വാത്സല്യത്താല്‍ മേഞ്ഞുകെട്ടിയ ‘സ്വപ്നക്കൂടി’ന് പിന്നിലെ പെണ്‍കരുത്ത്; ഡോ. രമണി നായര്‍

ജീവിതത്തിലെ ദുഃഖങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും മുന്നില്‍ ഇടറിവീഴാതെ, അവയെ ആത്മവിശ്വാസത്തോടെ കീഴടക്കി, നിസ്വാര്‍ത്ഥമായി സമൂഹത്തിനു വേണ്ടി ജീവിച്ച് സ്നേഹത്തിന്റേയും സേവനത്തിന്റേയും കഥയെഴുതുകയാണ് ഡോ. രമണി നായര്‍. അതിജീവനമെന്നതിന്റെ നേര്ചിത്രമാകുന്ന രമണി നായര്‍ എന്ന അധ്യാപികയുടെ ജീവിതം പ്രചോദനത്തോടൊപ്പം നിശ്ചയദാര്‍ഢ്യത്തിന്റെ അധ്യായം കൂടിയാണ്.
മധ്യപ്രദേശിലെ ഗോത്രമേഖലയായ ഗോര്‍ബയില്‍ സ്കൂള്‍ ടീച്ചറായാണ് ഡോ. രമണി നായര്‍ തന്റെ തൊഴില്‍ ജീവിതം ആരംഭിച്ചത്. സ്കൂള്‍ അധ്യാപക കാലഘട്ടത്തില്‍ തന്നെ പ്രത്യേക സഹായം ആവശ്യമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സഹായഹസ്തവുമായി ടീച്ചര്‍ എത്തുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ പി.ബി ഹാരിസുമായുള്ള സൗഹൃദമാണ് രമണി ടീച്ചറുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. അന്നുവരെ തന്നാലാകുന്നവിധം നടത്തി വന്നിരുന്ന സേവന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഗൗരവപൂര്വമാക്കാനുള്ള ചിന്തയാരംഭിച്ചതും അക്കാലത്താണ്. തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന ടീച്ചറുടെ ദൃഢനിശ്ചയവും വിശ്വാസവും ശക്തിപ്പെടുത്താനും ആ സൗഹൃദത്തിന് സാധിച്ചു.

ആരാലും നോക്കാനില്ലാതെ തനിച്ചായി പോയ വയോധികര്‍ക്കായി പെന്ഷന് തുകയും പതിനഞ്ച് വര്‍ഷം നീണ്ട തൊഴില്‍ ജീവിതത്തില്‍ നിന്നും മിച്ഛം വെച്ച ചെറിയ സമ്പാദ്യവും മാത്രമായാണ് തിരുവനന്തപുരത്ത് ‘സ്വപ്നക്കൂട്’ എന്ന സംരംഭത്തിന് ടീച്ചര്‍ തുടക്കമിട്ടത്. തുടക്കകാലം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നുവെങ്കിലും തന്നിലധിഷ്ഠിതമായ ദൗത്യത്തില്‍ നിന്നും പിന്മാറാന് ടീച്ചര്‍ തയ്യാറായിരുന്നില്ല. സ്വരുക്കൂട്ടിവെച്ച സമ്പാദ്യങ്ങള്‍ക്ക് പുറമെ സ്വര്‍ണം വിറ്റ് ലഭിച്ച തുകയോടെയാണ് സ്വപ്നക്കൂട് എന്ന തന്റെ സ്വപ്നത്തിനുള്ള ആദ്യ കെട്ടിടം വാടകയ്ക്ക് എടുത്തത്. അന്ന് മുതല്‍ ഇന്നുവരെ തനിച്ചാക്കപ്പെട്ട വയോജനങ്ങള്‍ക്ക് ആശ്വാസമായി മാറുകയായിരുന്നു ‘സ്വപ്നക്കൂട്’ എന്ന വയോജന മന്ദിരവും ഒപ്പം ഡോ. രമണി നായരും.
ഒരു വര്‍ഷം കൊണ്ട് തന്നെ പന്ത്രണ്ടോളം അമ്മമാരാണ് രമണി ടീച്ചറുടെയരികില് ആശ്രയത്തിനായെത്തിയത്. ഇന്ന് എഴുപതോളം അന്തേവാസികളാണ് സ്വപ്നക്കൂടിലുള്ളത്. ഭക്ഷണം, വസ്ത്രം, ആരോഗ്യസംരക്ഷണം, മാനസിക പിന്തുണ തുടങ്ങി മൂല്യപരമായ എല്ലാ സേവനങ്ങളും അന്തേവാസികള്‍ക്കായി സ്വപ്നക്കൂട് ഉറപ്പാക്കുന്നുണ്ട്. ഓരോ അമ്മമാര്‍ക്കും അവരുടെ മകളായി, അവര്‍ക്കൊപ്പം നിന്ന്, പ്രതീക്ഷയറ്റ ജീവിതങ്ങളില്‍ വെളിച്ചമായി രമണി ടീച്ചര്‍ തന്റെ യാത്ര തുടരുകയാണ്.

