EntreprenuershipSuccess Story

വിധിയുടെ പരീക്ഷകളില്‍ തളരാതെ ഒരമ്മയും മകളും

എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് ശേഷം തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന് മുന്നിലൂടെ കടന്നുപോകുന്ന ഏതൊരാളും ഒരു മിനിറ്റ് ഇവിടെയൊന്ന് നിന്ന് പോകും. അത് മറ്റൊന്നും കൊണ്ടല്ല; മനസ്സ് നിറക്കുന്ന, നാവില്‍ വെള്ളമൂറിയ്ക്കുന്ന ബ്രാഹ്മണ പലഹാരങ്ങളുടെ സുഗന്ധം ആരെയും ഒരു നിമിഷം പിടിച്ചു നിര്‍ത്തും. അതിന്റെ ഉറവിടമന്വേഷിച്ച് ഒരുപാടൊന്നും അലയേണ്ടി വരില്ല. ഒന്ന് കണ്ണു പരതിയാല്‍ കാണാം, സമീപത്തായി അമൃതലക്ഷ്മി ഫുഡ് വേള്‍ഡ്…!

ഒന്നര വര്‍ഷം മുന്‍പ് വരെ, മൂന്നു പേരുള്ള ഒരു ബ്രാഹ്മണ കുടുംബത്തെ അവിടെ കാണാമായിരുന്നു. വെങ്കിടേശ്വരനയ്യര്‍, ഭാര്യ ബിന്ദു വെങ്കിടേശ്വരനയ്യര്‍, മകള്‍ ശ്രീലക്ഷ്മി. എന്നാല്‍, ഹൃദയാഘാതത്തെ തുടര്‍ന്ന് വെങ്കിടേശ്വരനയ്യര്‍ 2021 ഒക്ടോബറില്‍ ഈ ലോകത്തോട് വിട പറഞ്ഞതോടെ, ‘അമൃത ലക്ഷ്മി ഫുഡ് വേള്‍ഡ്’ അമ്മയും മകളുമായി ചുരുങ്ങി.

യാതൊരു പ്രിസര്‍വേറ്റീവുകളും ചേര്‍ക്കാതെ ഇവര്‍ തന്നെ വീട്ടില്‍ പാകം ചെയ്യുന്ന വിഭവങ്ങള്‍ മാത്രമാണ് ഈ സ്ഥാപനത്തിന്റെ ഉത്പന്നങ്ങള്‍. ദൈവം കനിഞ്ഞു നല്‍കിയ കൈപുണ്യം മൂലധനമാക്കി, ഒരു ചെറിയ വരുമാനം കണ്ടെത്താമെന്ന് കരുതി, മൂന്ന് ഉത്പന്നങ്ങളുമായി 2000ല്‍ ബിന്ദു തുടക്കം കുറിച്ചതാണ്, ഇന്നത്തെ ലോകാന്തരമായി ഉപഭോക്താക്കളുള്ള ഈ സ്ഥാപനം.

തുടക്കം ഒറ്റയ്ക്കായിരുന്നുവെങ്കിലും പിന്നീട് ഭര്‍ത്താവിന്റെ പിന്തുണയോടുകൂടി സംരംഭം കെട്ടിപ്പടുത്തുകയായിരുന്നു ബിന്ദു. സംരംഭം വളര്‍ന്നു തുടങ്ങിയപ്പോഴേക്കും ബിന്ദുവിനും വെങ്കിടേശ്വരനയ്യര്‍ക്കും പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. ഒരു കൈത്താങ്ങാകുമെന്നു കരുതിയ സാമ്പത്തിക ഇടപാട്, ഇവരുടെ കുടുംബത്തെ ശിഥിലമാക്കി, വേരോടെ പിഴുത്തെടുത്തു.

ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള തിക്താനുഭവങ്ങളാല്‍ ജീവിതം അവസാനിപ്പിക്കുവാനുള്ള തീരുമാനത്തിലെത്തി. മകളെയോര്‍ത്ത് ജീവിതം പുനരാരംഭിച്ചപ്പോള്‍, വിധി മുന്നിലെത്തിയത് ബിന്ദുവിന്റെ ഇടതുഭാഗം തളര്‍ത്തിക്കൊണ്ട്… കഷ്ടിച്ച് ആറ് മാസം കൂടി മാത്രം ആയുസ്സ് പറഞ്ഞ വൈദ്യശാസ്ത്രത്തെ, ഇച്ഛാശക്തികൊണ്ടും വിജയം കൈവരിക്കണമെന്നുള്ള ദൃഢനിശ്ചയവും കൊണ്ട്, ഇവര്‍ പിന്നിട്ടത് വര്‍ഷങ്ങള്‍ രക്തബന്ധങ്ങളുടെ ഒരു ആശ്വാസവാക്കു പോലുമില്ലാതിരുന്ന ഈ അവസ്ഥയില്‍ ഇവര്‍ക്ക് പിന്തുണ നല്‍കിയത് ബിന്ദുവിന്റെ വളര്‍ത്തമ്മയും, ഒരു വക്കീല്‍ കുടുംബവും, അവര്‍ മുഖേന ഇപ്പോള്‍ ഇവരുടെ ലീഗല്‍ അഡൈ്വസറായി മാറിയ അഡ്വ. കെ. ഉണ്ണികൃഷ്ണനും മാത്രമാണ്. ഇതിനുപുറമെ, വലതും ഇടതുമായി ഭര്‍ത്താവും മകളും ധൈര്യമേകി കൂട്ടായി നിന്നപ്പോള്‍ അമൃത ലക്ഷ്മി ഫുഡ് വേള്‍ഡിന്റെ പഴയ ശക്തമായ നട്ടെല്ലായി ബിന്ദു പുനര്‍ജനിച്ചു.

