EntreprenuershipSuccess Story

മെനു കാര്‍ഡില്ലാതെ നജ്മുന്നീസ വിളമ്പുന്നത് കോഴിക്കോടിന്റെ രുചിപ്പെരുമ

ഭക്ഷണപ്രേമികള്‍ക്കിടയില്‍ പ്രശസ്തമായ നജ്മുന്നീസയുടെ കൈപ്പുണ്യം തേടി കോഴിക്കോട് രാമനാട്ടുകരയിലെത്തിയ ഞങ്ങള്‍ക്ക് സോഫീസ് ടേസ്റ്റ് കണ്ടുപിടിക്കുവാന്‍ ഒട്ടും പ്രയാസമുണ്ടായില്ല. കോഴിക്കോടിന്റെ മണ്ണിലും കോഴിക്കോട്ടുകാരുടെ ആത്മാവിലും അലിഞ്ഞുചേര്‍ന്ന കലവറയിലെ ദം പൊട്ടിക്കുന്ന ഗന്ധം ഞങ്ങള്‍ക്ക് വഴികാട്ടി. മനസ്സിലേക്കുള്ള വഴി വയറ്റിലൂടെയാണെന്ന് മറ്റുള്ളവരെക്കാള്‍ മുന്‍പേ തിരിച്ചറിഞ്ഞ കോഴിക്കോട്ടുകാരന്റെ അഭിമാനമായ കോഴിക്കോടന്‍ ബിരിയാണി വിളമ്പിതന്നുകൊണ്ട് നജ്മുന്നീസ എന്ന സോഫീസ് ടേസ്റ്റിന്റെ അമരക്കാരി തന്റെ വിജയഗാഥയുടെ ദം പൊട്ടിക്കുന്നു…

ബിരിയാണിയുടെ നാട്ടില്‍ രുചികൊണ്ട് ശ്രദ്ധിക്കപ്പെടുന്നതുതന്നെ ഒരു നേട്ടമാണല്ലോ?

ഓരോ വീട്ടിലും പാകം ചെയ്യുന്ന ആഹാരത്തിന് ഓരോ രുചിയാണ്. അത്തരം വീട്ടുരുചിയാണ് മലബാറിന്റെ ഭക്ഷണത്തെ പ്രശസ്തമാക്കിയത്. സോഫീസ് ടേസ്റ്റിലൂടെ ഈ വീട്ടുരുചിയാണ് നല്‍കാന്‍ ശ്രമിക്കുന്നത്. വിശക്കുന്നവരുടെ വയറുനിറയ്ക്കാന്‍ അമ്മ എനിക്ക് പകര്‍ന്നുതന്ന അറിവുകള്‍ തന്നെയാണ് ഞാനിപ്പോഴും പിന്തുടരുന്നത്. ഞാന്‍ തന്നെ നേരിട്ട് വീട്ടില്‍ തയ്യാറാക്കുന്ന മസാലക്കൂട്ടുകള്‍ കൊണ്ടാണ് സോഫീസ് ടേസ്റ്റിലെ ഓരോ വിഭവവും തയ്യാറാക്കുന്നത്. വീട്ടില്‍ തന്നെ കൊപ്ര ആട്ടിയെടുത്ത വെളിച്ചെണ്ണയല്ലാതെ മറ്റൊരു ഓയിലും പാചകത്തിന് ഉപയോഗിക്കുന്നില്ല. കലര്‍പ്പില്ലായ്മയാണ് സോഫീസിനെ സോഫീസാക്കുന്നത്. രുചിയുടെ രഹസ്യവും ഇതുതന്നെയാണ്.

എങ്കിലും ഇതൊരു വിജയകരമായ സംരംഭമായി വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് തോന്നിയത് എങ്ങനെയാണ്?

