Career

അനന്ത സാധ്യതകളുമായി സമുദ്രപഠനം

തൊഴിലവസരങ്ങളുടെ അനന്തജാലകമാണ് സമുദ്രപഠനം. സമുദ്രത്തിലെ തിരമാലകള്‍ പോലെ, ഈ മേഖലയിലെ അവസരങ്ങളും അലയടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോട് അഭിരുചിയും കഴിവുമുള്ളവര്‍ക്ക് ഈ മേഖലയില്‍ നന്നായി ശോഭിക്കാന്‍ കഴിയും.

ഫിഷറീസ്, സമുദ്രപഠനത്തിനായി അവസരമൊരുക്കുന്ന രാജ്യത്തെ ചുരുക്കം ചില സ്ഥാപനങ്ങളിലൊന്നാണ് കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്. ഫിഷറീസ്, സമുദ്രപഠനം, മാനേജ്‌മെന്റ് മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനന്തസാധ്യതകള്‍ തുറന്നിടുന്ന കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കൊച്ചിയിലെ പനങ്ങാട് സ്ഥിതിചെയ്യുന്ന സര്‍വകലാശാല ആസ്ഥാനത്തിന് പുറമെ എറണാകുളം ജില്ലയിലെ പുതുവൈപ്പിനില്‍ ഫിഷറീസ് ഗവേഷണ കേന്ദ്രവും സമുദ്രപഠന കാമ്പസും പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയാണ് കുഫോസ്. ഫിഷറീസ്, സമുദ്ര പഠന രംഗത്ത് പ്രാപ്തരായ ഉദ്യോഗാര്‍ത്ഥികളാണ് ഓരോ വര്‍ഷവും കുഫോസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നത്. കുഫോസില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഈ മേഖലയില്‍ത്തന്നെ തൊഴില്‍ കണ്ടെത്താന്‍ നിലവില്‍ 34 കോഴ്‌സുകളാണ് കുഫോസിലുള്ളത്. ഒരു ബിരുദപഠന കോഴ്‌സ്, 28 പി.ജി.കോഴ്‌സുകള്‍, 4 പി.ജി ഡിപ്ലോമ കോഴ്‌സുകള്‍, ഒരു ഡിപ്ലോമ കോഴ്‌സ് എന്നിവയാണത്. കൂടാതെ അഞ്ച് ഫാക്കല്‍റ്റികളിലായി പി.എച്ച്.ഡിയുമുണ്ട്.

ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (ബി.എഫ്.എസ്സ്) ആണ് ഏക ബിരുദ കോഴ്‌സ്. കേരളത്തില്‍ ഈ കോഴ്‌സ് നടത്തുന്ന ഏക സ്ഥാപനമാണ് കുഫോസ്. ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രവും (ഐ.സി.എ.ആര്‍) സംസ്ഥാന സര്‍ക്കാരും നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം. ഐ.സി.എ.ആര്‍ നടത്തുന്ന അഖിലേന്ത്യ പ്രവേശന പരീക്ഷയിലൂടെയോ കേരള എന്‍ട്രന്‍സില്‍ ലഭിക്കുന്ന റാങ്ക് പ്രകാരമോ ബി.എഫ്.എസ്സ് കോഴ്‌സിന് ഓപ്ഷന്‍ നല്‍കി പ്രവേശനം നേടാം.

എം.എഫ്.എസ്സ്, എം.എസ്സ്, എം.ബി.എ., എല്‍.എല്‍.എം., എം.ടെക്., എന്നിവയാണ് പി.ജി. കോഴ്‌സുകള്‍. ഐ.സി.എ.ആറിന് കീഴില്‍ 10 എം.എഫ്.എസ്സ് കോഴ്‌സുകളാണുള്ളത്. യു.ജി.സി/ എ.ഐ.സി.ടി.ഇ യ്ക്ക് കീഴില്‍ 11 എം.എസ്.സി കോഴ്‌സുകള്‍, രണ്ട് എം.ബി.എ., നാല് എം.ടെക്. കോഴ്‌സുകള്‍, കടല്‍നിയമത്തില്‍ എല്‍.എല്‍.എം. എന്നിവയാണിവ. സാധാരണ എം.ബി.എയ്ക്ക് പുറമേ, ബി.ടെക്. ബിരുദധാരികള്‍ക്ക് പ്രവേശനം നേടാവുന്ന എം.ബി.എ എനര്‍ജി മാനേജ്‌മെന്റ് കോഴ്‌സും കുഫോസിലുണ്ട്.

