Special StorySuccess Story

പ്രതിസന്ധികളില്‍ നിന്നും ഉയര്‍ന്നുവന്ന വനിതാ സംരംഭക; അരുണാക്ഷി

ജീവിതം കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ നിന്നും ഉയര്‍ന്നുവന്ന വനിതാ സംരംഭക… പ്രതിസന്ധികളെ ചവിട്ടുപടികളാക്കി വിജയത്തിലേക്ക് ചുവടുവച്ച ആ സംരംഭകയുടെ പേരാണ് അരുണാക്ഷി. ഇന്ന് ലക്ഷങ്ങള്‍ വിറ്റു വരവുള്ള ‘വി ഫ്‌ളവേഴ്‌സ്’ എന്ന മാട്രസ് കമ്പനിയുടെ ഉടമ…

കാസര്‍ഗോഡ് അനന്തപുരം വ്യവസായ പാര്‍ക്കിലാണ് അരുണാക്ഷിയുടെ ഈ സംരംഭം സ്ഥിതി ചെയ്യുന്നത്. കിടക്ക നിര്‍മാണ മേഖലയില്‍ നിരവധി കമ്പനികള്‍ സ്ഥാനമുറപ്പിച്ച ഈ കാലത്ത് വ്യത്യസ്തമായ ആശയങ്ങളും സാങ്കേതിക വിദ്യകളുമാണ് അരുണാക്ഷിയുടെ വിജയത്തിന് പിന്നില്‍. കൂടാതെ, അര്‍പ്പണബോധവും കഠിനാധ്വാനവും അരുണാക്ഷി എന്ന യുവ സംരംഭക കൈമുതലാക്കിയിട്ടുമുണ്ട്.

ജീവിതത്തില്‍ വലിയൊരു പ്രതിസന്ധി വന്നപ്പോള്‍ എന്തു ചെയ്യുമെന്ന് പകച്ചുനില്‍ക്കാതെ, തനിക്കും എന്തുകൊണ്ട് ഒരു സംരംഭക ആയിക്കൂടാ എന്ന് അരുണാക്ഷി ചിന്തിക്കുകയായിരുന്നു. അങ്ങനെ ആദ്യം ചിന്തിക്കുന്നത് ‘ബേക്കറി’ എന്ന സംരംഭത്തെക്കുറിച്ച്… പിന്നെ, ആ മേഖലയില്‍ ഉണ്ടാവാന്‍ ഇടയുള്ള ചില പ്രശ്‌നങ്ങളെ കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് തന്റെ കോളേജ് ഗ്രൂപ്പ് ആയ വി ഫ്‌ളവേഴ്‌സില്‍ നിന്നും അരുണാക്ഷിക്ക് ഇത്തരത്തില്‍ ഒരു ആശയം കിട്ടുന്നത്.

ആ ചിന്തയെ യാഥാര്‍ത്ഥ്യമാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു പിന്നീട് അരുണാക്ഷി. അങ്ങനെ ആ സ്വപ്‌നം സാക്ഷാത്കരിച്ചപ്പോള്‍ തന്റെ കോളേജ് ഗ്രൂപ്പായ വി ഫ്‌ളവേഴ്‌സ് എന്ന പേര് തന്നെ അരുണാക്ഷി തന്റെ സംരംഭത്തിനും നല്‍കി. ഈ കമ്പനി തുടങ്ങുന്നതിനു മുന്‍പ് മറ്റു ചില സംരംഭങ്ങളില്‍ അരുണാക്ഷി ജോലി ചെയ്ത് പോന്നിരുന്നു. അവിടെനിന്ന് കിട്ടിയ ചില പാഠങ്ങളും അരുണാക്ഷിയെ ഈ മേഖലയില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്.

കമ്പനി തുടങ്ങാനായി സാമ്പത്തിക പരമായും മാനസിക പരമായും അരുണാക്ഷിക്ക് ഏറ്റവുമധികം തുണയേകിയത് കൂട്ടുകാരാണ്. കൂടാതെ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ പിന്തുണയും വളരെ വലുതാണെന്ന് അരുണാക്ഷി പറയുന്നു. 2016 ല്‍ അരുണാക്ഷി വി ഫ്‌ളവേഴ്‌സ് എന്ന കോളേജ് ഗ്രൂപ്പില്‍ അംഗമാകുന്നു. തുടര്‍ന്ന് ഇത്തരത്തില്‍ ഒരു കമ്പനി എന്ന ആശയം കിട്ടുകയും 2020ല്‍ കമ്പനിക്കായി സ്ഥലമേറ്റെടുക്കുകയും ചെയ്യുന്നു.

