EntreprenuershipSuccess Story

കഠിനാധ്വാനത്തിലൂടെ വിജയം നേടാനുറച്ച് ഒരു വീട്ടമ്മ

വെളിച്ചെണ്ണയുടെ ഏറ്റവും പരിശുദ്ധമായ രൂപമാണ് ഉരുക്കുവെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണ. പരമ്പരാഗതമായ രീതിയില്‍ നിര്‍മിക്കുന്ന ഈ എണ്ണ ആരോഗ്യത്തിന് ഗുണപ്രദവും ഹൃദ്യവുമായ സുഗന്ധം പരത്തുന്നതുമാണ്. നവജാതശിശുക്കളുടെ ചര്‍മ സംരക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനും ഇതിലും മികച്ചൊരു ഔഷധം വേറെയില്ലെന്ന് തന്നെ പറയാം.

പണ്ടുകാലത്ത് ഒരു കുഞ്ഞ് ജനിച്ചാല്‍ വീട്ടില്‍ നിര്‍മിച്ചിരുന്ന അവശ്യ ഉത്പന്നമായിരുന്നു ഉരുക്കുവെളിച്ചെണ്ണ. എന്നാല്‍ അധ്വാനവും സമയനഷ്ടവും കണക്കിലെടുത്ത് ഇപ്പോള്‍ ആരും എണ്ണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. അത്തരക്കാര്‍ക്ക് വേണ്ടി പരിശുദ്ധമായ ഉരുക്കുവെളിച്ചെണ്ണ നിര്‍മിച്ച് നല്കുകയാണ് വളര്‍ന്നുവരുന്ന സംരംഭകയായ ദിവ്യ അനില്‍കുമാര്‍.

തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ വട്ടവള സ്വദേശിയായ ദിവ്യ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്. സംരംഭത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ത്തന്നെ ദിവ്യയുടെ മനസിലേക്ക് എത്തിയത് ഔഷധഗുണവും മാര്‍ക്കറ്റില്‍ അത്ര സുലഭമല്ലാത്തതുമായ ഉരുക്കുവെളിച്ചെണ്ണയുടെ നിര്‍മാണമായിരുന്നു.

തുടക്കത്തില്‍ സ്വന്തം കൃഷിയിടത്തില്‍ നിന്നുള്ള തേങ്ങയായിരുന്നു ദിവ്യ എണ്ണയ്ക്കായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഓര്‍ഡറുകള്‍ വിര്‍ധിക്കുന്നതിനനുസരിച്ച് ഇപ്പോള്‍ പുറത്തുനിന്ന് തേങ്ങ വാങ്ങുകയും ചെയ്യുന്നുണ്ട്.

100% പ്രകൃതിദത്തവും പരിശുദ്ധവുമായ രീതിയിലാണ് എണ്ണയുടെ നിര്‍മാണം. പുഴുങ്ങിയ തേങ്ങ ചിരട്ടയില്‍ നിന്നും നീക്കം ചെയ്തശേഷം കൈ ഉപയോഗിച്ച് പിഴിഞ്ഞ് തേങ്ങാപ്പാല്‍ ശേഖരിക്കും. പിന്നീട് ഉരുളിയില്‍ തിളപ്പിച്ച് പാലിലെ വെള്ളം വറ്റിച്ചാണ് ഉരുക്കുവെളിച്ചെണ്ണ നിര്‍മിക്കുന്നത്. നവജാത ശിശുക്കളുടെയും കുട്ടികളുടെയും ചര്‍മ-ആരോഗ്യ സംരക്ഷണത്തിനായാണ് എണ്ണ കൂടുതലായും ഉപയോഗിക്കുന്നത്. അതിന് പുറമെ അകാലനര, മുടികൊഴിച്ചില്‍, ത്വക്കിലെ ചുളിവ് അകറ്റല്‍ തുടങ്ങിയവയ്ക്ക് പ്രായഭേദമെന്യേ ഈ എണ്ണ വളരെ ഫലപ്രദമാണ്.

സംരംഭക എന്ന നിലയിലേക്ക് വളരാന്‍ ആഗ്രഹിക്കുന്ന ദിവ്യ ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് ഉരുക്കുവെളിച്ചെണ്ണ നിര്‍മിച്ച് നല്‍കുകയാണ് ചെയ്യുന്നത്. ഇതിനോടൊപ്പം ശുദ്ധമായ കാച്ചിയ വെളിച്ചെണ്ണ ഉത്പാദനം ആരംഭിക്കണമെന്ന ആഗ്രഹവുമായാണ് ഇപ്പോള്‍ ദിവ്യ മുന്നോട്ടു പോകുന്നത്. സംരംഭകയാകുക എന്ന തന്റെ ലക്ഷ്യത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ വീട്ടമ്മ വനിതകള്‍ക്ക് പ്രചോദനമാകുകയാണ്. ദിവ്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് അനില്‍കുമാറും കുടുംബവും കൂടെത്തന്നെയുണ്ട്. നില എല്‍സബത്ത് ഏകമകളാണ്.
ഫോണ്‍: 7994058606

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button