EntreprenuershipSuccess Story

സാധ്യതകളെ അവസരങ്ങളാക്കി മാറ്റിയ യുവസംരംഭകന്‍ ; വിനോദ സഞ്ചാരികള്‍ക്കായി പ്രകൃതിയുടെ മടിത്തട്ടില്‍ ഒരു സ്വപ്‌നലോകം

പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ സാധിക്കുക എന്നത് വലിയ അനുഗ്രഹമാണ്. ‘സിറ്റി ലൈഫി’നിടയില്‍ പലപ്പോഴും പ്രകൃതിയുടെ മനോഹാരിത നമുക്ക് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്രകൃതിയുടെ വശ്യമായ സൗന്ദര്യം ആഗ്രഹിക്കുന്നവരിലേയ്ക്ക് അത് പകരുക എന്ന ഉദ്ദേശ്യത്തോടെ ആലപ്പുഴ തുമ്പോളിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സംരംഭമാണ് ജിജോ പാലക്കലിന്റെ ഉടമസ്ഥതയിലുള്ള ‘പൊഴിയോരം ബീച്ച് റിസോര്‍ട്ട്’.

ജിജോയുടെ അച്ഛന്‍ വര്‍ഗീസ് പി. ഡൊമിനിക്കിന്റെ ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടിയായിരുന്നു പൊഴിയോരം ബീച്ച് റിസോര്‍ട്ട്. എഞ്ചിനീയറിങ് ബിരുദധാരിയായ ജിജോ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഉയര്‍ന്ന തസ്തികയില്‍ പ്രവര്‍ത്തിച്ചുവരവെ, ലക്ഷങ്ങള്‍ ശമ്പളമുള്ള തന്റെ ജോലി രാജി വയ്ക്കുകയും 2018ല്‍ ഈ സംരംഭം ഏറ്റെടുത്ത് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. റിസോര്‍ട്ട് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനെ കുറിച്ച് ജിജോ ചിന്തിച്ചിരുന്ന സമയത്താണ് അവിചാരിതമായി പ്രളയമെത്തുന്നത്. അതോടെ ബിസിനസ് പൂര്‍ണമായും നിശ്ചലാവസ്ഥയിലാകുകയായിരുന്നു. പിന്നീട് കഠിനമായ പരിശ്രമത്തിലൂടെയാണ് ജിജോ തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്.

 

എന്നാല്‍ അപ്രതീക്ഷിതമായെത്തിയ കോവിഡ് കാലം ജിജോയുടെ സ്വപ്‌നങ്ങളെ വീണ്ടും പിടിച്ചുലച്ചു. അങ്ങനെയിരിക്കെ കോവിഡ് കാലയളവില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ചില മാനദണ്ഡങ്ങളെ അവസരമാക്കി മാറ്റാന്‍ ജിജോ തീരുമാനിച്ചു. അങ്ങനെ യൂറോപ്പിലും അമേരിക്കയിലും മാത്രം പ്രചാരത്തിലുണ്ടായിരുന്ന ‘ഡെസ്റ്റിനേഷന്‍ വെഡിങ് ‘ എന്ന ആശയത്തിന്റെ കേരളത്തിലെ സാധ്യതയെ ജിജോ മുന്‍കൂട്ടി കാണുകയും എന്തുകൊണ്ട് തന്റെ റിസോര്‍ട്ടിനെ ഒരു ബീച്ച് വെഡിങ് ഡെസ്റ്റിനേഷന്‍ എന്ന രീതിയിലേയ്ക്ക് മാറ്റിക്കൂടേ എന്ന് ചിന്തിക്കുകയുമായിരുന്നു. അങ്ങനെ 2020-ന്റെ അവസാനത്തോടെ ഓപ്പണ്‍ വെഡിങ് കോണ്‍സെപ്റ്റ് എന്ന ആശയം കൂട്ടിച്ചേര്‍ത്തുകൊണ്ട് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. കേരളത്തില്‍ അറിയപ്പെടുന്ന ഒരു ബീച്ച് വെഡിങ് ഡെസ്റ്റിനേഷനായി വളരാന്‍ പൊഴിയോരം ബീച്ച് റിസോര്‍ട്ടിന് അധികമൊന്നും കാത്തിരിക്കേണ്ടതായി വന്നില്ല.

