EntertainmentSuccess Story

പാഷനുണ്ടോ? വിജയം താനേ വരും! ഇത് ‘സര്‍ട്ടിഫൈഡ്’ ഉറപ്പ്…!

ലയ രാജന്‍

ടെക്കിയ്ക്ക് ഫാഷന്‍ റാമ്പില്‍ എന്താണ് കാര്യം? ചോദ്യം അഡ്വ: റിയാസ് അബ്ദുല്‍ റഹീമിനോടാണെങ്കില്‍, അല്പം കാര്യമുണ്ട് എന്നു തന്നെയാണ് ഉത്തരം.

കഴിഞ്ഞ 10 വര്‍ഷത്തോളമായി ഫാഷന്‍ ഇവന്റുകളില്‍ തന്റേതായ സ്ഥാനം ‘അരക്കിട്ടു’റപ്പിച്ച എണ്ണം പറഞ്ഞ ഫാഷന്‍ ഇന്‍ഫഌവന്‍സര്‍മാരില്‍ ഒരാളാണ് ഫാഷന്‍ ഷോ ഡയറക്ടര്‍ ആയും പ്രവര്‍ത്തിക്കുന്ന ഈ തിരുവനന്തപുരംകാരന്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള റാമ്പ് ഷോകളുടെ മുന്നണിയിലും പിന്നണിയിലും ഒരുപോലെ തന്റെ കരവിരുത് തെളിയിച്ചിട്ടുള്ള റിയാസ്, വ്യത്യസ്തകളിലൂടെ മാത്രം മുന്നോട്ട് പോകുന്ന ഒരു ബഹുമുഖ പ്രതിഭയാണ്.

പഠനകാലം മുതല്‍ ഫാഷന്‍ ഇന്‍ഡസ്ട്രിയോടുള്ള കടുത്ത താത്പര്യം കൊണ്ടാണ് റിയാസ് ഫാഷന്‍ ഇന്‍ഫഌവന്‍സര്‍ എന്ന പ്രവര്‍ത്തന മേഖല തിരഞ്ഞെടുത്തത്. കോവിഡ് കാലത്തിനു ശേഷം കുട്ടികള്‍ക്കായുള്ള റാമ്പ് ഷോകള്‍ തുടര്‍ച്ചയായി ചെയ്തു കൊണ്ടാണ്, അപ്രതീക്ഷിതമായി വന്ന ഇടവേളയ്ക്കുശേഷമുള്ള രണ്ടാം വരവ് റിയാസ് ശ്രദ്ധേയമാക്കിയത്.

കുട്ടികള്‍ക്ക് വേണ്ടിയുള്ള ഫാഷന്‍ റാമ്പുകള്‍ ഒരുക്കുന്നത് ഒരു മത്സരം എന്നതിനു പകരം കുട്ടികള്‍ക്ക് മികവിലേക്കുള്ള ഒരു വേദി എന്ന നിലയിലാണ്. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പൊതുവേ ഏറ്റവും കൂടുതല്‍ ഇവന്റുകള്‍ എത്താറുള്ളതെങ്കിലും മറ്റു വേദികളിലും റിയാസ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ ലുലുമാളില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഫാഷന്‍ വീക്കില്‍ അടക്കം ശ്രദ്ധേയനാവാന്‍ റിയാസിന് കഴിഞ്ഞു. ‘റിയാസ് ഫാഷന്‍ റണ്‍വേ’ എന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രധാനമായും തന്റെ പ്രോജക്ടുകള്‍ ഏകോപിപ്പിക്കുന്നത്. മാക്‌സ് അടക്കമുള്ള ഫാഷന്‍ ഭീമന്മാരാണ് റിയാസിന്റെ സ്ഥിരം ഗുണഭോക്താക്കള്‍. ഇതിനകം ഏകദേശം 50 ഓളം ഇവന്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ റിയാസ് ബ്രാന്‍ഡ് തന്നെ ഔദ്യോഗികമായി ഫീച്ചര്‍ ചെയ്ത ഇന്‍ഫഌവന്‍സര്‍മാരില്‍ ഒരാളാണ്.

ഫാഷന് പുറമേ വ്യത്യസ്തമായ ഒട്ടനവധി മേഖലകളില്‍ തന്റെ പ്രാവീണ്യം തെളിയിക്കാന്‍ ഇതിനകം റിയാസിന് കഴിഞ്ഞിട്ടുണ്ട്. സുഹൃത്തായ മമതയ്‌ക്കൊപ്പം തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ക്യാമ്പസില്‍ ‘കൂട്ടം’ എന്ന വിജയകരമായ ഫഌ മാര്‍ക്കറ്റ്, കോവിഡിന് ശേഷമുള്ള ബാക്ക് ടു ക്യാമ്പസ് പരിപാടിയുടെ ഭാഗമായി രണ്ടുതവണ ഏകോപിപ്പിച്ചതും, തിരുവനന്തപുരത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉത്തരേന്ത്യക്കാര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത ഡാണ്ടിയ നൃത്തരാവ് സംഘടിപ്പിച്ചതും റിയാസ് തന്നെയാണ്.

മാര്‍ക്കറ്റിംഗ് മുതല്‍ കല വരെ, ഫാഷന്‍ മുതല്‍ ഓട്ടോമൊബൈല്‍ വരെ വ്യത്യസ്തതകള്‍ മാത്രം തിരഞ്ഞെടുത്തു വ്യത്യസ്തതകളിലൂടെ മാത്രം സഞ്ചരിക്കുന്ന വ്യക്തിയാണ് റിയാസ്. അതിന്റെ തെളിവാണ് ഫാഷനോളം റിയാസിന് പാഷന്‍ ഉള്ള വ്‌ലോഗിങ്.

തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമുള്ള രുചികള്‍ തേടി കണ്ടുപിടിക്കുന്ന ഫുഡ് വ്‌ളോഗിങ് മുതല്‍ നിസ്സാന്റെ വാഹനങ്ങള്‍ അടക്കം ഫീച്ചര്‍ ചെയ്യപ്പെട്ട ഓട്ടോമൊബൈല്‍ വ്‌ളോഗിങ് വരെ, ഇവിടെ എന്തും മികച്ചതാണ്. €’റീവൈന്‍ഡ് വിത്ത് റിയാസ്’ എന്ന തന്റെ പോഡ്കാസ്റ്റ് വഴി സെലിബ്രിറ്റി അഭിമുഖ രംഗത്തേക്കും റിയാസ് ചുവട് വച്ചു കഴിഞ്ഞു. മനോരമ മ്യൂസിക് പുറത്തിറക്കിയ മ്യൂസിക് ആല്‍ബത്തിന്റെ സംവിധായകനായും ഒരു തമിഴ് ഡോക്യുമെന്ററി ഉള്‍പ്പെടെ രണ്ട് ഹ്രസ്വ ചിത്രങ്ങളില്‍ അഭിനേതാവായും കലാരംഗത്തും തന്റെ സാന്നിധ്യം റിയാസ് അറിയിച്ചു.

ഒരൊറ്റ ജീവിതത്തില്‍, അച്ചടക്കത്തോടെയുള്ള താല്പര്യമുണ്ടെങ്കില്‍ വിജയകരമായി ഇഷ്ടമുള്ളതെല്ലാം ഏറ്റവും മനോഹരമായി ചെയ്തുതീര്‍ക്കാം എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് ബഹുമുഖ പ്രതിഭയായ ഈ ടെക്കി!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button