EntreprenuershipSpecial Story

കാര്‍ഷിക വിളകളുടെ മടിത്തട്ടില്‍ ഒരു വിശ്രമകേന്ദ്രം; വിനോദസഞ്ചാരികളുടെ പറുദീസയായി ‘FarmKamp’

പ്രകൃതിയുടെ മനോഹാരിതയില്‍ അല്പനേരം വിശ്രമിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത് അല്ലേ? ജീവിതത്തിലെ തിരക്കുകളില്‍ നിന്നും പിരിമുറുക്കങ്ങളില്‍ നിന്നും മാറി തണല്‍ മരങ്ങളും പാലരുവികളും മലനിരകളും പക്ഷിമൃഗാദികളുടെ വശ്യമായ ശബ്ദവുമെല്ലാം ഉള്‍പ്പെടുന്ന പ്രകൃതിയുടെ മടിത്തട്ടിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷമെങ്കിലും കൊതിച്ചിട്ടില്ലേ. ഇത്തരം കാഴ്ചകള്‍ നിങ്ങള്‍ക്കും വിദൂരത്തല്ല. മണ്ണിനെയും മലനിരകളെയും അടുത്തറിയാനും അവയോടൊത്ത് സമയം ചിലവഴിക്കാനും അവസരമൊരുക്കുകയാണ് ‘ഫാം ക്യാമ്പ്’ എന്ന അഗ്രോ ടൂറിസം പദ്ധതി.

പ്രകൃതിയെ അകമഴിഞ്ഞ് സ്‌നേഹിക്കുന്ന അശോക് കുമാര്‍ എന്ന സംരംഭകന്‍ 2008-ല്‍ ആരംഭിച്ച പദ്ധതിയാണ് ഫാം ക്യാമ്പ്. കൃഷിയോട് വളരെ താത്പര്യമുണ്ടായിരുന്ന സിവില്‍ എഞ്ചിനീയറിംങ് കോണ്‍ട്രാക്ടര്‍ കൂടിയായ അച്ഛന്‍ കുമാരന്‍ നായരില്‍ നിന്നാണ് അശോകിന് പ്രകൃതിയോടുള്ള താത്പര്യം പകര്‍ന്നുകിട്ടിയത്. അദ്ദേഹത്തിന്റെ 3,000-ത്തോളം ഏക്കറിലെ കാപ്പിയും റബ്ബറും ഉള്‍പ്പെട്ട പ്ലാന്റേഷന്‍ തോട്ടവും അവയുടെ പരിപാലനവും കണ്ടാണ് അശോക് വളര്‍ന്നത്. അറുപതുകളിലെ ചൈന യുദ്ധത്തോടെ തൊഴില്‍ നഷ്ടപ്പെട്ട നിരവധി പേര്‍ക്ക് തോട്ടത്തില്‍ ജോലി നല്‍കുന്നത് കണ്ട അശോകിന് അച്ഛനോട് തോന്നിയ ആരാധന പതിയെ കൃഷിയോടും തോന്നുകയായിരുന്നു.

അങ്ങനെയിരിക്കെ തന്റെ എട്ടാം വയസില്‍ അച്ഛന്‍ മരിച്ചതോടെ പ്ലാന്റേഷന്‍ കുടുംബക്കാര്‍ ഏറ്റെടുത്ത് നടത്താന്‍ ആരംഭിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കുമാരഗിരിയിലെ തങ്ങളുടെ ഏക്കറുകണക്കിന് സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചതറിഞ്ഞ അശോക് തന്റെ അച്ഛന്റെ സ്വപ്‌നങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ ആഗ്രഹിച്ചു. കുടുംബക്കാര്‍ അതിന് മനസില്ലാമനസോടെ അനുവാദം നല്‍കുകയും ചെയ്തു. പിന്നീട് പ്ലാന്റേഷന്‍ അഗ്രോ ടൂറിസം എന്ന നിലയില്‍ പുനര്‍സൃഷ്ടിക്കുന്നതിനെ കുറിച്ചായിരുന്നു അശോകിന്റെ ചിന്ത. അന്ന് അഗ്രോ ടൂറിസം അത്ര പ്രചാരത്തിലില്ലെങ്കിലും ഭാവിയെ മുന്നില്‍ കണ്ട അശോക് തന്റെ തീരുമാനത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. അങ്ങനെയാണ് പ്രകൃതിയോടിണങ്ങിയ ഒരു ആവാസകേന്ദ്രം എന്ന നിലയില്‍ ഫാം ക്യാമ്പ് ആരംഭിക്കുന്നത്. മങ്കട, ആതിരപ്പള്ളി, നീലഗിരി, ബംഗളൂരു എന്നിവിടങ്ങളിലും ഫാം ക്യാമ്പ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

