EntreprenuershipSuccess Story

അഴകളവുകളുടെ അദൃശ്യ ആമുഖമായി മാളവികാസ് ഇന്നര്‍ ബൂട്ടിക്ക് !

ലയ രാജന്‍


ഏതു വസ്ത്രവും ഏറ്റവും സുന്ദരമായി കാണണമെങ്കില്‍ അതിന്റെ അളവുകള്‍ കൃത്യമായിരിക്കണം. ആ അഴകളവുകളെ പൂര്‍ണമാക്കുന്ന, അദൃശ്യവും എന്നാല്‍ അവിഭാജ്യ ഘടകവുമായ ഒന്നാണ് അടിവസ്ത്രങ്ങള്‍. ഒരു വേഷത്തിന്റെ ഭംഗി ഏറ്റവും മികച്ച രീതിയില്‍ മുന്നിട്ടു നില്‍ക്കണമെങ്കില്‍ അതിനൊപ്പം ഉപയോഗിക്കുന്ന അടിവസ്ത്രങ്ങള്‍ കൃത്യമായ അളവിലും ഘടനയിലുമുള്ളവയായിരിക്കണം. എന്നാല്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഭൂരിഭാഗമാളുകളും നേരിടുന്ന പ്രശ്‌നവും ഇതുതന്നെയാണ്. ഒന്നുകില്‍ കൃത്യം അളവിലുള്ളവ ലഭിക്കാതെ, അല്ലെങ്കില്‍ സ്വന്തം അളവ് കൃത്യമായി തിരിച്ചറിയാനാകാതെ ഏകദേശക്കണക്കില്‍ പാകമെന്ന് തോന്നുന്ന ഏതെങ്കിലുമൊന്നാണ് മിക്കപ്പോഴും പലരും തിരഞ്ഞെടുക്കുക. ഈ രണ്ട് പ്രതിസന്ധികള്‍ക്കും ഒറ്റ കുടക്കീഴില്‍ ഉത്തരം ഒരുക്കിയിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ മാളവിക തന്റെ ഇന്നര്‍ ബുട്ടീക്കിലൂടെ.

അടിവസ്ത്രങ്ങള്‍ക്ക് മാത്രമായി ഒരു ബുട്ടീക്ക് എന്ന ആശയം താരതമ്യേന പുതിയതല്ലെങ്കില്‍ പോലും നൂതനമായ ഉത്പന്നങ്ങളിലൂടെയും അവയിലെ വ്യത്യസ്തതയിലൂടെയും ഈ മേഖലയില്‍ വിജയം ഉറപ്പാണ് എന്ന് അടിവരയിട്ട സംരംഭകയാണ് മാളവിക. മാളവികയെ സംബന്ധിച്ചിടത്തോളം ഈ മേഖല പുതിയതായിരുന്നില്ല; ആഫ്രിക്കയില്‍ അടിവസ്ത്ര നിര്‍മാണ യൂണിറ്റ് തൊഴിലാളിയും തിരികെ നാട്ടിലെത്തി അതേ മേഖലയില്‍ യൂണിറ്റ് ഉടമയുമായിരുന്ന മുത്തശ്ശനും അടിവസ്ത്ര വ്യാപാര രംഗത്ത് മികച്ച വിജയം നേടിയ അച്ഛനുമാണ് ഈ മേഖലയില്‍ മാളവികയുടെ വഴികാട്ടികള്‍. എന്നാല്‍ പാരമ്പര്യ ബിസിനസ് കേള്‍ക്കുന്നതിനപ്പുറം സ്വന്തമായൊരു സംരംഭം എന്ന വഴിയിലേക്കാണ് മാളവിക തിരിഞ്ഞത്.

