുകള്‍ സ്പാകളും ബ്യൂട്ടീഷന്മാര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമായി മാറി. എന്നാല്‍ ഇന്നും ഒരു ബ്യൂട്ടീഷന്‍ ആയി തന്നെ അറിയപ്പെടാനാണ് രജനിക്കിഷ്ടം. ഇതേക്കുറിച്ച് അവരുടെ വാക്കുകള്‍ ഇങ്ങനെയാണ് : ”ജീവിതത്തില്‍ ഒന്നും ഇല്ലാതിരുന്ന സമയത്ത് എന്നെ പിടിച്ചുനിര്‍ത്തിയത് എന്റെ ഈ തൊഴിലാണ്, അന്ന് എന്നെ പരിഹസിച്ചവരും പുച്ഛിച്ചവരും പോലും ഇന്ന് എന്നെ അംഗീകരിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു മാറ്റം എന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ ഈ തൊഴിലിനെ കേവലം ഒരു പേരിന്റെ പേരില്‍ തള്ളിക്കളയാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് കാലം ഇനിയും എത്ര കഴിഞ്ഞാലും ബ്യൂട്ടീഷന്‍ രജനി സാബു എന്ന് തന്നെ അറിയപ്പെടാനാണ് എനിക്കിഷ്ടം”.

രണ്ടു കുട്ടികളാണ് രജനിക്ക്. കുട്ടികള്‍ രണ്ടും നന്നേ ചെറുപ്പം ആയിരുന്ന സമയത്താണ് തന്റെ വീടിനോട് ചേര്‍ന്ന് വളരെ ചെറിയ രീതിയില്‍ ഇത്തരത്തില്‍ ഒരു സംരംഭത്തിന് രജനി തുടക്കം കുറിക്കുന്നത്. കുട്ടികളെ കൂടി ഒപ്പം നോക്കിക്കൊണ്ട് ബിസിനസുമായി മുന്നോട്ടു പോകുക എന്നതായിരുന്നു തുടക്കം മുതലേ രജനിയുടെ ആഗ്രഹം. അതുകൊണ്ടുതന്നെയാണ് വീടിനോട് ചേര്‍ന്ന് തന്നെ ഇത്തരത്തില്‍ ഒരു സംരംഭം ആരംഭിച്ചതും.

പ്രൊഫഷനോടുള്ള ആത്മബന്ധം കൊണ്ടാവാം തൊട്ടതെല്ലാം പൊന്നാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു. മികച്ച സേവനവും നിരവധി ക്ലെയ്ന്റുകളുമായി ഇന്ന് രജനി തിരക്കിലാണ്. തിരക്കുകള്‍ക്കിടയിലും സ്വന്തം മൂല്യങ്ങള്‍ക്ക് ഇപ്പോഴും പ്രാധാന്യം നല്കുന്നു എന്നതാണ് ഇവരെ വ്യത്യസ്തയാക്കുന്നത്. ഇന്ന് ഭര്‍ത്താവിന്റെയും മക്കളുടെയും പൂര്‍ണപിന്തുണയില്‍ തന്റെ സംരംഭവുമായി മുന്നോട്ടു പോകാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഇവര്‍.

ബ്രൈഡല്‍ മേയ്ക്കപ്പുകള്‍ (എച്ച് ഡി മേയ്ക്കപ്പ്, സിമ്പിള്‍ മേയ്ക്കപ്പ്), പലതരം ഹെയര്‍ ട്രീറ്റ്‌മെന്റുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ബ്യൂട്ടി ട്രീറ്റുമെന്റുകള്‍ തുടങ്ങിയവയെല്ലാം ഇന്ന് രജനിയുടെ സേവനങ്ങളില്‍പ്പെടുന്നു. കൂടാതെ 2000 മണവാട്ടിമാരെ കതിര്‍മണ്ഡപത്തിലേക്ക് അണിയിച്ചൊരുക്കാന്‍ സാധിക്കുക എന്നതും ഒരു ചെറിയ കാര്യമല്ല.

