EntreprenuershipSuccess Story

വസ്ത്രങ്ങളെ കൂട്ടുപിടിച്ച് സ്വപ്‌നം നെയ്തവര്‍

കേരളം വിട്ട് തിരുപ്പൂരിലേക്ക് യാത്ര തിരിച്ച ഷിമി എബ്രഹാമിനെ പരിചയമുണ്ടോ? തോല്‍ക്കാന്‍ മനസില്ലാത്ത മനസും സ്വപ്‌നത്തിനൊക്കെ താങ്ങായി കൂടെ നില്‍ക്കുന്ന പങ്കാളിയുമായിരുന്നു അന്നവരുടെ ഊര്‍ജം, ഇപ്പോഴും.

ഇടര്‍ച്ചകളെയൊക്കെ വെല്ലുവിളിച്ച് ഷിമി യാത്ര തുടരുമ്പോള്‍ കാലം അവര്‍ക്കായി ഒരു പദവി കാത്തു വച്ചിരുന്നു. ഇന്ത്യയിലെ മുന്‍നിര വസ്‌ത്രോല്പാദകരില്‍ ഒന്നായ സില്‍ഹോട്ട് എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ ഉടമ എന്ന പേര്. വസ്‌ത്രോല്പാദന – വിപണന രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സംരംഭകയായ ഷിമി എബ്രഹാം നാളെയുടെ സംരംഭകര്‍ക്ക് ഒരു മാതൃകയാകുന്നതും അതുകൊണ്ടാണ്.

പ്രൊഫഷണല്‍ ഫാഷന്‍ ഡിസൈനറായ ഷിമി 2012-ലാണ് കേരളത്തില്‍ വസ്‌ത്രോല്പാദനത്തിന് തുടക്കമിടുന്നത്. സുഗമമായി മുന്നോട്ട് പോകാത്തതിനെത്തുടര്‍ന്ന് പിന്നീടത് തിരുപ്പൂരിലേക്ക് മാറ്റുകയായിരുന്നു. ബോംബൈ റയോണ്‍സ് ഫാക്ടറിയിലെ ചീഫ് മര്‍ച്ചന്റൈസര്‍ ആയിരുന്ന ഷിമി ആ ജോലി ഉപേക്ഷിച്ചിട്ടാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്. ചുരുക്കി പറഞ്ഞാല്‍, ഈ ഫീല്‍ഡില്‍ നല്ല പ്രവൃത്തി പരിചയവുമായാണ് സ്വപ്‌ന സംരംഭത്തിന് അടിത്തറ പാകിയത്. പഞ്ഞി നൂലാക്കുന്നതു മുതല്‍ ഡിസൈന്‍ ചെയ്ത് മാര്‍ക്കറ്റില്‍ എത്തിക്കുന്നതു വരെയെല്ലാം ഈ സംരംഭകയുടെ കൈയ്യില്‍ ഭദ്രമാണ്.

പ്രധാനമായും മെന്‍സ് ടീ ഷര്‍ട്ട്, പോളോ, റൗണ്ട് നെക്ക്, പൈജാമ, കുട്ടികളുടെ ഡ്രസ് ഇതൊക്കെയാണ് സില്‍ഹോട്ടില്‍ നിര്‍മിക്കുന്നത്. അതിന്റെ ഫുള്‍ എബ്രോയിഡറി, തയ്യല്‍ എന്നിവയും ഇവര്‍ തന്നെ ചെയ്തുകൊടുക്കും. ഇതുപോലെ നിരവധി ഉത്പാദകരാണ് തിരുപ്പൂരുള്ളത്. പക്ഷേ ഗുണമേന്മയ്ക്ക് മുന്‍തൂക്കം നല്‍കുന്നവര്‍ തീരെ കുറവാണെന്നു മാത്രം. ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് സില്‍ഹോട്ട് എക്‌സ്‌പോര്‍ട്ടേഴ്‌സിനെ വ്യത്യസ്തമാക്കുന്നത്.

1974-ലാണ് ഷിമിയുടെ അച്ഛന്‍ വിരലിലെണ്ണാവുന്ന ആളുകളെയും കൂട്ടി ഒരു തയ്യല്‍ക്കട തുടങ്ങുന്നത്. കൂടാതെ ബാംഗ്ലൂര്‍ വിട്ട് മകളെ ഫാഷന്‍ ഡിസൈനിങ് പഠിപ്പിക്കുക എന്ന തീരുമാനവും അദ്ദേഹം എടുത്തിരുന്നു. അപ്പന്റെ അന്നത്തെ തീരുമാനം തെറ്റിയില്ല, അങ്ങനെ ബിഎസ്‌സി – ഫാഷന്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈനിങും പിന്നീട് എംബിഎയും കഴിഞ്ഞ ഷിമി തന്റെ ജീവിതത്തിന് ഒരു ഉറച്ച ലക്ഷ്യമുണ്ടെന്ന ബോധ്യവുമായാണ് ബാഗ്ലൂര്‍ വിട്ടത്. ആ ലക്ഷ്യത്തിന് കൂട്ടാകാന്‍ ജീവിതത്തിലേക്ക് ഷൈജു എന്ന പങ്കാളി കൂടി വന്നതോടെ പുള്ളിക്കാരി ഡബിള്‍ ഹാപ്പി.

വലിയ രീതിയില്‍ ഉത്പാദനം നടത്തുന്നവരാണ് ഇക്കൂട്ടര്‍. നൂലെടുത്ത് നെയ്ത് കൊടുക്കുന്നതു മുതല്‍ വില്‍ക്കാന്‍ പാകത്തില്‍ പാക്കിങ് വരെ ചെയ്തു കൊടുക്കുന്നതിനൊപ്പം ഗുണമേന്മയുടെ കാര്യത്തിലും നോ വിട്ടുവീഴ്ച. അതുകൊണ്ടു തന്നെ വിദേശരാജ്യങ്ങളില്‍ നിന്നു വരെ നിരവധി പേരാണ് ഇവരെ തേടിയെത്തുന്നത്.
അങ്ങോളമിങ്ങോളം കണ്ട് പരിചയിച്ച, അത്രയ്ക്ക് പ്രശസ്തി ആര്‍ജിക്കാത്ത ബ്‌ളാക്ക് ആന്‍ഡ്‌സ് ഇവരുടെ സ്വന്തം ബ്രാന്‍ഡാണ്.

ലോകമൊന്നാകെ ഉറ്റുനോക്കുന്ന സാധ്യതകളെറെയുള്ള ഇടമാണല്ലോ ഇന്ത്യ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും തങ്ങളുടെ മുദ്ര പതിപ്പിക്കുന്നതിനൊപ്പം ഏറ്റവും മികച്ച വസ്‌ത്രോല്‍പ്പാദകരാകണമെന്നതാണ് സില്‍ഹോട്ടിന്റെ ആഗ്രഹം. വസ്ത്രം അടിസ്ഥാന ആവശ്യമാണെന്ന തിരിച്ചറിവാണ് ഇവരുടെ വലിയ മൂലധനവും. മത്സരങ്ങള്‍ കൂടുന്ന സമയത്തും പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകുന്ന ഷിമിക്കും സില്‍ഹോട്ടിനും കൂട്ടിന് ഷൈജുവുമുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button