ഫുഡ് സയന്‍സ്, കാലാവസ്ഥ വ്യതിയാനം, മറൈന്‍ മൈക്രോബയോളജി, അക്വാകള്‍ച്ചര്‍, ഫിഷ് പ്രോസസിംഗ്, ഫിഷറീസ് എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, മറൈന്‍ കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോടെക്‌നോളജി, റിമോട്ട് സെന്‍സിംഗ്, കടല്‍നിയമം, ജിയോസയന്‍സ്, കടലില്‍നിന്നുള്ള ഔഷധനിര്‍മാണം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എനര്‍ജി മാനേജ്‌മെന്റ് തുടങ്ങി വിവിധ വിഷയങ്ങളില്‍ കുഫോസില്‍ എം.എസ്.സി കോഴ്‌സുകളുണ്ട്.

തൊഴിലന്വേഷകരില്‍ നിന്നും വിദ്യാര്‍ത്ഥികളെ തൊഴില്‍ദാതാക്കളാക്കുകയെന്നതും കുഫോസിന്റെ ലക്ഷ്യമാണ്. ഇതിനായി വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് സര്‍വകലാശാലയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

പരീക്ഷണ പഠനത്തിന്റെ ഭാഗമായി കുഫോസിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കുന്ന വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പ്രത്യേക ബ്രാന്‍ഡില്‍ വില്‍പ്പന നടത്താന്‍ സാധിക്കും. സര്‍വകലാശാലയിലെ ഫാമുകളിലും കുളങ്ങളിലും മത്സ്യകൃഷി നടത്തി വിപണനം നടത്താനും അവസരമുണ്ട്. മത്സ്യകൃഷി മൂല്യവര്‍ധിത ഉത്പാദനം, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികളെ സംരംഭകരാക്കാന്‍ ഈ രംഗത്ത് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കാന്‍ കിറ്റ്‌കോയുമായി സഹകരിച്ച് ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ കുഫോസില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ഗവേഷണത്തിനും അവസരം
ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ചിന് കീഴിലാണ് കുഫോസില്‍ എല്ലാ ഗവേഷണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചിട്ടുള്ളത്. മത്സ്യകൃഷി, ജല ആവാസവ്യവസ്ഥ, ടാക്‌സോണമിയും ജൈവവൈവിധ്യവും, സമുദ്ര, ഉള്‍നാടന്‍ മത്സ്യബന്ധനം, മാരികള്‍ച്ചര്‍, അലങ്കാരമത്സ്യ കൃഷി, പോസ്റ്റ് ഹാര്‍വെസ്റ്റ്, മത്സ്യസംസ്‌കരണവും മൂല്യവര്‍ധിത ഉത്പാദനവും മറൈന്‍ മോളിക്യൂള്‍സ്, നാട്ടറിവുകള്‍ എന്നീ പ്രധാന മേഖലകളിലാണ് ഫിഷറീസുമായി ബന്ധപ്പെട്ട് മാത്രം കുഫോസില്‍ ഗവേഷണങ്ങള്‍ നടക്കുന്നത്. അതുപോലെ, സമുദ്രശാസ്ത്രത്തില്‍ മറൈന്‍ ബയോആക്ടീവ് കോംപൗണ്ട്‌സ്, കണ്ടല്‍ സംരക്ഷണം, പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണം, കടലില്‍ നിന്നുള്ള മരുന്ന് നിര്‍മാണം, സമുദ്ര പാരിസ്ഥിതിക ആരോഗ്യപഠനം, കടല്‍ത്തീര മലിനീകരണം, കാലാവസ്ഥ വ്യതിയാന പഠനം, റിമോട്ട് സെന്‍സിംഗ്, സമുദ്രസമ്പത്തിന്റെ സംരക്ഷണവും പരിപാലനവും, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിലാണ് പ്രധാന ഗവേഷണ പ്രവര്‍ത്തനങ്ങള്‍.

സാമൂഹിക പ്രധാന്യമുള്ള നിരവധി ഗവേഷണപദ്ധതികള്‍ സര്‍വകലാശാലയില്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. മത്സ്യമേഖലയ്ക്ക് പ്രത്യേകമായും കേരളത്തിന് പൊതുവായും ലാഭകരമാകുന്ന ഗവേഷണങ്ങളാണ് കുഫോസില്‍ നടന്നുവരുന്നത്. ഗവേഷണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടി കുഫോസില്‍ 16 വിവിധ ഗവേഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗ്, സി.എം.എല്‍.ആര്‍.ഇ എന്നീ ഗവേഷണ സ്ഥാപനങ്ങളുമായി പരസ്പര സഹകരണത്തിനും സംയുക്ത ഗവേഷണ സംരംഭങ്ങള്‍ നടത്തുന്നതിനും ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.