ഓരോ ബ്രൈഡല്‍ മേയ്ക്കപ്പുകള്‍ക്കും അതിന്റെ രീതികള്‍ക്കനുസരിച്ചുള്ള പ്രതിഫലമാണ് ആവശ്യപ്പെടാറ്. സാമ്പത്തികമായി ഉന്നതിയിലുള്ളവരും സാധാരണക്കാരും എന്ന് തുടങ്ങി, എല്ലാ ജീവിത സാഹചര്യങ്ങളിലൂടെയും കടന്നുപോകുന്ന പെണ്‍കുട്ടികളെ അണിയിച്ചൊരുക്കാന്‍ ഇവര്‍ക്ക് സാധിച്ചു. സമ്പത്തുള്ളവര്‍ മാത്രം സുന്ദരികളായാല്‍ പോരാ, അല്ലാത്തവരും സുന്ദരികളാകണം എന്നതാണ് രജനിയുടെ രീതി.

സാമ്പത്തിക പ്രശ്നം നേരിടുന്നവരെ സ്വന്തം മനസാക്ഷിക്ക് അനുയോജ്യമായ രീതിയില്‍ രജനി സഹായിക്കുകയും ചെയ്യുന്നു. അവരുടെ നിസ്വാര്‍ത്ഥ സമീപനം കൂടിയാണ് പടിപടിയായുള്ള ഉയര്‍ച്ചയുടെ കാരണം. ‘ഇന്ന് എന്റെ കുടുംബം സാമ്പത്തികമായി നല്ല രീതിയില്‍ വളര്‍ന്നു കഴിഞ്ഞു. എന്റെ ജീവിതം സന്തോഷ പൂര്‍ണമാണ്’, എന്നാണ് രജനി പറയുന്നത്.

സ്ത്രീകള്‍ക്ക് മേയ്ക്കപ്പ് എന്ന പ്രൊഫഷന്‍ നല്ലൊരു ഭാവിയാണ് വാഗ്ദാനം ചെയ്യുന്നത്. നവവധുവിനെയും സൗന്ദര്യ സംരക്ഷകരെയും മനസ്സുകൊണ്ടാണ് ഇവര്‍ സ്വീകരിക്കുന്നത്. ഓരോ പെണ്‍കുട്ടികളുടെയും വിവാഹ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുമ്പോള്‍ ഇവരുടെ കണ്ണും മനസ്സുമാണ് നിറയുന്നത്.
ചെയ്യുന്ന ജോലി എന്തുമായിക്കൊള്ളട്ടെ, അതില്‍ കൃത്യതയും വൃത്തിയും വ്യക്തതയുമുണ്ടെങ്കില്‍ സ്വന്തം ഭാവിയെ ഊട്ടിയുറപ്പിക്കാം എന്ന പാഠമാണ് രജനി സാബുവെന്ന സംരംഭക നല്‍കുന്നത്.

ഒപ്പം ഒരു കാര്യം കൂടി ഇവര്‍ക്ക് സ്ത്രീകളോട് പറയാനുണ്ട്, ”നിങ്ങളുടെ ഉള്ളിലെ ആഗ്രഹങ്ങള്‍ എന്തുമായിക്കൊള്ളട്ടെ, അതിനെ പ്രാരാബ്ദങ്ങളുടെ കണക്കു പറഞ്ഞ് തള്ളിക്കളയരുത്. മറിച്ച് പ്രാരാബ്ധങ്ങള്‍ക്ക് നടുവിലും നിങ്ങളുടേത് മാത്രമായ ഒരു സ്വപ്‌നക്കൂട് ഒരുക്കണം. അതിന് അധ്വാനിക്കാനുള്ള ഒരു മനസ്സുണ്ടായാല്‍ മാത്രം മതി…!”

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button