EntreprenuershipSuccess Story

മണല്‍ക്കണങ്ങളില്‍ തീര്‍ത്ത സ്വപ്‌നം; സനു കെ. മോഹന്റെ കലായാത്ര

ഒരു സ്വപ്‌നത്തെ സ്വന്തം തിരിച്ചറിയലാക്കി മാറ്റാന്‍ വേണ്ടത് നിരന്തരമായ പരിശ്രമവും പരീക്ഷണങ്ങളുമാണ്. പരിമിതികളെ പോലും പുതിയ സാധ്യതകളാക്കി മാറ്റി, മണല്‍ത്തരികളില്‍ വേറിട്ടൊരു കലാലോകം തീര്‍ത്ത കലാകാരനാണ് ഇടുക്കി കട്ടപ്പന സ്വദേശി സനു കെ. മോഹന്‍. 22 വര്‍ഷമായി ആര്‍ട്ട് മേഖലയിലുള്ള സനു കഴിഞ്ഞ നാല് വര്‍ഷമായി സ്വന്തം സംരംഭമായ ‘സന്‍പ്രവാഹി’ എന്ന ആര്‍ട്ട് ഗാലറിയിലൂടെയാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

ചെറുപ്പം മുതലേ ആര്‍ട്ടിനോട് വലിയ താല്‍പര്യമുണ്ടായിരുന്ന സനുവിന്റെ കലാജീവിതത്തിന് വ്യത്യസ്തമായ വഴിത്തിരിവുണ്ടായത് മണല്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെയാണ്. ആദ്യകാലത്ത് രണ്ട് നിറത്തിലുള്ള മണല്‍ ഉപയോഗിച്ചായിരുന്നു അദ്ദേഹം ആര്‍ട്ട് ചെയ്ത് തുടങ്ങിയത്. ‘കളര്‍ ബ്ലൈന്‍ഡ്‌നെസ്’ ഉള്ളതിനാല്‍ പെയിന്റിങ് മേഖലയില്‍ താന്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചിരുന്നില്ല. എന്നാല്‍ അതൊരു തടസ്സമായി കണ്ട് പിന്മാറുന്നതിന് പകരം, വ്യത്യസ്ത നിറങ്ങളിലുള്ള മണല്‍ ശേഖരിച്ച് പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു സനു. പല ഘട്ടങ്ങളിലായുള്ള പഠനവും പരീക്ഷണങ്ങളും ചേര്‍ന്നപ്പോള്‍ ആ താല്‍പര്യം മണല്‍ ചിത്രകലയിലേക്ക് വഴിതുറന്നു. ഇന്ന് ഏകദേശം 65 നിറങ്ങളിലുള്ള മണല്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

ഇന്ന് ഇന്റീരിയറുകള്‍ക്ക് അനുയോജ്യമായ വിവിധ തരത്തിലുള്ള മണല്‍ ചിത്രങ്ങളാണ് സനുവിന്റെ പ്രധാന പ്രവര്‍ത്തനമേഖല. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വീടുകള്‍ എന്നിവയ്ക്കായുള്ള ആര്‍ട്ട് ഫ്രെയിമുകള്‍ക്കൊപ്പം മണല്‍ ഉപയോഗിച്ചുള്ള പോട്രെയ്റ്റ് ഗിഫ്റ്റിങ്ങും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ പതിനായിരത്തിലധികം വി.ഐ.പികളിലേക്ക് അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ എത്തിയിട്ടുണ്ട്. ഇതിനോടകം ഒരു ലക്ഷത്തിലധികം പോട്രെയ്റ്റുകള്‍ ഒരുക്കിയെന്നതും സനുവിന്റെ പ്രവര്‍ത്തനമേഖലയുടെ വ്യാപ്തി വ്യക്തമാക്കുന്നു.

സാന്റ് ആര്‍ട്ടിനൊപ്പം കേരളത്തിന്റെ തനത് പൈതൃകവും ഓര്‍മകളും ആളുകളിലേക്ക് എത്തിക്കുന്ന സുവനീറുകള്‍ക്കും സന്‍പ്രവാഹി പ്രാധാന്യം നല്‍കുന്നു. ഫ്രിഡ്ജ് മാഗ്‌നറ്റുകള്‍, മിനി ഫ്രെയിമുകള്‍, ബുക്ക്മാര്‍ക്കുകള്‍ തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ക്കൊപ്പം വാല്‍ക്കണ്ണാടിയും രൂപപ്പെടുത്തിയിട്ടുണ്ട്.