സ്റ്റിറോയിഡുകളുടെ പരിണിതഫലമായി ബിന്ദുവിന്റെ ഇടതു കണ്ണിന്റെ കാഴ്ചയും ഇടതു ചെവിയുടെ കേള്‍വിയും നഷ്ടപ്പെട്ടു. വലതു ചെവിക്കാണെങ്കില്‍ 35 ശതമാനം മാത്രമാണ് ഇപ്പോള്‍ കേള്‍വി. ഇന്നും ഒട്ടനവധി ദൂരീകരിക്കപ്പെടാനാകാത്ത അസുഖങ്ങളോടു പൊരുതി, തന്റെ കര്‍മമണ്ഡലത്തില്‍ കൈപുണ്യത്തിന്റെ നിറവുമായി മുന്നേറുകയാണ് ഈ കഠിനാദ്ധ്വാനി.

എന്നും രാവിലെ അഞ്ചരയോടെ, തന്റെ അടുക്കളയില്‍, അതാത് ദിവസത്തേക്കുള്ള രുചി വിഭവങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങും. വൈകുന്നേരം അഞ്ച് മണിയോടെ മകള്‍ ശ്രീലക്ഷ്മിയെയും കൂട്ടി ബിന്ദു തിരുവമ്പാടി ക്ഷേത്രത്തിനു മുന്നിലുള്ള ഇവരുടെ സ്ഥാപനത്തിലെത്തും. തുടര്‍ന്ന് 7.30 വരെ സ്ഥാപനത്തില്‍. നെയ്യപ്പം, കേസരി, സാമ്പാര്‍ പൊടി, ബട്ടര്‍ മുറുക്ക്, ശര്‍ക്കര ഉപ്പേരി, കുരുമുളകു രസപൊടി, വിവിധയിനം അച്ചാറുകള്‍ തുടങ്ങി 250ഓളം വിഭവങ്ങള്‍ അമൃതലക്ഷ്മി ഫുഡ് വേള്‍ഡില്‍ ദൈനംദിനം മാറിമാറി ലഭ്യമാണ്. ആവശ്യമനുസരിച്ച് വിഭവങ്ങള്‍ തയ്യാറാക്കും.

വാട്‌സാപ്പ് വഴി ഓരോ ദിവസത്തെയും വിഭവങ്ങള്‍ കസ്റ്റമേഴ്‌സിന് അപ്‌ഡേറ്റ് ചെയ്യും. വിധിയുടെ പരീക്ഷണങ്ങളില്‍ നിന്നു കരകയറാന്‍ സാധിച്ചതില്‍ ബിന്ദുവിന് അതിയായ സന്തോഷമുണ്ട്. സ്വന്തം അച്ഛനെയും അമ്മയെയും തന്റെ ജീവിതത്തിലെ റോള്‍ മോഡലുകളാക്കി, ശ്രീലക്ഷ്മി ജീവവായുവായി ബിന്ദുവിനൊപ്പമുണ്ട്. തന്റെ എല്ലാമായ ഭര്‍ത്താവ് ഇപ്പോള്‍ ഒപ്പമില്ല എന്നതാണ് ബിന്ദുവിന്റെ ഏക വിഷമം. മകളുടെ വിവാഹം എന്ന വലിയ സ്വപ്‌നം സാക്ഷാത്കരിക്കുവാനായില്ലെങ്കിലും, തന്റെ കുടുംബം സ്വന്തം മകനു തുല്യമായ മരുമകനെ ഏല്പിച്ചാണ് വെങ്കിടേശ്വരന്‍ മണ്മറഞ്ഞത്.

വിധിയുടെ കടുത്ത പരീക്ഷകളെ ധൈര്യമായി നേരിട്ടുകൊണ്ട്, രുചിയുടെ കര്‍മ മേഖലയില്‍ 22 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സ്വന്തം അടുക്കളയില്‍ നിന്നും സ്വാദറുന്ന രുചിവൈഭവങ്ങള്‍ തീര്‍ത്ത്, ബിന്ദു ഇന്നും ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട കൈപുണ്യമായി തുടരുന്നു.

Contact Number: 9961097733, 9388039915, 9387822537

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button