EntreprenuershipSuccess Story

നിര്‍മ്മല ഹോസ്പിറ്റല്‍; കടലോര മണ്ണില്‍ കരുതലിന്റെ നൈര്‍മല്യം

സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കും താങ്ങാവുന്ന നിരക്കില്‍ മികച്ച ചികിത്സ ലഭ്യമാക്കികൊടുക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഡോക്ടര്‍ ആരംഭിച്ച ആതുരസേവനാലയം, കേരളത്തിന്റെ തലസ്ഥാന നഗരിയുടെ പടിഞ്ഞാറന്‍ തീരദേശത്തിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് പതിനൊന്നാം വാര്‍ഷികം കടന്നിരിക്കുകയാണ്. തന്റെ സേവനങ്ങള്‍ ആവശ്യമുള്ള എല്ലാവരിലേക്കും എത്തിക്കുവാന്‍ ശപഥം ചെയ്ത ഒരു ഡോക്ടറിന്റെയും അദ്ദേഹത്തിന്റെ സ്വപ്‌നത്തിന്റെയും കഥയാണ് നിര്‍മ്മല ഹോസ്പിറ്റലിന് പറയുവാനുള്ളത്.

തിരുവനന്തപുരം വെട്ടുകാട് പ്രവര്‍ത്തിക്കുന്ന നിര്‍മ്മല ഹോസ്പിറ്റലിന്റെ സാരഥി പീഡിയാട്രീഷ്യനായ ഡോ: ശ്രീജിത്ത് ആര്‍ ആണ്. 2005 മുതല്‍ 2007 വരെ ഒരു ഹോസ്പിറ്റല്‍ ലീസിനെടുത്താണ് ഇവിടെ ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. ഇക്കാലയളവില്‍ തീരദേശ ജനതയെ അടുത്തറിയുവാനായ ഡോക്ടര്‍ക്ക് ആ മേഖലയില്‍ ഒരു ആശുപത്രിയുടെ അനിവാര്യത ബോധ്യപ്പെട്ടു. ഇങ്ങനെയാണ് 2011ല്‍ തീരപ്രദേശമായ വെട്ടുകാട് നിര്‍മ്മല എന്ന പേരില്‍ ഒരു ഹോസ്പിറ്റല്‍ രൂപം കൊള്ളുന്നത്.

ജില്ലയില്‍ ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച സേവനം എല്ലാവര്‍ക്കും താങ്ങാവുന്ന ചെലവില്‍ നല്‍കുവാന്‍ കഴിയണമെന്ന ചിന്ത മാത്രമേ അതിനു പിന്നില്‍ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഒരു പതിറ്റാണ്ടിന്റെ സേവന ചരിത്രം പിന്നിടുമ്പോള്‍ ഡോ: ശ്രീജിത്ത് വെട്ടുകാട് നിവാസികള്‍ക്കെല്ലാം പ്രിയപ്പെട്ട സഹോദരനായി മാറിയിരിക്കുന്നു. തന്റെ കരിയറില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്ന് ഡോക്ടര്‍ പറയുന്നു.

രോഗിയുമായി പുലര്‍ത്തുന്ന സമ്പര്‍ക്കവും ആശയവിനിമയവുമാണ് ഒരു മികച്ച ഡോക്ടറിന്റെ അടയാളങ്ങളെന്ന് ഡോ: ശ്രീജിത്ത് വിശ്വസിക്കുന്നു. പണ്ട് മിക്ക കുടുംബങ്ങളിലും ഒരു ഫാമിലി ഡോക്ടര്‍ ഉണ്ടാകും. പരസ്പര വിശ്വാസത്തോടെയുള്ള ഒരു പരിശോധനസമ്പ്രദായമായിരുന്നു അത്. എന്നാല്‍ ഇന്ന് വളരെ വിരളമായി മാത്രം കാണാന്‍ കഴിയുന്ന ഒന്നാണത്. അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതായിരിക്കണം എന്നതില്‍ നിന്ന് പ്രതിഷ്ഠ ചെറുതായാലും കുഴപ്പമില്ല, അമ്പലം വലുതായിരിക്കണം എന്ന ചിന്താഗതിയിലേക്ക് മാറിയിരിക്കുകയാണ് ആതുരസേവന രംഗവും. ഇങ്ങനെയുള്ള കാഴ്ചപ്പാടുകള്‍ മാറേണ്ടതും, എത്തിക്‌സ് എന്നതിന് മുന്‍തൂക്കം കൊടുത്ത് ഹോസ്പിറ്റലുകള്‍ പ്രവര്‍ത്തിക്കേണ്ടതുമാണ്.