അഗ്രോ ടൂറിസം വാഗ്ദാനം ചെയ്യുന്ന ഫാം ക്യാമ്പുകള്‍ പൂര്‍ണമായും ഇക്കോ ഫ്രണ്ട്‌ലി എന്ന രീതിയില്‍ തന്നെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ പൂര്‍ണമായും ഉറപ്പാക്കുന്ന രീതിയില്‍ വളരെ സൗകര്യത്തോടും വൃത്തിയോടും കൂടിയാണ് താമസസൗകര്യങ്ങളും ചുറ്റുപാടുകളും തയ്യാറാക്കിയിരിക്കുന്നത്. പലതരം വിളകളാല്‍ സമൃദ്ധമായ കൃഷിയിടങ്ങളും തണല്‍ മരങ്ങളും അതിമനോഹരമായി സൂക്ഷിച്ചിരിക്കുന്ന ചെടിത്തോട്ടവും സ്വിമ്മിങ് പൂളുകളും പ്രകൃതി സ്വമേധയാ സൃഷ്ടിച്ച വെള്ളച്ചാട്ടങ്ങളുമെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്. എവിടേയ്ക്ക് തിരിഞ്ഞാലും പച്ചപ്പിന്റെ ഭംഗി മാത്രമാണ് ദൃശ്യമാകുക എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

ഫാം ക്യാമ്പിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് പുതിയ അറിവുകളും കാഴ്ചകളും പകരുന്നതിനായി കാപ്പി, തേയില, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ഇന്നത്തെ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഔഷധ മരുന്നുകളുടെ വലിയ ശേഖരവും ഇവിടെ പരിപാലിക്കപ്പെട്ടുവരുന്നുണ്ട്. കൃഷിയിടങ്ങളെയും കാടിന്റെ ദൃശ്യഭംഗിയും അടുത്തറിയുന്നതിനായി ഫാംക്യാമ്പിനു ചുറ്റും വിശാലമായ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. പ്രകൃതിയോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ അപൂര്‍വങ്ങളായ ജീവജാലങ്ങളും സസ്യലതാദികളും ഇവിടുത്തെമാത്രം പ്രത്യേകതയാണ്.

തന്റെ സംരംഭത്തിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന ആശോക് കുമാര്‍ ഈ മേഖലയോട് താത്പര്യമുള്ളവരുമായി സഹകരിച്ച് ഫാം ക്യാമ്പ് കൂടുതല്‍ കാര്യക്ഷമമാക്കി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. മുമ്പ് ബാങ്കുകളുടെ ഭാഗത്തുനിന്നും ലഭിച്ചിരുന്ന സാമ്പത്തിക പിന്തുണ കേരളത്തിലെ വെള്ളപ്പൊക്കത്തിനും കോവിഡ് കാലത്തിനും ശേഷം നിലയ്ക്കുകയായിരുന്നു. അതിനാല്‍ ഫാം ക്യാമ്പിന്റെ ഉന്നമനത്തിനായി സാമ്പത്തികമായി കൂടെ നില്‍ക്കാന്‍ താത്പര്യമുള്ള എന്‍ആര്‍ഐകള്‍ ഉള്‍പ്പെടെയുള്ളവരെ അശോക് തന്റെ ബിസിനസിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്നുണ്ട്.

ഫാം ക്യാമ്പില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഔഷധമരുന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് ലോകത്തിന്റെ ഏതുകോണിലേയ്ക്കും അവ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളും അശോക് കുമാര്‍ നടത്തിവരികയാണ്. അഗ്രിക്കള്‍ച്ചറില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ അശോക് ഒരു സി.എക്കാരന്‍ കൂടിയാണ്. ബിസിനസില്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കി ഭാര്യ ശാന്തി അശോക് എപ്പോഴും കൂടെത്തന്നെയുണ്ട്.

FarmKamp – Bangalore,
Kailash Kuteeram, S. No. 6- Kachamaranahalli,
Gunjur Post, Bangalore – 560 087
Website : www.farmkamp.in
Ph : 7994288111

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button