കുട്ടിക്കാലം മുതലേ പാചകത്തോട് താല്പര്യം ഉണ്ടായിരുന്നു. വീട്ടിലെത്തിയ വിരുന്നുകാര്‍ക്ക് വീട്ടുരുചി അറിയിച്ചു കൊടുക്കുവാന്‍ എനിക്ക് എന്നും ഇഷ്ടവുമായിരുന്നു. പക്ഷേ അന്നൊന്നും ഇതൊരു സംരംഭമായി വളര്‍ത്തിയെടുക്കാമെന്ന് ചിന്തിച്ചിരുന്നില്ല. കുടുംബത്തില്‍ ചില സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായപ്പോഴാണ് ഈ വഴിക്ക് ചിന്തിച്ചത്. 2006ല്‍ ഒരു കാറ്ററിംഗ് രീതിയിലാണ് സോഫിസ് ടേസ്റ്റ് ആരംഭിച്ചത്. ഇന്ന് എന്നെപ്പോലെയുള്ള പതിമൂന്ന് വീട്ടമ്മമാര്‍ ഇവിടെ ജോലി ചെയ്യുന്നു. കുടുംബം പുലര്‍ത്താനായി തൊഴില്‍ ആഗ്രഹിക്കുന്ന വീട്ടമ്മമാരാണ് സോഫീസില്‍ പ്രവര്‍ത്തിക്കുന്നത്.

മെനു കാര്‍ഡ് നല്‍കാതെ ഇഷ്ടഭക്ഷണം ഉണ്ടാക്കി നല്‍കുവാനുള്ള ആശയം എവിടെ നിന്നാണ് കിട്ടിയത്?

ഒരു സാധാരണ റസ്‌റ്റോറന്റ് പോലെ ആകരുത് സോഫീസ് ടേസ്റ്റ് എന്ന് എനിക്ക് തുടക്കത്തിലേ നിര്‍ബന്ധമുണ്ടായിരുന്നു. വിശപ്പോടെ വന്നു കയറുന്നവര്‍ക്ക് ഏത് ആഹാരം കഴിക്കാനാണോ താല്പര്യം അത് ഉണ്ടാക്കി നല്‍കുകയാണ് ഇവിടുത്തെ രീതി. നാടന്‍ രുചി മുതല്‍ വെസ്‌റ്റേണ്‍, കോണ്ടിനെന്റല്‍, ചൈനീസ്, അറേബ്യന്‍ വിഭവങ്ങള്‍ ഇങ്ങനെ ഞങ്ങള്‍ വിളമ്പുന്നുണ്ട്. പക്ഷേ ഭൂരിഭാഗം പേരും സോഫീസ് ടേസ്റ്റിലെത്തുന്നത് നിങ്ങളെപ്പോലെ ബിരിയാണി കഴിക്കുവാനാണ്. ബിരിയാണി തന്നെയാണ് ഞങ്ങളെ പ്രശസ്തമാക്കിയതും.

രാമനാട്ടുകരയ്ക്ക് പുറത്തുള്ളവര്‍ക്കും സോഫീസിന്റെ രുചി ഉടനെ എങ്ങാനും അറിയാനാകുമോ?

ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി രാമനാട്ടുകരയില്‍ ഒരു സെന്‍ട്രല്‍ കിച്ചനും ഫസ്റ്റ് ഔട്ട്‌ലെറ്റും ആരംഭിച്ചു കഴിഞ്ഞു. സെന്‍ട്രല്‍ കിച്ചന്‍ വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനും ഫസ്റ്റ് ഔട്ട്‌ലെറ്റിലൂടെ റസ്‌റ്റോറന്റ് രീതിയിലുള്ള സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്. അധികം വൈകാതെ തന്നെ മലപ്പുറം മഞ്ചേരിയില്‍ സലീസിന്റെ രണ്ടാം ഔട്ട്‌ലറ്റും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഒരു ദിവസം 2500 ബിരിയാണിയെങ്കിലും വിതരണം ചെയ്യുവാനുള്ള കപ്പാസിറ്റിയിലേക്ക് വളരണം. ഇതിനുപുറമെ സദ്യയടക്കമുള്ള തനത് വിഭവങ്ങളും അവശ്യക്കാര്‍ക്ക് വിളമ്പുന്നുണ്ട്. ദിവസം ആയിരം സദ്യ എങ്കിലും ഇങ്ങനെ തയ്യാറാക്കി നല്‍കുവാനുള്ള നിലയിലേക്ക് എത്തണം…. ഇതൊക്കെയാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
+91 99610 04004

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button