സാങ്കേതികമായി നമ്മള്‍ ഇന്ന് ഒരുപാട് വളര്‍ന്നിട്ടുണ്ട്, പ്രത്യേകിച്ച് മെഡിക്കല്‍ രംഗത്ത്. ഉപഭോക്തൃ സംരക്ഷണ നിയമം ഉപയോഗിച്ച് രോഗത്തെപ്പറ്റിയുള്ള സംശയങ്ങള്‍ ചോദ്യം ചെയ്യാനും കൃത്യമായ വിവരങ്ങള്‍ നേടിയെടുക്കാനുമുള്ള അവസരം ഇന്ന് രോഗികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ആ സാഹചര്യങ്ങള്‍ ഒഴിവാക്കി, പരസ്പര വിശ്വാസത്തോടെയുള്ള നല്ലൊരു ആരോഗ്യമേഖല വാര്‍ത്തെടുക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്; ഡോക്ടര്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു.

ഭൂമിയിലെ ഏറ്റവും നിഷ്‌കളങ്കരാണ് കുട്ടികള്‍. അവരെ രോഗികളായി കാണുന്നത് വിഷമമുള്ള കാര്യം തന്നെയാണ്. എങ്കിലും കുഞ്ഞു മുഖങ്ങളില്‍ രോഗം വിട്ടുള്ള പുഞ്ചിരി കാണുമ്പോള്‍ തെരഞ്ഞെടുത്ത കറിയറും ജീവിതം തന്നെയും ചാരിതാര്‍ത്ഥ്യമടയുന്നതായാണ് ഡോക്ടര്‍ പറയുന്നത്. അവരുമായുള്ള സമ്പര്‍ക്കം നമുക്കും പ്രിയപ്പെട്ട നിമിഷങ്ങളാണ്. പൊതുവേദിയിലോ പൊതുസ്ഥലങ്ങളിലോ അവര്‍ നമ്മളെ ഓര്‍ത്തെടുക്കുകയും ‘ഡോക്ടറേ’ എന്ന് വിളിക്കുന്നതും വളരെ സന്തോഷം തോന്നുന്ന നിമിഷങ്ങളാണ്. ന്യുമോണിയ പോലെയുള്ള രോഗങ്ങളില്‍ വലഞ്ഞ കുട്ടികള്‍ക്ക് ചികിത്സ നല്‍കുകയും പിന്നീടവര്‍ ജീവിതത്തിലേക്ക് തിരിച്ചു പിച്ചവയ്ക്കുമ്പോള്‍ കൂടെ നടക്കാനായതും കരിയറിലെ സുവര്‍ണ നിമിഷങ്ങളായി ഡോക്ടര്‍ ഓര്‍ത്തെടുക്കുന്നു.

ഒരു ഡോക്ടര്‍ക്ക് കുടുംബാംഗങ്ങളെ പോലെ തന്നെ രോഗികളെയും കാണുവാന്‍ സാധിക്കണം. MBBS പഠനം മുതല്‍ ഇന്റേണ്‍ഷിപ്പ് തുടങ്ങി മെഡിക്കല്‍ കോളേജ് വരെ ഡോക്ടര്‍മാരെല്ലാം പരിശീലിക്കുന്നതും അതുതന്നെയാണ്. എസ് കെ ഹോസ്പിറ്റല്‍, നിര്‍മല ഹോസ്പിറ്റല്‍, എന്നിവിടങ്ങളിലും ഐ.എം.എ തുടങ്ങി പല സംഘടനകളിലും ഡോ: ശ്രീജിത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബവുമായി ചിലവഴിക്കേണ്ട വേളകളില്‍ എന്തെങ്കിലും അടിയന്തര ഘട്ടം ഉണ്ടാകുന്നത് ഒരു വ്യക്തി എന്ന നിലയില്‍ പ്രയാസമുണ്ടാക്കും. എന്നാല്‍ ഒരു ഡോക്ടര്‍ എന്ന നിലയില്‍ രോഗിയുടെ ആവശ്യം നിറവേറ്റുക തന്നെയാണ് പ്രധാനം.

ഒഴിവാക്കാനാവാത്ത അത്യാവശ്യങ്ങളില്‍ പോലും രോഗികളെ പരിചരിക്കുവാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നു. സമയത്തെ മുന്‍ഗണനകളുടെ അടിസ്ഥാനത്തില്‍ ക്രമീകരിച്ച് മാത്രമേ ജീവിതത്തില്‍ പലപ്പോഴും മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. രോഗികളുടെ കണ്ണില്‍ ഡോക്ടര്‍മാര്‍ കാവല്‍ മാലാഖമാര്‍ തന്നെയാണ്. ആ കാഴ്ചയ്ക്ക് മങ്ങലേല്‍ക്കാതെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വം നിറവേറ്റേണ്ടത് ഓരോ ഡോക്ടറുടെയും കടമയാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.