സാധ്യതകളുടെ ജാലകം
ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിലവസരങ്ങളാണ് കുഫോസിലെ കോഴ്‌സുകള്‍ക്കുള്ളത്. എം.എഫ്.എസ് (മാസ്റ്റര്‍ ഓഫ് ഫിഷറീസ് സയന്‍സ്) പഠിച്ചിറങ്ങുന്നവര്‍ക്ക് കേന്ദ്ര, സംസ്ഥാന ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങള്‍, വിവിധ സമുദ്രപഠന ഗവേഷണ സ്ഥാപനങ്ങള്‍, ബഹുരാഷ്ട്ര കമ്പനികള്‍ എന്നിവയില്‍ ഗവേഷകരായി മാറാന്‍ അവസരമുണ്ട്. മത്സ്യസംസ്‌കരണം, മത്സ്യകൃഷി, അലങ്കാരമത്സ്യകയറ്റുമതി, ഭക്ഷ്യസംസ്‌കരണം, മരുന്ന് നിര്‍മാണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പല ബഹുരാഷ്ട്ര കമ്പനികളിലേക്കും ഈ കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് നിരവധി അവസരങ്ങളുണ്ട്. ഈ രംഗത്തെ പല സ്ഥാപനങ്ങളും കുഫോസില്‍ കാമ്പസ് ഇന്റര്‍വ്യൂ നടത്താറുണ്ട്.

ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ എ.ആര്‍.എസ്. പരീക്ഷ എഴുതി ശാസ്ത്രജ്ഞരാകാനും കുഫോസ് വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള മത്സ്യോത്പാദനം, മൂല്യവര്‍ധിത ഉത്പാദനം, കയറ്റുമതി എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്നുണ്ട്. സമുദ്രപഠന മേഖലയിലെ ന്യൂ ജനറേഷന്‍ എം.എസ്.സി കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് മുന്നില്‍ അനന്തസാധ്യതകളാണുള്ളത്. മറൈന്‍ സയന്റിസ്റ്റ്, ജിയോഗ്രാഫര്‍, ഹൈഡ്രോഗ്രാഫര്‍, ഓഷ്യനോഗ്രാഫര്‍, മൈനിംഗ് എഞ്ചിനീയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാനാകും.

ഷിപ്പിംഗ്, ബയോ ഓപ്റ്റിക്കല്‍ മോഡലിംഗ്, എണ്ണ വ്യവസായം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നീ മേഖലകളിലും ഈ വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങളുണ്ട്. ഫുഡ് സയന്‍സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ക്വാളിറ്റി കണ്‍ട്രോളര്‍, ഫുഡ് സയന്റിസ്റ്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ ഇന്ത്യയിലും വിദേശത്തും നിരവധി അവസരങ്ങളുണ്ട്. കുഫോസില്‍ നിന്നും എം.ബി.എ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് എല്ലാവിധ ബിസിനസ് മാനേജ്‌മെന്റ് ജോലികളോടൊപ്പം തന്നെ ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ് മേഖലകളില്‍ പ്രത്യേക മുന്‍ഗണനയും ലഭിക്കും.
എനര്‍ജി മാനേജ്‌മെന്റ് എം.ബി.എ രാജ്യത്തിനകത്തും പുറത്തുമുള്ള ഊര്‍ജോത്പാദന കമ്പനികളിലും സ്ഥാപനങ്ങളിലും മാനേജ്‌മെന്റ് തലത്തില്‍ ജോലി ലഭിക്കാന്‍ സാധ്യതയുള്ള കോഴ്‌സാണ്. എനര്‍ജി മാനേജ്‌മെന്റില്‍ എം.ബി.എ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ഊര്‍ജോത്പാദനം, ഊര്‍ജവിതരണം എന്നീ മേഖലകളില്‍ മികച്ച അവസരങ്ങളാണുള്ളത്. കുഫോസിലെ എം.ടെക്, കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കോസ്റ്റല്‍ എഞ്ചിനീയറിംഗ്, ഫിഷറീസ് എഞ്ചിനീയറിംഗ് എന്നീ മേഖലകളില്‍ തൊഴില്‍ സാധ്യതയുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button