 

 

അങ്ങനെയിരിക്കെയാണ് കോവിഡിന് ശേഷമുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി ആയുര്‍വേദ ചികിത്സയുടെ പ്രാധാന്യം ജിജോ മനസിലാക്കുന്നത്. ഇത് പുറംരാജ്യത്തുള്ളവര്‍ക്ക് റിസര്‍ച്ചിനും ചികിത്സയ്ക്കുമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന സാധ്യതയെ മുന്നില്‍കണ്ട് റിസോര്‍ട്ടിനെ ആയുര്‍വേദ ആന്റ് യോഗ വെല്‍നെസ് എന്ന നിലയില്‍ ഉയര്‍ത്താന്‍ തീരുമാനിക്കുകയും ‘ആയുര്‍ ബീച്ച് റിസോര്‍ട്ട്’ എന്ന പേരില്‍ സബ് ബ്രാന്റ് ചെയ്യുകയും ചെയ്തു. നിലവില്‍ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പുറമെ യൂറോപ്പില്‍ നിന്ന് എല്ലാ വര്‍ഷവും ആറോളം ഗ്രൂപ്പുകള്‍ യോഗ പഠിക്കുന്നതിനും ആയുര്‍വേദ വെല്‍നെസിന് വേണ്ടിയും ഇവിടെ എത്തിച്ചേരാറുമുണ്ട്.

ഇതിനിടെ ജിജോയ്ക്ക് മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സിവില്‍ എഞ്ചിനീയറായി ജോലി ലഭിച്ചിരുന്നു. അങ്ങനെയിരിക്കെ ആ മേഖലയിലെ കാടിന്റെയും പ്രകൃതിയുടെയും മനോഹാരിതയും കാലാവസ്ഥയുടെ പ്രത്യേകതയും പുറംലോകം അറിയണമെന്ന് ആഗ്രഹിച്ച ജിജോ പ്രകൃതിയോടിണങ്ങും വിധം ടെന്റ് ക്യാമ്പിങ് ആന്റ് ട്രക്കിങ് എന്ന നിലയില്‍ ‘വൈബ്‌സ് കാന്തല്ലൂര്‍ ക്യാമ്പിങ്’ എന്ന പേരില്‍ പ്രീമിയം ക്വാളിറ്റിയിലുള്ള സൗകര്യങ്ങള്‍ ടൂറിസ്റ്റുകള്‍ക്കായി ഒരുക്കി.

ഈ സംരംഭം നല്ല രീതിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്ന സമയത്താണ് മറ്റൊരു നാടന്‍ ഉത്പന്നം ജിജോയുടെ ശ്രദ്ധയില്‍പ്പെട്ടത്. വൈവിധ്യമാര്‍ന്ന കൃഷിയിടങ്ങളാലും ഫ്രൂട്ട് ഫാമുകളാലും സമ്പുഷ്ടമായ കാന്തല്ലൂര്‍ മലിനീകരണം തീരെയില്ലാത്ത മേഖലയായതിനാല്‍ കാട്ടില്‍ നിന്ന് ശുദ്ധമായ തേന്‍ ലഭിക്കുന്നതിനേക്കുറിച്ച് ജിജോ ആലോചിക്കാനിടയായി. മറയൂരിലെ ആദിവാസികളും മുതുവാന്മാരുമായി കൂടുതല്‍ അടുത്തിടപഴകാന്‍ അവസരം ലഭിച്ച ജിജോ ആ അവസരം ഉപയോഗിക്കുകയും ശുദ്ധമായ തേന്‍ അവരില്‍ നിന്ന് ശേഖരിക്കുകയും നാട്ടിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എത്തിച്ച് നല്‍കുകയുമായിരുന്നു. പിന്നീട് തേനിന്റെ ഗുണനിലവാരം മനസിലാക്കി ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ‘വെര്‍ജിന്‍ ഹണി ഫ്രം വെസ്റ്റേണ്‍ ഗട്ട്‌സ്’ എന്ന ബ്രാന്റില്‍ കാട്ടില്‍ നിന്നും ശേഖരിക്കുന്ന ശുദ്ധമായ തേന്‍ ജിജോ ഓണ്‍ലൈനായി മാര്‍ക്കറ്റില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

തന്റെ ബിസിനസിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി അനുദിനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജിജോ വൈബ്‌സ് കാന്തല്ലൂര്‍ ക്യാമ്പിങ് എന്ന പ്രൊജക്ടിനെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. അതിന്റെ ആദ്യപടി എന്ന നിലയില്‍ വാഗമണ്ണില്‍ ‘വൈബ്‌സ് വാഗമണ്‍ ക്യാമ്പിങ്’ എന്ന പേരില്‍ പുതിയ സംരംഭം ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ജിജോയുടെ ബിസിനസിന് പൂര്‍ണ പിന്തുണ നല്‍കി ഭാര്യ നടാഷയും മക്കളായ എയ്തന്‍ ജിജോയും നോഹ ജിജോയും എപ്പോഴും കൂടെത്തന്നെയുണ്ട്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button