ചെറുകിട സ്ഥാപനങ്ങളിലെല്ലാം കരിനിഴല്‍ വീഴ്ത്തിയ കോവിഡ് കാലം നിര്‍മ്മല ഹോസ്പിറ്റലില്‍ ഉത്കണ്ഠാകുലമായിരുന്നു. രോഗാവസ്ഥയെ കുറിച്ചും ഇതില്‍ സര്‍ക്കാരിന്റെ ഇടപെടലുകളെകുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിക്കാതിരുന്ന ഒരു ഘട്ടത്തില്‍ ചെറുകിട ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവ അടച്ചുപൂട്ടുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു. പ്രത്യേകിച്ച് തീരപ്രദേശത്ത് ഇത്തരത്തില്‍ സ്ഥലപരിമിതിയോടു കൂടിയ ഒരു ചെറിയ പ്രൈവറ്റ് ഹോസ്പിറ്റല്‍, 18ഓളം വരുന്ന സ്റ്റാഫുകള്‍, അവരുടെയും ആശുപത്രിയുടെയും ചിലവുകളെല്ലാം ഒരു വിഷയമായിരുന്നു. അത്തരം ഒരു സാഹചര്യത്തില്‍ രണ്ടു വഴികളാണ് ഡോ: ശ്രീജിത്തിന് ഉണ്ടായിരുന്നത്. ഒന്നുകില്‍, സ്ഥാപനം അടച്ചുപൂട്ടുക അല്ലെങ്കില്‍ സധൈര്യം മുന്നോട്ട് പോകുക.

സ്റ്റാഫുകളുടെ പൂര്‍ണ പിന്തുണയോടെ സധൈര്യം മുന്നോട്ട് പോയതുകൊണ്ട് നിരവധി കാര്യങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ ഈ ഹോസ്പിറ്റലിന് സാധിച്ചു. തീരപ്രദേശത്തെല്ലാം ആന്റിജന്‍ സാമ്പിളുകള്‍ ശേഖരിക്കാനും ജനങ്ങള്‍ക്കിടയിലെ ഭീതിഅകറ്റാനും കോവിഡ് മുന്നണിപ്പോരാളികളായി അവരോടൊപ്പം നില്‍ക്കാനും സാധിച്ചു. കൂടാതെ ആ തീരപ്രദേശത്തെ സ്വകാര്യ ആശുപത്രികളില്‍ ഇമ്മ്യൂണൈസേഷനു വേണ്ടിയുള്ള വാക്‌സിന്‍ ആദ്യമായി നല്‍കി തുടങ്ങിയത് നിര്‍മ്മല ഹോസ്പിറ്റല്‍ വഴി ആയിരുന്നു. ഇങ്ങനെ കോവിഡിന്റെ കാലത്തും തീരദേശത്തിന് വെളിച്ചമേകുവാന്‍ നിര്‍മ്മല ഹോസ്പിറ്റലിനു കഴിഞ്ഞു

NABH സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യചെറുകിട ഹോസ്പിറ്റല്‍ എന്ന ബഹുമതിയും കാലം കാത്തുവച്ചതെന്ന പോലെ ഈ ആതുര സേവനാലയത്തെ തേടിയെത്തി. നിര്‍മ്മല ആശുപത്രിയെ സംബന്ധിച്ചിടത്തോളം NABH സര്‍ട്ടിഫിക്കറ്റ് ഒരു വലിയ അംഗീകാരം തന്നെയായിരുന്നു. ഒരു ഉത്തരവാദിത്വബോധം ആശുപത്രിയില്‍ ഉണ്ടാക്കിയെടുക്കുക എന്ന ചിന്തയാണ് എന്‍ട്രി ലെവലെടുക്കാന്‍ കാരണമാകുന്നത്. ഡോ: ശ്രീജിത്തിന്റെ ഭാര്യ ഡോ:ലക്ഷ്മി, NABH കോര്‍ഡിനേറ്റര്‍ ഡോ: ജിന്‍സി തുടങ്ങി നിരവധി പേരുടെ പിന്തുണയും ലഭിച്ചിരുന്നു. CMC NABH നടപ്പാക്കിയത് മുതല്‍ വെല്ലൂരുമായി ലാബ് ടെസ്റ്റുകള്‍ക്കു വേണ്ടി എക്‌സ്‌റ്റേണല്‍ ക്വാളിറ്റി അഷുറന്‍സ് പ്രോഗ്രാമുകള്‍ നടപ്പിലാക്കിയിരുന്നു. തുടര്‍ന്ന് എല്ലാ മാസവും സാമ്പിളുകള്‍ അയക്കുകയും ഇവിടെ ടെസ്റ്റ് ചെയ്തശേഷം അതിന്റെ റിസള്‍ട്ട് അപ്‌ലോഡ് ചെയ്യുകയും ഒപ്പം ശരിയായ വിശകലനവും നടത്തുന്നതുകൊണ്ടാണ് 99.9 ശതമാനവും കൃത്യവും വ്യക്തവും ലോകോത്തര നിലവാരമുള്ളതുമായ റിസള്‍ട്ടുകള്‍ നിര്‍മ്മല ഹോസ്പിറ്റലിന് നല്‍കാനാകുന്നത്.