അളവുകളിലെ ചെറിയ വ്യത്യാസങ്ങള്‍ പോലും ഘടനയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നുവെന്നതാണ് ഈ മേഖലയില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. B മുതല്‍ L വരെയുള്ള കപ്പ് സൈസുകള്‍ വിവിധ സ്റ്റിച്ചുകളിലും നിറങ്ങളിലും ബോഡി അളവുകളിലും ഇവിടെ നിന്നും ലഭ്യമാണ്. സ്വന്തം അളവിനെ കുറിച്ച് കൃത്യമായ ധാരണയില്ലാതെ ഏകദേശ അളവില്‍ ഉത്പന്നം വാങ്ങാന്‍ എത്തുന്നവര്‍ക്ക് കൃത്യമായ അളവ് കണ്ടെത്തി മാത്രം ഉത്പന്നം വില്‍ക്കുന്നു എന്നതാണ് ഇവിടുത്തെ ഏറ്റവും മികച്ച സേവനം. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓണ്‍ലൈനായി ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യ ഔട്‌ലറ്റ് ആറുമാസങ്ങള്‍ക്കു മുന്‍പ് തൃശ്ശൂരില്‍ സ്ഥാപിച്ചു.

ഓണ്‍ലൈനില്‍ കോള്‍ അസിസ്റ്റന്‍സിലൂടെയാണ് വസ്ത്രങ്ങളുടെ അളവ് തിട്ടപ്പെടുത്തുന്നതും ഓര്‍ഡര്‍ ഉറപ്പുവരുത്തുന്നതും. ഔട്ട്‌ലെറ്റില്‍ ട്രയല്‍ സംവിധാനങ്ങളുമുള്ളതിനാല്‍ ഏറ്റവും അനുയോജ്യമായത് കൃത്യമായി തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ സാധിക്കുന്നു എന്നതും ഇവിടുത്തെ പ്രത്യേകതയാണ്. പരമാവധി മികച്ച രീതിയില്‍ പരാതികളെല്ലാം തന്നെ ഒഴിവാക്കാന്‍ കഴിയുന്ന തരത്തിലാണ് കസ്റ്റമര്‍ സര്‍വീസ് പ്രവര്‍ത്തനങ്ങള്‍. കേരളത്തിനകത്തും പുറത്തും നിന്ന് സംതൃപ്തരായ ഒട്ടനവധി ഉപഭോക്താക്കളുടെ വിശ്വസ്ത ഓണ്‍ലൈന്‍ സ്‌റ്റോറാണ് ഇന്ന് മാളവികാസ് ഇന്നര്‍ ബുട്ടീക്ക്…!

അടിവസ്ത്രങ്ങള്‍ക്ക് പുറമേ ‘ലോഞ്ച് വെയേഴ്‌സ്’ ആണ് ഇവിടുത്തെ പ്രധാനപ്പെട്ട മറ്റൊരു ഉത്പന്നം. സമീപകാലത്ത് ലോഞ്ച് വെയേഴ്‌സിന് ആവശ്യക്കാരും എറിയിട്ടുണ്ട്. 10 XL വരെ വലുപ്പത്തിലുള്ള കുര്‍ത്തികള്‍, ഡെനിം ടോപ്പുകള്‍ മുതലായവയും ഔട്ട്‌ലറ്റില്‍ ലഭ്യമാണ്.

മാറ്റത്തിനും ഫാഷനുമൊപ്പം ഗുണമേന്മ കൂടി ചേര്‍ത്തുവച്ചാല്‍ മാത്രമേ ഈ മേഖലയില്‍ ലക്ഷ്യം വയ്ക്കുന്ന ഫലത്തിലേക്ക് എത്താന്‍ കഴിയൂ എന്നാണ് മാളവികയുടെ പക്ഷം. ആ നയത്തോടെ, വിലയെക്കാള്‍ ഉല്‍പ്പന്നത്തിന്റെ മേന്മയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് മാളവിക മുന്നോട്ട് നീങ്ങുന്നതും. കേരളത്തിലെ എല്ലാ പ്രധാന ടൗണുകളിലും തന്റെ ബുട്ടീക്കിന്റെ ഔട്ട്‌ലറ്റുകള്‍ സ്ഥാപിക്കണം എന്നതാണ് മാളവികയുടെ സ്വപ്‌നം. ഈ സ്വപ്‌നത്തിന് പൂര്‍ണ്ണപിന്തുണയുമായി ഭര്‍ത്താവും അച്ഛനുമടക്കം മുഴുവന്‍ കുടുംബവും മാളവികയ്‌ക്കൊപ്പമുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button