അങ്ങനെ 2020 ഫെബ്രുവരിയില്‍ കമ്പനിയുടെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുകയും അതിനിടയിലെ കൊറോണയിലും ലോക്ക്ഡൗണിലും തളരാതെ 2020 നവംബറില്‍ വി ഫ്‌ളവേഴ്‌സ് എന്ന തന്റെ സ്വപ്‌ന സംരംഭത്തിന് ഉദ്ഘാടനം നടത്തുകയും ചെയ്യുന്നു.ശേഷം 2021 ജനുവരിയോടെയാണ് കമ്പനി ശരിയായ രീതിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

ഇടയ്ക്കുണ്ടായ കൊറോണ പ്രതിസനന്ധിയില്‍ സംരംഭം നിര്‍ത്തി പോകേണ്ടി വരുമോ എന്ന വലിയ പേടി പോലും ഉണ്ടായി എന്നാണ് അരുണാക്ഷി പറയുന്നത്. എന്നാല്‍ ഈ സമയത്ത് ജില്ലാ വ്യവസായ കേന്ദ്രം എല്ലാ പിന്തുണയും അരുണാക്ഷിക്ക് നല്‍കിയിരുന്നു.

തുടക്കത്തില്‍ തലയിണകള്‍ മാത്രം നിര്‍മിച്ച കമ്പനിയില്‍ ഇന്ന് നിരവധി കസ്റ്റമൈസ്ഡ് മെത്തകള്‍ നിര്‍മിച്ചു നല്‍കുന്നു. മെത്ത നിര്‍മാണത്തിനും മറ്റുമായി ഉപയോഗിക്കുന്ന എല്ലാ മെറ്റീരിയലുകളും വളരെയധികം ഗുണമേന്മയുള്ളതാണ്. മെറ്റീരിയലുകള്‍ മാത്രമല്ല, ഉപയോഗിക്കുന്ന ഉപകരണങ്ങളും ഉയര്‍ന്ന ഗുണനിലവാരമുള്ളതും ഇറക്കുമതി ചെയ്തവയുമാണ്.

ഉയര്‍ന്ന ഗുണനിലവാരമുള്ള ‘റെക്രോണ്‍’ ആണ് പില്ലോകളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും വരുത്തുന്നില്ല. റിലയന്‍സ് ആണ് ഇവിടേക്കുള്ള റെക്രോണിന്റെ വിതരണം നടത്തുന്നത്. കയര്‍ മെത്തകളും ജനങ്ങള്‍ക്ക് വേണ്ടി ഇവിടെ നിന്നും നല്‍കുന്നുണ്ട്. മൈക്രോ ഫൈബര്‍ പില്ലോകള്‍, നെക്ക് പില്ലോകള്‍, നോര്‍മല്‍ മാട്രസ്സുകള്‍ എന്നിവ കസ്റ്റമറുടെ ആവശ്യത്തിനനുസരിച്ച് ഇവിടെ നിന്നും ചെയ്തു നല്‍കുന്നു.

ഡോക്ടര്‍മാര്‍ പോലും നിര്‍ദേശിക്കുന്ന ഒന്നാണ് മൈക്രോ ഫൈബര്‍ പില്ലോകള്‍. കൂടാതെ സാന്‍വിച്ച് മാട്രസ്, ഫുള്‍ഫോം മാട്രസ്, സ്പ്രിംഗ് മാട്രസ്, ബേബി ബെഡുകള്‍, ബീച്ച് ബെഡ്, ഹോസ്പിറ്റലില്‍ ബെഡ് എന്നിവയും ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് ഇവിടെ ചെയ്തു നല്‍കുന്നു.

എങ്ങോട്ട് വേണമെങ്കിലും അയക്കാവുന്ന രീതിയിലാണ് തലയിണകളും മറ്റും ഇവിടെ നിന്നും പാക്ക് ചെയ്യുന്നത്. ഇപ്പോള്‍ പ്രധാനമായും കേരളത്തിലാണ് വി ഫ്‌ളവേഴ്‌സിന്റെ ഉത്പന്നങ്ങള്‍ ലഭ്യമാകുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് എന്നിവയ്ക്ക് പുറമെ കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ഉത്പന്നങ്ങളുടെ ഓര്‍ഡറുകള്‍ എത്തുന്നത്. പതിയെ കേരളത്തില്‍ എല്ലായിടത്തേക്കും പിന്നീട് ഇന്ത്യ ഒട്ടാകെ എന്ന നിലയിലും തന്റെ സംരംഭം വ്യാപിപ്പിക്കണമെന്നാണ് അരുണാക്ഷി ആഗ്രഹിക്കുന്നത്.

ഓണ്‍ലൈന്‍ ആയും അരുണാക്ഷിയുടെ വി ഫ്‌ളവേഴ്‌സ് മാട്രസ്സുകള്‍ ഉടന്‍ ലഭ്യമാകും, അതിനുള്ള ചുവടുവയ്പുകളാണ് ഇപ്പോള്‍ അരുണാക്ഷി നടത്തുന്നത്. ആര്‍ക്ക് മുന്നിലും ഏതു സാഹചര്യത്തിലും തോറ്റു കൊടുക്കാന്‍ തയ്യാറല്ലാത്ത അരുണാക്ഷിയുടെ മനസ്സ് തന്നെയാണ് ഈ കമ്പനിയെ ഇന്ന് കാണുന്ന വിജയത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button