ഇതിന്റെ പ്രധാന കാരണങ്ങള്‍ NABHഉം CMC വെല്ലൂരുമായുള്ള ലൈഅപ്പും തന്നെയാണ്. പില്‍ക്കാലത്ത് ഒരു NABH അസറാകാനും ഇന്ത്യ ഗവണ്‍മെന്റിനു വേണ്ടി NABH അസ്‌മെന്റ് ടീമില്‍ പ്രവര്‍ത്തിക്കാനും കഴിഞ്ഞു. കൂടാതെ SK ഹോസ്പിറ്റലില്‍, ക്വാളിറ്റി ഹെഡാകാനും സാധിച്ചു. NABH, നിര്‍മ്മല ആശുപത്രിക്കും പ്രൊഫഷണല്‍ ജീവിതത്തിലും പുതിയ വഴിത്തിരിവ് സമ്മാനിച്ച പ്രധാന ഘടകമാണ്.

ഒരു അസോസിയേഷന്‍ എങ്ങനെ നിലനില്‍ക്കണം എന്നതിന് മികച്ച ഉദാഹരണമാണ് IMAയുടെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് സമയത്ത് ഈ സംഘടന ജനങ്ങള്‍ക്ക് വേണ്ട വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ജനങ്ങളുടെ ആരോഗ്യ പരിപാലനങ്ങളില്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തിരുന്നു. 2005ലാണ് ഡോ: ശ്രീജിത്ത് കങഅയില്‍ ജോയിന്‍ ചെയ്യുന്നതെങ്കിലും സജീവമാകുന്നത് പിജിയ്ക്ക് ശേഷമാണ്.

IMA ട്രിവാന്‍ഡ്രം ട്രഷറര്‍ ജോയിന്റ് സെക്രട്ടറി, സ്‌റ്റേറ്റ് കണ്‍വീനര്‍ തുടങ്ങി സ്‌റ്റേറ്റ് ജോയിന്റ് സെക്രട്ടറി പദവിയില്‍ എത്തി നില്‍ക്കുന്നു അദ്ദേഹമിപ്പോള്‍. ഇതെല്ലാം ഒരുമിച്ചുകൊണ്ട് പോകുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും മുന്‍പ് സൂചിപ്പിച്ചതുപോലെ കൃത്യമായ സമയക്രമീകരണത്തിലൂടെയാണ് ഈ യുവഡോക്ടര്‍ക്ക് ഇതെല്ലാം സാധിക്കുന്നത്. ഒപ്പം, കുടുംബത്തിന്റെ പിന്തുണയും.

മികച്ച ഗുണമേന്മയില്‍ മിതമായ നിരക്കില്‍ രോഗികള്‍ക്കായുള്ള സേവനം ഉറപ്പുവരുത്തി ഇനിയും ഈ ഹോസ്പിറ്റലിന് മുന്നോട്ടു പോകേണ്ടതുണ്ട്. പക്ഷേ, നിലവിലെ സ്ഥിതി ആശങ്കയും ഉണ്ടാക്കുന്നുണ്ട്. നിലയില്ലാത്ത വിലക്കയറ്റം ആതുരസേവന രംഗത്തെയും ബാധിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് നിര്‍ത്തിവച്ച ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തിരിച്ചുകൊണ്ടുവരുവാനും, അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ നടപ്പിലാക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മല ഹോസ്പിറ്റലില്‍ പുരോഗമിക്കുകയാണ്. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ജനസേവനത്തിന്റെ മാര്‍ഗ്ഗത്തിലൂടെ നിര്‍മ്മലയെ പുതിയ വാതായനങ്ങളിലേക്ക് നയിക്കുവാന്‍ സജ്ജനാകുകയാണ് ഡോ: ശ്രീജിത്ത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button