Special StorySuccess Story

തൊട്ടതെല്ലാം പൊന്നാക്കിയ സുരയ്യ ഷറഫിന്റെ എലഗന്‍സ്

വെഡിങ് കാര്‍ഡ് ഡിസൈനിങ്, ഇവന്റ് മാനേജ്‌മെന്റ്, ഹോം ഡെകോര്‍, ഇന്റീരിയര്‍ ഡിസൈനിങ് എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്റെ ബ്രാന്‍ഡ് നെയിം അന്വര്‍ത്ഥമാക്കും വിധം എലഗന്‍സ് അഥവാ ചാരുതയുടെ സ്പര്‍ശം നല്‍കിയ സംരംഭകയാണ് സുരയ്യ ഷറഫ്. തിരുവനന്തപുരം മണക്കാട് പ്രവര്‍ത്തിക്കുന്ന സുരയ്യയുടെ എലഗന്‍സ് ഹോം ഡെക്കോര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനം ആരംഭിച്ചു രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ കേരളത്തിന്റെ ലൈഫ് സ്‌റ്റൈല്‍ ഭൂപടത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.

വ്യാവസായിക പശ്ചാത്തലത്തില്‍ നിന്നുള്ള കുടുംബത്തില്‍ നിന്ന് വരുന്ന സുരയ്യ ഷറഫ് പാഷനെ പിന്തുടര്‍ന്നാണ് ലൈഫ് സ്‌റ്റൈല്‍ മേഖലയിലേക്ക് കടന്നുവരുന്നത്. മണക്കാട് സുരയ്യ സ്റ്റീല്‍സ് എന്ന സ്ഥാപനം സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച സുരയ്യയുടെ പിതാവും ഭര്‍ത്താവും ചേര്‍ന്ന് ഇരുപതു വര്‍ഷമായി വിജയകരമായി നടത്തുന്നുണ്ട്. രണ്ടു പതിറ്റാണ്ട് നീണ്ട സേവന പാരമ്പര്യത്തിലൂടെ തിരുവനന്തപുരം നഗരത്തില്‍ പേരെടുത്ത സുരയ്യ സ്റ്റീല്‍സിലൂടെയാണ് സുരയ്യയുടെ കുടുംബം സംരംഭകത്വത്തിലേക്ക് വരുന്നത്.

പിതാവിന്റെയും ഭര്‍ത്താവിന്റെയും പ്രചോദനത്തോടെ സുരയ്യ കാര്‍ഡ്‌സ് എന്ന പേരില്‍ വിവാഹ ക്ഷണക്കത്തുകള്‍ ഡിസൈന്‍ ചെയ്യുന്ന സ്ഥാപനം ആരംഭിച്ചപ്പോള്‍ ഒരു വരുമാനമാര്‍ഗം എന്നതിനേക്കാള്‍ തന്റേതായ ഒരിടം ഉരുവാക്കുക എന്നതായിരുന്നു ലക്ഷ്യം. സ്ഥാപനം ആരംഭിച്ചതിനുശേഷം ഉപഭോക്താക്കളുടെ ആവശ്യപ്രകാരം തനതായ ഡിസൈനുകളില്‍ വെഡിങ് കാര്‍ഡുകള്‍ തയ്യാറാക്കി നല്‍കുവാനും അതുവഴി എലഗന്‍സിനെ ഒരു ബ്രാന്‍ഡ് നെയിമായി ഉയര്‍ത്തുവാനും സുരയ്യയ്ക്ക് കഴിഞ്ഞു. തുടര്‍ന്ന് ഇവന്റ് മാനേജ്‌മെന്റിലേക്ക് പ്രവേശിച്ച സുരയ്യയ്ക്ക് അവിടെയും വ്യക്തിമുദ്ര പതിപ്പിക്കുവാനായി.

കോവിഡ് കാലത്തിനുശേഷമാണ് തന്റെ കര്‍മമേഖല വ്യാപിപ്പിക്കുവാനുള്ള ഉദ്യമങ്ങള്‍ക്ക് സുരയ്യ തുടക്കം കുറിച്ചത്. ഹോം ഡെക്കോര്‍ മേഖലയിലേക്ക് കടന്നുവരുന്നത് ഇങ്ങനെയാണ്. ഇടത്തരം ഫാന്‍സി സ്‌റ്റോറുകളിലും വഴിവക്കിലും വരെ ലഭ്യമായ ഹോം ഡെക്കോര്‍ അലങ്കാരങ്ങളല്ല, ഈട്ടിയിലും തേക്കിലും മഹാഗണിയിലും തീര്‍ത്ത ഈടുനില്‍ക്കുന്ന ഒറിജിനല്‍ ദാരുശില്‍പങ്ങളാണ് എലഗന്‍സില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന കൃത്രിമ പൊട്ടഡ് പ്ലാന്റുകളാണ് എലഗന്‍സ് ഡെകോറിന്റെ മുഖ്യ ആകര്‍ഷണീയത.