താന്‍ മണല്‍ ചിത്രകല പഠിച്ച കാലത്ത് ഈ മേഖലയെക്കുറിച്ച് കൃത്യമായി പറഞ്ഞുതരാനോ മാര്‍ഗനിര്‍ദേശം നല്‍കാനോ അധികമാരും ഉണ്ടായിരുന്നില്ല. ആ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്ന ചിന്തയിലാണ് സനു ആര്‍ട്ട് കിറ്റുകള്‍ രൂപകല്‍പ്പന ചെയ്തത്. മണല്‍ ചിത്രകല എളുപ്പത്തില്‍ പഠിക്കാനും പരിശീലിക്കാനും സാധിക്കുന്ന രീതിയിലുള്ള ഈ കിറ്റുകളിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും ഓണ്‍ലൈനായി പഠിക്കാനുള്ള അവസരവും അദ്ദേഹം ഒരുക്കുന്നു.

പുറത്തുപോയി ജോലി ചെയ്യാന്‍ സാധിക്കാത്ത കുഞ്ഞുങ്ങളുള്ള അമ്മമാര്‍, വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്കും കൃത്യമായ പരിശീലനം നല്‍കി ഈ മേഖലയിലേക്ക് അവസരങ്ങള്‍ തുറന്നുകൊടുക്കുന്നുണ്ട്. ഇന്ന് ഏകദേശം 140 അംഗങ്ങള്‍ സനുവിനൊപ്പം പ്രവര്‍ത്തിക്കുന്നു. സ്വന്തം സംരംഭത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം മറ്റുള്ളവര്‍ക്കും വരുമാനമാര്‍ഗം ഒരുക്കുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നത്. കുറഞ്ഞത് ആയിരം പേര്‍ക്കെങ്കിലും ഈ സംരംഭത്തിലൂടെ വരുമാനം നേടിക്കൊടുക്കണമെന്നതാണ് സനുവിന്റെ വലിയ സ്വപ്‌നം.

ഇന്ന് നൂറിലധികം റിസോര്‍ട്ടുകളും ആന്റിക് ക്രാഫ്റ്റ് ഷോപ്പുകളും സുവനീര്‍ ഷോപ്പുകളും സനുവിന്റെ ക്ലെയിന്റുകളാണ്. ബില്‍ഡര്‍മാരുമായും ഇന്റീരിയര്‍ മേഖലയിലുള്ളവരുമായും സഹകരിച്ച് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും സാധിച്ചു.

കെ.എസ്.സി.ബിയിലെ ജോലി ഉപേക്ഷിച്ച് ആര്‍ട്ടിലേക്ക് കടന്നപ്പോള്‍ തുടക്കത്തില്‍ പല എതിര്‍പ്പുകളും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ സ്വന്തം പാഷനില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുകയായിരുന്നു സനു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അന്ന് സ്വീകരിച്ച തീരുമാനം സ്വന്തം ജീവിതത്തില്‍ മാത്രമല്ല, തന്റെ കൂടെ നില്‍ക്കുന്ന നിരവധി പേരുടെ ജീവിതത്തിലും മാറ്റം കൊണ്ടുവന്നതായി കാണാം.

ഭാര്യ അഞ്ചു പുരുഷോത്തമനും മകളും വര്‍ക്കുകള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സനുവിനൊപ്പം സജീവമായി നില്‍ക്കുന്നു. അതോടൊപ്പം മൂന്നുവയസുകാരനായ മകന്‍ ധ്യാനും മുഴുവന്‍ കുടുംബവും അദ്ദേഹത്തിന്റെ സംരംഭത്തിനൊപ്പം ഉറച്ച പിന്തുണയുമായി കൂടെയുണ്ട്.

സനുവിന്റെ കലാപ്രയത്‌നങ്ങള്‍ക്ക് അംഗീകാരമായി നിരവധി നേട്ടങ്ങളും സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഏറ്റവും വലിയ ലോഗോ നിര്‍മിച്ചതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ‘ലാസ്റ്റ് സപ്പര്‍’ ഏറ്റവും വലിയ സാന്റ് ആര്‍ട്ടായി ഒരുക്കിയതിന് വേള്‍ഡ് റെക്കോര്‍ഡിലും ഇടം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

കലാകാരന്മാരെ വളര്‍ത്തുകയും, കേരളത്തിന്റെ പൈതൃകത്തെ പുതിയ രൂപത്തില്‍ അവതരിപ്പിക്കുകയും, വീട്ടിലിരുന്ന് പോലും തൊഴില്‍ കണ്ടെത്താന്‍ കഴിയുന്ന അവസരങ്ങളൊരുക്കുകയും ചെയ്യുന്ന ഒരു ക്രിയേറ്റീവ് സംരംഭമായി ‘സന്‍പ്രവാഹി’ വളരുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button