EntertainmentSpecial StorySuccess Story

ഫാഷന്‍ റാമ്പിലെ കുഞ്ഞു വിസ്മയം; പതിനൊന്നു വയസ്സുകാരന്‍ ഇഷാന്‍ എന്ന ഇന്റര്‍നാഷണല്‍ സെലിബ്രിറ്റി കിഡ് മോഡല്‍

ഇന്റര്‍നാഷണല്‍ ഫാഷന്‍ ഐഡല്‍ യുഎഇ ടൈറ്റില്‍ വിന്നര്‍, ബെസ്റ്റ് ഇന്റര്‍നാഷണല്‍ കിഡ് മോഡല്‍ ഓഫ് യുഎഇ, വൈസ് ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക് ബ്രാന്‍ഡ് അംബാസിഡര്‍; അഞ്ചാം ക്ലാസുകാരന്‍ ഇഷാന്‍ എം ആന്റോ നേടിയെടുത്ത അംഗീകാരങ്ങളുടെ ലിസ്റ്റിന്റെ തുടക്കം മാത്രമാണിത്. ഇഷാന്റെ പ്രായക്കാര്‍ വീഡിയോ ഗെയിമിലും കാര്‍ട്ടൂണുകളിലും മുഴുകുമ്പോള്‍ ലോകോത്തര ക്ലോത്തിങ് ബ്രാന്റുകളുടെ മുഖമായി ഇന്റര്‍നാഷണല്‍ ഫാഷന്‍ റാമ്പുകളില്‍ മിന്നിത്തിളങ്ങുകയാണ് ഈ ചുണക്കുട്ടന്‍.

രണ്ടര വയസ്സിലാണ് ഫാഷന്‍ മോഡലിങ്ങിലേക്ക് ഇഷാന്‍ കടന്നുവരുന്നത്. ഇഷാന്റെ അമ്മ മേഘയ്ക്ക് മോഡലിംഗ് രംഗത്തുള്ള താല്‍പര്യമാണ് മോഡലിങ്ങിന്റെ വെള്ളിവെളിച്ചത്തിലേക്ക് ഇഷാനെ പിച്ച വച്ച് നടത്തിയത്. കേരളത്തിലെ ആദ്യ മോഡലിംഗ് കമ്പനിയായ അന്‍ഷാദ് ആഷ് അസീസിന്റെ എമിറേറ്റ്‌സ് ഫാഷന്‍ വീക്ക് സെക്കന്‍ഡ് റണ്ണറപ്പിലൂടെ എട്ടാം വയസില്‍ ആദ്യത്തെ മോഡലിംഗ് അവാര്‍ഡ് ഇഷാനെ തേടിയെത്തി.

തുടര്‍ന്ന് എട്ടു മാസത്തിനുള്ളില്‍ 16 ഫാഷന്‍ ടൈറ്റിലുകളാണ് ഈ കുരുന്നു പ്രതിഭ നേടിയെടുത്തത്. ഇതോടെ ആഗോള ഫാഷന്‍ ലോകത്ത് ഇഷാന്‍ അറിയപ്പെട്ടു തുടങ്ങി. അങ്ങനെ ദുബായില്‍ നടന്ന വേള്‍ഡ് ഫാഷന്‍ വീക്കില്‍ ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുക്കുവാനും ഇഷാന് അവസരം ലഭിച്ചു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും മോഡലിംഗ് അവാര്‍ഡുകള്‍ നേടിയെടുത്തതിനുശേഷം ഇന്റര്‍നാഷണല്‍ ടൈറ്റിലും അങ്ങനെ ഇഷാന്റെ സ്വന്തമായി. മാക്‌സ് ഇന്റര്‍നാഷണല്‍ ക്ലോത്തിങ് ബ്രാന്‍ഡിന്റെ പരസ്യങ്ങളിലും ഇഷാന്‍ വേഷമിട്ടിട്ടുണ്ട്. ഇഷാനെ നിങ്ങള്‍ തിരിച്ചറിയുന്നുണ്ടെങ്കില്‍ ഇതാണ് കാരണം.

തിരുവനന്തപുരത്തെ ലക്കോള്‍ ചെമ്പക ഇടവക്കോട് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇഷാന്‍ റോയല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയ്പൂരില്‍ വച്ച് നടക്കുന്ന ബ്യൂട്ടി പേജന്റില്‍ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. ഇഷാന്‍ പഠിക്കുന്ന L’école Chempaka Silver Rocks ICSE സ്‌കൂളിലെ അധ്യാപകരെല്ലാം പഠനത്തിന് ഭംഗം വരാതെ കരിയര്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള എല്ലാ സഹായങ്ങളും ഇഷാന് നല്‍കുന്നുണ്ട്.

