EntreprenuershipSuccess Story

നിറങ്ങള്‍ ചേര്‍ത്ത് നെയ്ത സ്വപ്‌നം; ആഷ്മിയുടെ ‘Made by Malka’

നോര്‍ത്ത് പറവൂര്‍ ഗോതുരുത്ത് സ്വദേശിനിയായ ആഷ്മി, സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദം നേടിയപ്പോള്‍ മനസ്സില്‍ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ; ‘വസ്ത്രധാരണത്തില്‍ ഓരോരുത്തര്‍ക്കും തനതായ വ്യക്തിത്വം നല്‍കുക’. പഠനത്തിന് ശേഷം ഒരു ബോട്ടീക്കില്‍ ഡിസൈനറായി ജോലിയില്‍ പ്രവേശിച്ചെങ്കിലും വിവാഹത്തിനും കുഞ്ഞുങ്ങള്‍ക്കും ശേഷം കരിയറില്‍ ചെറിയൊരു ഇടവേളയെടുക്കേണ്ടി വന്നു. എന്നാല്‍ ആ ഇടവേള ഒരു പുതിയ തുടക്കത്തിന്റെ മുന്നോടിയായിരുന്നു.

സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണം എന്നൊന്നും ആഷ്മി ആദ്യം പ്ലാന്‍ ചെയ്തിരുന്നില്ല. തന്റെ കൂട്ടുകാരിയുടെ വിവാഹ വസ്ത്രം തിരഞ്ഞെടുക്കാന്‍ പോയപ്പോള്‍ അവിടെ നേരിട്ട മോശം അനുഭവമാണ് ആഷ്മിയെ ചിന്തിപ്പിച്ചത്. ‘ആ വസ്ത്രം ഞാന്‍ ഡിസൈന്‍ ചെയ്തു നല്‍കാം’ എന്ന് കൂട്ടുകാരിക്ക് നല്‍കിയ വാക്കാണ് ആഷ്മിയുടെ കരിയറിലെ വഴിത്തിരിവായത്. ചെയ്തുനല്‍കിയ വസ്ത്രം എല്ലാവര്‍ക്കും പ്രിയങ്കരമായി കൂടി മാറിയതോടെ ‘ഫ്രീലാന്‍സിംഗ്’ എന്ന നിലയില്‍ ആഷ്മി തന്റെ യാത്ര ആരംഭിച്ചു.

കഴിഞ്ഞ നാല് വര്‍ഷമായി വീട്ടിലിരുന്നു ചെയ്തിരുന്ന ഈ സംരംഭം, മൂന്ന് മാസം മുന്‍പാണ് ഒരു ഷോപ്പായി മാറിയത്. ‘മെയ്ഡ് ബൈ മല്‍ക്ക’ ഇന്ന് അറിയപ്പെടുന്നത് അതിന്റെ ക്വാളിറ്റി കൊണ്ടും ബജറ്റ് ഫ്രണ്ട്‌ലിയായ സമീപനം കൊണ്ടുമാണ്.

ബ്രൈഡല്‍ കസ്റ്റമൈസേഷനാണ് മല്‍കയുടെ പ്രത്യേകത. വധുവിന്റെ താല്‍പ്പര്യങ്ങള്‍ക്കും ബജറ്റിനും അനുസരിച്ചുള്ള മനോഹരമായ വിവാഹ വസ്ത്രങ്ങളാണ് സംരംഭം ഒരുക്കി നല്‍കുന്നത്. കസ്റ്റമൈസ്ഡ് വസ്ത്രങ്ങള്‍ക്ക് പുറമെ റെഡി ടു വെയര്‍ കളക്ഷന്‍സും സംരംഭത്തിലുണ്ട്. സല്‍വാര്‍ സെറ്റുകള്‍, സാരികള്‍, പാര്‍ട്ടിവെയറുകള്‍ എന്നിവയുടെ വിപുലമായ ശേഖരവും മല്‍ക്കയിലുണ്ട്. നേരിട്ട് തിരഞ്ഞെടുത്ത ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ കൊണ്ട് നെയ്‌തെടുക്കുന്നതാണ് മല്‍ക്കയിലെ ഓരോ വസ്ത്രങ്ങളും. വധുക്കള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ആഭരണങ്ങളും ഇവിടെ ലഭ്യമാണ്.

ഈ മേഖലയില്‍ കഴിവാണ് പ്രധാനം. നമുക്ക് എവിടെ വേണമെങ്കിലും എന്ത് വേണമെങ്കിലും ലഭിക്കും, എന്നാല്‍ നല്‍കുന്ന സേവനവും കരുതലുമാണ് മല്‍ക്കയെ വ്യത്യസ്തരാക്കുന്നതെന്ന് ആഷ്മി പറയുന്നു. ”എനിക്ക് മല്‍ക്ക എന്നത് ഒരു ബിസിനസ് മാത്രമല്ല, ഓരോ വധുവിന്റെയും സ്വപ്‌നങ്ങള്‍ സ്‌നേഹത്തോടെ കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്വമാണ്. ഡിസൈനര്‍ എന്നതിലുപരി അവര്‍ക്കൊരു കേള്‍വിക്കാരിയും ഗൈഡുമായി മാറാനാണ് ഞാന്‍ ശ്രമിക്കുന്നത്. അക്കൗണ്ടിലെ നമ്പറുകളല്ല, മറിച്ച് ‘ഞാന്‍ ആഗ്രഹിച്ചതിനേക്കാള്‍ മനോഹരമായി’ എന്ന് അവര്‍ സന്തോഷത്തോടെ പറയുന്ന നിമിഷമാണ് എന്റെ യഥാര്‍ത്ഥ വിജയം”, ആഷ്മി തന്റെ നിലപാട് വ്യക്തമാക്കുന്നു.

കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ് പ്രതിസന്ധികളിലും തനിക്ക് കരുത്തായതെന്ന് ആഷ്മി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഒരു ബിസിനസ് മൈന്‍ഡിനേക്കാള്‍ ഉപരി, ഡിസൈന്‍ ചെയ്ത വസ്ത്രം അണിഞ്ഞു നില്‍ക്കുന്ന കസ്റ്റമറുടെ സംതൃപ്തിയാണ് ആഷ്മിക്ക് ഏറ്റവും വലിയ കരുത്ത്.

സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തേടിയെത്തിയവര്‍ നല്‍കുന്ന നല്ല വാക്കുകളിലൂടെയും ഇന്ന് ‘മെയ്ഡ് ബൈ മല്‍ക്ക’യെ തേടി ദൂരദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തുന്നുണ്ട്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ, സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിലയില്‍ ഫാഷന്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആഷ്മി തന്റെ പ്രയാണം തുടരുന്നു.

https://www.instagram.com/made_by_malka?igsh=MWRmNncyZGJodWJpMA%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button