സൂപ്പര്‍വൈസര്‍, വാര്ഡന് തുടങ്ങിയ ജീവനക്കാരുടെ കൂട്ടായ കഠിനപ്രയത്നവും സ്വപ്നക്കൂടിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. സര്‍ക്കാര്‍ സഹായമോ ബഹുമുഖ പിന്തുണയോ ഇല്ലാതെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. എച്ച്.ഡി.എഫ്.സിയിലെ ജോലിയില്‍ നിന്ന് ടീച്ചര്‍ക്ക് കിട്ടുന്ന ശമ്പളവും സ്നേഹസമ്പന്നരായ കുറച്ച് പേര് നല്കുന്ന അന്നദാനവും സര്‍വ്വേശ്വരന്റെ അനുഗ്രഹവും ചേര്‍ത്താണ് സ്വപ്നക്കൂട് മുന്നോട്ട് പോകുന്നതെന്ന് രമണി നായര്‍ പറയുന്നു.
ആദിവാസി മേഖലകളിലക്ക് നല്‍കാനായി വസ്ത്രങ്ങളും പഠനോപകരണങ്ങളും ശേഖരിക്കുന്ന ‘ഗോത്രസഞ്ചലനം’ എന്ന പദ്ധതിയിലൂടെ ആദിവാസി മേഖലകളിലേക്കും തന്റെ കൈകള്‍ നീട്ടിയ രമണി ടീച്ചര്‍, ട്രൈബല്‍ യൂത്ത് ക്രിക്കറ്റ് ലീഗ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്. ഡോക്ടറേറ്റ് ബഹുമതികള്‍ മുതല്‍ അയണ്‍ ലേഡി അവാര്‍ഡുകള്‍ വരെ സമര്‍പ്പണത്തിന്റെയും വിശ്വാസത്തിന്റെയും പാതയില്‍ ഒരുപാട് അംഗീകാരങ്ങള്‍ ടീച്ചറെ തേടി എത്തിയിട്ടുണ്ട്.

വഴിയരികിലും ക്ഷേത്രങ്ങളിലും ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് നന്മയുടെ കരമായാണ് ടീച്ചര്‍ മാറിയത്. വഴികളില്‍ ഉപേക്ഷിക്കപ്പെട്ട വയോജനങ്ങള്‍ക്കൊപ്പം പൊലീസുകാര്‍ കണ്ടെത്തി ഏല്പ്പിക്കുന്നവരുമായി നിരവധി അന്തേവാസികളാണ് ഇന്ന് ടീച്ചറുടെ സംരക്ഷണത്തില്‍ ജീവിക്കുന്നത്. കണ്ണെത്താ ദൂരത്തേക്ക് കുടിയേറുന്ന മക്കളുടെ എണ്ണം ഉയര്‍ന്നതോടെ വീടുകളില്‍ തനിച്ചായ വൃദ്ധജനങ്ങള്‍ക്കായി ഇന്ന് പുതിയൊരു വയോധിക മന്ദിരം പണികഴിപ്പിക്കാനുള്ള ശ്രമങ്ങളുടെ പണിപ്പുരയിലാണ് രമണി നായര്‍. അതിനായി തിരുവനന്തപുരത്ത് ഭൂമി വാങ്ങിയിട്ടുണ്ടെങ്കിലും സാമ്പത്തിക പരിമിതികള്‍ കാരണം നിര്‍മാണം തുടരാകാനാതെ കാത്തിരിക്കുകയാണ്.
പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് കുതിക്കാനുള്ള ധൈര്യവും ദൃഢവിശ്ചയവും തന്നെയാണ് ടീച്ചറുടെ കരുത്ത്. നിസ്വാര്‍ത്ഥമായി സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ക്കൊപ്പം നമുക്കും ഈ യാത്രയുടെ ഭാഗമാകാം. അഗതികള്‍ക്കായി ഒരുക്കുന്ന പുതിയ മന്ദിരത്തിലേക്ക് നമ്മളാല്‍ കഴിയുന്ന സഹായങ്ങള്‍ ഉറപ്പാക്കാം.