ഇഷാന്റെ അമ്മ മേഘയും മുത്തശ്ശന്‍ എക്‌സ് മിലിറ്ററി ഉദ്യോഗസ്ഥന്‍ എം ബേബിയുടെയും പിന്തുണയാണ് ചെറുപ്രായത്തില്‍ തന്നെ വിജയത്തിന്റെ ഉയരങ്ങള്‍ കയ്യെത്തിപ്പിടിക്കാന്‍ ഇഷാനെ പ്രാപ്തനാക്കിയത്. കടുത്ത മമ്മൂട്ടി ആരാധകനായ മുത്തശ്ശനില്‍ നിന്ന് മനസ്സിലാക്കിയ മെഗാസ്റ്റാറിന്റെ മാനറിസങ്ങളാണ് മോഡലിങ്ങില്‍ ഇഷാന്റെ മാതൃക. അതോടൊപ്പം അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനവുമുണ്ട്.

ഇഷാന്റെ വസ്ത്രാലങ്കാരം ഏറ്റവും മികച്ചതാക്കാന്‍ മാസങ്ങളോളം മേഘ റിസര്‍ച്ച് ചെയ്യാറുണ്ട്. ഇഷാന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ ഇന്റര്‍നാഷണല്‍ കൊറിയോഗ്രാഫര്‍ ആഷി മുഹമ്മദിന്റെ ശിക്ഷണത്തിലാണ് മോഡലിങ്ങിന്റെ പ്രഥമ പാഠങ്ങള്‍ ഇഷാന്‍ സ്വായത്തമാക്കിയത്. അതോടൊപ്പം ഫാഷന്‍ ലോകത്ത് ഒരു ബ്രാന്‍ഡ് നെയിമായി അറിയപ്പെടുന്ന കൊറിയോഗ്രാഫറായ ദാലു കൃഷ്ണദാസ്, അജയ് അശോക്, ജൂഡ് ഫെലിക്‌സ്, അജു അമല്‍, മോന്‍സി ജോണ്‍സണ്‍, അതുല്‍ സുരേഷ് എന്നിങ്ങനെയുള്ള ഇന്റര്‍നാഷണല്‍ കൊറിയോഗ്രാഫര്‍മാര്‍ ഇഷാനെ വിവിധ ഇന്റര്‍നാഷണല്‍ റാമ്പുകള്‍ക്കുവേണ്ടി പരിശീലിപ്പിച്ചിട്ടുമുണ്ട്. എല്ലാത്തിലും ഉപരി ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സറും മോഡലും ഷോ ഡയറക്ടറുമായ റിയാസാണ് ഇഷാന്റെ മെന്റര്‍.

കൈലാസ് പ്രൊഡക്ഷന്‍സിന്റെ ഉടമ പ്രശോഭ് കൈലാസിന്റെ പിന്തുണയും റാമ്പുകള്‍ കീഴടക്കുന്നതില്‍ ഇഷാന് തുണയായി. ഇവരുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ പതിനെട്ടോളം ബ്യൂട്ടി പേജന്റ് ടൈറ്റിലുകളിലാണ് ഇഷാന്‍ നേടിയെടുത്തത്. ദേശീയതലത്തില്‍ തന്നെ ഇതൊരു റെക്കോഡാണ്. ഫാഷന്‍ മാധ്യമങ്ങളും പത്രങ്ങളും ന്യൂസ് ചാനലുകളുമെല്ലാം ഇഷാന്റെ വിജയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ടൈറ്റിലുകള്‍ സ്വന്തമാക്കിയ മോഡല്‍ എന്ന ബഹുമതി നേടണമെന്നാണ് ഇഷാന്റെ ആഗ്രഹം. 2024ലും ഇഷാന് കൈനിറയെ പ്രോജക്ടുകളുണ്ട്.

ഈ വര്‍ഷത്തെ ബിഗ് സ്‌ക്രീന്‍ അവാര്‍ഡും ഇഷാനായിരുന്നു ലഭിച്ചത്. ടോവിനോ തോമസിനൊപ്പം ഈ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതിന്റെ ത്രില്ലില്ലാണ് ഇപ്പോള്‍ ഇഷാന്‍. എങ്കിലും ഇഷാന്റെ റോള്‍ മോഡല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ ഫാഷന്‍ സെന്‍സ് പിന്തുടരാനാണ് ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം. ഉടന്‍ തന്നെ വെള്ളിത്തിരയിലും വേഷമിടാനുള്ള തയ്യാറെടുപ്പിലാണ് ഇഷാന്‍. അനേകം അവസരങ്ങള്‍ തേടി വന്നെങ്കിലും തനിക്ക് ചേരുന്ന ഒരു വേഷത്തിനായി കാത്തിരിക്കുകയാണ് ഈ പതിനൊന്നു വയസ്സുകാരന്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button