തന്നെ സമീപിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുവാനും അവരെ സംതൃപ്തരാക്കി മടക്കി അയക്കുവാനും കഴിഞ്ഞതാണ് പത്തു വര്‍ഷം നീണ്ട തന്റെ ബിസിനസ് വിജയത്തിന്റെ പിന്നിലെ രഹസ്യമെന്ന് സുരയ്യ പറയുന്നു. എലഗന്‍സിന്റെ രണ്ടാം വാര്‍ഷികമായ ഈ മാസം പതിമൂന്നിന് ഔദ്യോഗികമായി തന്റെ ഇന്റീരിയര്‍ ഡിസൈനിങ് ബിസിനസും പ്രഖ്യാപിക്കുന്നതിനുള്ള തിരക്കിലാണ് സുരയ്യ ഇപ്പോള്‍.

കൃത്യമായ റിസര്‍ച്ചിലൂടെ ഇന്റീരിയര്‍ ഡിസൈനിങ് വിപണിയില്‍ പുതിയ ഒരു ഉപഭോക്തൃശൃംഖല സൃഷ്ടിക്കുകയാണ് സുരയ്യയുടെ ലക്ഷ്യം. വലിയ വീടുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ ഇന്റീരിയര്‍ ഡിസൈനിങ് വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ഇടത്തരം ഭവനങ്ങളിലേക്കും കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുവാന്‍ തന്റെ സ്ഥാപനത്തിന് കഴിയുമെന്ന് സുരയ്യ വിശ്വസിക്കുന്നു. വന്‍ ചെലവുകള്‍ ഒന്നുമില്ലാതെ പുതിയ സാങ്കേതികവിദ്യയും നവീന മെറ്റീരിയലുകളും ഉപയോഗിച്ച് അകത്തളങ്ങള്‍ മനോഹരമാക്കുവാനുള്ള വിദ്യ സുരയ്യ സ്വായത്തമാക്കിക്കഴിഞ്ഞു. തന്റെ ബ്രാന്‍ഡ് ഉരുവാക്കിയുടുത്ത ഈടുനില്‍പ്പെന്ന ഗുണത്തില്‍ വിട്ടുവീഴ്ച ചെയ്യുവാനും സുരയ്യ തയാറല്ല. അതുകൊണ്ടാണ് ഏറ്റെടുത്ത കുറച്ചു വര്‍ക്കുകള്‍ കൊണ്ടു തന്നെ കേരളത്തിനു പുറത്തേക്ക് തന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ ഈ സംരംഭകയ്ക്ക് കഴിഞ്ഞത്.

സംരംഭകനായ ഭര്‍ത്താവ് ഷറഫുദ്ദീനും ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ത്ഥിനിയായ മകള്‍ അസ്മിന്‍ ഷറഫുമടങ്ങുന്നതാണ് സുരയ്യയുടെ കുടുംബം. കുടുംബത്തിന്റെ പിന്തുണ തന്നെയാണ് സംരംഭക വഴിയില്‍ സുരയ്യയ്ക്ക് കരുത്താകുന്നത്.

ചെന്നൈ നഗരത്തിലെ ഒരു പ്രമുഖ വിദ്യാലയം പൂര്‍ണമായും ഇന്റീരിയര്‍ ഡിസൈനിങ് ചെയ്തതിന്റെ സന്തോഷത്തിലാണ് ഈ വനിതാദിനത്തില്‍ സുരയ്യ. പല ഇന്റീരിയര്‍ ഡിസൈനര്‍മാരുടെയും സ്വപ്‌ന പദ്ധതി തുടക്കത്തില്‍ തന്നെ പൂര്‍ത്തീകരിക്കുവാനായ സുരയ്യ ഷറഫിനെ കാത്തിരിക്കുന്നതും ഉയര്‍ച്ചയുടെ ഭാവി ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button